Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിലും ജീവിതത്തിലും അക്കി 'കില്ലാഡി'

Akshay Kumar അക്ഷയ് കുമാർ

എന്തോ ഇഷ്ടമാണ് എന്നെ ആളുകള്‍ക്ക്-ലാലേട്ടന്റെ ഈ  ഡയലോഗ് ഏറെ പ്രശസ്തമാണ്. ഇതുപോലെ തന്നെയാണ് റീല്‍ ലോകത്തും റിയല്‍ ലോകത്തും അക്കിയെന്ന് ആരാധകര്‍ സ്‌നേഹത്തോടെയും ആദരവോടെയും വിളിക്കുന്ന ബോളിവുഡിന്റെ സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ കാര്യവും. ഖാന്‍മാര്‍ അടക്കിവാണിരുന്ന ഹിന്ദി സിനിമാ ലോകത്ത് അവരെ വെല്ലുവിളിച്ച് സ്ഥിരതയോടെ മുന്നേറിയ ഏക സൂപ്പര്‍ താരം അക്കി മാത്രമാണെന്നതിന് രണ്ടഭിപ്രായമുണ്ടാകാനിടയില്ല.

പ്രായം ചെല്ലുന്തോറും സൗന്ദര്യവും ഊര്‍ജ്ജസ്വലതയും കൂടുകയാണെന്ന് അസൂയാലുക്കള്‍ അക്കിയെക്കുറിച്ച് പറയും. എന്നാല്‍ പല തലങ്ങളില്‍ മാതൃകയാക്കാവുന്ന സിനിമാ ലോകത്തെ വിരലില്‍ എണ്ണാവുന്ന 'ഡീസന്റ്' താരങ്ങളിലൊരാളാണ് മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളേതുമില്ലാത്ത ബോളിവുഡിലെ ഈ 'മിസ്റ്റര്‍ പെര്‍ഫക്റ്റ്'.  പറയാന്‍ ഉദ്ദേശിക്കുന്നത് അക്ഷയ് കുമാറിന്റെ അഭിനയ ചടുലതയെക്കുറിച്ചോ പബ്ലിസിറ്റിയില്ലാതെ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഒന്നുമല്ല.

Akshay Kumar വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് അക്ഷയ് കുമാറും ആദിത്യ താക്കറെയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

വിഷയം സ്ത്രീകളുമായി ബന്ധപ്പെട്ടാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും പീഡനങ്ങളെയും കുറിച്ച്. അതിക്രൂരമായ പീഡനത്തിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനിയുടെ നടുക്കുന്ന ഓര്‍മകളിലാണ് മലയാളികള്‍. കേരളത്തിന്റെ നിര്‍ഭയ ആയാണ് ജിഷ ദേശീയതലത്തില്‍ ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ഓടുന്ന ബസില്‍ രാത്രി നരാധമന്‍മാരുടെ കാമഭ്രാന്തിന് ഇരയായി പൈശാചികമായി കൊല ചെയ്യപ്പെട്ട നിര്‍ഭയ അക്ഷയ് കുമാറിനെ വല്ലാതെ അലോസരപ്പെടുത്തുകയാണുണ്ടായത്.

രാത്രിയുടെ സൗന്ദര്യം പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നു, രാത്രിയില്‍ പുറത്തിറങ്ങിയാല്‍ കഴുകന്‍ കണ്ണുകള്‍ കാണുന്നത് അവളുടെ ഉടല്‍ മാത്രം, പകല്‍സമയത്ത് പോലും ബസിലും തിരക്കേറിയ പൊതുയിടങ്ങളിലും അവള്‍ക്ക് നേരിടേണ്ടി വരുന്നത് കുത്തുന്ന നോട്ടങ്ങളും തോണ്ടലുകളും-പ്രാകൃതമായ ഈ സംസ്‌കാര ശീലങ്ങള്‍ക്ക് പ്രധാന കാരണം പെണ്‍കുട്ടികള്‍ അബലയാണെന്ന തോന്നലാണെന്ന പക്ഷക്കാരനായിരുന്നു അക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനു ഏറ്റവും മികച്ച പരിഹാരം അവരെ സ്വയം പ്രതിരോധത്തിന് ശാക്തീകരിക്കുകയാണ് വേണ്ടതെന്നായിരുന്നു അക്കിയുടെ നിലപാട്.

Akshay Kumar വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് അക്ഷയ് കുമാറും ആദിത്യ താക്കറെയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

പൊള്ളത്തരം നിറഞ്ഞ പ്രസ്താവനകളിറക്കാതെ നിര്‍ഭയ സംഭവത്തിന്റെ ചൂടാറും മുമ്പ് അക്ഷയ് കുമാര്‍ ചെയ്ത ആദ്യ കാര്യം മഹാരാഷ്ട്രയിലെ അന്ധേരിയില്‍ വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്റര്‍ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതാണ്. കൂട്ടിന് മറാത്ത ദേശത്തിന്റെ യുവനേതാവ് ആദിത്യ താക്കറെയുമുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ആയോധനകലകളില്‍ പരിശീലനം നല്‍കി സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുകയാണ് അക്കിയുടെ വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്ററിന്റെ ലക്ഷ്യം. 

