Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ നമ്മുടെ സ്വന്തം സ്റ്റൈലിസ്റ്റ് ഷെഫ്

anjali അഞ്ജലി

ഷെഫ് അഞ്ജലി എന്ന പേര് മലയാളികൾക്ക് ഇന്ന് സുപരിചിതമാണ്. മഴവിൽ മനോരമയിലെ 'ദേ..ഷെഫ്' എന്ന ജനപ്രിയ കുക്കിങ് റിയാലിറ്റി ഷോയിലെ ജഡ്ജിങ് പാനലിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യമാണ് അവർ. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളീയർക്കെല്ലാം പ്രിയങ്കരിയായി മാറിയ ഷെഫ് അഞ്ജലിയുടെ വിശേഷങ്ങളിലേക്ക്:

എങ്ങനെയാണ് ഈ മേഖലയിലെത്തിയത്?

ഡൽഹിയിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്‌. എല്ലാ കുടുംബങ്ങളിലെയും പോലെ എന്റെ വീട്ടുകാർക്കും ഞാൻ ഒരു ഡോക്ടറോ എഞ്ചിനീയറോ ആവണം എന്നായിരുന്നു ആഗ്രഹം. എന്നാൽ എന്റെ മനസ്സിൽ അന്നും പാചക കലയോട് മാത്രമായിരുന്നു താല്പര്യം. അങ്ങനെയാണ് ഞാൻ ഐഎച്ച്എം ബംഗ്ലൂരിൽ ചേരുന്നത്.പഠനശേഷം എനിക്ക് താജ് ഗ്രൂപ്പിൽ മാനേജ്‌മന്റ്‌ ട്രെയിനിയായി ജോലി ലഭിച്ചു. അതു കഴിഞ്ഞയുടനെ എനിക്ക് ഇന്ത്യയിലെ മികച്ച യൂറോപ്പ്യൻ റസ്റ്റോറൻറുകളിൽ ഒന്നായ ഒറിയന്റ് എക്സ്പ്രസ്സിൽ ഷെഫ് ഇൻ ചാർജ് ആയി ജോലി ലഭിച്ചു. അതായിരുന്നു ആദ്യ ഷെഫ് അനുഭവം.

anjali-3 അഞ്ജലി

ഫുഡ് സ്‌റ്റൈലിങ്ങിലക്കു തിരിയാന്‍ കാരണം?

ഏതൊരു കാര്യത്തോടും പെട്ടന്നു മടുപ്പ് തോന്നുന്ന പ്രകൃതമാണ് എന്റേത്. കേവലം ഒരു ഷെഫ് ആയി മാത്രം ഒതുങ്ങാൻ എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പാചകത്തിന്റെ പുതിയ മേഖലകളെക്കുറിച്ച് അറിയാൻ ഞാൻ ശ്രമിച്ചു. ഫുഡ് സ്‌റ്റൈലിങ്ങിനെക്കുറിച്ച് അറിയുന്നത് അങ്ങനെയാണ്. പാകം ചെയ്തു വച്ചിരിക്കുന്ന ഭക്ഷണം കൊതിയൂറും വിധം അവതരിപ്പിക്കുക എന്നതാണ് ഒരു ഫുഡ് സ്‌റ്റൈലിസ്റ്റിന്റെ ജോലി. അധികം ആരും ചെന്നുപെടാത്ത ഒരു മേഖലയായിരുന്നു ഫുഡ് സ്‌റ്റൈലിങ്. വളരെ കഷ്ടപെട്ടാണ് ഞാൻ ഇന്ത്യയിലെ മികച്ച ഫുഡ് സ്‌റ്റൈലിസ്റ്റായ ഇന്ദ്രാണി ദാസ്‌ ഗുപ്തയുടെ കീഴിൽ പരിശീലനം ആരംഭിക്കുന്നത്. ആദ്യ കാലഘട്ടം കഠിനമേറിയതായിരുന്നു. രാവിലെ 8 തൊട്ട് വൈകീട്ട് 3.30 വരെ റസ്റ്റോറൻറ്റിൽ ജോലി, അതു കഴിഞ്ഞാലുടനെ ഇന്ദ്രാണിയുടെ കൂടെ ഷൂട്ട്‌. എല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോൾ പിറ്റേന്ന് രാവിലെ 4 മണിയാവും. അവസാനം ഞാൻ ഒരു തീരുമാനമെടുത്തു, അങ്ങനെയാണ് റസ്റ്റോറൻറ്റിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും ഫുഡ് സ്‌റ്റൈലിങ്ങിനായി മാറ്റിവയ്ക്കുന്നത്.

ഫുഡ് സ്റ്റൈലിങ്ങിലെ ആദ്യ അനുഭവം?

വളരെ യാദൃശ്ചികമായിട്ടാണ് എനിക്ക് ആദ്യ വർക്കു ലഭിക്കുന്നത്. ഐ ടി സി ഗ്രൂപ്പിന്റെ ഒരു ബിരിയാണി ഫെസ്ററ് ആയിരുന്നു പ്രോജക്ട്. ചെറിയ പ്രോജക്ട് ആയതിനാൽ ഇന്ദ്രാണിജിക്കു താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ വർക്ക് എനിക്കു ലഭിച്ചു. 7000 രൂപയായിരുന്നു എനിക്കു പറഞ്ഞ പ്രതിഫലം, അതിനു വേണ്ടി ഞാൻ ചിലവാക്കിയതോ 20,000 രൂപയിലേറെ. ഒരു ഷൂട്ടിന് പോകുമ്പോൾ അവിടെ ആവശ്യം വരുന്ന പാത്രങ്ങൾ, മേശവിരികൾ, കട്ട്ലറീസ് എല്ലാം നമ്മൾ തന്നെ കൊണ്ടുവരണം. ഡൽഹിയിലെ മാർക്കറ്റുകളിൽ നിന്നും ഞാൻ കുറേ പാത്രങ്ങൾ വാങ്ങി, പോരാത്തതിന് അമ്മയുടെ കൈയ്യിൽനിന്നും ;കടം എടുത്തു. ഞാൻ വളരെ അധികം ആസ്വദിച്ചു ചെയ്ത ഒരു ഷൂട്ട് ആയിരുന്നു അത്, എനിക്കേറ്റവും പ്രിയപ്പെട്ടതും.

anjali-2 അഞ്ജലി ദേ ഷെഫ് ടീമിനൊപ്പം

മാസ്റ്റർ ഷെഫ് ഇന്ത്യയിലേക്കു വരാനുണ്ടായ സാഹചര്യം?

ഫുഡ് സ്റ്റൈലിങ് വർക്ക് ഒരു വർഷത്തിൽ 4-5 എണ്ണം മാത്രമേ കാണു, ബാക്കി സമയം വെറുതെ ഇരിക്കണം. അങ്ങനെ ഞാൻ ഡൽഹിയിൽ രണ്ടു റസ്റ്റോറെൻറുകൾ തുടങ്ങി. ഒരു വർഷം കൊണ്ടു അവ രണ്ടും നല്ല ലാഭത്തിൽ വിറ്റു. പിന്നെ ഞാൻ കൺസൾട്ടന്റായി ജോലി നോക്കി. ഒരു റസ്റ്ററന്റ് തുടങ്ങുമ്പോൾ അവർക്ക് വേണ്ട മെനു തയാറാക്കാനും ഡിഷ്‌ സെറ്റ് ചെയ്യാനും സ്റ്റാഫിനെ ട്രെയിൻ ചെയ്യാനും ഫുഡ് പ്രേസൻന്റെഷനും ഞാൻ സഹായിക്കും. ആ സമയത്താണ് ഞാൻ ഷെഫ് കുനാൽ കപൂറിനെ പരിചയപ്പെടുന്നത്. അദ്ദേഹം മാസ്റ്റർ ഷെഫ് ഇന്ത്യയുടെ ജഡ്ജസ്സിൽ ഒരാളാണ്. അദ്ദേഹമാണ് മാസ്റ്റർ ഷെഫ് ഇന്ത്യയുടെ ഫുഡ് ഹെഡ് ആകാൻ എന്നെ ക്ഷണിക്കുന്നത്. അവിടെ ടാസ്കുകൾ സെറ്റ് ചെയ്യുന്നതും പാൻട്രി ഡിസൈൻ ചെയ്യുന്നതും എല്ലാം എന്റെ ഉത്തരവാദിത്തമാണ്. ഷെഫ് വികാസ് ഖന്ന, ഷെഫ് സഞ്ജീവ് കപൂർ എന്നിവരെ ഒക്കെ പരിചയപ്പെടാനും സാധിച്ചു. അതായിരുന്നു ടെലിവിഷൻ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്.

അണിയറയിൽനിന്നും മഴവിൽ മനോരമയുടെ അരങ്ങത്തേക്കെത്തിയത്?

