Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിന്റെ നിർബന്ധമാണ് ആ സിനിമ

Ambika Pillai അംബിക പിള്ള ഐശ്വര്യ റായ്ക്കൊപ്പം

മെയ്ക്ക് ഓവർ ജനകീയമാക്കിയ സ്റ്റൈൽ റാണിയാണ് അംബിക പിള്ള. ഫാഷൻ ലോകത്ത് ഹെയർസ്റ്റൈലിസ്റ്റുകളുടെ പട്ടികയിൽ അംബികാ പിളള ആദ്യപേരുകാരിയായതിനു പിന്നിൽ ആരുമറിയാത്ത ചില കഥകളുണ്ട്. ബോളിവു‍ഡിന്റെ താരസുന്ദരി ഐശ്വര്യാ റായിയു‌ടെ പ്രിയ സ്റ്റൈലിസ്റ്റ്, രാജ്യാന്തര ഫാഷൻ വീക്കുകളിലെ സ്ഥിരം സാന്നിധ്യം, എന്നീ വിശേഷണങ്ങൾ അമ്പു എന്ന അംബിക പിള്ളയെ തേടിവരുന്നതിനുമുമ്പുള്ള കാലത്തിലേക്ക് പിന്തിരിഞ്ഞു നടക്കണം ആ കഥയറിയാൻ...ഹെയർ സ്റ്റൈലിങ് മേഖലയിലെ അനുഭവങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് അംബിക പിള്ള....

Ambika Pillai നല്ലൊരു കുടുംബജീവിതം മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു. ഭർത്താവും നാലഞ്ചു മക്കളുമൊക്കെയായി സന്തുഷ്ട കുടുംബം. പക്ഷേ ജീവിതത്തിൽ അതു മാത്രം തരില്ലെന്നു ദൈവം വിചാരിച്ചു.

വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഹെയർസ്റ്റൈലിങ്ങിലേക്ക്...

ഞാൻ ഈ മേഖലയിലേക്ക് ഒരിക്കലും മുൻകൂട്ടി തീരുമാനിച്ചു വന്നതല്ല. എല്ലാവരും പറയുമായിരുന്നു മൂന്നു സഹോദരിമാരുടെ മുടിയൊക്കെ കെട്ടിശീലിച്ചായിരിക്കും അല്ലേ ഈ പ്രഫഷനോട് ഇഷ്ടം തോന്നിത്തുടങ്ങിയതെന്ന്. എന്നാൽ ചെറുപ്പത്തിലൊന്നും അവരുടെ മുടി തൊട്ടിട്ടുപോലുമില്ല. അന്നൊക്കെ ഞാനൊരു ടോംബോയ് ടൈപ് ഗേള്‍ ആയിരുന്നു. അമ്മ എപ്പോഴും പറയാറുണ്ട് ആണായി ജനിക്കേണ്ടിയിരുന്നതായിരുന്നു ഞാനെന്ന്. പതിനേഴാം വയസിൽ കല്യാണം കഴിഞ്ഞു ഇരുപത്തിമൂന്നാം വയസിൽ വിവാഹമോചിതയുമായി. ഡിഗ്രി പോലുമില്ലാത്ത കാലത്തായിരുന്നു വിവാഹം. പെൺകുട്ടികൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന കാഴ്ചപ്പാടുള്ളയാളായിരുന്നു അച്ഛൻ. എന്നാൽ എനിക്ക് അതു സ്വപ്നം കാണാൻ പോലും പറ്റുമായിരുന്നില്ല. അച്ഛനു കൊല്ലത്ത് ക്യാഷ്യു ബിസിനസ് ആയിരുന്നു, അതിൽ പങ്കുചേരാം എന്നു പറഞ്ഞപ്പോൾ ഇതു പെൺകുട്ടികൾക്കുള്ള മേഖലയല്ലെന്നു പറഞ്ഞു. അന്നു ഞാൻ തിരിച്ചു ചോദിച്ചിരുന്നു അങ്ങനെ പെൺകുട്ടികൾക്കൊരു പ്രൊഫഷൻ ആൺകുട്ടികൾക്കു മറ്റൊന്ന് അങ്ങനെയൊക്കെയുണ്ടോ എന്ന്.ആ കാലത്ത് മേക്അപ് കോഴ്സ് പഠിക്കാനായി ഡൽഹിയിൽ അവസരമുണ്ടെന്നുള്ള ഒരു പരസ്യം കണ്ടു, അതിൽ വിദ്യാഭ്യാസ യോഗ്യതയുടെ ആവശ്യമില്ലായിരുന്നു. പക്ഷേ അച്ഛന് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല ഞാൻ ഡൽഹിയിലേക്കു പഠിക്കാൻ പോയത്. കുറേക്കാലം എന്നോടു മിണ്ടുമായിരുന്നില്ല, പിന്നെയും കുറേനാളുകഴിഞ്ഞ് ഞാൻ തിരഞ്ഞെടുത്തത് തെറ്റായ വഴിയല്ലായിരുന്നു എന്ന് അച്ഛന് ബോധ്യം വന്നപ്പോൾ തൊട്ടാണ് അദ്ദേഹത്തിനു സന്തോഷമായത്.

