Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വിജയമ്മയെ പോലെയല്ല, ജീവിതത്തിൽ നിലപാടുകളുള്ളവളാണു ഞാൻ'

Sreedevi Anil

ഇരുപതു വര്‍ഷത്തോളമായി മലയാളം ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമാണ് ശ്രീദേവി അനിൽ. പക്ഷേ പ്രേക്ഷകര്‍ക്കു ശ്രീദേവി അനില്‍ എന്നു പറഞ്ഞാൽ ചിലപ്പോള്‍ അത്ര എളുപ്പത്തില്‍ തിരിച്ചറിയാനായെന്ന് വരില്ല. എന്നാല്‍ മഞ്ഞുരുകും കാലത്തിലെ വിജയമ്മയെന്ന് പറഞ്ഞാല്‍ എളുപ്പത്തില്‍ മറക്കാനുമാകില്ല. മഞ്ഞുരുകും കാലം എന്ന സീരിയലും അതിലെ ഓരോ കഥാപാത്രങ്ങളും അത്രത്തോളം സുപരിചിതമാണു അവർക്ക്. ജോയ്സിയുടെ രചനയിലൂടെ കേരളക്കരയിലാകെ മിനിസ്ക്രീന്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ സീരിയലായ മഞ്ഞുരുകും കാലത്തിലെ വിജയമ്മയെന്ന കഥാപാത്രം ചെയ്ത ശ്രീദേവി അനില്‍ മനോരമ ഓൺലൈനുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

മഞ്ഞുരുകും കാലത്തിനു ലഭിച്ച പ്രേക്ഷക പ്രീതി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. ഞാന്‍ അഭിനയ രംഗത്തേക്ക് വന്നിട്ടു പതിനെട്ടുപത്തൊമ്പതു വര്‍ഷമായി. ഇത്രയും വര്‍ഷകാലത്തിനിടയില്‍ ഒരുപാട് സീരിയലുകളില്‍ പലതരം കഥാപാത്രങ്ങളെ ചെയ്തു. നെഗറ്റീവ് ടച്ച്, പോസിറ്റീവ് ടച്ച് തുടങ്ങി പലതരത്തിലുള്ള കഥാപാത്രങ്ങള്‍. ചെയ്തതെല്ലാം ഒന്നില്‍ നിന്നൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു. പക്ഷേ മഞ്ഞുരുകും കാലത്തിലെ വിജയമ്മ എന്ന കഥാപാത്രം നോക്കുകയാണെങ്കില്‍ ഇത്രയും കാലം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു. പറയാന്‍ വാക്കുകളില്ല. അത്രയ്ക്ക് ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്ത ഒന്നാണ്. അതുകൊണ്ടാകാം ഇന്നും മഞ്ഞുരുകും കാലത്തിലെ വിജയമ്മയെന്നു പറഞ്ഞാല്‍ ജനങ്ങള്‍ എന്നെ പെട്ടെന്നു തിരിച്ചറിയുന്നതും അടുപ്പം കാണിക്കുന്നതുമെല്ലാം. 

sreedevi-anil-1

പ്രേക്ഷകപ്രീതി നേടിത്തന്ന വിജയമ്മയെന്ന കഥാപാത്രത്തെ എങ്ങനെ  വിലയിരുത്തുന്നു‍ ?

ജീവിതത്തില്‍ മറ്റെന്തിനെക്കാളും കൂടുതല്‍ ചേച്ചിക്കു പ്രാധാന്യം കൊടുക്കുന്ന ഒരു കഥാപാത്രമാണ് വിജയമ്മ. ചേച്ചി എന്തുപറയുന്നോ എന്തു ചെയ്യുന്നോ അതിനെ ഒരു വേദവാക്യമാക്കി എടുക്കുന്ന കഥാപാത്രം. സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ കഴിവില്ലാത്ത ഒരു സ്ത്രീ. സ്വന്തം കുടുംബം, ഭര്‍ത്താവ് മക്കള്‍ ഇവരൊന്നും വിജയമ്മയ്ക്ക് ചേച്ചിക്കപ്പുറത്തോട്ടല്ല. അവസാനം ചേച്ചിക്കായി കുടുംബം നശിപ്പിക്കുന്നതും വിജയമ്മ തന്നെയാണ്. ജനങ്ങളുടെ മനസ്സിലേക്ക് ഒത്തിരി ആഴ്ന്നിറങ്ങിയ ഒരു കഥാപാത്രം തന്നെയാണത്. വ്യക്തിപരമായി എനിക്ക് ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത കഥാപാത്രമാണ് മഞ്ഞുരുകും കാലത്തിലെ വിജയമ്മ.

പലപ്പോഴും ആത്മാഭിമാനത്തെ, സ്ത്രീത്വത്തെ എല്ലാം അപമാനപ്പെടുത്തുന്ന ഒരു കഥാപാത്രമായിരുന്നു വിജയമ്മ. പ്രേക്ഷക പ്രതികരണങ്ങള്‍ എങ്ങനെയായിരുന്നു?

പൊതുവില്‍ ഇന്നത്തെ സമൂഹത്തിന്, പ്രത്യേകിച്ചും സ്ത്രീ സമൂഹത്തിന് ഉള്‍ക്കൊളളാനാകാത്ത ഒരു കഥാപാത്രമായിരുന്നു വിജയമ്മ. ഒത്തിരിപേര്‍ പറഞ്ഞിട്ടുണ്ട് ഒരു അടി വച്ചു തരാന്‍ തോന്നിയിട്ടുണ്ടെന്ന്. ചിലര്‍ പറയും കണ്ടിട്ട് സഹതാപമാ തോന്നുന്നെ വാ തുറന്ന് വല്ലതും പറഞ്ഞൂടെ എന്നൊക്കെ. എന്‍റെ വ്യക്തിപരമായ നിലപാടുകളില്‍ ഞാനൊരിക്കലും വിജയമ്മയെ പോലെ അല്ല. ഇങ്ങനെ മിണ്ടാതിരിക്കില്ല, അത് പലപ്പോഴും അഭിനയിക്കുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്.

sreedevi-anil-3

കഥ പറഞ്ഞു കേട്ടപ്പോള്‍ വിജയമ്മയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലെ?

ജോയ്സി സാര്‍ ആദ്യം എന്നെ വിളിച്ചു. ഞാനപ്പോള്‍ കഥ കേള്‍ക്കാനായി പിന്നെ സാറിനെ വിളിച്ചപ്പോൾ സാര്‍ സാധാ ഒരു വീട്ടമ്മ, കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീ അത്രയെ എന്നോട് പറഞ്ഞുളളൂ. ഞാനാണെങ്കില്‍ നോവലൊന്നും വായിച്ചിരുന്നും ഇല്ല. ശ്രീദേവിക്കു ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞു. അങ്ങനെയാണ് ചെയ്തത്.

നിഖിത,മോനിഷ. ജാനകികുട്ടിയായി അഭിനയിച്ച രണ്ട് പ്രതിഭകളെക്കുറിച്ച്?

രണ്ടുപേരും എനിക്കെന്‍റെ മക്കളെ പോലെയാണ്. നിഖിതയെ കുഞ്ഞിലേ അറിയാം. ഇപ്പോഴും അവളോടൊപ്പം അഭിനയിക്കാന്‍ പറ്റി. മോനിഷയ്ക്കും നന്നായി ചെയ്യാന്‍ കഴിഞ്ഞു. നിഖിതയാണ് ജാനകികുട്ടിയെ ഒരു തലത്തിലെത്തിച്ചതെങ്കില്‍ മോനിഷ അത് ഒത്തിരി നന്നായി ചെയ്ത് അത്രയും നല്ല അഭിപ്രായം നേടി തന്നു.

sreedevi-anil-4

ശ്രീദേവിയുടെ അഭിനയത്തിലേക്കുളള കടന്നു വരവ്?

ഭരതന്‍ സാറിന്‍റെ അമ്മാവനായ പി.എന്‍ മേനോന്‍ സാര്‍ ഉണ്ട്. അദ്ദേഹത്തിന്‍റെ സീരിയലിലൂടെയാണ് ഞാന്‍ ആദ്യമായി അഭിനയത്തിലേക്കു വരുന്നത്. അത് 1997 ലായിരുന്നു. അന്ന് ദൂരദര്‍ശനില്‍ വന്നിരുന്ന അദ്ദേഹത്തിന്‍റെ സീരിയലിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല. അന്ന് അച്ഛനും അമ്മയുമായിരുന്നു അഭിനയത്തില്‍ സപ്പോര്‍ട്ട്. അതുകൊണ്ട് ഇന്ന് ഇത്തരം കഥാപാത്രങ്ങള്‍ സൗഭാഗ്യങ്ങളായി എന്നെ തേടിയെത്തുന്നു. 

പുതിയ സീരിയലുകള്‍?

മഞ്ഞുരുകും കാലം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സൂര്യയില്‍ വിജയലക്ഷ്മി, മിഴി രണ്ടിലും എന്നിങ്ങനെ രണ്ട് സീരിയലുകള്‍ ചെയ്തു, രണ്ടും അവസാനിച്ചു. ഇനി വരാനിരിക്കുന്നത് മഴവില്‍ മനോരമയില്‍ നോക്കത്താ ദൂരത്ത് എന്ന സീരിയലാണ്. ജൂണ്‍ അഞ്ച് മുതല്‍ രാത്രി ഏഴു മണിക്ക് സംപ്രേഷണം ചെയ്യും. അതില്‍ നായകന്‍റെ അമ്മയായ ഒരു ഹെവി കഥാപാത്രം ആണ് ചെയ്യുന്നത്. പുരുഷോത്തമന്‍ ആണ് സംവിധായകന്‍.

sreedevi-anil-2

നോക്കത്താ ദൂരത്തിലെ കഥാപാത്രത്തെ കുറിച്ച്?

നായകന്‍റെ അമ്മ കഥാപാത്രമാണ്, ലക്ഷ്മി എന്നാണു പേര്. നല്ല ഒരു അമ്മ എന്നു പറയാം. വീടിനും കുടുംബത്തിനുമായി ജീവിക്കുന്ന ഒരു അമ്മ. മകന്‍റെ പതിനെട്ടു വയസ്സില്‍ വിധവയാകേണ്ടി വന്ന ഒരു അമ്മ. അന്നുമുതല്‍ ആ വീടിന് വേണ്ടി കഷ്ടപ്പെടുന്ന മകന്‍. 

കുടുംബ വിശേഷങ്ങള്‍ ?

അമ്മ അച്ഛന്‍ ഭര്‍ത്താവ് മകള്‍ ഇതാണ് കുടുംബം. ഭര്‍ത്താവ് അനില്‍ മേടയില്‍ സംവിധായകനാണ്. ജീവന്‍ ടി.വിയില്‍ പ്രോഗ്രാം ഓഫീസറാണ് ഇപ്പോള്‍. മകള്‍ ഐശ്വര്യ ആറിലേക്ക് ആണ് ഇനി. ദൈവം സഹായിച്ച് നന്നായി പോകണമെന്നാണ് പ്രാര്‍ഥന. തമിഴില്‍ ഇപ്പോൾ ഒരു പടം  ചെയ്തു. മലയാള സിനിമയില്‍ നല്ല കഥാപാത്രം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. കരുമാടിക്കുട്ടന്‍ സിനിമയില്‍ നന്ദിനിയുടെ അമ്മയായി അഭിനയിച്ചിരുന്നു. അങ്ങനെ ഒത്തിരി സിനിമകള്‍ ചെയ്തിരുന്നു. അതുപോലെ നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Read More: Glitz n Glamour, Celebrities Life