Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിപ്പോർട്ട് ചെയ്യാനെത്തി, സൗന്ദര്യകിരീടവും ചൂടി മടങ്ങി!

Laura ഗ്രിംസ്ബി ടെലഗ്രാഫിന്റെ റിപ്പോർട്ടറാണ് ലോറ ഗുഡർഹാം എന്ന ഇരുപത്തിനാലുകാരി...

മണ്ണും ചാരിനിന്നവൾ സൗന്ദര്യ കിരീടവും കൊണ്ടുപോയെന്നു തിരുത്തി വായിക്കണം, ഇംഗ്ലണ്ടിലെ ഗ്രിംസ്ബിയിലെ സൗന്ദര്യമൽസരത്തിൽ നടന്ന സംഭവങ്ങൾക്ക്. പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകയാണ് മൽസരത്തിലെ സുന്ദരിയായി പ്രഖ്യാപിക്കപ്പെട്ടത്. രസകരമാണ് കാര്യങ്ങൾ. 

ഗ്രിംസ്ബി ടെലഗ്രാഫിന്റെ റിപ്പോർട്ടറാണ് ലോറ ഗുഡർഹാം എന്ന ഇരുപത്തിനാലുകാരി. മിസ് ഗ്രിംസ്ബി സൗന്ദര്യമൽസരത്തിന്റെ ഓഡിഷൻ റിപ്പോർട്ട് ചെയ്യാനാണ് യുവതിയെ പത്രം അയച്ചത്. മൽസരിക്കാനെത്തിയ സുന്ദരികളുടെ വിവരങ്ങളെടുക്കുകയും പടം പിടിക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു ലോറ. പെട്ടന്നാണ് നിലവിലെ സുന്ദരിയായ മില്ലി മാർഗരറ്റിന്റെ കണ്ണിൽ ലോറ പെട്ടത്. ഉടനെ ചോദിച്ചു ഒരു കൈ നോക്കിക്കൂടേന്ന്. 

ആദ്യം മടി കാണിച്ചെങ്കിലും മൽസരത്തിൽനിന്നുള്ള വരുമാനം രണ്ട് ചാരിറ്റബിൾ സംഘടനകൾക്ക് ഉപകാരപ്പെടുമെന്ന് അറിഞ്ഞതോടെ ലോറയും മൽസരിക്കാനുറച്ചു. മെയ്ക്കപ്പിന്റെ ആധിക്യമില്ലാത്ത ലോറയുടെ അയലത്തെ സുന്ദരി ലുക്കാണ് മില്ലി മാർഗരറ്റിനെ ആകർഷിച്ചത്. പിന്നെയെല്ലാമദ്ഭുതമാണ്, തയാറെടുപ്പുകളൊന്നുമില്ലാതെയെത്തിയ ലോറ ഒന്നാമതെത്തി, മിസ് ഗ്രേറ്റ് ഗ്രിംസ്ബി ആൻഡ് ഡിസ്ട്രിക്ട് ആയി മാറി.

മൽസരഫലം അറിയുമ്പോൾ ലോറ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. മറ്റു മൽസരാർഥികളെ അഭിനന്ദിക്കാനും അവർ മറന്നില്ല. ബെൻ ടോയ്ൻ ആണ് മിസ്റ്റർ ഗ്രിംസ്ബി. ഇനി ലോറയ്ക്കു മുന്നിലെ ലക്ഷ്യം മിസ് ഇംഗ്ലണ്ട് മൽസരമാണ്. ലിംഗൻ സർവകലാശാലയിൽനിന്ന് കഴിഞ്ഞ വർഷം ഗ്രാജ്വേഷൻ കഴിഞ്ഞ ലോറ, ഉടനെ തന്നെ ഗ്രിംസ്ബി ടെലഗ്രാഫിൽ ജോലിക്കു കയറുകയായിരുന്നു. ഇവിടത്തെ ഇന്റേൺഷിപ് കാലത്തെ പ്രകടനമാണ് തുണച്ചത്.

ലോറയുടെ നേട്ടം ഇംഗ്ലണ്ടിൽ വലിയ വാർത്തയായിക്കഴിഞ്ഞു. അഭിനന്ദനങ്ങൾക്കു നടുവിലാണിപ്പോൾ ഇവർ.