ambika-12 എല്ലാവരും ചോദിക്കാറുണ്ട് എത്രയോ വർഷങ്ങളായി ഈ മേഖലയിൽത്തന്നെയല്ലേ ബോറടിക്കുന്നില്ലേ എന്നൊക്കെ, എന്നെങ്കിലും എനിക്കു ബോറടിച്ചാൽ ഞാനപ്പോൾ ഫീൽഡ് വിടും, അതിൽ യാതൊരു സംശയവുമില്ല.

' താരേ സമീൻ പർ 'ലുണ്ട് എന്റെ ജീവിതം

ഡിഗ്രി പോലും ഇല്ലാത്ത കാലത്താണു ഞാൻ വിവാഹം കഴിച്ചത്. പഠനം പൂർത്തിയാക്കാത്തതിന്റെ വിഷമമൊന്നും ഇന്നുവരെയും തോന്നിയിട്ടില്ല. പക്ഷേ എല്ലാവർക്കും നല്ല വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം എന്നു വാദിക്കുന്നയാളാണു ഞാൻ. പഠനത്തിൽ പുറകിലായിരുന്നതിന്റെ പ്രധാന കാരണം ഞാനൊരു ഡിസ്‌‌ലെക്സിക്( വായിക്കാനും എഴുതാനുമുള്ള വൈകല്യം) ആയിരുന്നു. അതുകൊണ്ട് 'ബി' 'ഡി' ആയും 'ആറ്' 'ഏഴായിട്ടുമൊക്കെയാണു വായിച്ചിരുന്നത്. ഈ വൈകല്യം ഉണ്ടായിരുന്നതിനാലാണ് ഒരുപാടു പഠിപ്പിക്കാൻ നിൽക്കാതെ വിവാഹം കഴിപ്പിച്ചു വിട്ടതും. അന്നൊന്നും എനിക്ക് ഡിസ്‍ലെക്സിക് എന്നു പറയുന്നതിന്റെ ഗൗരവം എത്രത്തോളമാണെന്ന് അറിയുമായിരുന്നില്ല. പിന്നീടു മകൾ കവിതയും ഡിസ്‍‍ലെക്സിക് ആണെന്ന് അവളുടെ ടീച്ചർ വിളിച്ചു പറഞ്ഞപ്പോഴാണ് ശരിക്കും തകർന്നത്. ഒരുപാട് കരഞ്ഞു. ടീച്ചർ എന്നെ ആശ്വസിപ്പിച്ചു- അതൊരു വലിയ പ്രശ്നമൊന്നുമല്ല . ടോം ക്രൂസ്, വിൻസ്റ്റൺ ചർച്ചിൽ, അഭിഷേക് ബച്ചൻ ഇവരൊക്കെ ഡിസ്‍ലെക്സിക് ആണ് എന്നിട്ട് അവരുടെ ജീവിതത്തിന് എന്തെങ്കിലും സംഭവിച്ചോ എന്നൊക്കെ ചോദിച്ചു.

എന്റെ അച്ഛനും ഡിസ്‍ലെക്സിക് ആയിരുന്നുവെന്നു കേട്ടിട്ടുണ്ട്, ഒരുപക്ഷേ പരമ്പരാഗതമായി കിട്ടിയതായിരിക്കാം. ആമിറിന്റെ താരേ സമീൻ പർ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ തോന്നി. ആമിറിനെ നേരിൽക്കണ്ടപ്പോൾ നന്ദിയോടെ ഞാൻ പറഞ്ഞു - താങ്കൾ എന്റെ ജീവിതത്തിൽ നിന്ന് ഒരേട് എടുത്താണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നതെന്ന്. ഡിസ്‍ലെക്സിക് എന്ന അവസ്ഥയിലൂടെ‌ കടന്നുപോകുന്ന ഒരു കുട്ടിയുടെ മാനസിക വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല, അതു മുഴുവൻ വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം.

