Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നു റാംപിൽ പാർവതി പാറും

Pparvathy Omanakuttan അഴകിന്റെ അലകൾ: കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന എംഫോർമാരി വെഡിങ് ഫെയറിൽ പങ്കെടുക്കാനെത്തിയ മിസ് വേൾഡ് റണ്ണറപ്പ് പാർവതി ഓമനക്കുട്ടൻ. ചിത്രം മനോജ് ചേമഞ്ചേരി

ലോകത്തിന്റെ നെറുകയിലെത്തിയെങ്കിലും പാർവതി ഓമനക്കുട്ടൻ ഇപ്പോഴും തനി നാട്ടിൻപുറത്തുകാരി തന്നെ. മലയാളത്തെയും നാടിനെയും മറക്കാത്ത മിസ് വേൾഡ് റണ്ണറപ്പും നടിയുമായ പാർവതി ഓമനക്കുട്ടൻ ഇന്നു വൈകിട്ട് ആറിന് അൽസാജ് കൺവൻഷൻ സെന്ററിൽ നടക്കുന്ന എം ഫോർ മാരി വെഡിങ് ഫെയറിലെ പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ ചുവടുവയ്ക്കും. പ്രമുഖ ഫാഷൻ ഡിസൈനർ ഷീലാ ജയിംസിന്റെ കീഴിലുള്ള സെറീന ഫാഷൻസിന്റെ ഷോ സ്റ്റോപ്പറായിട്ടാണ് പാർവതി റാംപിലെത്തുക. റിച്ച് ആൻഡ് റോയൽ എന്ന കലക്‌ഷനായിരിക്കും വേദിയിൽ അവതരിപ്പിക്കുക. തിരക്കിനിടയിലും പാർവതി മനസ്സു തുറന്നപ്പോൾ

∙ മുത്തശ്ശി ഭവാനിയമ്മ ആഗ്രഹിച്ചത് പേരക്കുട്ടിയെ സിനിമാനടിയാക്കാൻ, അച്ഛൻ ഓമനക്കുട്ടന്റെ ആഗ്രഹം ഒരു കായികതാരമാക്കാൻ. പക്ഷേ പാർവതി ആഗ്രഹിച്ചത് പൈലറ്റാകാൻ?

പലർക്കും പല താൽപര്യങ്ങളായിരുന്നെങ്കിലും ആരും അതൊന്നും അടിച്ചേൽപിക്കാൻ ശ്രമിച്ചിട്ടില്ല. അമ്മയാണ് എപ്പോഴും പിന്തുണ നൽകിയത്. ഞാൻ കോളജിൽ എത്തിയപ്പോഴേക്കും മുത്തശ്ശി മരിച്ചു. അമ്മയുടെ കൂടെയിരുന്നാണു ഞാൻ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളൊക്കെ കണ്ടത്. അങ്ങനെയാണു സിനിമയെന്ന ആഗ്രഹമുണ്ടായത്. അതിനൊക്കെ ശേഷമാണു ഫാഷൻ സ്വപ്നങ്ങൾ ആരംഭിക്കുന്നത്. 

∙ പൈലറ്റാകാൻ ആഗ്രഹിക്കുന്നത് സാധാരണമാണ്, പക്ഷേ പാർവതിയുടെ ആഗ്രഹം വ്യോമസേനയിലെ പൈലറ്റാകാനായിരുന്നല്ലോ?

അറിവുറയ്ക്കാത്ത കാലത്തു വന്നു കയറിയ മോഹമാണ്. പണ്ടുമുതലേ സാഹസികത ഇഷ്ടമാണ്. ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ എപ്പോഴും ജനാലയ്ക്കരികിലായിരിക്കും എന്റെ സീറ്റ്. വെളിയിൽ നോക്കി ഞാൻ തന്നെ രൂപപ്പെടുത്തിയ ഒരു സ്വപ്നലോകത്തിലങ്ങനെ യാത്ര ചെയ്യും. സ്പീഡ് ഇഷ്ടമാണ്, സ്പോർട്സ് കാറുകൾ ഓടിക്കുന്നതു ഹരമാണ്. ഇപ്പോഴും പറക്കാനുള്ള മോഹം ഉപേക്ഷിച്ചിട്ടില്ല, സ്വകാര്യ ഫ്ലൈയിങ് ലൈസൻസിനായുള്ള ശ്രമങ്ങൾ ഉടൻ തുടങ്ങുകയാണ്.

∙ മലയാളികൾ കൂടുതൽ പുരോഗമിക്കണമെന്ന് എപ്പോഴും പറയാറുണ്ടല്ലോ?

മസിൽപിടിത്തമാണു മാറേണ്ടത്. ഒരിക്കൽ ഒരു പ്രോഗ്രാമിനു പോയപ്പോൾ സ്റ്റേജിലെ പരിപാടി കണ്ട് ഞങ്ങൾ ആവേശത്തോടെ കയ്യടിക്കുകയും ആസ്വദിക്കുകയും ചെയ്തു. അടുത്തിരുന്നവരൊക്കെ ഗൗരവത്തിൽ ഞങ്ങളെ നോക്കുകയായിരുന്നു. ഒരു ഫാഷൻ ഷോയിൽ എന്റെ ഡിസൈനറോടൊപ്പം റാംപിൽ കാറ്റ്‌‌വോക് നടത്തിയപ്പോൾ ഡിസൈനർക്കുള്ള പ്രോത്സാഹനം എന്ന നിലയിൽ ഞാൻ കയ്യടിച്ചു. ഉടനെ സദസ്സിലിരുന്ന വിദ്വാന്റെ പ്രതികരണം ഇങ്ങനെ– "ദേ കണ്ടില്ലേ, ആരും കയ്യടിക്കാനില്ലാത്തതുകൊണ്ട് മോഡൽ തന്നെ കയ്യടിക്കുന്നു". എന്താ നമ്മളിങ്ങനെ? അതുപോലെ ബന്ദും ഹർത്താലുമൊക്കെ നിർത്തേണ്ട സമയമായില്ലേ?

parvathy-omanakuttan1

∙ അലാമിന്റെ സ്നൂസ് ബട്ടണാണ് ഏറ്റവം കൗതുകമുള്ളതെന്നു കേട്ടിട്ടുണ്ടല്ലോ?

കൗതുകമല്ല, മനുഷ്യന്റെ കാര്യക്ഷമത ഏറ്റവുമധികം കുറയ്ക്കുന്ന വസ്തുവല്ലേ ഈ സ്നൂസ് ബട്ടൺ (ചിരിച്ചുകൊണ്ട്). ഉറങ്ങിക്കൊണ്ടേയിരിക്കാൻ പ്രേരിപ്പിക്കുന്ന കണ്ടുപിടിത്തം. കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ നമ്മളൊക്കെ ഇത്ര മടിയന്മാരായി പോകുമായിരുന്നോ? 

∙ ഒരു ദിവസം എത്രം അലാം ഫോണിൽ സെറ്റ് ചെയ്യാറുണ്ട്?

എത്ര നേരം ഉറങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ്. കുറച്ചു നേരത്തേക്കാണെങ്കിൽ കുറേയധികം അലാമുകൾ മസ്റ്റാണ്.

∙ സ്കൂളിൽ പഠിക്കുമ്പോൾ കൂടെയുള്ള വിദ്യാർഥിയെ ചെറുതായി തല്ലിയപ്പോൾ, അവനൊരു ആൺകുട്ടിയല്ലേ എന്നു ചോദിച്ച ഒരു ടീച്ചറുണ്ടായിരുന്നില്ലേ. സ്ത്രീസമത്വത്തെക്കുറിച്ച്?

സ്ത്രീ–പുരുഷ സമത്വത്തിൽ ഞാൻ വിശ്വസിക്കുന്നില്ല, സമൂഹം നൽകുന്ന ബഹുമാനത്തിലാണു സമത്വം വേണ്ടത്. സ്ത്രീകൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ പുരുഷന്മാർക്കു കഴിയില്ല, അതുപോലെ തിരിച്ചും. സ്ത്രീകൾ സമത്വത്തിനായി പോരടിക്കേണ്ട കാര്യമില്ല, കാരണം അവർ പുരുഷന്മാരെക്കാൾ ശക്തരാണെന്നൊരു വാചകം ഞാൻ കേട്ടിട്ടുണ്ട്. ഇതു പുരുഷന്മാർക്ക് അറിയാവുന്നതുകൊണ്ടു തന്നെയാണ് അവർ സ്ത്രീകളെ പലതിൽനിന്നും മാറ്റിനിർത്തുന്നത്. 

∙ പാർവതിയെന്ന സംരംഭകയെക്കുറിച്ച്?

ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു ഫുഡ് ബിസിനസ് തുടങ്ങുകയെന്നത്. ഇപ്പോൾ മുംബൈയിലെ വീട്ടിൽ ചെറുതായി ബിസിനസ് തുടങ്ങി. കേരളത്തിന്റെ തനതായ രുചികൾ വീട്ടിൽനിന്നു ഡെലിവറി നടത്തുന്നതാണു രീതി. റസ്റ്ററന്റായി ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനു പുറമെ ഫാഷൻ ആക്സസറി രംഗത്തും ബിസിനിസ് ആരംഭിക്കുന്നുണ്ട്. എന്റെ പേരിൽ തന്നെയായിരിക്കും ബ്രാൻഡിങ്. 

∙ ഇപ്പോ‍ൾ എന്തൊക്കെയാണ് പാർവതിയുടെ പരിപാടികൾ?

സാഹസികത തന്നെ പിന്തുടരുന്നു. കഴിഞ്ഞവർഷം ആൻഡമാൻസിൽനിന്നു സ്കൂബ ഡൈവിങ് പരിശീലനം നേടി. ഈ മാസം ഒടുവിൽ പാരാഗ്ലൈഡിങ് പഠിക്കാൻ പോകുന്നു. ഒരു തമിഴ് സിനിമ പ്രോജ്ക്ടും ഉടനെയുണ്ടാകും. 

∙ ഇന്നു നടക്കുന്ന എം ഫോർ മാരി വെഡിങ് ഷോയെക്കുറിച്ച്?

പ്രമുഖ ഡിസൈനറായ ഷീല ആന്റി (ഷീല ജയിംസ്) ഇങ്ങനെയൊരു പ്രോഗ്രാമിലേക്കു വിളിച്ചപ്പോൾ വരാതിരിക്കാൻ എനിക്കൊരു കാരണവുമില്ലായിരുന്നു. വർഷങ്ങൾക്കുശേഷമാണ് ആന്റിയുടെ ഡിസൈനിൽ വീണ്ടും റാംപിലെത്തുന്നത്. മനോരമയുടെ എംഫോർ മാരി വെഡിങ് ഫെയറിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വലിയ സന്തോഷം.

Read more on : Lifestyle Malayalam Magazine, Beauty Tips in Malayalam