Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വിജയത്തിനൊപ്പം മറക്കാനാവില്ല ആ അപകടവും...

aliyans-1

അളിയൻസ്.. ആ പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഉദിക്കുന്ന ആകാംക്ഷ അവസാനം വരെ നിലനിർത്തിക്കൊണ്ട് അവർ നടത്തിയ ഓരോ പ്രകടനങ്ങളും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി. ഈസ്റ്റേൺ ഡി 3 യിലെ ഗ്രൂപ്പ് വിഭാഗം വിജയികളായ ഈ മിടുക്കന്മാരുടെ സംഘത്തിൽ പ്രതീഷ്, അനൂപ്,ശർമ്മ, വിഷ്ണു,രഞ്ജു, രാഹുൽ, മനീഷ്, ജിത്തു,അഖിൽ,ശ്രീജിത്ത്, അഭിജിത്ത് എന്നിവരാണുള്ളത്. ഇവരുടെ ഡി3 അനുഭവങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

ഡി 3 എന്ന റിയാലിറ്റി ഷോയിൽ ഭാഗമായതെങ്ങിനെ?
ഡാൻസ് ആണ് ഞങ്ങൾ ടീം അംഗങ്ങൾ എല്ലാവർക്കും എല്ലാം.. പക്ഷെ ഡാൻസും കൊണ്ട് നടന്ന കാലത്തു എല്ലാർക്കും ഒരു തരം പുച്ഛമായിരുന്നു ഞങ്ങളോട്‌. ഡാൻസിൽ തന്നെ നിന്ന്കൊണ്ട് എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്നായിരുന്നു എല്ലാവരുടേയും ആഗ്രഹം. ഡി 4 ഡാൻസ് ഇതിനു പറ്റിയ ഒരു വേദിയാണെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. ഈ ഷോയിൽ പങ്കെടുത്തിട്ടുള്ള എല്ലാവർക്കും പുറത്തുപോകുമ്പോൾ കിട്ടുന്ന വിലയും നിലയും നേരിട്ട് കണ്ടറിഞ്ഞവരാണ് ഞങ്ങൾ. പിന്നീടുള്ള ഞങ്ങളുടെ പരിശ്രമങ്ങളെല്ലാം തന്നെ ഈ ഷോയെ കേന്ദ്രികരിച്ചായിരുന്നു. എങ്ങനെയെങ്കിലും ഓഡിഷൻസിൽ കേറിപ്പറ്റണം എന്നായിരുന്നു ആദ്യ ആഗ്രഹം. ഓരോ റൗണ്ടിലും ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ നല്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ഷോ വിന്നേഴ്സ് ആയി നിൽക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.. ഇവിടെ വരെ എത്തിപ്പെടാൻ ഒത്തിരി കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്, അതിനു ദൈവം തന്ന സമ്മാനമാണ് ഞങ്ങൾക്ക് ഈ വിജയം..

ഷോയിൽ വന്നതിനു ശേഷം ഉണ്ടായ മറക്കാനാകാത്ത അനുഭവം?
ഈ ഷോയിൽ വന്നിട്ട് നടന്നതെല്ലാം തന്നെ മറക്കാനാകാത്ത അനുഭവങ്ങളാണ്. ഏറ്റവും പ്രിയപെട്ടത് ഞങ്ങളെ വിജയികളായി പ്രഖ്യാപിച്ച ആ നിമിഷം തന്നെയാണ്. പിന്നെയുമുണ്ട് ഒരുപാടു ഓർമ്മകൾ, ഞങ്ങൾ ഒരിക്കൽ കണ്ണുകെട്ടിയിട്ടു ചെയ്ത ഒരു പെർഫോമൻസുണ്ടായിരുന്നു. പ്രാക്ടീസ് ചെയ്തപ്പോഴെല്ലാം കുഴപ്പമൊന്നുമുണ്ടായില്ല എന്നാൽ ഫ്ലോറിൽ വന്നപ്പോൾ ഞങ്ങടെ കൂട്ടത്തിൽ ഒരാൾക്ക് അപകടം സംഭവിച്ചു. വളരെയധികം വിഷമം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്. പിന്നെ മറക്കാനാകാത്തത് ഈ ഷോയിൽ വന്നതിനു ശേഷം ഞങ്ങളെ അകമഴഞ്ഞു സഹായിച്ച ഒത്തിരി പേരെയാണ്. ഡി 3യുടെ സ്വന്തം ആദിലിക്ക ഉൾപ്പടെ പലരും. ഒരു നേരത്തെ ഭക്ഷണം വാങ്ങാൻ പോലും ബുദ്ധിമുട്ടിയ സമയങ്ങളിൽ അവരെ പോലുള്ളവരാണ് ഞങ്ങൾക്ക് സഹായം നൽകി ഞങ്ങളെ ഇവിടംവരെ എത്തിച്ചത്.