Ambika Pillai പഠനം പൂർത്തിയാക്കാത്തതിന്റെ വിഷമമൊന്നും ഇന്നുവരെയും തോന്നിയിട്ടില്ല. പക്ഷേ എല്ലാവർക്കും നല്ല വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം എന്നു വാദിക്കുന്നയാളാണു ഞാൻ.

എന്നെ മലയാളിക്കുട്ടിയാക്കിയ ' മിടുക്കി '

മിടുക്കിയാണ് എന്നെ മലയാളികൾക്കിടയിൽ ഇത്രത്തോളം പരിചിതയാക്കിയത്. മുമ്പു മനോരമ ന്യൂസ് തുടങ്ങിയ കാലത്ത് അവതാരകരെ സ്റ്റൈൽ ചെയ്യിക്കാൻ എന്നെ ക്ഷണിച്ചിരുന്നു. അന്നു ഞാൻ വന്നു മൂന്നുദിവസം നിന്ന് എല്ലാവരെയും സ്റ്റൈൽ ചെയ്തുപോയി. പിന്നീടു മഴവിൽമനോരമ തുടങ്ങിയ സമയത്താണ് വീണ്ടും വിളി വന്നത്. അതു പക്ഷേ മിടുക്കി എന്ന ഷോയിലേക്ക് വിധികർത്താവായി ക്ഷണിച്ചുകൊണ്ടായിരുന്നു. അപ്പോൾ തന്നെ ഞാൻ നോ പറഞ്ഞു. എനിക്ക് ജഡ്ജ് ആകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല പക്ഷേ മലയാളം സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പിന്നീടു ആലോചിച്ചപ്പോൾ ഒന്ന് വന്നുനോക്കാമെന്നു തോന്നി. വന്നപ്പോള്‍ 20% ഇംഗ്ലീഷും 80% മലയാളവും സംസാരിക്കണമെന്നായിരുന്നു എനിക്കു ലഭിച്ച നിര്‍ദ്ദേശം. പക്ഷേ സംഭവിച്ചതോ നേരെ തിരിച്ചും, അങ്ങനെ അവര്‍ എനിക്കൊരു മലയാളം ട്യൂട്ടറെ വെക്കാനൊക്കെ തീരുമാനിച്ചിരുന്നു. അധികം കഴിയുംമുമ്പേ പരിപാടിയുടെ അധികൃതർ എന്നോടു പറഞ്ഞു മാഡം ഇങ്ങനെ തന്നെ സംസാരിച്ചാൽ മതി കാരണം മലയാളികൾ താങ്കളെ സ്വീകരിച്ചു കഴിഞ്ഞു എന്ന്. ആദ്യമൊന്നും എനിക്കു വിശ്വാസം തോന്നിയില്ലെങ്കിലും പിന്നീടു പുറത്തുപോകുന്ന അവസരങ്ങളിലാണ് ശരിക്കും മനസിലായത്. മുമ്പൊക്കെ യാതൊരു പ്രശ്നവുമില്ലാതെ മാളിലും മാർക്കറ്റിലുമൊക്കെ പോയിരുന്ന എന്നെ മിടുക്കിയിൽ വന്നതോടെ പുറത്തിറങ്ങുമ്പോഴേക്കും ആളുകൾ അടുത്തു വരാനും സ്നേഹം പ്രകടിപ്പിക്കാനും തുടങ്ങി. അതിലേറെയും സാധാരണക്കാരായ ജനങ്ങൾ.

Ambika Pillai മിടുക്കിയിൽ വരുന്നതിനു മുമ്പു വരെ കേരളത്തിലേക്കോ ഞാനില്ല എന്നാണു പറഞ്ഞിരുന്നത്. എന്നാൽ അതിനുശേഷമാണ് ഇവിടുത്തെ കാലാവസ്ഥയും ആൾക്കാരെക്കുറിച്ചുമൊക്കെ എനിക്കു മനസിലായത്.

