Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചവെള്ളം തരാത്തവർ ഇന്നു കോഴി ബിരിയാണി തരും

mathukutti ആർ ജെ മാത്തുക്കുട്ടി

ശബ്ദം കൊണ്ടു ശ്രോതാക്കളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവരാണ് റേഡിയോ ജോക്കികൾ. തങ്ങളുടെ രൂപം ശബ്ദം കൊണ്ടു തീർക്കുന്ന ഇവരെന്നും മറ്റുള്ളവർക്ക് കൗതുകമാണ്. മലയാളികളുടെ സായാഹ്നങ്ങളും യാത്രകളുമെല്ലാം ചിരിയിലും ചിന്തകളിലും സംഗീതത്തിലും നിറച്ച ആർ ജെ മാത്തുക്കുട്ടി വർഷങ്ങളായി നമ്മുടെ പ്രിയങ്കരനാണ്. ശബ്ദത്തിന്റെ മാത്രം ലോകത്തുനിന്ന് മാത്തുക്കുട്ടി ദൃശ്യ-ശ്രവ്യ ലോകത്തെത്തിയപ്പോൾ പ്രേക്ഷകരുടെ ഇഷ്ടം വീണ്ടും കൂടി. മഴവിൽ മനോരമയിലെ 'ദേ ഷെഫ്' എന്ന കുക്കിങ് റിയാലിറ്റി ഷോയിലൂടെ ആർ ജെ മാത്തുക്കുട്ടി ഇന്ന് മലയാളികളുടെ സ്വന്തം മാത്തുക്കുട്ടിയാണ്. തമാശകളും വിശേഷങ്ങളും പങ്കുവെച്ച് മാത്തുക്കുട്ടി.

ആർ ജെ മാത്തുക്കുട്ടിയിൽ നിന്നും വി ജെ മാത്തുക്കുട്ടിയിലേക്ക് എത്തിയപ്പോഴുളള മാറ്റം?

മുൻപൊക്കെ ശബ്‍ദം കേട്ടായിരുന്നു ആളുകൾ തിരിച്ചറിഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ നമ്മൾ ട്രാഫിക്കിൽ നിൽക്കുമ്പോൾ പോലും തൊട്ടപ്പുറത്തുള്ള ആളുകൾ തിരിച്ചറിയുകയും നോക്കി ചിരിക്കുകയും ചെയ്യും. അതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം. പിന്നെ പുറത്തിറങ്ങൽ കാര്യമായി കുറച്ചു. മുൻപൊക്കെ എന്തു തല്ലുകൊള്ളിത്തരത്തിനും പോകാമായിരുന്നു(ചിരി), ഇപ്പൊൾ അതു പറ്റില്ല.

വി ജെ ആയതിനുശേഷമുണ്ടായ രസകരമായ അനുഭവം?

വളരെ രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എവിടെ പോയാലും ചുറ്റിനും കുറെ ആളുകൾ ഉണ്ടാകും. അതുകൊണ്ടു തന്നെ നമ്മൾ എപ്പോഴും ഓൺ ആയിരിക്കും. സാധാരണ പോലെ ബോറടിച്ചിരിക്കേണ്ട അവസ്ഥയില്ല. കുട്ടികളൊക്കെ നമ്മളെ കണ്ടിട്ട് 'ദേഷെപ്പേട്ടൻ...' എന്നൊക്കെ വിളിക്കും (ചിരി). അവരൊക്കെ തിരിച്ചറിയുന്നത് ഭയങ്കര സന്തോഷമാണ്. മുൻപ് ഞാൻ റേഡിയോയിൽ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. അപ്പോഴൊക്കെ ഞാൻ എത്തിപ്പെടാത്ത ഒരു വിഭാഗമായിരുന്നു സ്ത്രീകളും കുട്ടികളുമെല്ലാം. 'ദേ ഷെഫ്' ചെയ്തതിനു ശേഷമാണ് ആ വിഭാഗത്തിലേക്കും എനിക്ക് എത്തിപ്പെടാൻ സാധിച്ചത്.

mathukutti മുൻപൊക്കെ ശബ്‍ദം കേട്ടായിരുന്നു ആളുകൾ തിരിച്ചറിഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ നമ്മൾ ട്രാഫിക്കിൽ നിൽക്കുമ്പോൾ പോലും തൊട്ടപ്പുറത്തുള്ള ആളുകൾ തിരിച്ചറിയുകയും നോക്കി ചിരിക്കുകയും ചെയ്യും.

എങ്ങനെയാണ് മീഡിയ ഫീൽഡിൽ എത്തുന്നത്?

ഞാൻ പ്ലസ് ടു കഴിഞ്ഞപ്പോൾ വീട്ടുകാർ എന്നെ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ അയച്ചു. കോഴ്സ് കഴിഞ്ഞതിനു ശേഷം ഞാൻ താജ് റെസിഡൻസിയിൽ ജോലിക്കുപോയി. രണ്ടു മാസമായിരുന്നു വർക് ചെയേണ്ടത്. പക്ഷെ, ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ അവിടത്തെ ഷെഫിനെ ചീത്ത വിളിച്ച് ഒറ്റ പോക്കുപോയി. ഒരു മാസം അദ്ദേഹം പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു. അതുകഴിഞ്ഞപ്പോൾ സഹനത്തിന്റെ അഗ്നിപർവതം പൊട്ടി. അതിന്റെ പശ്ചാത്തലത്തിൽ സംഭവത്തിന്റെ പിറ്റേ ദിവസം അവിടം വിട്ടു. പിന്നെ ആലുവ യു സി കോളേജിൽ ബി എ മലയാളത്തിന് ചേർന്നു. അവിടെവെച്ചായിരുന്നു ശരിക്കും ഒരു മോൾഡിങ് സംഭവിച്ചത്. അവിടെ 84 ശതമാനം പെൺകുട്ടികളായിരുന്നു. ആകെ 14 ശതമാനം ആൺകുട്ടികളുളളതിൽ 10 ശതമാനം ബുദ്ധിജീവികളായിരുന്നു. പിന്നെ ആകപ്പാടെ ഞങ്ങൾ 4 ശതമാനം പേരായിരുന്നു ആക്ടിവായിട്ടുള്ളവർ. ഈ 84 ശതമാനത്തിനെ തൃപ്തിപ്പെടുത്തണമെങ്കിൽ കുറേ കൂടി എനെർജെറ്റിക് ആവണമല്ലോ. ആ കാര്യം ഒട്ടും മോശമല്ലാത്ത രീതിയിൽ ചെയ്തു. മൂന്നു വർഷം അങ്ങനെ പെരുമാറി കഴിഞ്ഞപ്പോൾ 'സ്വഭാവം' എന്നൊരു സാധനം കിട്ടി (ചിരി). പിന്നെ ജേർണലിസം ഡിപ്ലോമ, കുറച്ചു നാൾ ഒരു പത്രത്തിൽ ജോലി ചെയ്തു അതിനു ശേഷം റേഡിയോ ജോക്കിയായി.

ഇനി കൂടുതലും വിഷ്വൽ മീഡിയയിൽ ആണോ ശ്രദ്ധിക്കുന്നത്?

ഞാൻ ശരിക്കും റേഡിയോയിൽ നിന്ന് റിസൈൻ ചെയ്യാനുള്ള കാരണം 'യു ടു ബ്രൂട്ടസ്' എന്ന സിനിമയ്ക്ക് സംഭാഷണമെഴുതാനായിരുന്നു. ആ സിനിമ കഴിഞ്ഞപ്പോൾ വേറെ ഒന്നുരണ്ടു സിനിമകൾകൂടി വന്നു. അങ്ങനെ എല്ലാം കൂടി ഒരുമിച്ചു പറ്റാത്തതുകൊണ്ട് റേഡിയോയിൽ ഒരു വീക്കെൻഡ് ഷോ മാത്രം ചെയ്യാമെന്നു തീരുമാനിച്ചു. പിന്നീടാണ് 'ദേ ഷെഫി'ലേക്ക് വന്നത്. എന്റെ പ്രധാന ഫോക്കസ് ഇപ്പോഴും എഴുത്തു തന്നെയാണ്. ബാക്കിയെല്ലാം ബോണസ്!