ഡി 3 യിൽ വന്നതിനു ശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ?
ഈ ഫ്ലോറിൽ വന്നതിനു ശേഷം വീട്ടിലും നാട്ടിലും ഒക്കെ ഒരു വില വന്നു (ചിരിക്കുന്നു). ഒരുപാട് ആളുകൾ വളരെ കാര്യമായി വന്നു മിണ്ടി സംസാരിക്കുന്നു. മുൻപ് കളിയാക്കിവരെല്ലാം ഇപ്പോൾ ചിരിച്ചു സംസാരിക്കുമ്പോൾ ശരിക്കും അഭിമാനം തോന്നിട്ടുണ്ട്. ടീമിൽ തന്നെ ഒരുപാടു വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. കൃത്യനിഷ്ഠയും സമയത്തിന്റെ വിലയുമൊക്കെ എല്ലാവർക്കും ശരിക്കു മനസിലായത് ഈ ഫ്ലോറിൽ വന്നതിനു ശേഷമാണ്. ഷൂട്ട് ഉള്ള ദിവസം പുലർച്ചെ എഴുനേൽക്കണമായിരുന്നു. ഇപ്പോൾ എത്ര വൈകി കിടന്നാലും കൃത്യ സമയത്തെ എഴുനേറ്റു പ്രാക്ടിസ് ചെയ്യാൻ ഒക്കെ പറ്റുന്നു. പല തരത്തിലുള്ള ആൾക്കാരെ കാണാൻ പറ്റി, ഒരുപാടു വല്യ വ്യക്തികളുമായി ഇടപഴകാനുള്ള അവസരം ലഭിച്ചു. ഇതെല്ലാം ഈ ഷോയിൽ വന്നതുകൊണ്ട് മാത്രം സംഭവിച്ച മാറ്റങ്ങളാണ്.

aliyans-2

നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായി കഴിഞ്ഞു അല്ലെ തിരുവനന്തപുരം ശൈലിയിലുള്ള സംസാരം?
ഞങ്ങൾ എല്ലാവരും തന്നെ തിരുവനന്തപുരം സ്വദേശികളാണ്, സാധാരണ സംസാരിക്കുന്നത് പോലെ തന്നെയാണ് ഞങ്ങൾ ഫ്ളോറിലും സംസാരിക്കുന്നത്. ചിലരൊക്കെ കളിയാക്കിയിട്ടുണ്ട് ഭാഷയെച്ചൊല്ലി. അതൊന്നും ഞങ്ങൾ കാര്യമാക്കിട്ടില്ല. ഒരിക്കൽ ഷോയിൽ ഭാഗ്യലക്ഷ്മി മാഡം വന്നപ്പോൾ ഞങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമാണെന്നു പറഞ്ഞു, വലിയ സന്തോഷം തോന്നി അന്ന്.

ഇഷ്ടപ്പെട്ട ഡാൻസ് സ്റ്റൈൽ ഉണ്ടോ?
എല്ലാ നൃത്തരൂപങ്ങളും വളരെ ഇഷ്ടമാണ്. ഫ്ലോറിൽ വന്നു ഏതു സ്റ്റൈൽ കളിക്കുന്നു എന്നതിലും അത് എങ്ങനെ കളിക്കുന്നു എന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്. സ്പീഡിലും എനർജിയിലും ഞങ്ങൾ കൂടുതൽ ശ്രദ്ധ നൽകി. ഞങ്ങളിൽ അധികവും നൃത്തം അഭ്യസിക്കാത്തവരാണ്. ഡി 3 യിലെ റൗണ്ടുകൾക്കുവേണ്ടി ഒത്തിരി റിസർച്ച് നടത്തിയിരുന്നു. പുതിയ പല സ്റ്റൈലുകളെക്കുറിച്ചു അറിഞ്ഞു, അക്രോബാറ്റിക്സ് പോലുള്ള സ്റ്റൈൽ പരീക്ഷിക്കാൻ പറ്റി. എല്ലാ പെർഫോമൻസുകളിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

വീട്ടുകാരുടെ സപ്പോർട്ടിനെ കുറിച്ച്?
ഇപ്പോൾ വീട്ടിൽനിന്നും മറ്റും നല്ല സപ്പോർട്ട് ആണ്, എല്ലാവർക്കും നല്ല സന്തോഷമാണ്, പണ്ടൊക്കെ അവരുടെ പേര് പറഞ്ഞാണ് ഞങ്ങളെ അറിഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ ഞങ്ങളുടെ പേര് പറഞ്ഞാണ് അവർ അറിയപ്പെടുന്നത് എന്നൊക്കെ പറയുമ്പോൾ ശരിക്കും അഭിമാനം തോന്നുന്നു.

ഭാവി പരിപാടികൾ?
ഡാൻസ് തുടർന്നും കൊണ്ടു പോകണം എന്ന് തന്നെയാണ് ഞങ്ങൾ എല്ലാവരുടെയും  ആഗ്രഹം. കുറെ ഷോസ് ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ലണ്ടൻ, ദുബായ് അയർലൻഡ് എന്നിവിടങ്ങളിൽ പരുപാടി അവതരിപ്പിക്കാൻ ക്ഷണം വന്നിട്ടുണ്ട്. ഇതുവരെ കേരളം  വിട്ടു പോയിട്ടില്ല ഞങ്ങൾ ആരും, ഇനി കുറെ സ്ഥലങ്ങൾ       കാണാം, കുറെ ആൾക്കാരെ പരിചയപെടാം. അതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ എല്ലാവരും.