Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടിച്ചിയെന്നു വിളിച്ചു; മൽസരവേദിയിൽനിന്ന് സുന്ദരി ഇറങ്ങിപ്പോയി

Arna മിസ് ഐസ്‍ലൻഡ് അര്‍ന ജോണ്‍സ് ഡോട്ടിർ

തടിച്ചിയെന്നു വിളിച്ച് ആക്ഷേപിച്ചവരോട് നിങ്ങളുടെ സുന്ദരിപ്പട്ടം എനിക്കു പുല്ലാണ് എന്നു പറഞ്ഞ് ഇറങ്ങിപ്പോയ മിസ് ഐസ്‌ലന്‍ഡിനു ലോകമെങ്ങുമുള്ള സ്ത്രീകളുടെ വന്‍ പിന്തുണ. കഴിഞ്ഞയാഴ്ച ലാസ് വേഗാസില്‍ നടന്ന മിസ് ഗ്രന്‍ഡ് ഇന്റര്‍നാഷനല്‍ മല്‍സരത്തിനിടെയാണ് വിവാദം. മല്‍സരം നടക്കുന്നതിനു നാലു ദിവസം മുന്‍പു നടന്ന പ്രാക്ടീസിനിടെ അധികൃതരുടെ ഭാഗത്തുനിന്നാണു പരിഹാസ്യമായ സംഭവം ഉണ്ടായത്.

‘ഈ തടിയും വച്ച് നിങ്ങള്‍ എങ്ങനെ മല്‍സരത്തില്‍ പങ്കെടുക്കും. ഇക്കണക്കിനാണെങ്കില്‍ ഫൈനല്‍ റൗണ്ട് പ്രതീക്ഷിക്കേണ്ട. ഇനി മുതല്‍ പ്രഭാതഭക്ഷണം വേണ്ടെന്നു വച്ച് സാലഡും വെള്ളവും മാത്രം കഴിക്കൂ’ എന്നായിരുന്നു മിസ് ഐസ്‍ലൻഡ് അര്‍നജോണ്‍സ് ഡോട്ടിറിന്റെ നേര്‍ക്ക് അധികൃതരുടെ പരിഹാസം. പരിഹാസവും കേട്ട് തലകുനിച്ചു നില്‍ക്കാനൊന്നും അര്‍നയെ കിട്ടില്ല. അപ്പോള്‍ തന്നെ ബാഗും തൂക്കി അവിടെനിന്നിറങ്ങി. എന്നിട്ട് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ ഉള്‍പ്പെടെ പോസ്റ്റിട്ടു.

‘എന്റെ തോളുകള്‍ അല്‍പം വീതി കൂടിയതാണ്. കാരണം ഞാനൊരു അത്‌ലിറ്റാണ്. ഐസ്‌ലാന്‍ഡിക് നാഷനല്‍ അത്‌ലറ്റിക് ടീമില്‍ അംഗമാണു ഞാന്‍. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ സൗന്ദര്യത്തിലും ഫിഗറിലും എനിക്ക് അഭിമാനമേയുള്ളു.’

പക്ഷേ മല്‍സരത്തിനെത്തിയ സുന്ദരി ഇറങ്ങിപ്പോകുന്നു എന്നു കേട്ടപ്പോള്‍ അധികൃതര്‍ക്ക് ആധി കയറി. പാസ്പോര്‍ട് പിടിച്ചു വച്ചാണു തടയാന്‍ ശ്രമിച്ചത്. 3000 ഡോളര്‍ അടച്ചാലേ പാസ്പോര്‍ട് തിരികെ തരൂ എന്നായി അവര്‍. പാസ്പോര്‍ട് തിരിച്ചു പിടിക്കാന്‍ അല്‍പം ബലപ്രയോഗം തന്നെ നടത്തേണ്ടി വന്നു. പടി ഇറങ്ങിപ്പോയെങ്കിലും മല്‍സരം കഴിയുന്നതു വരെ ലാസ്‌വേഗാസൊക്കെ ചുറ്റി നടന്നു കണ്ട് റിട്ടണ്‍ ബുക്ക് ചെയ്ത ഫ്ലൈറ്റില്‍ തന്നെയായിരുന്നു അര്‍നയുടെ മടക്കം.

തിരിച്ചെത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് അര്‍നയ്ക്കു ലഭിച്ചത്. തങ്ങളുടെ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയവള്‍ എന്നാണ് ഐസ്‌ലന്‍ഡുകാര്‍ 21 വയസുകാരിയായ അർനയെക്കുറിച്ചു പറയുന്നത്. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം. സുന്ദരിപ്പട്ടം നേടി ചെന്നിരുന്നെങ്കില്‍ പോലും ഇത്രയും മികച്ച സ്വീകരണം കിട്ടില്ലായിരുന്നു എന്ന് അര്‍നയുടെ മറുപടി.  

Your Rating: