Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോഹരം അരുണിന്റെ ഏദൻതോട്ടം

arun-manohar

സ്ത്രീകള്‍ക്കു വേണ്ടി മികച്ച വസ്ത്രം തിരഞ്ഞെടുക്കാൻ കഴിയുന്നതു പുരുഷന്മാർക്കാണോ സ്ത്രീകൾക്കാണോ? കളർ കോംബിനേഷൻ, പാറ്റേൺ, പുതുമ അതിനുമപ്പുറം അവൾക്കു ചേരുന്നതെന്തെന്നു കണ്ണുപൂട്ടി ഉറപ്പിക്കാനുള്ള അഭിരുചി പുരുഷന്മാർക്ക് അൽപം കൂടുതലുണ്ടോ?

രണ്ടഭിപ്രായം ഉണ്ടായേക്കാം. പക്ഷേ രാമന്റെ ഏദൻ തോട്ടം കണ്ടിറങ്ങിയ പുരുഷന്മാർ പോലും കണ്ണുവച്ചത് നായിക മാലിനിയുടെ ഉടയാടകളിലാണ്. പിന്നെ സ്ത്രീ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഏതായാലും മാലിനിയുടെ വസ്ത്രങ്ങൾ ഒരുക്കിയ കോസ്റ്റ്യൂം ഡിസൈനർക്ക് അഭിനന്ദന പ്രവാഹമാണ്. പുതുമ നിറഞ്ഞ വസ്ത്രങ്ങളിൽ നായികയെ അതി സുന്ദരിയാക്കിയ ഡിസൈനർ മികവ് പക്ഷേ ഒരു സ്ത്രീയുടേതല്ല, പുരുഷന്റേതാണ്. 

അമ്പതിലേറെ ചിത്രങ്ങളിൽ വസ്ത്രാലങ്കാരം ചെയ്ത അരുൺ മനോഹർ പുതിയ ചിത്രത്തിനു ലഭിച്ച അംഗീകാരം നിറചിരിയോടെ ആസ്വദിക്കുന്നു. സിനിമ കണ്ടിറങ്ങിയവരുടെ കണ്ണിൽ തങ്ങി നിന്നത് മാലിനിയുടെ സാരിയും ചുരിദാറും ആണെങ്കിൽ ഡിസൈനറുടെ മനസിനോടു ചേർന്നു നിൽക്കുന്നത് രാമന്റെ വസ്ത്രങ്ങളാണ്. 

മൂന്നു ചിത്രങ്ങൾ 

പുലിമുരുകൻ, എബി, രാമന്റെ ഏദൻതോട്ടം– മൂന്നു ചിത്രങ്ങളാണ് ഒന്നിനു പിന്നാലെയൊന്നായി പുറത്തിറങ്ങിയത്. രാമന്റെ ഏദൻതോട്ടം കണ്ട് ഒത്തിരിപ്പേർ ദിവസവും അഭിനന്ദനം നേരിട്ടു വിളിച്ചറിയിക്കുന്നുണ്ട്. സംവിധായകൻ രഞ്ജിത് ശങ്കറിന് അതിന്റെ പ്രധാന ക്രെഡിറ്റ് നൽകുന്നു. കാരണം സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർക്കു പൂർണ സ്വാതന്ത്ര്യം അദ്ദേഹം നൽകാറുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിത്. 

കഥാപാത്രങ്ങളെപ്പറ്റിയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളെപ്പറ്റിയും വ്യക്തമായ നിർദേശം ആദ്യമേ നൽകിയിരുന്നു. മികച്ച റിസൽ ട്ടിനായി എന്തു ചെയ്യുന്നതിനും പിന്തുണ നൽകുന്ന സംവിധാ കനാണ് അദ്ദേഹം. കൂടാതെ സിനിമാട്ടൊഗ്രാഫർ മധു നീല കണ്ഠനുമായി നിറങ്ങളെക്കുറിച്ചു ചർച്ച ചെയ്തു. കാടിന്റെ പശ്ചാത്തലത്തിനു ചേരുന്ന നിറങ്ങൾ തിരഞ്ഞെടുത്തു കൊണ്ട് അതു പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

arun-manohar-costume-designer

സിംപിൾ രാമൻ, പവർഫുളും

രാമന്റെ ജുബയുടെ കഥ വളരെ സിംപിള്‍, പക്ഷേ റിസൽട്ട് പവർഫുൾ ആയി. നിറമുള്ള ജൂബയും കളർമുണ്ടും ചേരുന്ന സ്റ്റൈലാണ് കുഞ്ചാക്കോ ബോബന്റെ കഥാപാത്രം രാമനു വേണ്ടി ഒരുക്കിയത്. രാമന്റെ ജുബ്ബായൊരുക്കാൻ തിരഞ്ഞെടുത്തത് കളർമുണ്ടുകളാണ്. 

കളർ മുണ്ടുകൾ വെട്ടിതയ്ച്ചെടുത്തതാണ് കുഞ്ചാക്കോ ബോബൻ ധരിച്ച ജുബ്ബകൾ. ഒരു ജുബ്ബ തയ്ക്കാൻ രണ്ടു മുണ്ടുകൾ മതി. വളരെ കോസ്റ്റ് ഇഫക്ടീവ്, മികച്ച ലുക്ക്. മാത്രമല്ല, നമ്മുടെ കാലാവസ്ഥയിൽ ധരിക്കാൻ ഏറ്റവും അനുയോജ്യവും. 

മാലിനിയുടെ സാരി

നായികയുടെ രണ്ടു കാലഘട്ടങ്ങൾ അവതരിപ്പിക്കാൻ വേണ്ടി ചുരിദാറുകളും സാരിയും ആണ് ഉപയോഗിച്ചത്. സാരികൾ ശ്രദ്ധിക്കപ്പെട്ടതിൽ വളരെയേറെ സന്തോഷം. നിറങ്ങളും പാറ്റേ ണുകളും അതിലെ പ്രധാന ഘടകമാണ്. സാരികൾ ശ്രദ്ധിക്ക പ്പെടാനുള്ള മറ്റൊരു പ്രധാന കാരണം സാരിക്കൊപ്പം ഉപയോഗിച്ച ബ്ലൗസുകൾ ആണ്. പ്രിന്റഡ് ബ്ലൗസ് ധരിച്ചപ്പോൾ സാരിക്ക് മികച്ച ലുക്ക് ലഭിച്ചു. 

എല്ലാം കൊച്ചിയിൽ കിട്ടും

സിനിമയും കഥാപാത്രങ്ങളും അനുസരിച്ചാണ് ഷോപ്പിങ് എവിടെ വേണമെന്നു തീരുമാനിക്കുക. ഇപ്പോൾ കൊച്ചിയിൽ തന്നെ വേണ്ടതെല്ലാം ലഭിക്കും. ഫാഷൻ ഹബായി വളരുന്ന കൊച്ചിയിൽ  ബ്രാൻഡുകൾ മുതൽ ആവശ്യമായ എ ടു ഇസഡ് കാര്യങ്ങൾ ലഭ്യമാണ്. രാമന്റെ ഏദൻതോട്ടത്തിനായുള്ള പര്‍ച്ചേസ് മുഴുവൻ കൊച്ചിയിൽ നിന്നായിരുന്നു. 

സിനിമ /പരസ്യം 

പരസ്യ ചിത്രങ്ങള്‍ ചെയ്തതിനു ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. രണ്ടും രണ്ടു തരത്തിലുള്ള ക്രിയേറ്റിവിറ്റിയാണ് ആവശ്യപ്പെടുന്നത്. പരസ്യ ചിത്രങ്ങളിൽ പ്രോഡക്ട് ഹൈലൈറ്റ് ചെയ്യുന്ന വസ്ത്രങ്ങളും നിറങ്ങളുമൊക്കെയാണ് വേണ്ടത്. സിനിമയിൽ കഥാപാത്രത്തിന്റെ ഉടയാടകളാണ് ഒരുക്കേണ്ടത്. രണ്ടും ഒരു പോലെ ആസ്വദിച്ചു ചെയ്യാൻ കഴിയും. 

കരിയർ 

2003 ൽ ബെംഗളൂരു ഡിസൈൻ സ്കൂളിൽ നിന്നു ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കി. മാഗസിനുകളുടെ ഫാഷൻ കോർഡിനേറ്ററായി ജോലി ചെയ്തു.  തുടർന്നു പരസ്യ രംഗത്തേക്ക്. നൂറോളം പരസ്യങ്ങൾ ചെയ്തു. ആദ്യമായി കോസ്റ്റ്യൂം ഡിസൈനിങ് ചെയ്ത സിനിമ ലാവൻഡർ. എങ്കിലും ആദ്യം പുറത്തിറങ്ങിയത് ‘ബോംബെ മഷ്റൂം’. തുടർന്നിതു  വരെ അമ്പതിലേറെ ചിത്രങ്ങളിൽ വസ്ത്രങ്ങൾ ഒരുക്കി. ചിത്രീകരണം പൂർത്തിയാകുന്ന മ്മൂട്ടി  ചിത്രം, അച്ചായൻസ് തുടങ്ങിയ ചിത്രങ്ങളാണ് ഇനി അരുണിന്റേതായി പുറത്തിറങ്ങാനുള്ളത്. 

കുടുംബം

സ്വദേശം പാലായിലാണെങ്കിലും കൊച്ചിയിൽ സ്ഥിരതാമസം. ഭാര്യ മേഘ, മകള്‍ അരുഹി. ഭർത്താവിന്റെ ഡിസൈനർ മികവ് ഭാര്യയ്ക്കു  ലഭ്യമാകുന്നില്ലെന്ന പരാതിയുണ്ടെങ്കിലും ജോലിത്തിരക്കെന്ന പല്ലവിയിൽ  പരാതിപരിഹാരത്തിനു ശ്രമിക്കുകയാണു പതിവ്.