Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളിക്കും ജുവലിനും ശേഷം പുതിയ പെൺമുഖം

Hakha Jafar ഹക്ക ജാഫർ

നൃത്തം എന്ന വിസ്മയത്തെ കളിയും ചിരിയും നിറ‍ഞ്ഞ വേദികളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആക്കി മാറ്റിയ ഡി ഫോർ ഡാൻസിന് ഇതാ ഒരു പുതിയ പെൺമുഖം. ജുവലിനും പേളി മാണിക്കും ശേഷം ഡി ഫോർ ഡാൻസ് പ്രേക്ഷകരെ കയ്യിലെടുക്കാൻ എത്തിയിരിക്കുന്ന ആ മിടുമിടുക്കി ഹക്ക ജാഫർ എന്ന ക്യൂട്ട് ഗേളാണ്. ടിവിയിൽ മാത്രം കണ്ടു പരിചയിച്ച ഫ്ലോറിൽ അവതാരകയാകാൻ ക്ഷണിച്ച നിമിഷത്തെ ഓർക്കുമ്പോൾ ഇപ്പോഴും സത്യമാണോ എന്ന അദ്ഭുതമാണ് ഹക്കയ്ക്ക്. കൊല്ലം സ്വദേശിയായ ഈ സിഎ വിദ്യാർഥിനിയാണ് ഇപ്പോൾ രാഹുലിനൊപ്പം ചേർന്ന് അവതാരക വേഷത്തിൽ കലക്കുന്നത്. സ്വപ്നവേദിയിൽ അവതാരകയായെത്തിയ അനുഭവത്തെക്കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവെക്കുകയാണ് ഹക്ക ജാഫർ.

hakka-2 നീരവ്ജിയുടെ ആരാധകരെക്കൊണ്ടുള്ള മെസേജുകളുടെ പ്രളയമാണ്. എന്റെ സുഹൃത്തുക്കളിൽ തന്നെ ഒരുപാടു പേർ പറഞ്ഞു നീ നീരവ്ജിക്കൊപ്പം നിൽക്കുന്നതു കാണുമ്പോൾ അസൂയ തോന്നുന്നുവെന്ന്...

ഹക്ക, വ്യത്യസ്തമാണല്ലോ പേര്?

പേരു ചോദിച്ചാൽ മിനിമം രണ്ടുതവണയെങ്കിലും പറഞ്ഞാലേ പലര്‍ക്കും മനസിലാകാറുളളു. ഹക്ക എന്നത് ഒരു അറബിക് വാക്കാണ്, 'സത്യം' എന്നാണർഥം. സുഹൃത്തുക്കളൊക്കെ കളിയാക്കാറുണ്ട് നിന്റെ പ്രവർത്തിയിൽ സത്യമില്ലാത്തതുകൊണ്ട് പേരിലെങ്കിലും അതുണ്ടായിരിക്കട്ടെ എന്നു വിചാരിച്ചാണ് വീട്ടുകാർ ഇങ്ങനൊരു പേരിട്ടതെന്ന്. നല്ല പേരല്ലേ ഹക്കാ..?

ഡി ഫോർ ഡാൻസിലേക്ക് അവതാരകയായി എത്തിയതിനെക്കുറിച്ച്?

സത്യം പറഞ്ഞാൽ പാചകമാണ് എന്റെ ഇഷ്ടമേഖല, അതുകൊണ്ട് കുറച്ചു കുക്കറി ഷോകൾ നേരത്തെ ചെയ്തിരുന്നു. അപ്പോഴൊന്നും ഒരു റിയാലിറ്റി ഷോയുടെ അവതാരക ആവുക എന്ന ഒരു ചിന്തയേ ഉണ്ടായിരുന്നില്ല. പിന്നീട് മഴവിൽ മനോരമയിൽ ക്യാമറ ചെയ്യുന്ന ഒരു ചേട്ടനാണ് എന്നോടു ഡി ഫോർ ഡാൻസിലേക്ക് അവതാരകയെ തേടുന്നുണ്ട്, ശ്രമിക്കുന്നുണ്ടോ എന്നു ചോദിച്ചത്. അപ്പോൾ തന്നെ ഞാൻ നോ വേ എന്നു പറയുകയും ചെയ്തു. മറ്റൊന്നും കൊണ്ടല്ല ഡി ഫോർ ഡാൻസ് പോലൊരു വലിയ വേദിയിൽ നിൽക്കാന്‍ മാത്രമൊന്നും ആത്മവിശ്വാസമില്ലെന്ന തോന്നലായിരുന്നു അന്ന്. പിന്നീടാണ് ചിന്തിച്ചു നോക്കിയപ്പോൾ ഒന്നു ട്രൈ ചെയ്തു നോക്കാമെന്നു വിചാരിച്ചത്, അങ്ങനെ ഷോയുടെ പ്രൊഡ്യൂസർ യമുന ചേച്ചിയെ വിളിച്ചു. അവിടെ പോയപ്പോൾ അവർ കുറച്ച് ആങ്കറിങ് ചെയ്യിച്ചു. പക്ഷേ അപ്പോഴൊന്നും എന്നെ തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയേ ഇല്ലായിരുന്നു. ഒന്നുമില്ലെങ്കിലും ഇവിടെവരെ വരാൻ പറ്റിയല്ലോ എന്നായിരുന്നു മനസ്സുമുഴുവൻ. തിരിച്ചു വന്നപ്പോൾ അവിടെ നിന്നും വിളി വന്നു ഹക്കയാണ് ഇനി ഡിഫോർ ഡാൻസിന്റെ അവതാരക എന്ന്. അപ്പോഴുണ്ടായൊരു ഷോക്ക് പറഞ്ഞറിയിക്കാൻ പറ്റില്ല. മിക്ക പെൺകുട്ടികളുടെയും സ്വപ്നവേദിയായിരിക്കും ഡി ഫോർ ഡാൻസ്. അവിടെ എത്തിപ്പെടാൻ സാധിച്ചതുതന്നെ വലിയ ഭാഗ്യം. 

