Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിനയത്തിൽ മാത്രമല്ല, ഈ നടി പഠനത്തിലും മിടുക്കി

Soniya സോണിയ

നടി സോണിയ ദൈവവിശ്വാസിയാണ്. മനക്കരുത്തും ആത്മവിശ്വാസവും കൂടെയുണ്ട്. അഭിനയരംഗത്തായാലും പഠനകാര്യത്തിലായാലും സ്വന്തം വിശ്വാസപ്രമാണങ്ങൾ അടിയുറച്ചതായിരിക്കും. രാഷ്ട്രീയത്തിലിറങ്ങി പ്രവർത്തിക്കുമ്പോഴും ഈ കാഴ്ചപ്പാടുകളാണു വഴികാട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറികൂടിയാണ് സോണിയ. തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തി. ബിസിനസ്സുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവും വ്യാപാരി വ്യവസായി കോൺഗ്രസിന്റെ കൊല്ലം ജില്ലാ പ്രസിഡണ്ടുമാണ്.

മലയാള സീരിയൽ – സിനിമാരംഗത്തും വേറിട്ട വ്യക്തിത്വത്തിന് ഉടമകൂടിയാണ് നടി സോണിയ. ഈ മേഖലയിൽ വലിയ സൗഹൃദങ്ങളൊന്നും കാത്തുസൂക്ഷിക്കാതിരുന്നിട്ടും അൻപതിൽപരം സീരിയലുകളിലും പത്തോളം സിനിമകളിലും പൊസറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടി ഈ കൊല്ലംകാരി. ഇതിനിടയിൽ അടൂർ ഭാസി കൾച്ചറൽ ഫോറം, പ്രേംനസീർ ഫൗണ്ടേഷൻ എന്നിവയുടെ മികച്ച നടിക്കുള്ള  അവാർഡുകൾ തേടിയെത്തി. കൂടാതെ, വിവിധ ക്ലബുകളുടെ പ്രാദേശിക പുരസ്കാരങ്ങളും ഈ കലാകാരിക്കു സ്വന്തമായി. 

Soniya അവതാരകയുടെ വേഷത്തിലാണ് സോണിയയെ മിനിസ്ക്രീൻ പ്രേക്ഷകർ ആദ്യമായി കാണുന്നത്. പിന്നീട് സിനിമകളിൽ സജീവമായി...

‘ കുടുംബപ്രേക്ഷകരുടെ മനസ്സിൽ എന്റെ കഥാപാത്രങ്ങൾ ഇന്നും മായാതെ നിൽക്കുന്നുവെന്നറിയുമ്പോൾ സന്തോഷം തോന്നാറുണ്ട്, പാരിജാതത്തിലെ മീരയേയും അമ്മയിലെ മാലതിയേയും പ്രേക്ഷകർ മറന്നിട്ടില്ല. പുറത്തുവച്ചു കണ്ടാൽ അവർ എന്നെ പെട്ടെന്നു തിരിച്ചറിയും. സ്നേഹസൂചകമായി ഒരു പുഞ്ചിരി സമ്മാനിക്കും. അതുമല്ലെങ്കിൽ അരികിൽ വന്ന് വിശേഷങ്ങൾ ചോദിക്കും. അവർക്കിപ്പോഴും ഞാൻ മീരയോ മാലതിയോ ആണ്. ദൈവത്തിന്റെ വരദാനമായാണ് ഈ സൗഭാഗ്യത്തെ  ഞാൻ കാണുന്നത്.’

അംഗീകാരങ്ങൾ വളരെ പണ്ടേ സോണിയയെ തേടിയെത്തിയിരുന്നു. ഡിഗ്രിക്കു പഠിക്കുമ്പോൾ കൊല്ലം ഫാത്തിമമാതാ കോളജിലെ മലയാളിമങ്ക പട്ടം സോണിയ കരസ്ഥമാക്കി. തൊട്ടടുത്ത വർഷം മിസ്സിസ് കൊല്ലമായി തെരഞ്ഞെടുക്കപ്പെട്ടു. പഠനക്കാലത്ത് സത്യസായിബാബ ട്രസ്‍റ്റിന്റെ ഉപന്യാസ രചനാമൽസരത്തിൽ ജില്ലാ, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സോണിയയ്ക്കായിരുന്നു. ഇന്റർ കോളജ് സെമിനാറുകളിൽ നാഷണൽ നിലവാരത്തിലും ഇന്റർ കോളജ് ഫെസ്‍റ്റിലും സമ്മാനങ്ങൾ ലഭിച്ചു.

അവതാരകയുടെ വേഷത്തിലാണ് സോണിയയെ മിനിസ്ക്രീൻ പ്രേക്ഷകർ ആദ്യമായി കാണുന്നത്. പിന്നീട് സിനിമകളിൽ സജീവമായി. ‘അദ്ഭുതദ്വീപി’ൽ അഞ്ചു രാജകുമാരിമാരിൽ ഒരാളായ ലക്ഷ്മി, ‘ലോകനാഥൻ െഎഎഎസി’ൽ കലാഭവൻ മണിയുടെ സഹോദരി സാഹിറ, മൈ ബോസി’ലെ മംമ്തയുടെ കൂട്ടുകാരി ജ്യോതി തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴിൽ നായികയായതിനെക്കുറിച്ചും സോണിയ പറയുന്നു:

soniya-2 ബിസിനസ്സുകാരനായ ഭർത്താവ് ബിനോയ് ഷാനൂർ കോൺഗ്രസ് നേതാവും വ്യാപാരി വ്യവസായി കോൺഗ്രസിന്റെ കൊല്ലം ജില്ലാ പ്രസിഡണ്ടുമാണ്...

‘തമിഴിൽ ‘വീരമും ഈറമും’ എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചു. മിനിസ്‍റ്റർ രാധികാ ശെൽവിയുടെ കഥയായിരുന്നു ഇത്. നായിക കഥാപാത്രമായ മിനിസ്‍റ്റർ ശെൽവിയുടെ വേഷമായിരുന്നു എനിക്ക്. പരുത്തിവീരനിൽ ചിത്രപ്പൂവിനെ അവതരിപ്പിച്ച ശരവണനായിരുന്നു ഇതിലെ ഹീറോ. ഈ സിനിമയ്ക്കുശേഷം തമിഴിൽനിന്ന് ധാരാളം ഒാഫറുകൾ വന്നു. എല്ലാം ഗ്ലാമറസ് റോളുകളായതുകൊണ്ട് വേണ്ടെന്നുവച്ചു. ഇതിനിടയിലായിരുന്നു എന്റെ കല്യാണം. ഇരുപതാമത്തെ വയസ്സിൽ. കല്യാണത്തിനു ശേഷമായിരുന്നു സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്.’

പത്മരാജന്റെ ‘വാടകയ്ക്ക് ഒരു ഹൃദയ’മാണ് സോണിയ അഭിനയിച്ച ആദ്യ സീരിയൽ. സിനിമയിൽ ജയഭാരതി അവതരിപ്പിച്ച കഥാപാത്രമായി സോണിയ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ‘പാട്ടുകളുടെ പാട്ടി’ലെ രാഗരഞ്ജിനി, ‘കുഞ്ഞാലിമരയ്ക്കാറി’ലെ കനകാംഗി,  ‘മംഗല്യപ്പട്ടി’ലെ നായിക, ‘സത്യം ശിവം, സുന്ദര’ത്തിലെ ഗംഗാദേവി, പറയി പെറ്റ പന്തിരുകുലം’, മാർത്താണ്ഡവർമ,  ‘മാസ്ക്ക്’, ആദിപരാശക്തി, സ്വാമിയേ ശരണമയ്യപ്പാ, ദോവിമാഹാത്മ്യം  – ഇവയെല്ലാം സോണിയയുടെ അഭിനയത്തനിമ തെളിഞ്ഞുനിന്ന കഥാപാത്രങ്ങളും സീരിയലുകളുമാണ്.

soniya ബിനോയ് – സോണിയ ദമ്പതികൾക്ക് ഒരു മകളുണ്ട്, ഈ വർഷം മൂന്നാം ക്ലാസ്സിലേക്കായ അൽ – ഷെയ്ഖ പർവീൻ. ‘നക്ഷത്രങ്ങളുടെ രാജകുമാരി’ എന്നാണ് ഈ പേരിനർഥം...

ബിനോയ് – സോണിയ ദമ്പതികൾക്ക് ഒരു മകളുണ്ട്, ഈ വർഷം മൂന്നാം ക്ലാസ്സിലേക്കായ അൽ – ഷെയ്ഖ പർവീൻ. ‘നക്ഷത്രങ്ങളുടെ രാജകുമാരി’ എന്നാണു ഈ പേരിനർഥം. അമ്മയെപോലെ മകളും കലാകാരിയാണ്. അമ്മ, ആർദ്രം, ബാലാമണി എന്നീ സീരിയലുകളിൽ അഭിനയിച്ചു. അഭിനയം, രാഷ്ട്രീയം, കുടുംബം – ഈ തിരക്കിനിടയിലും പഠനക്കാര്യങ്ങൾക്കു സമയം കണ്ടെത്തുന്നു ഈ കലാകാരി. 

ഇപ്പോൾ എൽഎൽബി പരീക്ഷയെഴുതിയിരിക്കുകയാണു സോണിയ. കേരള യൂണിവേഴ്സി‍റ്റിയുടെ ഇതുവരെയുള്ള സെമസ്‍റ്റർ പരീക്ഷകളിൽ മൂന്നാം റാങ്കിൽ നിൽക്കുകയാണ് സോണിയ. ഡിഗ്രിയും പിജിയും ഫസ്‍റ്റ് ക്ലാസ്സിലാണു സോണിയ പാസ്സായത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാണു സോണിയയെ ഇതുവരെ തേടിയെത്തിയിട്ടുള്ളത്. പൊസിറ്റീവായാലും നെഗറ്റീവായാലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തനിക്കു കഴിയുമെന്ന് സോണിയ എത്രയോ കാലം മുൻപേ തെളിയിച്ചതാണ്. ഇനിയും മനസ്സിനു തൃപ്തി നൽകുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായാൽ അതും ദൈവം കൊണ്ടുത്തന്നതുതന്നെയാണ് എന്നു വിശ്വസിക്കാനാണ് ഈ കലാകാരിക്ക് ഇഷ്ടം.