Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേളി നൗ സിംഗിൾ, റെഡി ടു മിംഗിൾ !

Pearle Maaney പേളി മാണി

അരയ്ക്കൊപ്പം നീണ്ടുകിടക്കുന്ന നീളൻ മുടി ട്രെൻഡ് ആയിരുന്ന കാലത്തും ഇവിടെയൊരാൾ ചുരുളൻ മുടിയിൽ ചെത്തി നടന്നു. ചിലരൊക്കെ അയ്യേ ഇതെന്തൊരു മുടി എന്നു പറഞ്ഞപ്പോഴും കക്ഷി അതൊന്നും മൈൻഡ് ചെയ്തില്ല. കാലം മാറി നീളൻ മുടിയെ പ്രേമിച്ചവരൊക്കെ മുടി ചുരുട്ടാൻ െനട്ടോട്ടമോടാൻ തുടങ്ങി അപ്പോഴും നമ്മുടെ താരം ചുരുളൻ മുടിയിൽ യാതൊരു കോപ്രമൈസിനും തയ്യാറായില്ല. പറഞ്ഞു വരുന്നത് നമ്മുടെ കേളീ മാണി സോറി പേളീ മാണിയുടെ കാര്യമാണ്. ഡി ഫോർ ഡാന്‍സ് േവദിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ആടുകയും പാടുകയും ചെയ്യുന്ന പ്രേക്ഷകരുടെ സ്വന്തം പേളിക്കുട്ടി. ‍ഡിജെയിങ്ങിൽ നിന്നു തുടങ്ങി അവതരണവും അഭിനയവും ഒപ്പം സാമൂഹിക പ്രവർത്തനവും ഒരേ ആവേശത്തോടെയും അർ‍പ്പണബോധത്തോടെയും നിറവേറ്റുന്ന പേളിയുടെ വിശേഷങ്ങളിലേക്ക്.....

ഹെയർ സ്റ്റൈൽ മാറ്റിയ ഒരു ഫോട്ടോ കണ്ടല്ലോ? ഇനി കേളീ മാണി ഇല്ലേ..?

അയ്യോ ഇതും ശരിക്കും തമാശയ്ക്കു ചെയ്തതാണ്. സത്യം പറഞ്ഞാൽ കാറ്റത്തു മുടി മുഖത്തേക്കു പറക്കുന്നതൊക്കെ എനിക്കിഷ്ടമാണ്. എന്റെ സുഹൃത്തുക്കളുടെയൊക്കെ മുടി കാണുമ്പോൾ എനിക്കും അതുപോലെ റൊമാന്റിക് ആവാനൊക്കെ തോന്നും. ഇതിപ്പോ കുറച്ചുസമയത്തേക്കു വേണ്ടി ചെയ്തതാണ്. ജോ ആൻഡ് ദ ബോയിയുടെ മ്യൂസിക് ലോഞ്ചിനു പോകുന്നതിന് അനിയത്തി റെയ്ച്ചൽ ഡിസൈൻ ചെയ്ത വസ്ത്രമാണിട്ടത്. അപ്പോൾ അവളാണു പറഞ്ഞത് ഈ ഡ്രസിടുമ്പോൾ ചുരുളൻ മുടിയേക്കാൾ നന്നായിട്ടുണ്ടാവുക ഒന്നു നീട്ടിയാൽ ആണെന്ന്. ഇതു ഒന്നു കുളിച്ചു കഴിയുമ്പോഴേയ്ക്കും ചുരുളൻ മുടി ആയിക്കോളുമെന്നേ.. ഈശ്വരാ ഇനി മുടി ചുരുളൻ മുടിയല്ലാതെ കണ്ടാൽ എല്ലാവരും ഞാൻ കുളിക്കാറില്ലെന്നു പറയുമോ?

Pearle Maaney പേളി മാണി

ചുരുളൻ മുടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം?

അതു പാരമ്പര്യമായി കിട്ടിയതാണ്. ഡാഡിയുടെ മമ്മിയുടെ മമ്മിയ്ക്ക് ഇതേപോലുള്ള മുടിയാണെന്നു കേട്ടിട്ടുണ്ട്. മൂന്നു തലമുറ കൈമാറിവന്ന മുടിയാ(ചിരിക്കുന്നു). പിന്നെ കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറുള്ളത്. അതും രഹസ്യമായിരിക്കാം.

ആൾക്കാർക്കു നടുവിൽ വേറിട്ടു നിൽക്കുന്ന മുടിയല്ലേ.. ആൾക്കൂട്ടത്തിൽ തനിയെ ആയിട്ടുണ്ടോ? അതോ അത് ആസ്വദിക്കുകയാണോ ചെയ്തിട്ടുള്ളത്?

സത്യം പറഞ്ഞാല്‍ ആദ്യമൊക്കെ എനിക്കു ഈ മുടി കംഫർട്ടബിൾ ആയിരുന്നില്ല. സ്കൂളിൽ പോകാൻ നേരത്ത് എനിക്ക് ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റുമായിരുന്നില്ല. അമ്മയുടെ സഹായത്തോടെ മാത്രമേ മുടി കെട്ടിവെക്കാൻ പറ്റുമായിരുന്നുള്ളു. അപ്പോള്‍ ഡാഡി പറയുമായിരുന്നു ഈ മുടി നിനക്കു ദൈവത്തിന്റെ സമ്മാനമാണ് അതുപോലെ തന്നെ കൊണ്ടുനടക്കണം എന്ന്. പിന്നെപ്പിന്നെ എന്റെ ചുരുളൻ മുടി കണ്ട് ഓരോരുത്തർ വന്നു ചോദിക്കാൻ തുടങ്ങി, ഇതെങ്ങനെ മാനേജ് ചെയ്യുന്നു രഹസ്യമെന്താണെന്നൊക്കെ, പക്ഷേ ആദ്യമൊന്നും മുടി അഴിച്ചിടില്ലായിരുന്നു. ബാംഗ്ലൂരിൽ പഠിക്കാൻ പോയപ്പോൾ അവിടത്തെ ഹോസ്റ്റലിലെ ചേച്ചിമാർ തമാശയ്ക്കു റാഗിംഗ് നടത്തിയപ്പോഴാണ് മുടി ആദ്യമായി അഴിച്ചിട്ടത്. പിന്നെതോന്നി ഇതും കൊള്ളാമല്ലോയെന്ന്. ഇപ്പോ ശരിക്കുമൊരു കേളീ ഹെയർ ഹാൻ‍ഡ്‍ലിംഗ് എക്സ്പർട്ട് ആയി.

Pearle Maaney പേളി മാണി

പേളിയുടെ മനസിലെ സൗന്ദര്യം എന്താണ്?

അത് എന്റെ മമ്മി തന്നെ നോ ഡൗട്ട്. അമ്മ വളരെ നിഷ്കളങ്കയാണ്. വളരെ പ്യൂർ ആണ് അമ്മയുടെ മനസ്. എന്റെ സുഹൃത്തുക്കളൊക്കെ വന്നാൽതന്നെ എല്ലാവരെയും ഒരുപോലെ സ്നേഹത്തോടെ ട്രീറ്റ് ചെയ്യും. ഇതൊക്കെ ചെയ്യുമ്പോൾ അമ്മയുടെ മുഖത്തൊരു ചിരിയും ഉണ്ടാകും. അതാണു അടിസ്ഥാനമായി വേണ്ടത്. നമുക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയണം. ഭൗതികമാണ് സൗന്ദര്യം എന്നു വിചാരിക്കുന്ന പ്രായമൊക്കെ കഴിഞ്ഞില്ലേ. ഇപ്പോ ബ്യൂട്ടി കോൺടെസ്റ്റുകളിൽ തന്നെ കാണാം നിറം നോക്കിയല്ല കഴിവും പ്രകടനവും നോക്കിയാണ് സൗന്ദര്യം വിലയിരുത്തുന്നത്. തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞ് ഭൗതികമായ സൗന്ദര്യം കുറച്ചു കഴിഞ്ഞാൽ നഷ്ടപ്പെടും പക്ഷേ മനസിന്റെ സൗന്ദര്യം എക്കാലവും നിലനിൽക്കും.

പേളിയ്ക്ക് ഒരു പുരുഷനിൽ ആകർഷണം തോന്നണമെങ്കിൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടായിരിക്കണം?

ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. പിന്നെ നല്ല മനസും എല്ലാവരെയും സ്നേഹിക്കാൻ പറ്റുന്നയാളും ഒന്നുമില്ലാത്തവരെ സഹായിക്കാന്‍ മനസുള്ളവരും ആയിരിക്കണം. അങ്ങനെയുള്ള ഒരാളുടെ കൂടെയുള്ള ജീവിതം എപ്പോഴും സന്തോഷമുള്ളതായിരിക്കും. കാണാനുള്ള സൗന്ദര്യം മാത്രം നോക്കിയുള്ള ആകർഷണം അധികനാൾ കാണില്ലല്ലോ.

Pearle Maaney പേളി മാണി

നിൽപുസമരം, ഡാൻസ് ഫോർ ചെന്നൈ... സാമൂഹിക പ്രവർത്തനം നേരത്തെ തൊട്ടേ മനസിലുണ്ടോ?

സാമൂഹിക പ്രവർത്തനം എന്നൊന്നും പറയാൻ പറ്റില്ല, പക്ഷേ ചെറുപ്പം തൊട്ടേ എനിക്കു മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടമാണ്. എന്റെ ഡാഡി ഒരു സോഷ്യൽവർക്കർ ആണ് അതുകൊണ്ടു കൂടിയാവാം. ഞാൻ കൊച്ചുകുട്ടിയായിരുന്നപ്പോൾ തന്നെ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലുമൊക്കെ എന്നെ കൊണ്ടുപോയിട്ടുണ്ട്. അവിടെയൊക്കെ പോയിവരുമ്പോൾ ഫോൺ ഫുൾ ചാർജ് ആവുമ്പോഴുള്ള ഒരു ഫീലിംഗ് ഇല്ലേ, അതുപോലെയാണെനിക്ക് തോന്നുക. ഓരോ അമ്മൂമ്മമാരും ഉമ്മയൊക്കെ തന്ന് മോൾ നന്നായി വരുമെന്ന് അനുഗ്രഹിക്കുമ്പോഴുള്ള സന്തോഷമുണ്ടല്ലോ അതു പറഞ്ഞറിയിക്കാൻ പറ്റില്ല. ഊളമ്പാറയിലെ ബോർ‌ഡ് മെമ്പർ ആണ് ഡാഡി. അവിടെയും പോകണമെന്നുണ്ട് എനിക്ക്. പക്ഷേ അതിനുള്ള പക്വത ആയിട്ടില്ലെന്നാണ് ഡാഡി പറയുന്നത്. അവിടെ പോകാൻ മനസിനു കുറച്ചുകൂടി കരുത്തു വേണമെന്ന്.

പേളിയ്ക്ക് ഫീലിംഗ്സ് വന്നാൽ കണ്ണുംമൂക്കുമില്ലെന്നാണ് പൊതുവേ പറയുന്നത്?

അതു മറ്റൊന്നും കൊണ്ടല്ല, എനിക്ക് അഭിനയിക്കാനറിയില്ല. എവിടെയായാലും ഞാൻ ഞാനായിട്ടിരിക്കും. എന്തു ഇമോഷന്‍ ആയാലും അത് അടക്കിവച്ചാൽ പിന്നെ ഒരു വൃത്തികെട്ട ഇമോഷൻ ആയിമാറും. ഇപ്പോ നമുക്കൊരു സുഹൃത്തിനോട് എന്തെങ്കിലും ദേഷ്യം തോന്നിയാൽ അതപ്പോൾ പറഞ്ഞു തീർക്കണം അതല്ല എടുത്തുവച്ചാൽ പിന്നെ എത്ര സമയമെടുക്കുന്നോ അത്രത്തോളം വഷളാവുകയേ ചെയ്യൂ. ഡി ഫോർ ഡാൻസിലായാലും ഞങ്ങള്‍ അഭിനയിക്കുകയാണെങ്കിൽ ഭയങ്കര ബോറായേനെ. എനിക്ക് ഒരു വികാരവും ഒരു പരിധിയ്ക്കപ്പുറം അടക്കിവയ്ക്കാന്‍ കഴിയില്ല. എന്നോടു വഴക്കിട്ടു കഴിഞ്ഞാലും കുറച്ചു കഴിഞ്ഞാൽ ഹായ് മമ്മീ എന്നു പറഞ്ഞു പോകും, അപ്പോ മമ്മി പറയും എത്ര കേട്ടാലും എനിക്കൊരു നാണവുമില്ലെന്ന്.

Pearle Maaney പേളി മാണി

ഒരു സെലിബ്രിറ്റി അല്ലായിരുന്നെങ്കില്‍?

അതിനു ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലൊരു സെലിബ്രിറ്റി ആയെന്ന് എനിക്കു തോന്നിയിട്ടില്ല. എന്റെ കാഴ്ച്ചപ്പാടിൽ സെലിബ്രേറ്റ് ചെയ്യുന്നവരെല്ലാം സെലിബ്രിറ്റികളാണ്. ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്നവരെല്ലാം സെലിബ്രിറ്റികളാണ്. മീഡിയയില്‍ കുറച്ചുപേർ അറിയുന്നയാളാവാം ഞാൻ പക്ഷേ ഒരു സാധാരണ പെൺകുട്ടി തന്നെയാണ് ഇപ്പോഴും. ഫേസ്ബുക്കിൽ ആയാലും ചേച്ചീ ഞാൻ ചേച്ചിയു‌െടെ വലിയ ഫാൻ ആണെന്നു പറയുന്നവരോട് എന്റെ സുഹൃത്തായാൽ മതിയെന്നാണ് ‍ഞാൻ പറയാറുള്ളത്. ഫാൻ എന്ന കോൺസെപ്റ്റ് വരുമ്പോൾ അവിടെ അകലവും കൂടുതലായിരിക്കും. എനിക്കെല്ലാവരെയും ഫ്രണ്ട്സ് എന്നു വിളിക്കാനാണ് ഇഷ്ടം.

ഡി ഫോർ ഡാന്‍സിനെക്കുറിച്ച്?

ഡി ഫോർ ഡാൻസ് ഒരു കുടുംബം പോലെയാണ്. ഓണം, ക്രിസ്മസ് പോലുള്ള വെക്കേഷൻ സമയത്ത് നമ്മൾ കുടുംബവീടുകളിൽ പോകില്ലേ. ആ ഒരു ഫീൽ ആൺ ഡി ഫോർ ഡാൻസ് നൽകുന്നത്. ഞങ്ങളെല്ലാം ക്യാമറയ്ക്കു പിന്നിലും നല്ല സുഹൃത്തുക്കളാണ്. ഇപ്പോൾ ഡിഫോർഡാൻസ് 3 കഴിഞ്ഞെങ്കിലും ഞങ്ങളെല്ലാം വാട്സ്ആപ്പിലൂടെയും മറ്റും ദിവസവും ബന്ധം പുലർത്തുന്നുണ്ട്. ജിപി, പ്രസന്ന മാസ്റ്റർ, നീരവ്ജി, പ്രിയാമണി മാം എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ജീവിതത്തിൽ ​എന്തെങ്കിലും പ്രശ്നമുണ്ടായാലും കൂടെ നിൽക്കുമെന്ന് ഉറപ്പുള്ളവർ.

Pearle Maaney പേളി മാണി ഡിഫോർ ഡാൻസ് വേദിയിൽ

പ്രണയിച്ചു പ്ലിങിയ പേളി എന്നാണ് വനിതയുടെ ഇന്റർവ്യൂ വായിച്ചതിനു ശേഷം സമൂഹമാധ്യമങ്ങൾ പറയുന്നത്.. ഉടനുണ്ടാകുമോ പ്രണയവും വിവാഹവും?

ഇപ്പോ എന്റെ ഫോക്കസ് കരിയറിൽ മാത്രമാണ്. എല്ലാവർക്കും കിട്ടുന്ന അവസരമല്ലല്ലോ എനിക്കു കിട്ടിയിരിക്കുന്നത്. ആഗ്രഹിച്ചിട്ടും എത്തിപ്പിടിക്കാൻ പറ്റാത്തവർ ഇഷ്ടംപോലെ കാണും. അതുകൊണ്ട് ഇപ്പോൾ കിട്ടുന്ന അവസരങ്ങളെ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. പുറത്തു പോകുമ്പോൾ പ്രായമായ അമ്മൂമ്മാരും കൊച്ചുകുട്ടികളുമൊക്കെ ഓടിവന്ന് ഒത്തിരി ഇഷ്ടമാണ് എന്നൊക്കെ പറയുമ്പോൾ കണ്ണുനിറയും. പിന്നെ പ്രേമിച്ചു നടക്കാനൊന്നും ഇനി സമയമില്ലെന്നേ. ഇനി ഒരു പ്രണയമുണ്ടായാൽ അതു വിവാഹത്തിലെത്തുകയും ചെയ്യും. ഇപ്പോൾ സിംഗിൾ ആണ് ബട്ട് റെഡി ടു മിംഗിൾ, കുറച്ചു കഴിയട്ടെ.