hakka-3 ഒപ്പം അവതരിപ്പിക്കുന്ന ആൾ നമ്മളെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ സംഗതി കൈവിട്ടുപോകും. എനിക്കേതെങ്കിലും ഭാഗത്തു പതർച്ച വന്നാൽപ്പോലും രാഹുൽ ആ സാഹചര്യം നന്നാക്കും...

പേടിയുണ്ടായിരുന്നോ?

ഉണ്ടായിരുന്നോ എന്നോ, അതേ ഉണ്ടായിരുന്നുള്ളു. ഫ്ലോറിൽ കയറിയതുതന്നെ പേടിച്ചു വിറച്ചാണ്. പക്ഷേ ജഡ്ജസും ഒപ്പം അവതരണം ചെയ്യുന്ന രാഹുലും മൽസരാർഥികളുമൊക്കെ അത്രകണ്ടു സപ്പോര്‍ട്ട് ചെയ്തു. അതൊന്നു കൊണ്ടു മാത്രമാണ് എനിക്ക് വലിയ പ്രശ്നമില്ലാതെ അവതരിപ്പിക്കാൻ പറ്റിയത്. 

കോ ആങ്കറായ രാഹുലിനൊപ്പമുള്ള അനുഭവം ?

രാഹുലിന്റെ പിന്തുണയും പറഞ്ഞറിയിക്കാനാവില്ല.  എനിക്കാദ്യം നല്ല ടെൻഷനായിരുന്നു, ഒപ്പം അവതരിപ്പിക്കുന്ന ആൾ നമ്മളെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ സംഗതി കൈവിട്ടുപോകും. എനിക്കേതെങ്കിലും ഭാഗത്തു പതർച്ച വന്നാൽപ്പോലും രാഹുൽ ആ സാഹചര്യം നന്നാക്കും. കോ ആങ്കർ എന്ന നിലയ്ക്കല്ല, അവൻ നല്ലൊരു സുഹൃത്താണ്. 

hakka-4 ഷോ കണ്ടുകഴിഞ്ഞ് ഒരുപാടുപേർ വിളിച്ചിരുന്നു. എല്ലാവരും നന്നായിട്ടുണ്ടെന്നാണു പറഞ്ഞത്. അതോടെ ആദ്യമുണ്ടായിരുന്ന പേടിയൊക്കെ പതിയെ പോയിത്തുടങ്ങി...

ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയോ?

ഷോ കണ്ടുകഴിഞ്ഞ് ഒരുപാടുപേർ വിളിച്ചിരുന്നു. എല്ലാവരും നന്നായിട്ടുണ്ടെന്നാണു പറഞ്ഞത്. അതോടെ ആദ്യമുണ്ടായിരുന്ന പേടിയൊക്കെ പതിയെ പോയിത്തുടങ്ങി. ഒരു ജനത നമ്മളെ അംഗീകരിക്കുക എന്നു പറഞ്ഞാല്‍ അതിൽപ്പരം ആത്മവിശ്വാസം വേറെ കിട്ടാനുണ്ടോ. പ്രേക്ഷകർ തന്നെയാണ് എന്റെ കരുത്ത്. പിന്നെ സുഹൃത്തുക്കൾ പലർക്കും ഞെട്ടലായിരുന്നു. കുറേപ്പേർ ചോദിച്ചു ഇനി ഞങ്ങളെയൊക്കെ മറക്കുമോ എന്നൊക്കെ. എനിക്കു പലപ്പോഴും തോന്നാറുണ്ട് ഞാൻ സ്വപ്നം കാണുന്നതാണോ ഇതെല്ലാം എന്ന്.

പേളിയും ജുവലുമായി താരതമ്യം ചെയ്യുന്നവരുണ്ടോ?

