Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കലണ്ടർ ഗേളിനെ നമ്മളറിയും...

akanksha-puri ആകാംക്ഷ പുരി

പേരുപോലെത്തന്നെ ഏറെ ആകാംക്ഷയിലാണ് ഈ പെൺകുട്ടി–ആകാംക്ഷ പുരി. സ്വതവേ ഗ്ലാമറിനു പേരുകേട്ട ബോളിവുഡിൽ കൊടും ഗ്ലാമർ കാഴ്ചകളുമായി ആകാംക്ഷയുടെ ആദ്യ ഹിന്ദിചിത്രം കലണ്ടർ ഗേൾസ് റിലീസ് ചെയ്യുകയാണ്, സെപ്റ്റംബർ 25ന്. ഇന്ത്യയിലെ നമ്പർ വൺ ഫാഷൻ കലണ്ടറിലെ മോഡലുകളായെത്തുന്ന അഞ്ചു സുന്ദരിമാരുടെ കഥ പറയുന്ന ചിത്രത്തിലെ നായികമാരിലൊരാളാണ് ഈ ഇരുപത്തിയാറുകാരി. കക്ഷിയെ മലയാളികൾക്ക് നല്ല പോലെയറിയാം. മാദകസൗന്ദര്യവുമായെത്തി മമ്മൂട്ടിയുടെ വരെ മനമിളക്കിയ പെൺകുട്ടി–സാംകുട്ടിയുടെ കൈപിടിച്ച് ജോയിയുടെ വീട്ടിലേക്ക് കൊഞ്ചിയെത്തിയ ആനിയെ അത്രപെട്ടെന്നൊന്നും മലയാളി പ്രേക്ഷകൻ മറക്കാനിടയില്ല. മമ്മൂട്ടിയുടെ ‘പ്രെയിസ് ദ് ലോർഡ്’ എന്ന ചിത്രത്തിൽ ആനിയായി അഭിനയിച്ച ആകാംക്ഷയാണ് കലണ്ടർ ഗേൾസിലെ സ്വാതി മേനോന്റെ വേഷത്തിലെത്തുന്നത്.

akanksha-puri-3 കലണ്ടർ ഗേൾസിൽ ആകാംക്ഷ പുരി

മലയാളത്തിലും തമിഴിലും കന്നഡയിലും അഭിനയിച്ച ശേഷമാണ് ആകാംക്ഷയുടെ ബോളിവുഡ് അരങ്ങേറ്റം. കലണ്ടർ ഗേൾസിലും സൗത്തിന്ത്യൻ കഥാപാത്രമാണ് ആകാംക്ഷയ്ക്ക്. പക്ഷേ മധ്യപ്രദേശിലെ ഇൻഡോറാണ് ഇവരുടെ സ്വദേശം. പിന്നീട് പഠനത്തിനു വേണ്ടി ഭോപ്പാലിലേക്കു മാറി. എയർ ഹോസ്റ്റസ് ആയപ്പോൾ മുംബൈയിലേക്കും താമസം മാറി. പ്രെയിസ് ദ് ലോർഡ് കഴിഞ്ഞ് മലയാളത്തിൽ സാമ്രാജ്യം 2വിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് കലണ്ടർ ഗേൾസിലെ വേഷം ആകാംക്ഷയെ തേടിയെത്തുന്നത്. ചിത്രത്തിന്റെ ഒഡിഷന് ചുമ്മാ ആപ്ലിക്കേഷൻ നൽകിയെന്നേയുള്ളൂ. സൂപ്പർ മോഡലുകളെയാണ് സംവിധായകൻ മാഥുർ ഭണ്ഡാർക്കർ കലണ്ടർ ഗേൾസിനു വേണ്ടി തിരയുന്നതെന്ന് നേരത്തെത്തന്ന അറിഞ്ഞിരുന്നു. പക്ഷേ മാഥുർ ആകാംക്ഷയെ കൂടിക്കാഴ്ചക്കു വിളിച്ചു. ശേഷം സ്ക്രീൻ ടെസ്റ്റ്. തൊട്ടുപിറകെ ചിത്രത്തിലെ ലീഡ് റോളുകളിലൊന്നും സ്വന്തം.

