Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കല്ല്യാണം പക്കാ അറേഞ്ച്ഡ്, അഭിനയത്തിനു തൽക്കാലത്തേക്കൊരു ബ്രേക്'

sruthi ശ്രീലയയും വരൻ നിവിലും

ചലചിത്ര നടി ലിസി ജോസിന്റെ മകൾ, നടി ശ്രുതിലക്ഷ്മിയുടെ സഹോദരി,പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിമണി ഇതെല്ലാം ശ്രീലയയ്ക്ക് നല്‍കാവുന്ന വിശേഷണങ്ങളാണ്. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീലയ മഴവില്‍ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനില്‍ സജീവമായത്. അതിലെ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രത്തിനു പ്രേക്ഷകര്‍ ഒത്തിരി സ്നേഹം നല്‍കി എങ്കില്‍ തുടര്‍ന്നു ചെയ്ത മൂന്നുമണി എന്ന സീരിയലിലെ കുട്ടിമണി എന്ന കഥാപാത്രത്തിന് വാത്സല്യം കൂടിയാണ് നല്‍കിയത്. ഇപ്പോഴിതാ കുട്ടിമണിയായി അഭിനയിച്ച ശ്രീകലയുടെ വിവാഹവാര്‍ത്തയാണ് ഏറ്റവും അവസാനമായി കേട്ടത്. ശ്രീലയയുടെ കൂടുതല്‍ വിശേഷങ്ങളറിയാം.

എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ?

വിവാഹം തന്നെയാണ് ഏറ്റവും പുതിയതായി പറയാനുളള വിശേഷം. ജൂണ്‍ 3ന് കണ്ണൂര്‍ വച്ചാണ് വിവാഹം. അതിന്‍റേതായ തിരക്കുകളിലാണ് എല്ലാവരും. നിവില്‍ ചാക്കോ എന്നാണ് വരന്റെ പേര്. കുവൈറ്റില്‍ എഞ്ചിനീയര്‍ ആണ് കക്ഷി. പക്കാ അറേഞ്ച്ഡ് മാരേജ് ആണ്. മൂന്നുണി ചെയ്യുന്ന സമയത്തുതന്നെ ആലോചനകള്‍ വന്നിരുന്നു. കൂടുതലും അമേരിക്ക പോലുളള ഇടങ്ങളായതിനാല്‍ താല്‍പര്യകുറവുണ്ടായിരുന്നു. അപ്പോള്‍ നമ്മുടെ മനസുപോലെ തന്നെ ഒരു ആലോചന വരികയായിരുന്നു. കാരണം യാത്രാ ദൂരം എത്രയും കുറഞ്ഞോ അത്രയും സന്തോഷമുളളയാളാണ് ഞാന്‍. അതുകൊണ്ട് സന്തോഷപൂര്‍വം വിവാഹത്തെ സ്വീകരിക്കുന്നു. വീട്ടില്‍ നിന്ന് ഒരുപാട് അകലുന്നതില്‍ നിന്നും ഇനി സമാധാനിക്കാം നാലു മണിക്കൂര്‍ യാത്രയുടെ അകലമേയുളളൂ. അത്രമാത്രം വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാളാണ് ഞാന്‍.

sreelaya വിവാഹം തന്നെയാണ് ഏറ്റവും പുതിയതായി പറയാനുളള വിശേഷം. ജൂണ്‍ 3ന് കണ്ണൂര്‍ വച്ചാണ് വിവാഹം. അതിന്‍റേതായ തിരക്കുകളിലാണ് എല്ലാവരും...

വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകുമോ?

കലയെ ആസ്വദിക്കാനും അംഗീകരിക്കാനും അറിയുന്ന ആളു തന്നെയാണ് നിവില്‍. പിന്നെ വിവാഹം കഴിഞ്ഞ് കുവൈറ്റില്‍  സെറ്റിൽഡ് ആകാനാണു പ്ലാൻ. പിന്നെ കുട്ടിമണി ഉണ്ടാക്കി തന്ന ഹൈലൈറ്റ് എന്നെ വിട്ടു മാറിയിട്ടില്ല ഇതുവരെ. അതുകൊണ്ട് അടുത്തത് ചെയ്യുമ്പോൾ അതിലും നല്ല കഥാപാത്രം ചെയ്യണം  എന്നാണ് ആഗ്രഹം. അതിനുള്ള സാഹചര്യമൊക്ക വരുന്ന കാലത്ത് ചെയ്യണം.

കലാപാരമ്പര്യമുളള കുടുംബത്തിലെ അംഗമാണ്. കല ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായില്ലെ?

ഞങ്ങള്‍ക്ക് ഒരു ഡ്രാമാ ട്രൂപ്പ് ഉണ്ടായിരുന്നു, കണ്ണൂര്‍ ഗാന്ധാര. അമ്മ ലിസി ജോസ് അതില്‍ നിന്നും സിനിമയിലേക്ക് വന്നയാളാണ്. അതിനു ശേഷം അനിയത്തി ശ്രുതി ലക്ഷ്മി ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി വന്നു. അവള്‍ ചെയ്ത നിഴലുകള്‍ എന്ന സീരിയല്‍ ഒക്കെ ഒരു കാലത്തു വല്ലാത്ത വിധത്തില്‍ ശോഭിച്ച ഒന്നായിരുന്നു. പിന്നീട് അവള്‍ വളര്‍ന്നപ്പോള്‍ ഹീറോയിനായി.ആ സമയത്തേ എനിക്ക് പാട്ടും ഡാന്‍സും എല്ലാം ഉണ്ട്. ഞാനപ്പോള്‍ കണ്ണൂര്‍ റേഡിയോ നിലയത്തില്‍ നാടകത്തില്‍ എ ഗ്രെയ്ഡ് ആര്‍ട്ടിസ്ററായിരുന്നു. പിന്നെ ആക്ടിങ് ശ്രുതി ചെയ്തു കാണുമ്പോഴൊക്കെ ഇഷ്ടമായിരുന്നു. പക്ഷേ അതിനു വേണ്ടിയുളള തയ്യാറെടുപ്പുകളൊന്നുമില്ല. അങ്ങനെ പ്ലസ് ടു കഴിഞ്ഞപ്പോൾ വരുമാനം ലക്ഷ്യം വച്ച് ബി.എസ്.സി. നഴ്സിങ് പഠിക്കാന്‍ പോയി.പ ഠിത്തം കഴിഞ്ഞപ്പോഴെക്കും മനസ്സിലായി അതെനിക്കു പറ്റിയ ഫീല്‍ഡല്ല എന്ന്. അത്രത്തോളം രോഗപീഢകളും പരിതാപങ്ങളും കണ്ടു നില്‍ക്കാനുളള മനക്കട്ടി എനിക്കില്ലായിരുന്നു. പിന്നീടാണ് കുട്ടിയും കോലും എന്ന സിനിമയിലേക്ക് പക്രു ചേട്ടന്‍ വിളിക്കുന്നത്. അതുകഴിഞ്ഞ് അവസരങ്ങളെ തേടി പോയില്ല, അവസരങ്ങള്‍ എന്നെയും തേടി വരുന്നതിനായി കാത്തുനിന്നു. അങ്ങനെ ഭാഗ്യദേവത വന്നു. വളരെ വ്യത്യസ്തമായ കഥയായിരുന്നു. നല്ല അഭിപ്രായം കിട്ടി .അതിനുശേഷം മൂന്നുമണി സീരിയലിലെ കുട്ടിമണിയിലേക്കെത്തി.

sreelaya-1 ഞാനെപ്പോഴും സംസാരിക്കുന്ന, ചിരിക്കുന്ന പ്രകൃതമാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ സാമ്യമുണ്ട്. കാരണം കുട്ടിമണിയും ഇപ്പറഞ്ഞതുപോലെ തന്നെയാണ്...

ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടിമണിയാവുക എന്നത് ഒരു വെല്ലു വിളിയല്ലായിരുന്നോ?

കുട്ടിമണിയാവുക എന്നത് ഞാന്‍ ഒരു ചലഞ്ച് ആയി തന്നെ എടുത്തു. കാരണം സിനിമയില്‍ ആണെങ്കില്‍ 10,40 ദിവസം കൊണ്ട് വളരെ പ്ലാന്‍ ചെയ്താണ് ഷൂട്ട് ചെയ്യുക.അതും ഒരു ദിവസം ഒരു സീന്‍ ഒക്കെയാകും. പക്ഷേ സീരിയലിന്‍റെ അവസ്ഥ അതല്ല.ഒത്തിരി സീനെടുക്കും, അതും ലെങ്ത്തി ഷോട്ടുകളാവും.സീനുകള്‍ക്കായി റിഹേഴ്സലിനു പോലും പലപ്പോഴും സാധ്യമായെന്ന് വരില്ല. അത്തരമൊരു സാഹചര്യത്തില്‍ ആ കഥാപാത്രം ഒരു വെല്ലുവിളിയായിരുന്നു.

കുട്ടിമണിയുടെ മാനറിസങ്ങള്‍ക്കായുളള ഗൈഡന്‍സ് നല്‍കിയതാരാണ്?

അത് അമ്മയാണ്, എനിക്കും ശ്രുതിക്കുമെല്ലാം എപ്പോഴും ഒരു പിന്‍ബലം എന്നു പറയുന്നത് അമ്മ തന്നെയാണ്. അമ്മ തുടക്കത്തില്‍ കണ്ണിന്‍റെ ചലനങ്ങളെ കുറിച്ചൊക്കെ വ്യക്തമായി പറഞ്ഞു തന്നു. അതു ശ്രദ്ധിച്ചെടുത്തു. പിന്നീട് ഉളള അഭിനയമെല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്. ചെയ്യുമ്പോള്‍ ആശങ്ക ചിലപ്പോഴൊക്കെ തോന്നിയാലും ടെലികാസ്റ്റ്  ചെയ്ത് വരുമ്പോള്‍ പക്കാ ആകും. അതെന്‍റെ കഴിവാണെന്നൊന്നും പറയുന്നില്ല, ഏറ്റകുറച്ചിലുകളില്ലാതെ കഥാപാത്രത്തെ ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ സാധിച്ചു.

Sreelaya കലയെ ആസ്വദിക്കാനും അംഗീകരിക്കാനും അറിയുന്ന ആളു തന്നെയാണ് നിവില്‍. പിന്നെ വിവാഹം കഴിഞ്ഞ് കുവൈറ്റില്‍  സെറ്റിൽഡ് ആകാനാണു പ്ലാൻ...

ശ്രീലയയ്ക്ക് കുട്ടിമണിയുമായി സാമ്യതകളുണ്ടോ?

ഞാനെപ്പോഴും സംസാരിക്കുന്ന, ചിരിക്കുന്ന പ്രകൃതമാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ സാമ്യമുണ്ട്. കാരണം കുട്ടിമണിയും ഇപ്പറഞ്ഞതുപോലെ തന്നെയാണ്.

കുട്ടിമണിയെന്ന കഥാപാത്രത്തിന് ലഭിച്ച അഭിനന്ദനങ്ങള്‍?

ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ മണിയന്‍ പിളള ചേട്ടന്‍ പറഞ്ഞു അസാധ്യ അഭിനയമാണെന്ന്. മൂന്ട്രാം പിറൈയിലെ ശ്രീദേവിയെയാണ് ചേട്ടനു കുട്ടിമണിയെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നതെന്ന് പറഞ്ഞു. ചേട്ടന്‍ പറഞ്ഞു പത്തുനാല്‍പതു ദിവസം ഷൂട്ട്, റീടേയ്ക്ക്സ്, പ്ലാനിംങ് എല്ലാം ഉണ്ട് ആ മൂവിയില്‍ അത്തരത്തില്‍ നോക്കുകയാണെങ്കില്‍ അതുക്കും മേലെയാണ് ലയ ചെയ്യുന്നതെന്ന്. അതൊത്തിരി സന്തോഷമുണ്ടാക്കി. പിന്നെ അമ്മ സംഘടനയില്‍ വെച്ച് എല്ലാവരും ശ്രുതിയോടും അമ്മയോടുമൊക്കെ നല്ല അഭിപ്രായം പറയും. പിന്നെ കാക്കത്തൊളളായിരത്തിലഭിനയിച്ച ഉര്‍വ്വശ്ശി ചേച്ചിയുടെ അമ്മയ്ക്കൊക്കെ കുട്ടിമണിയെ ഇഷ്ടപ്പെടാന്ന് പറഞ്ഞാ അതൊക്കെ വല്ലാത്ത സന്തോഷമല്ലെ. കുട്ടികള്‍ക്ക് മിക്കി മൌസ്,ടോം ആന്‍റെ് ജെറി,ഛോട്ടാബീം ഗണത്തിലാണ് കുട്ടിമണി. എല്ലാവര്‍ക്കും സ്നേഹമാണ്, വാത്സല്യമാണ്. ഓടി വന്നു കെട്ടി പിടിച്ച് ഉമ്മ വെക്കുന്നവരുണ്ട്. സ്നേഹം കിട്ടുക എന്നത് പോലെയല്ല വാത്സല്യം കൂടി കിട്ടുക എന്നത്. അതും സാധിച്ചു കുട്ടിമണിയിലൂടെ.

Sruthilaya ശ്രീലയ സഹോദരി ശ്രുതിലക്ഷ്മിക്കൊപ്പം

കുടുംബത്തിനകത്ത് സിനിമാ-സീരിയല്‍ ചര്‍ച്ചകളുണ്ടാകാറുണ്ടോ?

ചിലര്‍ പറയാറുണ്ട് ഫാമിലിയില്‍ സിനിമയെപ്പററി, ചെയ്ത വര്‍ക്കിനെപ്പറ്റിയൊന്നും ചര്‍ച്ച ചെയ്യാറില്ല എന്നൊക്കെ. അങ്ങനെ ചില അഭിമുഖങ്ങളില്‍ പറയുന്നത് ഞാന്‍ വായിച്ചിട്ടും കേട്ടിട്ടും ഒക്കെ ഉണ്ട്. പക്ഷെ ഇതില്‍ എത്രമാത്രം ശരി അല്ലെങ്കില്‍ സത്യാവസ്ഥ ഉണ്ട് എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. കാരണം എങ്ങനെയായാലും ചര്‍ച്ച ചെയ്യപ്പെടും. ഇവിടെ ഞങ്ങള്‍ മൂന്നുപേര്‍ ഒരേ ഫീല്‍ഡിലായതു കൊണ്ട് തീര്‍ച്ചയായും ചര്‍ച്ച ചെയ്യാറുണ്ട്, അല്ലാതെ അത് ലൊക്കേഷനില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. 

സഹോദരി ശ്രുതി ലക്ഷ്മി നര്‍ത്തകി കൂടിയാണ്. ലയ നൃത്തത്തിലെന്തു കൊണ്ട് അത്ര സജീവമല്ല?

ഞാന്‍ സീരിയല്‍ ചെയ്യുന്നതുകൊണ്ടു തന്നെ ബിസിയായിരുന്നു. മൂന്നുമണി സീരിയല്‍ ഒരു മണിക്കൂര്‍ ആയിരുന്നു ദിവസവും ഉണ്ടായിരുന്നത്. അതുകൊണ്ട് തിരക്കുകള്‍ക്കിടയില്‍ സമയ പ്രശ്നമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടുപേരും ക്ലാസിക്കല്‍ ആണ് പഠിച്ചത്. ശ്രുതി തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് വെസ്റ്റേൺ കൂടി പഠിച്ചു. എനിക്കതു പരിചയമില്ല. അവള്‍ സിനിമ ചെയ്യുന്നതുകൊണ്ട് സമയം പിന്നെയും ലഭിക്കുന്നുണ്ട്.

Sruthilaya ശ്രീലയ കുടുംബത്തിനൊപ്പം

മറ്റു വിശേഷങ്ങള്‍?

കൂടുതലൊന്നും ഇല്ല, പുതിയ ജീവിതത്തിലേക്ക് കടക്കുന്നു. ദൈവാനുഗ്രഹം കൂടെ ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്