ജുവലും പേളിയുമായിരുന്നു ഒരുകാലത്ത് ഡി ഫോർ ഡാൻസിന്റെ താരങ്ങൾ. അവരെ അംഗീകരിച്ചു വന്ന പ്രേക്ഷകർക്ക് എന്റെ അവതരണശൈലി ഇഷ്ടമാകുമോ, അവരുമായി എന്നെ താരതമ്യം ചെയ്യുമോയെന്നൊക്കെ ആദ്യം പേടിയുണ്ടായിരുന്നു. അവർ രണ്ടുപേരും ബ്രില്യന്റ് ആയി അവതരിപ്പിച്ചിരുന്നവരാണ്, ഞാൻ അവര്‍ക്കൊപ്പം എത്തുമോ എന്നൊന്നും അറിയില്ല. എന്തായാലും ഇതുവരെ ആരും അവരുമായി താരതമ്യം ചെയ്തു കേട്ടിട്ടില്ല, അതാണു ഭാഗ്യം. ഇപ്പോൾ ജുവലിനെയും പേളിയെയും പ്രേക്ഷകർ ഓർക്കുന്ന പോലെ എന്നെയും ഒരുകാലത്ത് ഓർക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. 

hakka-6 ഡി ഫോർ ഡാൻസിലെ ആങ്കറിങ്ങ് തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അപ്രതീക്ഷിതമാണ്...

പേളിയും ജുവലുമൊക്കെ അഭിനയത്തിലും സാന്നിധ്യമറിയിച്ചു. അഭിനയമോഹമുണ്ടോ?

ഡി ഫോർ ഡാൻസിലെ ആങ്കറിങ്ങ് തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല. എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അപ്രതീക്ഷിതമാണ്. സിനിമയിൽ നിന്നു നേരത്തെയും അവസരങ്ങൾ വന്നിരുന്നു, അന്നു പഠനം പാതിവഴിയിലാകരുതെന്നു കരുതി ഒന്നും ചെയ്തില്ല. ഇപ്പോൾ എന്റെ മനസിൽ ഉള്ളത് ഡി ഫോർ ഡാൻസ് മാത്രമാണ്, അതു കഴിഞ്ഞേയുള്ളൂ മറ്റെന്തും. 

ഡിഫോർഡാൻസിലെ വിധികർത്താക്കൾക്കൊപ്പം?

ജഡ്ജസിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. എനിക്കു തോന്നുന്നു എന്റെ െബസ്റ്റ് ഫ്രണ്ട്സിനോടെന്ന പോലെയാണ് അവരോടും തോന്നിയിട്ടുള്ളത്. ഒരു കുടുംബം പോലെയാണ് അവിടെ എല്ലാവരും. നീരവ്ജിയും പ്രിയാജിയും മംമ്താജിയുമൊക്കെ എന്തു ഫ്രണ്ട്‌ലിയാണെന്നോ. നമുക്കു ചെറിയൊരു പിഴവു വന്നാൽപ്പോലും കൂടെ നിൽക്കും, ഒരുപാടു നിർദ്ദേശങ്ങൾ തരും. താരങ്ങളാണെന്ന യാതൊരു ജാഡയുമില്ല അവർക്ക്. നമ്മൾ പെർഫെക്റ്റ് ആയിരിക്കാൻ അവരെക്കൊണ്ടു കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തു തരും. അതുപോലെ ആദിലും വന്നു പറഞ്ഞു അവതരണം കൊള്ളാം, ആൾ ദ ബെസ്റ്റ് എന്ന്. അതൊക്കെ നൽകിയ ആത്മവിശ്വാസം ചില്ലറയല്ല. നീരവ്ജിയുടെ ആരാധകരെക്കൊണ്ടുള്ള മെസേജുകളുടെ പ്രളയമാണ്. എന്റെ സുഹൃത്തുക്കളിൽ തന്നെ ഒരുപാടു പേർ പറഞ്ഞു നീ നീരവ്ജിക്കൊപ്പം നിൽക്കുന്നതു കാണുമ്പോൾ അസൂയ തോന്നുന്നുവെന്ന്. 

hakka-1 ജഡ്ജസിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. എന്റെ െബസ്റ്റ് ഫ്രണ്ട്സിനോടെന്ന പോലെയാണ് അവരോടും തോന്നിയിട്ടുള്ളത്...

കുടുംബം? 

വീട്ടിൽ ഉമ്മയും വാപ്പയും ഞാനുമാണുള്ളത്. എനിക്കൊരു സഹോദരനുണ്ടായിരുന്നു, പത്തു വർഷം മുമ്പു മരിച്ചുപോയി. കാൻസർ ബാധിച്ചാണു മരിച്ചത്, ആശുപത്രികൾ തോറും മാറിമാറി നടന്ന ആറേഴു വർഷക്കാലമായിരുന്നു അത്. ഉപ്പ ദുബായിലാണ് ഉമ്മ വീട്ടിൽ സ്വസ്ഥം ഗൃഹഭരണം.