Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ഫോട്ടോ പോലും കാണാതെ പ്രണയിച്ചവരാണു ഞങ്ങൾ : ജോമോൾ

Jomol ജോമോൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ കുടുംബ സദസ്സുകളിലേക്ക് എത്തിക്കുന്ന പരിപാടിയാണ് ഒന്നും ഒന്നും മൂന്ന്. ഗായിക റിമി ടോമിയുടെ കളിചിരികളാൽ നിറഞ്ഞ അവതരണമാണ് പരിപാടിയെ വ്യത്യസ്തമാക്കുന്നത്. ഇത്തവണത്തെ ഒന്നും ഒന്നും മൂന്നിലും ആരാധകർ കാത്തിരുന്ന രണ്ടു താരങ്ങളാണ് എത്തിയത്. ബാലതാരമായി വന്ന് പിന്നീട് ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന ജോമോളും നർത്തകിയും നടിയുമായ പാർവതിയും ആയിരുന്നു അവർ. 

ജോമോൾ തന്റെ പ്രണയകാലത്തെക്കുറിച്ച് മനസ്സു തുറക്കുകയും ചെയ്തു. '' ഫേസ്ബുക്കോ ഓർക്കൂട്ടോ ഒന്നുമില്ലാത്ത കാലത്തായിരുന്നു പ്രണയം മൊട്ടിട്ടത്. ഇന്റർനെറ്റ് തുടങ്ങിയ സമയമാണ്. പബ്ലിക് ചാറ്റിലൂടെയാണ് ചന്ദ്രശേഖറിനെ പരിചയപ്പെടുന്നത്, പിന്നീടതു പ്രൈവറ്റ് ചാറ്റിലേക്കു മാറി. സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഒരുപാട് അറിവുള്ളയാളാണെന്നു തോന്നിയിരുന്നു, അതിലുപരി നല്ലൊരു സൗഹൃദവും ഉടലെടുത്തിരുന്നു. 

എപ്പോഴും ഉപദേശങ്ങളുമായി എത്തിയിരുന്നതുകൊണ്ട് 35 വയസ്സൊക്കെ ഉള്ള ആളായിരിക്കുമെന്നാണ് കരുതിയിരുന്നത്. ഷിപ്പിൽ ജോലി ചെയ്യുന്ന അദ്ദേഹം കറുത്തു കുടവയറൊക്കെ ഉള്ള ഉയരമില്ലാത്ത ആളാണെന്നായിരുന്നു പറഞ്ഞിരുന്നത്, മലയാളം തീരെ അറിയില്ലെന്നും പറഞ്ഞിരുന്നു. പക്ഷേ എപ്പോഴോ ഇഷ്ടം തോന്നുകയായിരുന്നു, എങ്കിലും നേരിൽ കാണുന്നതുവരെ പരസ്പരം ഫോട്ടോകൾ ഒന്നും പങ്കുവെക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. 

ഇഷ്ടത്തിലായി രണ്ടുമാസം കഴിഞ്ഞാണു നേരിട്ടു കാണുന്നത്. അന്ന് കോളജിൽ ഒരു പരിപാടി നടക്കുന്ന ദിവസമായിരുന്നു. ഒരു സുഹൃത്തിനോടു മാത്രമാണ് പ്രണയത്തിലാണെന്നും അദ്ദേഹം കാണാൻ വരുമെന്നും പറഞ്ഞിരുന്നത്. അന്ന് തീരുമാനമെടുത്തത് ആലോചിച്ചാണോ പിന്നീടു ഖേദിക്കരുത് എന്നൊക്കെ അവൾ പറഞ്ഞിരുന്നു. പക്ഷേ നേരിട്ടു കണ്ടതോടെ ശരിക്കും ഞെട്ടിപ്പോയി, എന്തെന്നാൽ അന്നു കണ്ടത് മെലിഞ്ഞു നീണ്ട് സുന്ദരനായ ഒരാൾ, ആദ്യകാഴ്ചയിൽ മനസ്സിലായില്ലെങ്കിലും പിന്നീടു ഹലോ പറഞ്ഞപ്പോൾ മാത്രമാണ് ഈ ശബ്ദം എനിക്കു പരിചിതമാണല്ലോ എന്നു തോന്നിയത്. അപ്പോഴും അദ്ദേഹത്തിനു തിരിച്ചിഷ്ടമാകുമോ എന്ന പേടിയും മനസ്സിലുണ്ടായിരുന്നു.''- ജോമോള്‍ പറയുന്നു. 

Read more: Malayalam Lifestyle Magazine