Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കുപാലിച്ചു, ‘മകളുടെ’ കല്യാണത്തിന് ആമിർ എത്തി

amir-gita

സ്‌ക്രീനിലെ മകളുടെ വിവാഹദിനം മറ്റു തിരക്കുകളെല്ലാം മാറ്റിവച്ച് ബോളിവുഡ് താരം ആമിർഖാൻ ഹരിയാനയിലെ ബലാലിയിലെത്തിയത് ഗ്രാമവാസികൾക്ക് ആഘോഷമായി. പറഞ്ഞുവരുന്ന വിവാഹം കോമൺവെൽത്ത് സ്വർണമെഡൽ ജേത്രിയായ ഗുസ്തിക്കാരി ഗീത ഫോഗട്ടിന്റേതാണ്. അടുത്ത മാസം പുറത്തിറങ്ങുന്ന ആമിർഖാന്റെ ദംഗൽ എന്ന ബോളിവുഡ് ചിത്രം ഗീതയുടെയും സഹോദരി ബബിതയുടെയും അച്ഛൻ മഹാവിർസിങ് ഫോഗട്ടിന്റെയും കഥയാണ്. 

മഹാവിർസിങ്ങിന്റെ വേഷമാണ് ചിത്രത്തിൽ ആമിർഖാന്. ഗീതയോട് മകളോടെന്ന പോലെ വാൽസല്യമുള്ള ആമിർഖാൻ, വിവാഹത്തിന് നിശ്ചയമായും എത്തുമെന്ന് വാക്കുനൽകിയിരുന്നു. വിവാഹ വസ്ത്രം തന്റെ വകയാക്കണമെന്ന ആഗ്രഹവും ആമിറിന് ഉണ്ടായിരുന്നു. ആചാരപ്രകാരം വധുവിന്റെ വിവാഹവസ്ത്രം അമ്മാവൻ തയാറാക്കേണ്ടതിനാൽ ആ ആഗ്രഹം നടന്നില്ല. പകരം ഫ്രൂട്ട് ബോക്‌സുമായാണ് ആമിർ വിവാഹത്തിനെത്തിയത്. 

രണ്ടുവർഷത്തോളമായി ഫോഗട്ട് കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ആമിർഖാൻ. ദംഗലിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ആമിർ ഇവരുടെ വീട് സന്ദർശിക്കുമായിരുന്നു. ഫോഗട്ട് കുടുംബത്തിന്റെ തറവാടുവീടു തന്നെയാണ് ചെറിയ മാറ്റത്തോടെ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ആഗ്രഹിച്ച സമ്മാനം നൽകാൻ കഴിഞ്ഞില്ലെങ്കിലും ദംഗൽ എന്ന ചിത്രം ഗീതയ്ക്കുള്ള വിവാഹസമ്മാനമായിരിക്കുമെന്ന് തന്നെ പൊതിഞ്ഞ മാധ്യമ പ്രവർത്തകരോട് ആമിർ പറഞ്ഞു. 

amir-attending-gitas-mariage

ചുരുക്കത്തിൽ ചിത്രത്തിനുള്ള പ്രമോഷൻകൂടിയായി വിവാഹചടങ്ങ്. ഏറെ എതിർപ്പുകൾ നേരിട്ടുകൊണ്ടാണ് മഹാവിർ തന്റെ പെൺകുട്ടികളെ ലോകമറിയുന്ന ഗുസ്തിക്കാരാക്കി മാറ്റിയത്. അന്ന് എതിർത്തവർ മുഴുവൻ പെൺമക്കൾ നാടിന്റെ യശസ്സുയർത്തിയതോടെ വാക്കുമാറ്റി. ആമിർകൂടിയെത്തി വിവാഹം കെങ്കേമമായതോടെ നാട്ടുകാരുടെ ആരാധന ഒന്നുകൂടെ കൂടി. അടുത്തിടെ പുറത്തിറങ്ങിയ ദംഗലിന്റെ ടീസറിന് വൻസ്വീകരണമാണ് ലഭിച്ചത്.