സിനിമ ചെയ്തത് ആഷിനു വേണ്ടി മാത്രം

സിനിമകളോട് എനിക്കും പണ്ടും ഇപ്പോഴും അത്ര പ്രിയമില്ല. അവ കാണാറുമില്ല. ഐശ്വര്യ, ദീപിക, കത്രീന എന്നിവരൊക്കെ എനിക്കു മുന്നിലിരുന്ന് മേക്അപ് ചെയ്തതിനു ശേഷം താരങ്ങളായവരാണ്. ഐശ്വര്യ പക്ഷേ മോഡലിങ്ങിനു ശേഷം സിനിമയിലേക്കെത്തിയപ്പോഴും എന്നെ വിളിച്ചു കൊണ്ടേയിരുന്നു. എന്റെ ഒരു ചിത്രത്തിലെങ്കിലും അമ്പു ഹെയർ സ്റ്റൈൽ ചെയ്യണം എന്നു പറഞ്ഞ് എപ്പോഴും വിളിക്കും. അങ്ങനെയാണ് നിബുഡ എന്ന ഗാനരംഗത്തിനു വേണ്ടി ഹെയർസ്റ്റൈൽ ചെയ്യുന്നത്. അതുംകഴിഞ്ഞ് ആഷിന്റെ നിർബന്ധത്തിനു വഴങ്ങി ' താൽ ' ലേക്കു വരുന്നത്. ആദ്യമേ ഞാൻ പറ്റില്ല എന്നു പറഞ്ഞു. കാരണം സിനിമയിലെ സ്റ്റൈലിങ് പെട്ടെന്നു മടുപ്പാകും. ആഷിനു വേണ്ടി മാത്രം സെറ്റിൽ പോയതാണ്, പക്ഷേ എന്റെ ഒരു ദിവസത്തെ റേറ്റ് കേട്ടപ്പോൾ തന്നെ സംവിധായകൻ സുഭാഷ് ഗായ് അത്ര താൽപര്യം കാണിച്ചില്ല. അംബികയ്ക്ക് എന്താണിത്ര പ്രത്യേകത മറ്റു ഹെയർസ്റ്റൈലിസ്റ്റുകൾക്കൊന്നും ഇത്ര കൊടുക്കണ്ടല്ലോ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. അപ്പോഴും ഞാൻ തിരികെ പോരാൻ തയാറായിരുന്നു, എന്നാൽ ആഷ് വഴങ്ങിയില്ല. അങ്ങനെ ആഷ് പറഞ്ഞു സുഭാഷ് ഗായ്ക്കു കൊടുക്കാൻ കഴിയുന്നതു മതി, ബാക്കി അവർ നൽകിക്കോളാം എന്ന്. അത്രയ്ക്കും നിർബന്ധമായിരുന്നു ആഷിന്. അങ്ങനെ ആ ഒരൊറ്റ ചിത്രത്തിൽ ആഷിന്റെ നിർബന്ധത്തിൽ ഞാൻ അത് ഏറ്റെടുത്തു. പക്ഷേ സിനിമയിലെ സ്റ്റൈലിങ് ഭയങ്കര മടുപ്പായിരുന്നു. സിനിമയ്ക്കു വേണ്ടി ഒരുമാസമൊക്കെ ഒരാളെ തന്നെ സ്റ്റൈൽ ചെയ്യിക്കുക എന്നു പറഞ്ഞാൽ ഞാൻ ബോറടിച്ചു ചാവും.

Ambika Pillai സിനിമകളോട് എനിക്കും പണ്ടും ഇപ്പോഴും അത്ര പ്രിയമില്ല. അവ കാണാറുമില്ല. ഐശ്വര്യ, ദീപിക, കത്രീന എന്നിവരൊക്കെ എനിക്കു മുന്നിലിരുന്ന് മേക്അപ് ചെയ്തതിനു ശേഷം താരങ്ങളായവരാണ്.

ആദ്യം സാധാരണക്കാർ പിന്നെ സെലിബ്രിറ്റികൾ

സെലിബ്രിറ്റികളെ ഒരുക്കുന്നതിനേക്കാൾ സാധാരണക്കാരെ സ്റ്റൈൽ ചെയ്യുന്നതാണ് ഏറ്റവും ഇഷ്ടം. എന്നെ കാണുമ്പോൾ തന്നെ അവരുടെ ഒരു സന്തോഷമുണ്ട്, പിന്നെ ഭയങ്കര എക്സൈറ്റഡ് ആയി അവർ കാത്തിരിക്കും- അതൊക്കെ ഏറെ ഇഷ്ടമാണ്. മേക്അപ് ഒക്കെ ചെയ്തു വരുമ്പോൾ 'ഞാൻ നല്ല സുന്ദരിയായിട്ടുണ്ടല്ലേ' എന്ന് ഓരോ പെൺകുട്ടികളും പറയുന്നതു കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം സെലിബ്രിറ്റികളെ സ്റ്റൈൽ ചെയ്താൽ കിട്ടില്ല. പിന്നെ സ്റ്റൈൽ ചെയ്തതിൽ ഏറ്റവും സുന്ദരി ആരാണെന്നു ചോദിച്ചാൽ അത് ആഷ് തന്നെയാണ്, പക്ഷേ ദീപികയും കത്രീനയുമൊന്നും ഒട്ടും പുറകിലല്ല കേട്ടോ.

