Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ഇത് എന്റെയും മനോജ് അങ്കിളിന്റെയും രണ്ടാം ജന്മം, അതോർക്കുമ്പോൾ ഇപ്പോഴും പേടി '

Parvathi പാർവതി പി. നായർ

മൂന്നര വയസ്സിൽ ക്യാമറയ്ക്കു മുൻപിൽ. പന്തളരാജൻ അയ്യപ്പനെക്കുറിച്ചുള്ള ആൽബം. അതിനുശേഷം ഒട്ടേറെ പരസ്യച്ചിത്രങ്ങൾ, സിനിമകൾ, സീരിയലുകൾ. അമ്മമനസ്സുകൾ ഇന്നും താലോലിക്കാൻ കൊതിക്കുന്ന ആ സുന്ദരിക്കുട്ടി – ബേബി പാർവതി. സിനിമയിൽ ബാലനടിയായി പ്രേക്ഷകഹൃദയം കവർന്ന ആ കൊച്ചു കലാകാരി ഇന്നു സീരിയലുകളിൽ തിളക്കമാർന്ന കഥാപാത്രങ്ങളായി പകർന്നാടുന്നു. പാർവതി പി. നായർ എന്ന പേരിൽ അഭിനയരംഗത്ത് കുതിപ്പുകൾ നടത്തുന്നു.

‘മഞ്ഞുരുകുംകാല’ത്തിൽ ജാനിക്കുട്ടിയുടെ കൂട്ടുകാരിയായും ‘കൃഷ്ണതുളസി’യിൽ സൗമ്യയായും ഇപ്പോൾ ‘രാത്രിമഴ’യിലെ അമ്പിളിയായും മറക്കാനാവാത്ത കഥാപാത്രങ്ങളെയാണു പാർവതി അവതരിപ്പിച്ചത്. നിഷ്കളങ്കമായ ബാല്യവും കൗമാരവും കഥാപാത്രങ്ങളിലൂടെ അനായാസമായി അഭിനയിച്ചു പൊലിപ്പിക്കാൻ കഴിയുമെന്ന് പാർവതി എന്നേ തെളിയിച്ചതാണ്.
എ.എം. നസീർ സംവിധാനം ചെയ്ത ‘മകളുടെ അമ്മ’യാണു പാർവതിയുടെ ആദ്യ സീരിയൽ. തുമ്പി, തുളസി എന്നിവരുടെ കഥ പറയുന്ന ഈ സീരിയലിൽ തുമ്പിയുടെ വേഷമായിരുന്നു പാർവതിക്ക്. ആദ്യ സീരിയലിൽ തന്നെ മികവാർന്ന അഭിനയമാണു പാർവതി കാഴ്ചവച്ചത്. ‘മകളുടെ അമ്മ’യ്ക്കുശേഷം പാരിജാതം, ശ്രീധർമശാസ്താവ്, സ്നേഹജാലകം, കടമറ്റത്തച്ചൻ, ഹൃദയം സാക്ഷി തുടങ്ങി പതിനാലു സീരിയലുകളിൽ പാർവതി അഭിനയിച്ചു.

‘പറയാൻ മറന്നത്’ ആണു പാർവതിയുടെ ആദ്യ സിനിമ. ബിജുമേനോനും ലക്ഷ്മി ശർമയും ജോടികളായി അഭിനയിച്ച ചിത്രത്തിൽ അവ
രുടെ മകൾ മാളുവിനെയാണു പാർവതി അവതരിപ്പിച്ചത്. തുടർന്നു ‘പട്ടണത്തിൽ ഭൂതം’ എന്ന മമ്മൂട്ടി ചിത്രത്തിൽ ആറംഗ കുട്ടിപ്പട്ടാളത്തിൽ ഒരംഗമായി അഭിനയിച്ചു. ഭൂതവുമൊത്തു കയറിൽക്കൂടി നടക്കുന്ന രംഗം ആരും അത്ര പെട്ടെന്നു മറക്കുമെന്നു തോന്നുന്നില്ല.

കലാശം, കേരള കഫേ, ബ്ലാക് ഫോറസ്‍റ്റ് എന്നിവയാണു മറ്റു സിനിമകൾ. ജോഷി മാത്യു സംവിധാനം ചെയ്ത ‘ബ്ലാക് ഫോറസ്‍റ്റി’ൽ മിലി എന്ന കഥാപാത്രത്തെയാണു പാർവതി അവതരിപ്പിച്ചത്. ഏറ്റവും നല്ല പരിസ്ഥിതി ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രമാണു ബ്ലാക് ഫോറസ്‍റ്റ്. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോഴുണ്ടായ ഒരനുഭവം പാർവതിക്ക‌ു ജീവിതത്തിൽ മറക്കാനാകില്ല. ഒാർമയിൽ ഇന്നും ഭയത്തിന്റെ കനൽപ്പൊരിയായി ശേഷിക്കുന്ന ആ സംഭവത്തെക്കുറിച്ച് പാർവതി :

Parvathi പാർവതി പി. നായർ

‘‘ശബരിമലയ്ക്കടുത്ത ഒരു പുൽമേട്ടിലായിരുന്നു ഷൂട്ടിങ് ലൊക്കേഷൻ. മനോജ് കെ. ജയനങ്കിളിന്റെ മകളായിട്ടാണു ഞാൻ അഭിനയിക്കുന്നത്. അങ്കിളുമൊത്ത് ബൈക്കിൽ സഞ്ചരിക്കുന്നതാണു രംഗം. ഒരു കിലോമീറ്റർ അകലെയാണു ക്യാമറയുടെ സ്ഥാനം. ആളുകളെയെല്ലാം ആ ഭാഗത്തുനിന്ന് ഒഴിപ്പിച്ചിരുന്നു. ചിത്രീകരണം തുടങ്ങി. പുൽമേട്ടിലൂടെ ബൈക്ക് ഒാടിക്കൊണ്ടിരിക്കുന്നു. പെട്ടെന്നു ബൈക്ക് പാളി തൊട്ടടുത്ത കൊക്കയിലേക്കു മറിഞ്ഞു. അപകടം കാണുന്ന ഒരേയൊരു വ്യക്തി ക്യാമറാമാനാണ്. അദ്ദേഹം ആളുകളെയെല്ലാം വിളിച്ചുകൂട്ടി സംഭവസ്ഥലത്തേക്കു പാഞ്ഞു. അവർ വരുമ്പോൾ കാണുന്നത്, ബൈക്കടക്കം കാട്ടുച്ചെടിയിൽ കുരുങ്ങിക്കിടക്കുന്ന ഞങ്ങളെയാണ്. എല്ലാവരും ചേർന്നു ഞങ്ങളെ അവിടെനിന്നു വലിച്ചുകയറ്റി. കാട്ടുചെടിയിൽ കുരുങ്ങിയില്ലായിരുന്നുവെങ്കിൽ സ്ഥിതി എന്താകുമായിരുന്നു – ഒാർക്കുമ്പോൾ ഇപ്പോഴും പേടി തോന്നുന്നു.’’

തിരുവനന്തപുരം പട്ടം ഗേൾസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണു പാർവതി പി.നായർ. കഴക്കൂട്ടം ശ്രീശൈലത്തിൽ മധു എന്ന പരമേശ്വരൻ നായരുടെയും ഗീതയുടെയും മകൾ. പാർവതിക്ക് ഒ രു സഹോദരിയുണ്ട്. വിവാഹിതയായ ലക്ഷ്മി.

അഭിനയംപോലെ തന്നെ പഠനത്തിലും മുൻപിലാണു പാർവതി. സ്കൂളിലെ അധ്യാപകരും കൂട്ടുകാരികളും നല്ല പ്രോത്സാഹനമാണു നൽകുന്നതെന്നു പാർവതി പറഞ്ഞു. അഭിനയത്തിനു രണ്ടാം സ്ഥാനമേ പാർവതി നൽകിയിട്ടുള്ളൂ. ഒന്നാം സ്ഥാനം സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി. ഡോക്ടറോ വക്കീലോ ആവണമെന്നു തെല്ലുമില്ല മോഹം. അപ്പോൾ ആരാകാനായിരിക്കും പാർവതിയുടെ ആഗ്രഹം? പാർവതിക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. പാർവതി പറയുന്നു: ‘ എനിക്ക് ഒരു സർക്കാർ ജോലിക്കാരി ആയാൽ മതി.’


Your Rating: