Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ വേഷം നിഖിത ഉപേക്ഷിച്ചത് എന്തിന്?

Nikitha2

ഓമനത്തിങ്കള്‍  പക്ഷി എന്ന സീരിയലിലെ അന്ന മോള്‍ എന്ന കഥാപാത്രത്തിലൂടെയായിരുന്നു  ബാലതാരമായി നിഖിതയുടെ അഭിനയത്തിലേക്കുളള ആദ്യ കടന്നു വരവ്. അതിന് ശേഷം നിരവധി കഥാപാത്രങ്ങളുമായി നിഖിതയെന്ന കുഞ്ഞു താരം മിനിസ്ക്രീനില്‍ നിറഞ്ഞു നില്‍ക്കാനും പ്രേക്ഷകപ്രീതി നേടുവാനും അധികം സമയം വേണ്ടി വന്നില്ല. എന്നാല്‍ പിന്നീട് നിഖിത പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സജീവമായത് മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയിലൂടെയാണ്. ജാനിക്കുട്ടിയായി മലയാളക്കരയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് പത്താംക്ലാസ്ക്കാരിയായ നിഖിത പഠനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അഭിനയത്തില്‍ നിന്ന് വിട്ടു നിന്നത്. മഞ്ഞുരുകും കാലം സീരിയല്‍ അവസാനിച്ചു എങ്കിലും നിഖിതയുടെ തീരുമാനം വെറുതെയായില്ല. സി.ബി.എസ്.സി പത്താം തരം ഫലം വന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്കോടെയാണ് നിഖിതയുടെ വിജയം. കൂടുതല്‍ വിശേഷങ്ങളിലേക്ക്.

ഉയര്‍ന്ന പരീക്ഷാഫലമാണ് കരസ്ഥമാക്കിയത്. ഇനി ഭാവി പരിപാടികള്‍?

പരീക്ഷാഫലം നല്ലതായതില്‍ സന്തോഷമുണ്ട്. ഇനി ഭാവി പരിപാടി എന്ന് പറഞ്ഞാല്‍ പ്രത്യേകിച്ച് ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. ആദ്യം ഇനി പ്ലസ് വണ്, പ്ലസ് ടു കഴിയട്ടെ. അപ്പോഴെക്കും അടുത്തത് തീരുമാനിക്കും. കൊമേഴ്സ് എടുക്കാനാണ് തീരുമാനം. കൂട്ടത്തില്‍ തല്ക്കാലം പുതിയ വര്‍ക്ക് ഒന്നും ചെയ്യുന്നില്ല എന്നാണ് കരുതുന്നത്. രണ്ട് സിനിമയില്‍ നായികയാകാനായി ക്ഷണം വന്നു എങ്കിലും അത് വേണ്ടെന്ന് വച്ചു. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്ത് നില്‍ക്കുന്നു.

മഞ്ഞുരുകും കാലത്തില്‍ നിന്ന് മാറി നിന്നത് പത്താംക്ലാസ് പഠനത്തിനായാണ്. ആ ഒരു മാറി നില്‍ക്കല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു  സന്തോഷമായി മാറിയില്ലേ?

തീര്‍ച്ചയായും. പിന്നെ 9.6  പോയിൻറ് എന്ന് പറയുമ്പോള്‍ താരതമ്യപെടുത്തുമ്പോള്‍ one of the topest position എന്ന് പറയാം. ഞാന്‍ ഒൻപതില്‍ പഠിക്കുമ്പോഴാണ് ജാനിക്കുട്ടിയാകുന്നത്. ആ ഒരു സമയത്ത് ഭയങ്കരമായ ആശങ്ക ഉണ്ടായിരുന്നു എനിക്ക്, ഈ കഥാപാത്രം ഏറ്റെടുത്താല്‍ മുമ്പോട്ടുളള പഠനം എങ്ങനെയാകുമെന്ന്. ആ ഒരു സമയത്ത് അത്തരം ചിന്തകളിലും, ആശങ്കകളിലും പിന്മാറാന്‍ വരെ ചിന്തിച്ചിരുന്ന ആളാണ് ഞാന്‍. അന്നത്തെ സാഹചര്യത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ദീപ ടീച്ചര്‍. ടീച്ചര്‍ തന്ന പ്രോത്സാഹനം അത്രമാത്രമാണ്. നീ ഇത് ചെയ്യണമെന്ന് അത്രയേറെ നിര്‍ബന്ധിച്ച ഒരാളാണ് ടീച്ചര്‍. കാരണം അവരെല്ലാം മഞ്ഞുരുകും കാലത്തെ വളരെയധികം ഇഷ്ടപ്പെടുന്ന പ്രേക്ഷകരായിരുന്നു. അങ്ങനെ ഞാന്‍ അഭിനയം തുടങ്ങുന്നു. സ്ക്കൂളിലേക്ക് പോകാനായി ഒട്ടും സമയമില്ലാത്ത അവസ്ഥ വരുന്നു , വീണ്ടും ടീച്ചര്‍ കൂടെ നില്‍ക്കുന്നു, സഹകരിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. പിന്നെ പത്തിലേക്കെത്തിയതിന് ശേഷവും ഞാന്‍ കുറച്ച് അഭിനയിച്ചു. പിന്നെയാണ് പഠനത്തിനായി മാറി നില്‍ക്കുന്നത്.

