Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് ദീപിക

Deepika Padukone ദീപിക പദുക്കോൺ

അഭിനേതാക്കൾ പെർഫെക്റ്റ് ജീവിതം നയിക്കുന്നവരാണെന്നാണ് ഭൂരിഭാഗം പേരുടെയും ചിന്ത. ഗ്ലാമറിന്റെയും പണക്കൊഴുപ്പിന്റെയും ലോകത്തു ജീവിക്കുന്ന താരങ്ങൾക്ക് സുഖലോലുപതയുടെ വശത്തിനപ്പുറം സാധാരണക്കാരെപ്പോലെ പ്രശ്നങ്ങളുമുണ്ട്. അത്തരത്തില്‍ സ്വന്തം ജീവിതത്തിലുണ്ടായ ഒരു പ്രശ്നത്തെ ധീരതയോടെ തുറന്നു പറഞ്ഞ താരമാണു ദീപിക പദുക്കോൺ. ഡിപ്രഷൻ തന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചെന്നും താൻ അതിൽ നിന്നും കരകയറിയത് എങ്ങനെയാണെന്നും ദീപിക നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടയിൽ വീണ്ടും ഡിപ്രഷൻ വിഷയമായപ്പോൾ താൻ കരുത്തോടെ മുന്നേറിയതിന്റെ ക്രെഡിറ്റ് മുഴുവൻ അമ്മയ്ക്കു നൽകുകയാണു ദീപിക. വേൾഡ് മെന്റൽ ഹെൽത് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണു ദീപിക ആ കാലത്തെക്കുറിച്ച് ഓർത്തപ്പോൾ നിയന്ത്രണം വിട്ടു കരഞ്ഞത്.

വിഷാദരോഗത്തിൽ നിന്നും കരകയറാൻ തന്നെ സഹായിച്ചത് അമ്മയാണെന്നു ദീപിക പറയുന്നു. ''രണ്ടുവർഷം മുമ്പ് അച്ഛനും അമ്മയും തന്നെ കാണാൻ വന്നിരുന്നു. പോവാൻ നേരത്ത് അവർ മുറിയിലേക്കു വന്നപ്പോൾ താൻ അവിടെ തനിച്ചിരിക്കുകയായിരുന്നു. എല്ലാം ഒകെ അല്ലേ എന്ന് അമ്മ ചോദിച്ചു, താൻ അതെ എന്നു പറഞ്ഞു. എന്തെങ്കിലും നിന്നെ അലട്ടുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ ഇല്ലെന്നും പറഞ്ഞു. ഒരുപാടു തവണ ചോദിച്ചപ്പോഴേക്കും തനിക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നി, പിന്നെ പൊട്ടിക്കരയാൻ തുടങ്ങി''. അമ്മയ്ക്കു വേണ്ടി അല്ലായിരുന്നുവെങ്കിൽ താനിവിടെ ഇതു പറയാന്‍‌ ഉണ്ടാകില്ലായിരുന്നുവെന്നാണ് ദീപിക പറയുന്നത്. രോഗത്തിൽ നിന്നും കരകയറാൻ തന്നെ സഹായിച്ച അച്ഛനും സഹോദരിക്കും സുഹൃത്തുക്കൾക്കും എല്ലാം ദീപിക നന്ദി പറഞ്ഞു.

വിഷാദരോഗം അനുഭവിക്കുന്നവർക്കു കൈത്താങ്ങാകുവാനായി ലിവ് ലവ് ലാഫ് എന്ന ഫൗണ്ടേഷനും ദീപിക തുടക്കമിട്ടിരുന്നു. പ്രതിസന്ധികളെ തരണം ചെയ്തു ജീവിതത്തെ ധീരതയോടെ നേരിട്ട ഈ മനോഭാവം തന്നെയാണു ദീപിക എന്ന നടിയെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നത്.

Your Rating: