Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസ്മിതയോടുള്ള കണക്കു തീർക്കലായിരുന്നു ഐശ്വര്യയുടെ ലോകസുന്ദരിപ്പട്ടം

Aishwarya Rai, Sushmitha Sen ഐശ്വര്യ റായിയും സുസ്മിത സെന്നും

പതിനേഴു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ സുന്ദരി ലോകസൗന്ദര്യത്തിന്റെ കിരീടം ചൂടുന്നത്. സൗന്ദര്യം മാത്രമല്ല ബുദ്ധിയും വിവേകവും അറിവുമൊക്കെ ഇവിടെ വിജയത്തിന്റെ ഘടകങ്ങളാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന വിധികർത്താക്കളുടെ ചോദ്യത്തിന് മാനുഷി നൽകിയ ഉത്തരമാണ് കിരീടം ഉറപ്പിക്കാൻ കാരണമായത്.

ഏറ്റവും ലളിതവും അതിലുപരി അർഥവ്യാപ്തിയും ഉൾക്കൊണ്ട ആ ഉത്തരം ‘അമ്മ’ എന്നായിരുന്നു. ‘എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. പണമായെന്നല്ല, സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’– ഇതായിരുന്നു മാനുഷിയുടെ മറുപടി. 

23 വർഷങ്ങൾക്ക് മുമ്പ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയും ഇതുപോലെ മനോഹരമായ മറുപടി നൽകിയാണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. ആ കഥ ഇങ്ങനെ– മിസ് ഇന്ത്യ മത്സരത്തിൽ സുസ്‌മിത സെന്നുമായി ഫോട്ടേഫിനിഷ് വ്യത്യാസത്തിൽ കിരീടം നഷ്‌ടമായ ശേഷമാണ് ഐശ്വര്യ ലോക സുന്ദരി മൽസരത്തിലെത്തുന്നത്.

ലോകസുന്ദരിപ്പട്ടത്തിന്റെ വ്യത്യസ്‌ത മൽസരങ്ങളിൽ ഐശ്വര്യ മിസ് ഫൊട്ടോജെനിക്ക് ആയി അംഗീകരിക്കപ്പെട്ടിരുന്നു. വാക്കിലും നോക്കിലും ഇന്ത്യയുടെ സൗന്ദര്യം കാത്തുസൂക്ഷിച്ച ഐശ്വര്യ അവസാനഘട്ടംവരെ കിരീടപ്രതീക്ഷ നിലനിർത്തിയാണു സുന്ദരിപ്പട്ടം നേടിയത്. വെനസ്വേലക്കരിയും ദക്ഷിണാഫ്രിക്കകാരിയുമായിരുന്നു അവസാനഘട്ടത്തിൽ ഐശ്വര്യയുടെ എതിരാളികൾ.

മിസ് ഇന്ത്യ മൽസരത്തിൽ പങ്കെടുത്തതിനു ശേഷമായതിനാൽ ശാരീരിക സൗന്ദര്യം മെച്ചപ്പെടുത്താൻ സൺസിറ്റിയിൽ എത്തിയ ഐശ്വര്യയ്‌ക്കു സാധിച്ചിരുന്നു. അൽപം കൂടി വണ്ണം കുറയ്‌ക്കാൻ കഴിഞ്ഞതോടെ ഐശ്വര്യ കൂടുതൽ ഗ്ലാമർ നേടി. 33-23-34 ആണ് അന്ന് ഐശ്വര്യയുടെ അളവ്. 

ചടുലമായ ഉത്തരങ്ങളിലൂടെ ലക്ഷക്കണക്കിനു ടിവി പ്രേക്ഷകരുടെയും വിധി കർത്തക്കളുടെയും മനം കവർന്ന ഐശ്വര്യ മിസ് ഇന്ത്യ കിരീടം നഷ്‌ടപ്പെട്ടതിനു ശരിക്കും കണക്കു തീർക്കുകയായിരുന്നു. 

അന്ന് പെപ്‌സി മുതൽ നിർമ സോപ്പിന്റെ വരെ മോഡലായ അഞ്ചടി ഏഴിഞ്ചുകാരിക്കു തക്ക സമയത്തു ബുദ്ധി ഉദിക്കാത്തതുകൊണ്ടു മാത്രമായിരുന്നു മിസ് ഇന്ത്യ പട്ടം നഷ്‌ടമായത്. ‘‘നിങ്ങളുടെ ജീവിതകാലത്ത് ഒഴിവാക്കനാവുമായിരുന്ന സംഭവം ’’ എന്ന ചോദ്യത്തിനു മുന്നിൽ ‘‘എന്റെ .... എന്റെ ജന്മം’’ എന്നു പറഞ്ഞു പതറിപ്പോയ ഐശ്വര്യ രണ്ടാം സ്‌ഥാനക്കാരിയായി.  ബോംബെയിൽ മിസ് ഇന്ത്യ മൽസരം നടക്കുന്നതിനിടയിൽ ഷൂസ് ഊരിപ്പോയതും ഐശ്വര്യക്കു കഷ്‌ടകാലമായി. 

