Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിക്കുന്ന വെളിപ്പെ‌ടുത്തലുമായി ചാർമിള, സിനിമ മാത്രം മനസിൽ കണ്ട് സലീമ; വിഡിയോ

Charmila and saleema ചാർമിളയും സലീമയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ കണ്ണിലുണ്ണികളായിരുന്ന രണ്ടു നായികാ വസന്തങ്ങളാണ് ഇത്തവണ ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എത്തിയിരുന്നത്. ചീരപ്പൂവുകൾക്കുമ്മ കൊടുത്തു കൊണ്ടു യുവാക്കളുടെ മനസിലിടം നേടിയ ചാർമിളയും ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ എന്നു പാടി ഇഷ്ടം നേടിയ സലീമയുമായിരുന്നു അത്. നഖക്ഷതങ്ങൾ, ആരണ്യകം എന്നീ രണ്ടു ചിത്രങ്ങളിലൂടെ മാത്രം ഇന്നും ആരാധകരേറെയുള്ള സലീമയും ധനം എന്ന ചിത്രത്തിലൂടെ തുടങ്ങി മുപ്പത്തിയെട്ടോളം മലയാള ചിത്രങ്ങളിൽ വേഷമിട്ട ചാർമിളയും ഏറെ വിശേഷങ്ങൾ പങ്കുവച്ചു. 

വീട്ടുകാർക്ക് ഇഷ്ടമില്ലാതെ അഭിനയമേഖലയിലേക്കു കാലുകുത്തിയ അനുഭവവും പങ്കുവച്ചാണ് ചാർമിള തുടങ്ങിയത്. പഠനത്തിൽ നിന്നു പിന്നോട്ടു പോകരുതെന്ന വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് അവധിക്കാലത്തു മാത്രമാണ് അഭിനയിച്ചിരുന്നത്. എത്രയോ നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞില്ല. ഒപ്പം തകർന്ന വിവാഹ ജീവിതത്തെക്കുറിച്ചും ചാർമിള പറഞ്ഞു. 

തനിക്ക് നല്ല ദാമ്പത്യം വിധിച്ചിട്ടില്ല. ഇനി തന്റെ ജീവിതത്തിൽ വിവാഹമുണ്ടാകില്ലെന്നും മകനു വേണ്ടി മാത്രമാണു ജീവിതമെന്നും ചാർമിള പറഞ്ഞു. ഒപ്പം സിനിമാ മേഖലയിൽ നിന്നുണ്ടായ ഒരു തിക്താനുഭവത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെ‌ടുത്തലും ചാർമിള നടത്തി . ചെറിയ പ്രായത്തിൽ അഭിനയിക്കാൻ വന്ന സമയത്ത് ഈ മേഖലയിൽ നിന്ന് ഒരു മോശം അനുഭവവും തനിക്കുണ്ടായിരുന്നില്ല, എന്നാൽ നാൽപത്തിരണ്ടു വയസുള്ള ഈ പ്രായത്തിൽ അങ്ങനെയൊന്നുണ്ടായി.

ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ പ്രായമുള്ള മൂന്നു യുവാക്കൾ സിനിമയെക്കുറിച്ചു സംസാരിച്ച് അഡ്വാൻസ് ഒക്കെ നൽകിപ്പോയി. കോഴിക്കോട് ഷൂട്ടിങ്ങിനു പോയശേഷമാണ് അവരുടെ മനസിൽ മറ്റു പലതുമുണ്ടായിരുന്നെന്നു മനസിലായത്. ഇങ്ങനെയാണെങ്കിൽ താൻ അഭിനയിക്കില്ലെന്നു പറഞ്ഞ് തിരിച്ചു പോരുകയായിരുന്നു. അതിനുശേഷം പ്രഫഷണൽ ആയവർക്കൊപ്പം മാത്രമേ ഇനി അഭിനയിക്കൂ എന്നു തീരുമാനിച്ചുവെന്നും ചാർമിള പറയുന്നു. 

വർഷങ്ങളോളം അഭിമുഖങ്ങൾക്കോ മാധ്യമങ്ങൾക്കോ ഇടം നല്‍കാതെ ചെന്നൈയിൽ ബിസിനസ് മാത്രമായി ജീവിച്ചു പോരുകയായിരുന്ന സലീമ ഒന്നും ഒന്നും മൂന്നിന്റെ വേദി ആഘോഷമാക്കുകയായിരുന്നു. സ്വയംമറന്ന് ആടുകയും പാടുകയുമൊക്കെ ചെയ്ത സലീമ തന്റെ കഴിഞ്ഞ കാല വിശേഷങ്ങളും പങ്കുവച്ചു. ആരാധകർ എന്നും ചോദിക്കുമായിരുന്നു എന്നാണിനി സിനിമയിലേക്കെന്ന്, അങ്ങനെയാണ് ഒന്നരമാസം മുമ്പു തിരിച്ചുവരാൻ തീരുമാനിക്കുന്നതെന്നു പറഞ്ഞു സലീമ.  

വിവാഹിതയാകുവാൻ വൈകിയെന്നു കരുതി താൻ പുരുഷ വിരോധിയല്ലെന്നും കല്ല്യാണം വേണ്ട എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും സലീമ പറയുന്നു. ഇത്രയുംനാൾ ബിസിനസിനു വേണ്ടി ജീവിച്ചുവെങ്കിൽ ഇനി തന്റെ മനസിൽ സിനിമ മാത്രമേയുള്ളുവെന്നും സലീമ. 

related stories