മാസ്റ്റർ ഷെഫ് ഇന്ത്യയിൽ എന്റെ കൂടെ വർക് ചെയ്ത ഒരു സുഹൃത്ത് വഴിയാണ് ദേ..ഷെഫിലേക്കുള്ള വഴി തുറക്കുന്നത്. ഇവിടെയും ഫുഡ് ഹെഡ് അയിത്തന്നെയാണ് ഞാൻ എത്തിയത്. ഷോയുടെ ജഡ്ജിങ് പാനലിലേക്കു ഒരു സ്ത്രീയെ അന്വേഷിക്കുകയായിരുന്നു പ്രൊഡ്യൂസറും സംഘവും. എങ്കിൽപ്പിന്നെ എനിക്ക് ആകാമോ എന്ന് അവർ ചോദിച്ചു. സ്‌ക്രീൻ ടെസ്റ്റൊക്കെ നടത്തി ഫൈനലൈസ് ചെയ്യുകയായിരുന്നു.

anjali-1 അഞ്ജലി ദേ ഷെഫിലെ മറ്റു ജഡ്ജസിനൊപ്പം

ആദ്യമായി ഒരു ഷോയിൽ ജഡ്ജ് ആയി വന്നു, എങ്ങനെയായിരുന്നു അനുഭവങ്ങൾ?

ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എനിക്കു നല്ല പേടിയുണ്ടായിരുന്നു. നടൻ ദിലീപ് ആയിരുന്നു ആദ്യ ഷൂട്ടിൽ ഗസ്റ്റ്. വലിയ വ്യക്തിയാണ്, അതിനാൽ തന്നെ എന്റെ ടെന്‍ഷനും കൂടി. പക്ഷെ അടുത്തറിഞ്ഞപ്പോൾ ആ പേടിയെല്ലാം മാറി. എത്ര ഡൗൺ ടു എർത്ത് ആയ ഒരു വ്യക്തിയാണ് അദ്ദേഹം. അതുപോലെ തന്നെ കേരളത്തിലുള്ളവർ എന്നെ സ്വീകരിക്കുമോ എന്നും എനിക്ക് ഒരു പേടിയുണ്ടായിരുന്നു. ഭാഷ പ്രശ്നമാവുമോ എന്നും ടെൻഷൻ ഉണ്ടായിരുന്നു. പതുക്കെ പതുക്കെ എല്ലാം ശരിയായി വന്നു, കേരളീയർ എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നുവേണം പറയാൻ. സോഷ്യൽ മീഡിയ വഴിയും നേരിൽ കാണുമ്പോഴും എല്ലാവരും നല്ല സ്നേഹത്തോടെയാണ് പെരുമാറുന്നത്.

ദേ ഷെഫിലെ ഏറ്റവും സ്പെഷലായ നിമിഷങ്ങളെക്കുറിച്ചു ഒന്നു പറയാമോ?

ദേ ഷെഫിലെ ഓരോ നിമിഷവും വളരെ അധികം ഓർമകൾ നിറഞ്ഞതാണ്. ഞണ്ടുപയോഗിച്ചുള്ള ഡിഷസിന്റെ ഒരു ടാസ്ക് ഉണ്ടായിരുന്നു. ഞാൻ ഏറെ ആസ്വദിച്ചു സെറ്റ് ചെയ്ത ഒരു ടാസ്ക് ആയിരുന്നു അത്. വളരെ ഇമോഷണൽ ആയി തോന്നിയ വേറെയൊരു ടാസ്ക് ആയിരുന്നു മത്സരാര്‍ത്ഥികളുടെ ബന്ധുക്കൾ വരുന്ന എപ്പിസോഡ്. എല്ലാവരുടെയും കുടുംബാംഗങ്ങളെ പരിചയപ്പെടാൻ സാധിച്ചു. വളരെ രസകരമായ ഒരു ഷൂട്ട് ആയിരുന്നു അത്.

anjali-4 അഞ്ജലി

ഭാവി പരിപാടികൾ?

ദേ ഷെഫ് കഴിഞ്ഞിട്ട് കേരളം മുഴുവൻ സഞ്ചരിച്ചു ഇവിടുത്തെ ഭക്ഷണരീതികളെക്കുറിച്ചു കൂടുതൽ അടുത്തറിയണം. ഇപ്പോൾ കേരളത്തിൽ വരാൻ എനിക്കു ഒത്തിരി ഇഷ്ടമാണ്. കുറെയേറെ പരിചയക്കാർ. ഒരുപാട് നല്ല ഓർമകൾ – ചിരിയോടെ അഞ്ജലി പറയുന്നു.