ബോറടിച്ചാൽ അപ്പോൾ നിർത്തും ഈ പണി

എല്ലാവരും ചോദിക്കാറുണ്ട് എത്രയോ വർഷങ്ങളായി ഈ മേഖലയിൽത്തന്നെയല്ലേ ബോറടിക്കുന്നില്ലേ എന്നൊക്കെ, എന്നെങ്കിലും എനിക്കു ബോറടിച്ചാൽ ഞാനപ്പോൾ ഫീൽഡ് വിടും, അതിൽ യാതൊരു സംശയവുമില്ല. അടുത്ത കാലത്തായി ഞാൻ വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കാരണം വേറൊന്നുമില്ല ഇത്രയും കാലം നിന്നു മുടി വെട്ടിയതല്ലേ ശരീരത്തിന് അതിന്റെ ക്ഷീണമൊക്കെ വന്നുതുടങ്ങി. ഒരുദിവസം ഒരുപാടു മുടി വെട്ടിവെട്ടി വലതുകൈയുടെ തള്ളവിരൽ അനക്കാന്‍ പറ്റുമായിരുന്നില്ല. പിന്നെ കുറേ മരുന്നുകളും ആയുർവേദ കിഴികളൊക്കെ വച്ചാണ് ഒരുവിധം ശരിയാക്കിയെടുത്തത്. അഞ്ചര വർഷം മുമ്പു വീണതിന്റെയും ബുദ്ധിമുട്ടുകളുണ്ട്.

ambika-13 സെലിബ്രിറ്റികളെ ഒരുക്കുന്നതിനേക്കാൾ സാധാരണക്കാരെ സ്റ്റൈൽ ചെയ്യുന്നതാണ് ഏറ്റവും ഇഷ്ടം.

മകൾ എന്നെക്കാൾ മിടുക്കി

കവി ആദ്യം തൊട്ടേ പറയുമായിരുന്നു എന്നെ ഈ രംഗത്തേക്കു കൊണ്ടുവരല്ലേ അമ്മേ എന്ന്. അവൾക്കു ഫോട്ടോഗ്രാഫിയൊക്കെ ആയിരുന്നു ഇഷ്ടം. അപ്പോൾ ഞാൻ പറയും എന്നാൽ നമുക്കീ ബിസിനസൊക്കെ ആർക്കെങ്കിലും കൊടുക്കാം എന്ന്. പിന്നീട് ഒരഞ്ചാറു വർഷം മുമ്പാണ് എനിക്കിതു പഠിക്കണം എന്നു പറഞ്ഞു വരുന്നത്. അവളെ ലണ്ടനിൽ വിട്ടു പഠിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അവൾക്കു ഞെട്ടലായിരുന്നു, ഒരാഴ്ച നീ അവിടെ പഠിക്ക്, പിന്നെ ഞാൻ പഠിപ്പിക്കാം എന്ന വാക്കിലാണ് അവൾ പോയത്. കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ വിളിച്ചു - എന്റെ കാലു നിന്നുനിന്ന് നീരുവന്നു മത്തങ്ങ പോലെ ആയി എന്നുപറഞ്ഞു കരഞ്ഞു. അന്നു ഞാൻ പറഞ്ഞു ഇനി നീ ഇങ്ങോട്ടു വന്നോ ഞാൻ പഠിപ്പിക്കാം എന്ന്. കാരണം ഞാൻ പന്ത്രണ്ടു മണിക്കൂർ നിൽക്കാൻ പറഞ്ഞാൽ അവൾ ചെയ്യില്ല. പുറത്തു വിട്ടു പഠിപ്പിച്ചപ്പോൾ അതു ശീലിച്ചു. അവൾ ബ്രില്യന്റ് ആണ്. ഒരുവട്ടം കാണിച്ചുകൊടുത്താൽ മതി പെട്ടെന്നു പഠിച്ചെടുത്തോളും.

കുടുബം കഴിഞ്ഞു മാത്രം പ്രൊഫഷൻ

എനിക്കു കുടുംബമാണ് ഏറ്റവും വലുത്. ആരെങ്കിലും അംബികയുടെ ബിസിനസ് മുഴുവൻ ഞാന്‍ എടുക്കുകയാണെന്നു പറഞ്ഞാൽ ഒരു കുഴപ്പവും പറയില്ല എല്ലാം എടുത്തോളൂ എന്നു പറയും. പകരം എന്റെ കുടുംബക്കാരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ സഹിക്കാൻ പറ്റില്ല. മകള്‍ മാത്രമല്ല അമ്മ, അച്ഛൻ സഹോദരിമാർ അവരുടെ മക്കൾ ഭർത്താക്കന്മാർ അവരെയൊന്നും വാക്കുകൊണ്ടു പോലും ആരും നോവിക്കുന്നത് എനിക്കിഷ്ടമല്ല.

Ambika Pillai കവി ആദ്യം തൊട്ടേ പറയുമായിരുന്നു എന്നെ ഈ രംഗത്തേക്കു കൊണ്ടുവരല്ലേ അമ്മേ എന്ന്. അവൾക്കു ഫോട്ടോഗ്രാഫിയൊക്കെ ആയിരുന്നു ഇഷ്ടം.

മുടി വളരണോ തലകുളി നിർത്തണം

കേരളത്തിലെ ആളുകൾ ഒരു ചെറിയ കുമിളയ്ക്കുള്ളിലാണു ജീവിക്കുന്നത്, അത് എപ്പോൾ പൊട്ടുമെന്ന് ആർക്കും പറയാൻ പറ്റില്ല. മുടിയുടെ ആരോഗ്യത്തിനു നല്ലതാണെങ്കിലും അല്ലെങ്കിലും എന്നും എണ്ണ തേക്കണം, തല കുളിക്കണം എന്ന കാഴ്ചപ്പാടുമായി ജീവിക്കുന്നവരാണിവിടെ. കേരളത്തിലെ പെൺകുട്ടികൾ രണ്ടു കാര്യങ്ങളാൽ അനുഗ്രഹീതരാണ്, മനോഹരമായ മുടി, നല്ല ചർമം. പക്ഷേ അത് എങ്ങനെ നന്നായി പരിപാലിക്കണം എന്ന് അവര്‍ക്കറിയില്ല. ചെറുപ്പത്തിലേ നല്ല മുടിയായിരിക്കും, ഒരു നാൽപതു വയസാകുമ്പോഴേക്കും മുടി എലിവാലു പോലെയാകും. മുടിയുടെ നീളം കൂട്ടാനും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും വിപരീതമായാണ് സംഭവിക്കുന്നത്. എന്നും തല കുളിക്കുമ്പോൾ തലയിലെ ഓയിൽ ബാലൻസ് തന്നെ തെറ്റുകയാണ്. തമിഴന്മാർ കുളിക്കുകയേ ഇല്ല എന്ന് എല്ലാവരും കളിയാക്കും പക്ഷേ കണ്ടിട്ടില്ലേ അവർക്കു നല്ല കട്ടിയുള്ള നീളൻ മുടിയായിരിക്കും. മുടിയുടെ വേരുകൾക്കാണ് കൂടുതലും എണ്ണയുടെ ആവശ്യം. അത് എന്നും തേക്കണമെന്നില്ല, എന്നും തലകുളിക്കണമെന്നുമില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രം തല കുളിച്ചാൽ തന്നെ മുടിയുടെ പ്രശ്നങ്ങൾ മാറും.

Ambika Pillai ആരെങ്കിലും അംബികയുടെ ബിസിനസ് മുഴുവൻ ഞാന്‍ എടുക്കുകയാണെന്നു പറഞ്ഞാൽ ഒരു കുഴപ്പവും പറയില്ല എല്ലാം എടുത്തോളൂ എന്നു പറയും. പകരം എന്റെ കുടുംബക്കാരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ സഹിക്കാൻ പറ്റില്ല.

കേരളത്തിൽ എന്തേ സലൂൺ വൈകിയത്?