ആയോധനകലകളോടുള്ള അക്കിയുടെ പ്രണയം ഏറെ പ്രശസ്തമാണ്. ഇന്ത്യന്‍ സിനിമാ ലോകത്ത് ആയോധനകലകളില്‍ വൈദഗ്ധ്യം നേടിയ താരങ്ങളില്‍ മുന്‍നിരയില്‍ ഈ അന്താരാഷ്ട്ര 'കില്ലാഡി'യുണ്ട്. നാഷണല്‍ ജ്യോഗ്രഫിക് ചാനലുള്‍പ്പടെയുള്ള പ്രസ്ഥാനങ്ങള്‍ മാര്‍ഷല്‍ ആര്‍ട്‌സ് അംബാസഡറായി അക്കിയെ തെരഞ്ഞെടുത്തതിന് കാരണവും മറ്റൊന്നല്ല. അടങ്ങാത്ത അഭിനിവേശമാണ് കരാട്ടെയും കുങ്ഫുവുമുള്‍പ്പടെയുള്ള ആയോധനകലകളോട് അക്കി പുലര്‍ത്തുന്നത്. ഗോ ജു റിയു കരാട്ടെയില്‍ ജപ്പാനില്‍ നിന്നും സിക്‌സ്ത് ഡിഗ്രി ബ്ലാക് ബെല്‍റ്റ് നേടിയ അക്കി ടീച്ചേഴ്‌സ് ടീച്ചറെന്ന ഷിഹന്‍ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ന് നിരവധി പെണ്‍കുട്ടികളാണ് വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്ററില്‍ വിവിധ ആയോധനകലകള്‍ അഭ്യസിച്ച് സധൈര്യം ജീവിതത്തിലെ പല പ്രതിസന്ധികളെയും നേരിടുന്നത്.

അഭിമാനമുയര്‍ത്തി ശ്രേയ നായിക്

Shreya Naik ശ്രേയ നായിക്

ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് മുംബൈയിലെ പത്രങ്ങള്‍ പ്രാധാന്യത്തോടെ 19കാരിയായ ശ്രേയ നായിക് എന്ന വിദ്യാര്‍ത്ഥിനിയുടെ വാര്‍ത്ത നല്‍കിയിരുന്നു. ശ്രേയയെ ഓര്‍ത്ത് അക്ഷയ് കുമാറിന് അഭിമാനിക്കാം എന്നതായിരുന്നു വാര്‍ത്ത. ശ്രേയ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഓഫീസില്‍ നിന്നും വരുന്ന സമയത്തായിരുന്നു ആളില്ലാത്തിടത്തുവെച്ച് ഒരു യുവാവ് ശ്രേയയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അള്‍ പതറിയില്ല. സധൈര്യം അയാളെ എതിര്‍ത്ത് തോല്‍പ്പിച്ചശേഷം പൊലീസിന് കൈമാറിയാണ് അവള്‍ വീട്ടിലേക്ക് പോയത്. അക്കിയുടെ വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്ററില്‍ ആയോധനകല അഭ്യസിക്കുന്ന ശ്രേയക്ക് പീഡിപ്പിക്കാന്‍ വന്ന ആളെ കീഴ്‌പ്പെടുത്തുകയെന്നത് ഒരു പ്രശ്‌നമായിരുന്നില്ല. ഇന്‍സ്റ്റിറ്റിയൂട്ടില്‍ താന്‍ പഠിച്ച സ്‌റ്റെപുകളുപയോഗിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ കീഴ്‌പ്പെടുത്തിയതെന്നാണ് ശ്രേയ മാധ്യമങ്ങളോട് പറഞ്ഞത്. സ്വയം പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നതിന് അക്ഷയ് കുമാറിനോട് കടപ്പെട്ടിരിക്കുന്നതായും ആ പെണ്‍കുട്ടി പറഞ്ഞു.

ഡിഫന്‍സ് സെന്ററില്‍ പരിശീലനം സൗജന്യമായതിനാല്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് ആയോധനകല അഭ്യസിക്കാന്‍ എത്തുന്നത്. താന്‍ ഒരു പെണ്‍കുട്ടി ആയതിനാല്‍ പൊലീസില്‍ പരാതിപ്പെടാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ലെങ്കിലും ഇതൊരു സാമൂഹ്യ പ്രശ്‌നമായി കണ്ട് പരാതി നല്‍കുകയായിരുന്നുവെന്ന് ശ്രേയ പറഞ്ഞു. അത്തരം ചിന്താഗതി അവളില്‍ രൂപപ്പെട്ടതിന് കാരണം ഡിഫന്‍സ് സെന്ററിലെ പരിശീലനമായിരുന്നു.

Akshay Kumar വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്ററില്‍ ആയോധന കല അഭ്യസിക്കാനെത്തിയ പെണ്‍കുട്ടികള്‍ അക്ഷയ് കുമാറിനോടൊപ്പം

പെണ്‍കുട്ടികള്‍ക്കായി ഇത്തരം സ്ഥാപനങ്ങള്‍ വ്യാപകമാകുന്നത് ഒരു പരിധി വരെയെങ്കിലും അവര്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സഹായിച്ചേക്കും. അക്കിയുടെ മാര്‍ഷല്‍ ആര്‍ട്‌സ് യൂണിവേഴ്‌സിറ്റിയെന്ന സ്വപ്‌നത്തിലേക്കുള്ള ആദ്യപടിയാണ് വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് സെന്ററെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. അപ്പൊ, അക്കിയല്ലേ ജീവിതത്തിലെയും സിനിമയിലെയും സൂപ്പര്‍ സ്റ്റാര്‍!