akanksha-puri-2 ആകാംക്ഷ പുരി

എയർ ഹോസ്റ്റസായിരിക്കെ പാർട് ടൈം ആയി ആകാംക്ഷ മോഡലിങ്ങും ചെയ്തിരുന്നു. ഒട്ടേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. അങ്ങനെയൊരു പരസ്യബോർഡ് കണ്ടാണ് അലക്സ് പാണ്ഡിയൻ എന്ന കാർത്തി ചിത്രത്തിന്റെ അണിയറക്കാർ ചിത്രത്തിലേക്ക് ആകാംക്ഷയെ ക്ഷണിക്കുന്നത്. അതും ഒഡിഷൻ ടെസ്റ്റ് പോലുമില്ലാതെ. തൊട്ടുപിറകെ 2014ൽ പ്രെയ്സ് ദ് ലോർഡ്. അത് കഴിഞ്ഞയുടനെ സാമ്രാജ്യം 2. ഇടയ്ക്ക് ഒരു കന്നഡ ചിത്രത്തിലും. അഭിനയിച്ച ചിത്രങ്ങളൊന്നും ആകാംക്ഷയ്ക്ക് കാര്യമായ ബ്രേക്ക് നൽകാതിരുന്നപ്പോഴാണ് കലണ്ടർ ഗേൾസിലേക്കുള്ള ക്ഷണം. ചിത്രത്തിനു വേണ്ടി ജീവിതത്തിലാദ്യമായി ബിക്കിനിയിട്ടു വരെ അഭിനയിക്കേണ്ടി വന്നു. ഇതുവരെ ടെക്സ്റ്റൈല്‍ ഷോറൂമുകളുടെയും ആഭരണങ്ങളുടെയും മോഡലുകളായി മാത്രമേ കക്ഷി അഭിനയിച്ചിട്ടുള്ളൂവെന്നും ഓർക്കണം. പക്ഷേ കഥാപാത്രത്തിനു വേണ്ടി ഇതെല്ലാം ചെയ്യേണ്ടത് സ്വാഭാവികമാണെന്ന് ആകാംക്ഷ പറയുന്നു. ബിക്കിനിയണിയാൻ തുടക്കത്തിൽ അൽപം ബുദ്ധിമുട്ടുണ്ടായെങ്കിലും മാതാപിതാക്കൾ തന്നെ പിന്തുണ നൽകിയതോടെ അതങ്ങു മാറി.

akanksha-puri-4 ആകാംക്ഷ പുരി പ്രെയ്സ് ദ ലോർഡ് എന്ന ചിത്രത്തില്‍

കലണ്ടർ ഗേൾസിലെ നായികയെപ്പോലെയല്ലെങ്കിലും മോഡലിങ് രംഗത്ത് തുടക്കത്തിൽ ഒട്ടേറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായും ആകാംക്ഷ പറയുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപേ പക്ഷേ ആകാംക്ഷയുടെ കഥാപാത്രത്തെ ഒരു വിവാദവും പിടികൂടി. ബോളിവുഡ് താരം ശിൽപഷെട്ടിയാണത്രേ ആകാംക്ഷയുടെ കഥാപാത്രത്തിന് പ്രചോദനമായത്. സാധാരണ കുടുംബത്തിൽ നിന്ന് മോഡലിങ് രംഗത്തെത്തുകയും പിന്നീട് ഒരുഘട്ടത്തിൽ എല്ലാം വിട്ടെറിഞ്ഞ് ഒരു വ്യവസായിയെ വിവാഹം ചെയ്യുന്ന കഥാപാത്രമാണ് ആകാംക്ഷയുടെ സ്വാതി മേനോൻ.

akanksha-puri-1 ആകാംക്ഷ പുരി

എന്തായാലും ബോളിവുഡിൽ നിന്ന് ഒട്ടേറെ അവസരങ്ങൾ തേടിയെത്തിയിട്ടുണ്ട് ആകാംക്ഷയെ. പക്ഷേ എല്ലാറ്റിനും കലണ്ടർ ഗേൾസിന്റെ റിലീസിനു ശേഷം മാത്രം മറുപടി. ഒരാഗ്രഹം കൂടിയുണ്ട്–കു‍ഞ്ഞുന്നാൾ മുതൽ ആരാധിക്കുന്ന സൽമാൻഖാനോടൊപ്പം ഒരു വേഷം. എല്ലാം നടക്കുമെന്നാണ് പ്രതീക്ഷ. ആകാംക്ഷയുടെ അമ്മ ചിത്രപുരി ജ്യോതിഷ വിദഗ്ധ കൂടിയാണ്. അവർ നേരത്തെത്തന്നെ പ്രവചിച്ചതാണത്രേ ചലച്ചിത്രലോകത്തേക്കുള്ള മകളുടെ വരവ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.