മലയാളികളോട് എപ്പോഴാണ് മുടി അവസാനമായി വെട്ടിയതെന്നു ചോദിച്ചാൽ അപ്പോൾ മറുപടി വരും അഞ്ചാറു മാസമായിക്കാണും എന്നൊക്കെ. അങ്ങനെയല്ല വേണ്ടത് ഒന്നോ രണ്ടോ മാസം കൂടുമ്പോൾ മുടി വെട്ടണം. ത്രെഡിങും ഫേഷ്യലും കഴിഞ്ഞാൽ എല്ലാമായി എന്നാണു വിചാരം. പക്ഷേ പാർലറുകൾ അതിനുവേണ്ടി മാത്രമുള്ളതല്ല. ഇവിടെയുള്ളവർ മുടിയെ സ്നേഹിക്കുകയാണെന്നു പറഞ്ഞ് ശരിക്കും ദ്രോഹിക്കുകയാണു ചെയ്യുന്നത്. ഇനി പെൺപിള്ളേർക്കു മുടി വെട്ടണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും വീട്ടിലെ അച്ഛനെയും ആങ്ങളമാരെയുമൊക്കെ പേടിച്ചാണു വെട്ടാത്തതെന്നു പറയും. എനിക്കു മനസിലാകാറേയില്ല അതിനു പിന്നിലെ കാര്യമെന്താണെന്ന്. മുടി വെട്ടാൻ മടിയുള്ളവരുടെ നാട്ടിൽ നേരത്തെ സലൂൺ തുടങ്ങിയിട്ടു കാര്യമില്ലല്ലോ. പക്ഷേ ഇപ്പോൾ ആ കാഴ്ചപ്പാടൊക്കെ പതിയെ മാറി വരുന്നുണ്ട്.

കേത്ര എന്റെ സ്വപ്നം

എന്റെ ഇത്രയും നാളത്തെ അറിവും അനുഭവവും പരിചയവുമൊക്കെയാണ് വരുന്ന ഡിസംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന കേത്ര. ഹെർബൽ അധിഷ്ഠിതമായ സ്ട്രോങ് ഷാംപൂവും എണ്ണകളുമൊക്കെയാണ് കേത്രയുടെ പ്രത്യേകത. ഡൽഹിയിൽ മുപ്പതു വർഷത്തോളം നിലനിന്നിട്ടും ഞാൻ കേത്ര ആദ്യം ആരംഭിക്കാൻ തീരുമാനിച്ചത് കേരളത്തിലാണ്. അതിനു കാരണം എന്റെ ഫേസ്ബുക്ക് പേജിൽ നിറയുന്ന മലയാളികളുടെ സംശയങ്ങളാണ് - മുടി കൊഴിയുന്നു, പൊട്ടുന്നു, വളരുന്നില്ല അങ്ങനെ എത്രയെത്ര സംശയങ്ങൾ. നമ്മളെല്ലാവരും വിചാരിക്കുന്നത് വെളിച്ചെണ്ണ മാത്രം മതി മുടിയുടെ സംരക്ഷണത്തിന് എന്നാണ്. പക്ഷേ അങ്ങനെയല്ല, എള്ളെണ്ണയുൾപ്പെടെ ധാരാളം ​എ​ണ്ണകൾ കൂടിച്ചേരേണ്ടതുണ്ട്, അതാണ് കേത്ര അവതരിപ്പിക്കുന്നത്. നേരത്തെ ഞാൻ എണ്ണയും സ്ക്രബുമൊക്കെ ഉണ്ടാക്കി സലൂണിൽ കൊണ്ടുപോയി വെക്കുമായിരുന്നു. പക്ഷേ എത്രനാൾ ഒരാൾ തന്നെയുണ്ടാക്കും. ലോഞ്ച് എന്നാണെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ആദ്യം കേത്രയെക്കുറിച്ച് അവരിൽ ഒരു അവബോധം ഉണ്ടാകട്ടെ, എന്നിട്ടല്ലേ ബാക്കി. അതുകൊണ്ടാണ് ഇത്ര സമയമെടുക്കുന്നത്. വലിയ വില കൊടുത്ത് വാങ്ങേണ്ട ഉൽപ്പന്നങ്ങൾ കേത്രയിലുണ്ടാവില്ല. മുടി കൊഴിച്ചിലുള്ളവർ കേത്രയുടെ എണ്ണയും ഷാംപൂവും ഉപയോഗിക്കുന്നതു നല്ല മാറ്റമുണ്ടാക്കും.

kaytra എന്റെ ഇത്രയും നാളത്തെ അറിവും അനുഭവവും പരിചയവുമൊക്കെയാണ് വരുന്ന ഡിസംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന കേത്ര. ഹെർബൽ അധിഷ്ഠിതമായ സ്ട്രോങ് ഷാംപൂവും എണ്ണകളുമൊക്കെയാണ് കേത്രയുടെ പ്രത്യേകത.