ഇത്തവണത്തെ ക്രിസ്മസ് ആഘോഷം എങ്ങനെയാണ്?‌

ഇത്തവണത്തെ ക്രിസ്മസ് ദിനം മുഴുവൻ ഞാൻ വീട്ടില്‍ ഉണ്ടാകില്ല. കാരണം 26ന് ഞാൻ ചെയ്ത തെലുഗു പടത്തിന്റെ ഓഡിയോ ലോഞ്ച് ആണ്. അതുെകാണ്ട് 25നു വൈകീട്ട് പോകണം. എന്നാലും മാക്സിമം എന്‍ജോയ് ചെയ്തിട്ടേ പോകൂ.

Pearle Maaney പേളി മാണി

മറക്കാനാവാത്ത ക്രിസ്മസ് ഓർമ?

ക്രിസ്മസിനെക്കുറിച്ചു പറഞ്ഞാൽ തീരില്ല. അതിൽ എപ്പോഴും ഓർമയിൽ വരുന്നത് കുടുംബത്തോടൊപ്പമുള്ള ആഘോഷം തന്നെയാണ്. വടക്കേത്തല എന്ന വലിയ കുടുംബമാണ് എന്റേത്. അങ്കിൾമാരും ആന്റിമാരും കസിൻസുമൊക്കെയായി ഒരു പട തന്നെയുണ്ട്. ക്രിസ്മസിനു മുമ്പേ തന്നെ ഞങ്ങൾ കസിൻസ് എല്ലാവർക്കും ഇന്നയിന്ന മത്സരങ്ങൾ നടത്തുന്നുണ്ട് സമ്മാനങ്ങൾ ഉണ്ടാകും എന്നൊക്കെ എല്ലാവരെയും അറിയിക്കും. അങ്ങനെ ക്രിസ്മസ് എത്തുമ്പോ ഡാൻസ്,ഡയലോഗ് പറയൽ, റാമ്പ് വാക് ഒക്കെ നടത്തും. പ്രായമായവരെയൊന്നും ഒഴിവാക്കില്ല. സമ്മാനങ്ങളാണ് രസകരം. ചിലപ്പോ മുടിയില്ലാത്ത അങ്കിളിന് ചീപ്പ് ആയിരിക്കും, കുക്കിങ് ഇഷ്ടമുള്ള ആന്റിക്ക് ചട്ടുകം അങ്ങനെയങ്ങനെ. അത്രത്തോളം ആസ്വദിച്ചുള്ള ക്രിസ്മസ് ഞാൻ മറ്റെങ്ങും ആഘോഷിച്ചിട്ടില്ല.

ഭാവിപരിപാടികൾ?

എന്തൊക്കെ പ്രോജക്ട് ചെയ്യുന്നു എന്നതല്ല ചെയ്യുന്നതെല്ലാം സന്തോഷത്തോടെ ജോളി ആയി ചെയ്യുക എന്നതാണ് എ​ന്റെ പോളിസി. ഇപ്പോ ഡി2 കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു ഇനി നിന്നെ എല്ലാവരും മറക്കും ഫേസ്ബുക്കിൽ ആക്റ്റീവ് ഫ്രണ്ട്സ് ഒന്നും കാണില്ലെന്ന്. പക്ഷേ അതിനു ശേഷമാണ് എന്റെ ഫോളോവേഴ്സ് കൂടിയത്. എഫ്ബിയിൽ ആയാലും പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രമേ ഞാൻ ഷെയർ ചെയ്യാറുള്ളു. ഒപ്ര വിൻഫ്രേ ഞാൻ അങ്ങേയറ്റം ആരാധിക്കുന്ന സ്ത്രീയാണ്. അവരെപ്പോലെ ആവണമെന്നാണ് എന്റെ ആഗ്രഹം. നമ്മൾ കാരണം മറ്റൊരാൾ സന്തോഷിക്കുകയാണെങ്കിൽ അതല്ലേ ഏറ്റവും വലിയ കാര്യം. അതല്ല നമുക്കു വല്ല വിഷമവുമാണെങ്കിൽ അതു മുഴുവൻ മറ്റുള്ളവരോടു കാണിച്ചിട്ട് എന്തു കിട്ടാനാണ്.

Pearle Maaney പേളി മാണി
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.