Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരം മധുരതരം ഈ ഫാഷൻഷോ

chocolate fashion show ചോക്കലേറ്റ് ഫാഷൻ ഷോയിൽ ചുവടുവക്കുന്ന മോഡൽ

കാണുന്ന കാഴ്ച അതിസുന്ദരം, ഒപ്പം അതിമധുരതരം കൂടിയാണെങ്കിലോ? അത്തരമൊരു ഇരട്ടിമധുരക്കാഴ്ചയാണ് അടുത്തിടെ ഫാഷൻ പ്രേമികൾക്കായി പാരിസിൽ വിരുന്നിനെത്തിയത്. ഫാഷനെ സ്നേഹിക്കുന്നവർക്കു മാത്രമല്ല ചോക്കലേറ്റ്പ്രേമികളെയും കൊതിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ഒന്നിനുപിറകെ ഒന്നായി റാംപിലൂടെ നടന്നുനീങ്ങുന്ന ചോക്കലേറ്റ് സുന്ദരിമാർ. ട്രെൻഡി വസ്ത്രങ്ങളാണ് എല്ലാവരുടെയും. പക്ഷേ അതെല്ലാം നിർമിച്ചിരുന്നത് ശുദ്ധമായ ചോക്കലേറ്റ് കൊണ്ട്. ഗൗണുകളും സ്കർട്ടും തൊപ്പിയും എന്തിന് ഹൈഹീൽ ചെരിപ്പുവരെ ചോക്കലേറ്റിൽ പൊതിഞ്ഞാണ് റാംപിലിറക്കിയത്. വസ്ത്രങ്ങളിലെ അലങ്കാരപ്പണികൾ വരെ ചോക്കലേറ്റ്മയം– പൂമ്പാറ്റകളും റിബണും നാണയങ്ങളും നക്ഷത്രങ്ങളും പ്രണയചിഹ്നങ്ങളുമെല്ലാം വരെ നിർമിച്ചത് ചോക്കലേറ്റിലായിരുന്നു. ചില ഡിസൈനുകളെല്ലാം ശരിക്കും ഒരു മിഠായി മോഡലിലായിരുന്നു. ചോക്കലേറ്റിന്റെ സ്ഥിരം നിറത്തിനൊപ്പം തന്നെ മഴവിൽ വർണങ്ങളുടെ പ്രയോഗങ്ങളും നടത്തി പലരും. ‌

chocolate fashion show
chocolate fashion show

ഫ്രഞ്ച് ദേശീയ ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും ഒക്ടോബർ അവസാനവാരം സലോൺ ദു ചോക്കലേറ്റ് എന്ന ആഘോഷം സംഘടിപ്പിക്കാറുണ്ട്. ലോകമെങ്ങും നിന്നുള്ള ചോക്കലേറ്റ് ഉൽപാദകർ ഒന്നിക്കുന്ന ആഘോഷമാണിത്. ചോക്കലേറ്റ് കൊണ്ടുള്ള വിഭവങ്ങളൊരുക്കുക മാത്രമല്ല ചോക്കലേറ്റ് പ്രതിമകളെ നിർമിക്കുന്ന മത്സരം വരെയുണ്ടിവിടെ. കൂറ്റൻ ദിനോസറുകൾ വരെ ഇങ്ങനെ ചോക്കലേറ്റിൽ മുങ്ങി നിൽക്കാറുണ്ടിവിടെ. 40 രാജ്യങ്ങളിൽ നിന്നുള്ള നാനൂറോളം കമ്പനികളും ഹോട്ടലുകളുമൊക്കെയാണ് ഇത്തവണ ആഘോഷത്തിനെത്തിയത്. അതിനോടൊപ്പമാണ് ചോക്കലേറ്റ് ഫാഷൻ ഷോയും നടത്തിയത്. ഇത്തവണ ഷോയുടെ ഇരുപത്തിയൊന്നാം വാർഷികമായിരുന്നു. 70 മോഡലുകളാണ് ചോക്കലേറ്റ് വസ്ത്രങ്ങളുമായി ക്യാറ്റ്‌വോക്ക് നടത്തിയത്.

chocolate fashion show
chocolate fashion show

ചലച്ചിത്ര–ടെലിവിഷൻ താരങ്ങളും ഗായകരും സെലിബ്രിറ്റികളുമെല്ലാം ഉൾപ്പെടെയാണിത്. ഇത്തവണ ഫ്രാൻസിലെ സംഗീത–നൃത്ത–സിനിമാമേഖലയിലെ 15 വനിതകളും ചോക്കലേറ്റണിഞ്ഞ് റാംപിലെത്തി. നേരത്തെ രണ്ടാഴ്ചയോളം ഈ വസ്ത്രങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വച്ചിരുന്നു. എന്നാൽ പാരിസിൽ ചൂടേറിയതിനാൽ ഇത്തവണ പല ചോക്കലേറ്റ് വസ്ത്രങ്ങളും റാംപിൽ വച്ചുതന്നെ ഉരുകിത്തീരാതിരിക്കാൻ പ്രാർഥിക്കുകയായിരുന്നുവെന്നാണ് പല ഫാഷൻ ഡിസൈനർമാരും പറഞ്ഞത്. എന്തായാലും സംഗതി ഹിറ്റായി. ഇതുവഴി ലഭിക്കുന്ന പണം ലോകമെമ്പാടുമുള്ള കൊക്കോതോട്ടങ്ങളിൽ പണിയെടുക്കുന്ന കുട്ടികളെ രക്ഷിക്കാനും അവരുടെ ക്ഷേമത്തിനും വേണ്ടിയാണ് വർഷംതോറും ഉപയോഗിക്കാറുള്ളത്.

chocolate fashion show
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.