ജാനിക്കുട്ടി എന്ന കഥാപാത്രത്തിലെക്ക് എങ്ങനെയാണ് എത്തയത്?

എന്‍റെ ആദ്യ സീരിയൽ ഓമനത്തിങ്കള്‍ പക്ഷിയാണ്. ആ സീരിയലില്‍ വര്‍ക്ക് ചെയ്ത അതേ ക്ര്യൂവിനൊപ്പമാണ് മഞ്ഞുരുകും കാലത്തില്‍ വീണ്ടും വര്‍ക്ക് ചെയ്തത്. ‍ജോയ്സി സാര്‍ സ്ക്രിപ്ററ് ചെയ്യുന്നു, ഉണ്ണിത്താന്‍ സാര്‍ പ്രഡ്യൂസ് ചെയ്യുന്നു. അപ്പൊ അതേ ക്ര്യൂ വീണ്ടും എന്നെ വിളിച്ചു. എന്നോട് ജോയിന്‍ ചെയ്യുന്ന സമയത്ത് പറയുന്നത് പത്തില്‍ പഠിക്കുന്ന ഒരു കുട്ടി എന്നാണ്. അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ഏതാണ്ട് ഇരുപത്തിരണ്ട് വയസ്സുകാരിയായി വരെ അഭിനയിക്കണമെന്നറിയുന്നത്.

ജാനിക്കുട്ടിയെന്ന കഥാപാത്രം അതിന്‍റെ തീവ്രതയില്‍ എത്തിനിൽക്കുമ്പോഴുളള പിന്മാറ്റത്തെ കുറിച്ച്?

എന്നോട് ഒരുപാട് പേര്‍ പറഞ്ഞു മാറണ്ടായിരുന്നു എന്ന്. അത് വാസ്തവത്തില്‍ ഞാന്‍ ഒരംഗീകാരമായിട്ടാണ് കാണുന്നത്. അതില്‍ സന്തോഷമുണ്ട്. പിന്നെ എല്ലാവരും സ്വീകരിച്ച കഥാപാത്രമാണ്. മാത്രമല്ല തുടക്കത്തില്‍ ജാനിക്കുട്ടിയായി ചെയ്തതിനെക്കാളും ഞാന്‍ കഥാപാത്രത്തോട് വല്ലാത്ത വിധത്തില്‍ അടുത്തത് ആ പോരുന്ന സമയത്തോടനുബന്ധിച്ചാണ്. കറക്ട് ജാനിക്കുട്ടിയിലെക്ക് ഞാന്‍ തന്നെ മാറിയ ഒരവസ്ഥ എന്ന് പറയാം. ജോയ്സി സാര്‍ അത് പറയുകയും ചെയ്തു ശരിക്കുമുളള ജാനിക്കുട്ടിയായപ്പോഴെക്കും നീ പോകുകയാണല്ലോ എന്ന്. ആ ഒരു വിഷമം ഉണ്ട്.

യഥാര്‍ഥ ജീവിതത്തില്‍ നിഖിതയ്ക്ക് ജാനിയുമായി സാദൃശ്യമുണ്ടോ?

അയ്യോ ജാനി ജീവിതാനുഭവങ്ങളിലൂടെ പ്രായത്തെക്കാള്‍ പക്വതയിലെത്തിയ ആളാണ്. ഇരുപത് വയസ്സുളളപ്പോള്‍ മുപ്പത് വയസ്സിന്‍റെ പക്വത ഉളളവൾ. എല്ലാവരും സ്നേഹത്തോടെ ഇപ്പോഴും എന്നെ ജാനിക്കുട്ടീന്ന് വിളിക്കും. ജാനിക്കുട്ടി പാവമാ..വീട്ടിലൊരുപാട് പണിയൊക്കെ എടുക്കുന്ന കുട്ടി. ഞാനങ്ങനല്ല.

എങ്ങനെയാണ് അഭിനയത്തിലെക്കെത്തുന്നത്?

എന്‍റെ അച്ഛന്‍ സംവിധായകന്‍ ആണ്. രാജേഷ് എന്നാണ് പേര്. അപ്പോള്‍ പണ്ടേ ഫീൽഡുമായി ബന്ധമുണ്ടായിരുന്നു. ആദ്യ സീരിയല്‍ ചെയ്തപ്പോള്‍ പുതിയതായി ക്യാമറക്ക് മുൻപില്‍  വരുന്ന ഏതൊരാൾക്കുമുണ്ടാകുന്ന ഒരു പരിഭ്രമമുണ്ടല്ലൊ എനിക്കത് ഉണ്ടായിരുന്നില്ല. കാരണം അച്ഛന്‍റെ തൊഴില്‍ കാരണം എനിക്ക് ക്യാമറയുമായി വന്ന ഒരു പരിചയമായിരിക്കാം. അതുകൊണ്ട് പരിഭ്രമമൊന്നുമില്ലാതെ ചെയ്തു.

ബാലതാരമായും, മുതിര്‍ന്നതിന് ശേഷവും അഭിനയിച്ചു. കൂടുതല്‍ എളുപ്പം ഏത് പ്രായത്തിലെ അഭിനയമാണ്?

കുഞ്ഞിലേ ഉളള അഭിനയമാണ് കുറച്ച് കൂടി ഈസി. കാരണം നമ്മളവിടെ ഒന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല, പരിഭ്രമിക്കുന്നില്ല. ശരിയോ തെറ്റോ അഭിനയിക്കുന്നതെന്ന ചിന്ത പോലുമില്ലാതെ ക്യാമറക്ക് മുമ്പിലവര്‍ പറയുന്നത് പോലെ ചെയ്യുന്നു. പക്ഷേ മുതിര്‍ന്ന ശേഷം അങ്ങനെ അല്ല. എപ്പോഴും ഓരോ സീനും ചെയ്യുമ്പോള്‍ മനസ്സില്‍ വരുന്നത് ഓഡിയന്‍സാണ്. അതിന്‍റേതായ ടെന്‍ഷനപ്പോള്‍ ഉണ്ടാകും.ചെയ്യുന്നതു ശരിയോ തെറ്റോ എന്ന ചിന്ത വരും. അപ്പൊ മൊത്തത്തില്‍ ഒരു പേടി ഉണ്ടാകും

ചെയ്തതില്‍ വച്ചേറ്റവും ഇഷ്ടം ഏത് കഥാപാത്രമാണ്?

എനിക്കെല്ലാ കഥാപത്രവും ഇഷ്ടമാണ്. ജാനിക്കുട്ടി ഇഷ്ടമാണ്, അന്നമോളിഷ്ടമാണ് ,രഹസ്യം,സസ്നേഹം, ഗുരുവായൂരപ്പന്‍ ഈ സീരിയലുകളിലെല്ലാം ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടമാണ്. പിന്നെ കളേഴ്സ്, കന്യാകുമാരി എക്സ്പ്രസ്സ് തുടങ്ങിയ സിനിമകള്‍ ചെയ്തു. ജാനിക്കുട്ടിയായി ചെയ്തപ്പോള്‍ ബിനു വളളത്തോള്‍ സാര്‍ തന്ന സപ്പോര്‍ട്ട് ഉണ്ട്. ശരിക്കും ഞാന്‍ എന്തെങ്കിലും ഒന്ന് ജാനിക്കുട്ടിയില്‍ ചെയ്തിട്ടുണ്ട് എങ്കില്‍ അതിന്‍റെതായ എല്ലാ ക്രെഡിറ്റും സാറിനാണ്. അത്രമാത്രം കഥാപാത്രത്തിന്‍റെ മാനസികാവസ്ഥകളെ, ഇമോഷന്‍സിനെ എല്ലാം പറ്റിയുളള ധാരണ ഉണ്ടാക്കി തന്നിട്ടുണ്ട്.

മറ്റു വിശേഷങ്ങള്‍?

ഫിലിം ഇൻസ്റ്റിറ്റൂട്ടില്‍ പോകണം ഡയറക്ഷന്‍ പഠിക്കണമെന്ന വലിയൊരു ആഗ്രഹം മനസ്സിലുണ്ട്. ഞാന്‍ ഇപ്പോള്‍ സ്വന്തമായി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്ന നിലയില്‍ ഒരു ഷോട്ട് ഫിലിം ചെയ്തു. ഋതു എന്നാണ് പേര്. അത് മോഡലിംഗിനായി വിദ്യാഭ്യാസം നിര്‍ത്തി പോകുന്നതും പിന്നെ വിദ്യാഭ്യാസത്തിലെക്ക് തന്നെ തിരിച്ചു വരുന്നതുമായ ഒരു വിഷയമാണ്. അടുത്ത ആഴ്ച അതിന്‍റെ ലോഞ്ച് ഉണ്ടായിരിക്കും. അതില്‍ അച്ഛന്‍ ആണ് എന്‍റെ  അസോസിയേററ് ആയി വര്‍ക്ക് ചെയ്തത്. ഡയറക്ഷനെ വളരെ സീരിയസ്സായി കാണുന്നു. ഡയറക്ടറാകണം, നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ അഭിനയിക്കുകയും ചെയ്യും