ആഗ്രഹിച്ചതു കുടുംബിനിയാവാൻ

നല്ലൊരു കുടുംബജീവിതം മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു. ഭർത്താവും നാലഞ്ചു മക്കളുമൊക്കെയായി സന്തുഷ്ട കുടുംബം. പക്ഷേ ജീവിതത്തിൽ അതു മാത്രം തരില്ലെന്നു ദൈവം വിചാരിച്ചു. പ്രഫഷണലി ഞാൻ വിചാരിച്ച ജോലി തന്നെയാണിത്. പിന്നെ കുറച്ചു രസകരമായി പറഞ്ഞാൽ വല്ല കൈനോട്ടക്കാരിയോ മറ്റോ ആയി കഥകളും പറഞ്ഞു നടക്കാന്‍ ഇഷ്ടപ്പെട്ടേനെ. എന്തു രസമായിരിക്കുമല്ലേ അങ്ങനെ..

കേരളം... ഐ ലവ് യൂ സോ മച്ച്

മിടുക്കിയിൽ വരുന്നതിനു മുമ്പു വരെ കേരളത്തിലേക്കോ ഞാനില്ല എന്നാണു പറഞ്ഞിരുന്നത്. എന്നാൽ അതിനുശേഷമാണ് ഇവിടുത്തെ കാലാവസ്ഥയും ആൾക്കാരെക്കുറിച്ചുമൊക്കെ എനിക്കു മനസിലായത്. മാളിലേക്കൊക്കെ പോകുമ്പോൾ ഉമ്മ വെക്കലും സ്നേഹ പ്രകടനങ്ങളുമൊക്കെയാണ്. ഇത്രയുംനാളും പുറത്തു കഴിഞ്ഞിട്ടുണ്ടെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ ഞാനൊരു തനി മലയാളിയാണ്. അപ്പവും ദോശയുമാണ് ഏറെയിഷ്ടം. ചപ്പാത്തിയും ദാലുമൊക്കെ ഇപ്പോ കാണുന്നതു തന്നെ ഇഷ്ടമല്ല.

Ambika Pillai കേരളത്തിലെ ഗേൾസിനേക്കാളും മിടുക്കർ ആൺകുട്ടികളാണ്. അവരെന്തു കൂൾ ആണ്. അവരുടെ ഹെയർസ്റ്റൈൽ, വസ്ത്രങ്ങൾ ഒക്കെ മനോഹരമാണ്.

മലയാളി പയ്യൻസ് ചുള്ളന്മാർ

കേരളത്തിലെ ഗേൾസിനേക്കാളും മിടുക്കർ ആൺകുട്ടികളാണ്. അവരെന്തു കൂൾ ആണ്. അവരുടെ ഹെയർസ്റ്റൈൽ, വസ്ത്രങ്ങൾ ഒക്കെ മനോഹരമാണ്. പരീക്ഷണങ്ങൾ ചെയ്യാനും അവർക്കു താൽപര്യമാണ്. പക്ഷേ നമ്മുടെ പെൺകുട്ടികൾക്കു പരീക്ഷണങ്ങളോടു ഭയമാണ്. നല്ലതിനു വേണ്ടിയാണെങ്കിൽപ്പോലും ജനിച്ചുവളർന്ന കാലത്തെ ശീലങ്ങളെ വേണ്ടെന്നു വെക്കാൻ അവർ തയ്യാറല്ല.

8 സ്പെഷൽ ബ്യൂട്ടി ടിപ്സ്

* വെള്ളം എട്ടുഗ്ലാസ് മുതൽ പത്തുവരെ ദിവസവും കുടിക്കുക
* ആഴ്ചയിൽ ഒരിക്കൽ ഹോട്ട് ഓയിൽ മസാജ്
* രണ്ടു മാസം കൂടുമ്പോൾ മുടി വെട്ടൽ
* നിങ്ങളുടെ മുടിക്കു ചേരുന്ന കണ്ടീഷണറും ഷാപൂവും മാത്രം തിരഞ്ഞെടുക്കുക,
* രാവിലെയും വൈകുന്നേരവും മോയ്സചറൈസർ പുരട്ടുക
* ദിവസവും ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
* ആരോഗ്യകരമായ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക‌
* ദിവസവും തല കുളിക്കുന്നതു നിർത്തുക, ആഴ്ചയിൽ രണ്ടോ മൂന്നോ മതി.