‘ഒട്ടകപ്പക്ഷിയെപ്പോലെ തലതാഴ്‌ത്തൻ ഞാനില്ല. സുസ്‌മിതയ്‌ക്കു നേടാനാവാത്തതു ഞാൻ നേടും.’’ സുസ്‌മിതയോടു പരാജയപ്പെട്ടപ്പോൾ ഐശ്വര്യ പറഞ്ഞു. 

പരിചയസമ്പന്നയായ മോഡൽ എന്ന നിലയിൽ വിഖ്യാതയായ ഐശ്വര്യ അമിതമായി ആകാംക്ഷ പ്രകടിപ്പിക്കുന്നുവെന്ന പരാതി അന്ന് സൺസിറ്റിയിൽ തീർത്തു. 

‘‘നിങ്ങൾ ഒരു മോഡലാണെന്നതും സുന്ദരിയാണെന്നതും മറക്കുക. ഇന്ത്യയുടെ പ്രതിനിധിയാണു നിങ്ങൾ. ലോകവീക്ഷണമുളള ശക്‌തിയുടേയും സൗന്ദര്യത്തിന്റേയും പ്രതീകമൈയ ഇന്ത്യക്കാരിയാവുക.’’ ലോകസുന്ദരി മത്സരത്തിനു പുറപ്പെടും മുൻപു ലഭിച്ച ഉപദേശം സ്വാർഥകമാക്കാൻ ഈ ബോംബെക്കാരിക്കു കഴിഞ്ഞു. 

വിശ്വസുന്ദരി മൽസരത്തിൽ സുസ്‌മിത പ്രയോഗിച്ച പൊടിക്കൈകൾ ഒരു പരിധിവരെ ഐശ്വര്യയും പ്രയോഗിച്ചു. സമാധാനത്തിന്റെ നാട്, സ്‌ത്രീ-പുരുഷ സമത്വം, നാനാത്വത്തിൽ ഏകത്വം തുടങ്ങിയ വീക്ഷണങ്ങൾ ഐശ്വര്യ സമർഥമായി സമന്വയിപ്പിച്ചു. 

മൽസരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഐശ്വര്യയ്‌ക്കു വ്യക്‌തമായ മുൻതൂക്കം കിട്ടിയിരുന്നു. ഒറ്റ ചോദ്യത്തിനുത്തരം നൽകുകയെന്ന ശ്രമകരമായ ജോലിയിൽ പ്രേക്ഷകരുടെ നിർത്താതെ കൈയടി ലഭിച്ചത് ഐശ്വര്യക്കായിരുന്നു. 

1994ലെ ലോക സുന്ദരിക്കു വേണ്ട സവിശേഷതകൾ എന്തെന്നായിരുന്നു ചോദ്യം. ഒട്ടും മടിക്കാതെ ചിരിച്ചു കൊണ്ട്, ഒഴുകുന്ന കവിതയിൽ ഐശ്വര്യ മറുപടി നൽകി. മനുഷ്യർക്കിടയിൽ മനുഷ്യനുണ്ടാക്കിയ അസമത്വവും സമ്പത്തിക വ്യതാസങ്ങളും കണക്കിലെടുക്കാത്ത ഒരാളായിരിക്കണം സുന്ദരി. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും സന്ദേശം പരത്തുകയാണു സൗന്ദര്യത്തിന്റെ അടിയിലൊളിച്ചിരിക്കുന്ന സത്യമെന്ന മറുപടി സദസിന്റെ തീരാത്ത കയ്യടിയായിരുന്നു. 

ഒന്നാം സമ്മാനമായി ഐശ്വര്യയ്‌ക്ക് 22,50,000 രൂപ ലഭിച്ചു. ലോകസുന്ദരിയായി മാറിയ രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ഐശ്വര്യ റായി. 1966 ൽ ലണ്ടനിൽ നടന്ന മത്സരത്തിൽ റീത്ത ഫരിയ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഐശ്വര്യയുടെ അതേ പ്രായമായിരുന്നു അന്നു റീത്തയ്‌ക്കും (21) മൽസരത്തിനെത്തിയ 51 പേരിൽ റീത്തയുടെ പ്രകൃതവും ബുദ്ധിശക്‌തിയുമാണു വിധികർത്താക്കളിൽ മതിപ്പുളവാക്കിയത്. ഇന്ത്യയിൽ നിന്നു മറ്റൊരു സുന്ദരി ലോകസർവകലാശാല സുന്ദരിയായിട്ടുണ്ട്, പ്രിയദർശിനി പ്രധൻ. 1987 -ൽ മിസ് ഇന്ത്യയായിരുന്ന പ്രിയദർശിനി ജപ്പാനിൽ നടന്ന മിസ് യൂണിവേഴ്‌സിറ്റി മൽസരത്തിൽ കിരീടമണിഞ്ഞു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam