Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

140ൽ നിന്നും 87ലേക്ക്, അർജുൻ കപൂർ വണ്ണം കുറച്ചതിങ്ങനെ

Arjun Kapoor അർജുൻ കപൂർ വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

ബോളിവു‍ഡിന്റെ യങ് ആന്‍ഡ് േഹാട്ട് സ്റ്റാർ ആണ് അർജുൻ കപൂർ. ഇഷക്ക്സാദെ, ടു സ്റ്റേറ്റ്സ്, കി ആൻഡ് കാ തുടങ്ങിയ ചിത്രങ്ങളിലൂടെ പെൺകൊടികളുടെ ഉള്ളം തൊട്ട ഈ സുന്ദരൻ പക്ഷേ സിനിമാലോകത്ത് എത്തുംമുമ്പ് അത്ര പെർഫെക്റ്റ് ആയിരുന്നില്ല. സാധാരണ ബോളിവുഡ് സ്വപ്നം കാണുന്ന പയ്യൻസെല്ലാം ചെറുപ്പം മുതൽക്കേ അതിനുവേണ്ടി വർക്ഔട്ടുകൾ തുടങ്ങുമെങ്കിൽ അർജുൻ കപൂർ സിനിമയിലെത്തും മുമ്പ് ഭാരം 140 കിലോ ആയിരുന്നു. പ്ലസ് സൈസ് സ്റ്റോറുകളിൽ നിന്നു മാത്രം വസ്ത്രം തിരഞ്ഞെടുത്തിരുന്ന ആ കാലത്തില്‍ നിന്നും മാറി ഇന്ന് അര്‍ജുന്റെ ഭാരം വെറും 87 കിലോയിലേക്ക് എത്തിയിരിക്കുകയാണ്. അതിനു പിന്നിലെ രഹസ്യങ്ങൾ ഇതാ. 

നാലുവർഷത്തോളം നീണ്ട കഠിനമായ പരിശ്രമത്തിനു ശേഷമാണ് അർജുൻ ഭാരം കുറഞ്ഞ് ബോളിവു‍ഡിലേക്ക് എത്തുന്നത്. സർജറി പോലുള്ള എളുപ്പവഴികൾ തിരഞ്ഞെടുക്കാതെ സമയമെടുത്ത് ജിമ്മിൽ പോയി മുടങ്ങാതെ വർക്ഔട്ട് ചെയ്തും ഒപ്പം ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയുമാണ് അർജുൻ വണ്ണം കുറച്ചത്. 

പഞ്ചാബി കുടുംബത്തിൽ ജനിച്ച അർജുന്റെ പ്രിയ വിഭവങ്ങൾ മട്ടനും ചിക്കനും നാനുമൊക്കെയായിരുന്നു. ആറു ബർഗർ ഒറ്റനേരം കൊണ്ടു കഴിച്ചു തീർത്ത സമയങ്ങളുമുണ്ട്. വണ്ണം കുറയ്ക്കാൻ തീരുമാനമെടുത്തതോടെ അർജുൻ ആദ്യം ചെയ്തതും തന്റെ ഡയറ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയാണ്. ജങ്ക് ഫൂഡുകളും മധുര പലഹാരങ്ങളുമൊക്കെ പൂർണമായും ഉപേക്ഷിച്ച അർജുൻ വിശക്കുമ്പോൾ മാത്രം അളവു കുറച്ച് ഭക്ഷണം കഴിച്ചു തുടങ്ങി. ധാരാളം പഴങ്ങളും പച്ചക്കറിയും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും തുടങ്ങി. ഒപ്പം പ്രോട്ടീൻ ഷെയ്ക്കും നിർബന്ധമാക്കി.

ആരോഗ്യകരമായ ഡയറ്റിങ്ങിനൊപ്പം കൃത്യനിഷ്ഠമായുള്ള വർക്ഔട്ടുമാണ് അർജുന്റെ ഭാരം കുറച്ചത്. കൊഴുപ്പിനെ ഇല്ലാതാക്കി മസിലുകളെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കാർഡിയോ, വെയ്റ്റ്, സർക്യൂട്ട് ട്രെയിനിങ്ങുകൾ മുടക്കിയില്ല. പുൾഅപ്സും ഡെഡ് ലിഫ്റ്റ്സും ബെഞ്ച് പ്രസസുമൊക്കെയായപ്പോൾ അർജുൻ ആ പഴയ പൊണ്ണത്തടിക്കാരനിൽ നിന്നു മാറി ചുള്ളൻ പയ്യനായി. 

അമിതവണ്ണവും രോഗങ്ങളും നിറഞ്ഞ ആ ടീനേജുകാലം ഇന്ന് അർജുൻ മറക്കാനാഗ്രഹിക്കുന്ന ഒന്നാണ്, അതുകൊണ്ടു തന്നെ ഒരിക്കലും ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കാത്ത അര്‍ജുൻ മുമ്പു ശീലമാക്കിയ വ്യായാമ മുറകളെല്ലാം ഇന്നും പിന്തുടരുന്നു.