'ദേ ഷെഫി'ലെത്തിയതിനു ശേഷമുള്ള ജനങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നു?

പണ്ടൊക്കെ പച്ചവെള്ളം തരാത്ത മനുഷ്യർ ഇന്ന് നമുക്ക് കോഴി ബിരിയാണി ഉണ്ടാക്കിത്തരുമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. വെറുതെ ഉണ്ടാക്കിത്തരികയല്ല, കഴിച്ചുകഴിഞ്ഞ് നമ്മളോട് ചോദിക്കും എങ്ങനെയുണ്ട് ഹിറ്റുണ്ടോ...കിക്കുണ്ടോ എന്നൊക്കെ. കൃത്യമായി അഭിപ്രായം പറഞ്ഞിട്ടേ പോകാൻ സാധിക്കു! പിന്നെ ഭക്ഷണം ഉണ്ടാക്കാനറിയുന്ന കുറെ ആളുകളെ പരിചയപ്പെടാൻ സാധിച്ചു എന്നതാണ് മറ്റൊരു വലിയ കാര്യം. ഇപ്പോൾ ഏതെങ്കിലും കല്യാണത്തിനൊ ഹോട്ടലിലൊ പോയാൽ കേറ്ററിംഗ് സർവീസിലെ ഹെഡ് പരിചയപെടാൻ വരികയും വിസിറ്റിംഗ് കാർഡ് തരികയും ചെയ്യും. ഇപ്പോൾ ഏറ്റവും കൂടുതൽ എന്റെ കൈയ്യിലുളളത് കേറ്ററിംഗ് സർവീസുകാരുടെ വിസിറ്റിംഗ് കാർഡുകളാണ്.

mathukutti സാധാരണ പോലെ ബോറടിച്ചിരിക്കേണ്ട അവസ്ഥയില്ല. കുട്ടികളൊക്കെ നമ്മളെ കണ്ടിട്ട് 'ദേഷെപ്പേട്ടൻ...' എന്നൊക്കെ വിളിക്കും (ചിരി). അവരൊക്കെ തിരിച്ചറിയുന്നത് ഭയങ്കര സന്തോഷമാണ്.

അറേബ്യൻ സഫാരി അനുഭവങ്ങൾ?

ഒരു നോർമൽ ദുബായ് ട്രിപ് ആയിരുന്നെങ്കിൽ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം സ്ഥലങ്ങൾ കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവിടെ ഏറ്റവും പോഷായിട്ടുള്ള സഥലങ്ങൾ കാണാൻ സാധിച്ചു. ഒപ്പം, നമ്മൾ ദുബായ് എന്നു കേൾക്കുമ്പോൾ പ്രതീക്ഷിക്കാത്ത മറ്റൊരു ജീവിതസാഹചര്യവും കണ്ടു. ഏറ്റവും മോശം അവസ്ഥയും ഏറ്റവും പോളിഷ്ഡ് അവസ്ഥയും എന്താണെന്ന് മനസിലാക്കാൻ പറ്റിയത് അറേബ്യൻ സഫാരിയിലൂടെയാണ്. പിന്നെ ഏറ്റവും എക്‌സൈറ്റഡായതു ഡൂൺ ബാഷിങിലാണ്. എന്നെങ്കിലും ദുബായിൽ പോകുമ്പോൾ സാധിക്കണം എന്നാഗ്രഹിച്ച രണ്ടു കാര്യങ്ങളാണ് ഡൂൺ ബാഷിങ്ങും പൂര്‍ണ ചന്ദ്രനുളള രാത്രിയിൽ മരുഭൂമിയിൽ തനിച്ചിരിക്കണമെന്നും. അറേബ്യൻ സഫാരിയിലൂടെ ഈ രണ്ടാഗ്രഹങ്ങളും സാധിച്ചു.

എന്താണ് ഈ നിലാവുളള രാത്രിയുടെ കഥ?

പൂർണ ചന്ദ്രനുള്ള രാത്രിയിൽ മരുഭൂമിയിൽ തനിച്ചിരിക്കണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. 'ആട് ജീവിതം' എന്ന നോവലിൽ ഇതുപോലൊരു സന്ദർഭമുണ്ട്. അതു വായിച്ചപ്പോള്‍ കിട്ടിയ പ്രചോദനത്തിൽ നിന്നാണ് ഇങ്ങനെയൊരാഗ്രഹമുണ്ടായത്. കുറേ യാത്രാവിവരണങ്ങളൊക്കെ വായിച്ച ശേഷം രാജസ്ഥാനിലെ താർ മരുഭൂമിയാണ് കണ്ടുവെച്ചിരുന്നത്. എന്നാൽ അതിനിടയ്ക്കാണ് 'ദേ ഷെഫി'ലെ അറേബ്യൻ സഫാരി വരുന്നത്. പക്ഷേ നിലാവുള്ള രാത്രിയായിരിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. ഡെസ്സേർട്ട് ക്യാമ്പ് തുടങ്ങി കുറച്ചുകഴിഞ്ഞു ഞാൻ ആകാശത്തേക്ക് നോക്കിയപ്പോൾ നല്ല വട്ടത്തിൽ ചന്ദ്രൻ തെളിഞ്ഞു നിൽക്കുന്നു. പ്രോഗ്രാം കഴിഞ്ഞപ്പോൾ നന്നേ വൈകിയിരുന്നു. എല്ലാവരും നല്ല ക്ഷീണത്തിലായിരുന്നു. ഞാനാണെങ്കിൽ അറബി വേഷത്തിലും. കുറച്ചു നേരത്തേക്ക് എന്നെ അന്വേഷിക്കേണ്ടയെന്നു പറഞ്ഞു ഞാൻ നല്ല തണുത്ത മണലിലൂടെ നടന്നു. നിലാവുളള രാത്രിയിൽ മണലിനു നീല നിറമാണ്. കുറെ നേരം ഞാൻ ആ തണുത്ത മണലിൽ പൂർണ ചന്ദ്രനെയും നോക്കിയിരുന്നു. അതുവരെയുണ്ടായിരുന്ന എല്ലാ ക്ഷീണവും അരമണിക്കൂർ ഇരുന്നപ്പോൾ മാറി.

കുക്കിങ് അറിയാമോ?

കട്ടൻ ചായ ഉണ്ടാക്കാൻ അറിയാം. നമ്മൾ ചൂലു വാങ്ങി എന്നു കരുതി മുറ്റം അടിക്കണം എന്നില്ലല്ലോ (ചിരി).

mathukutti ജീവിതം വളരെ റൊമാന്റിക് ആയിരിക്കണം എന്നാഗ്രഹിക്കുന്നയാളാണ്. ജീവിതം ഡ്രൈയാകാതിരിക്കാൻ ശ്രദ്ധിക്കും. നമ്മൾ ഒരു കാര്യം ഗൗരവത്തോടെ സമീപിക്കുമ്പോഴും സ്നേഹത്തോടെ സമീപിക്കുമ്പോഴുമുളള വ്യത്യാസം വളരെ വലുതാണ്.

മാത്തുക്കുട്ടി വളരെ ലോലഹൃദയനാണോ?

(ചിരി) മനസിൽ ആർദ്രതയൊക്കെയുണ്ട്. ജീവിതം വളരെ റൊമാന്റിക് ആയിരിക്കണം എന്നാഗ്രഹിക്കുന്നയാളാണ്. ജീവിതം ഡ്രൈയാകാതിരിക്കാൻ ശ്രദ്ധിക്കും. നമ്മൾ ഒരു കാര്യം ഗൗരവത്തോടെ സമീപിക്കുമ്പോഴും സ്നേഹത്തോടെ സമീപിക്കുമ്പോഴുമുളള വ്യത്യാസം വളരെ വലുതാണ്. അപ്പോൾപ്പിന്നെ നമുക്ക് എന്തുകൊണ്ട് സ്‌നേഹത്തോടെ പെരുമാറിക്കൂടാ?