Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കഥാപാത്രത്തിന്റെ പേര് കേട്ടാൽ മതി, പ്രേക്ഷകർ രോഷംകൊണ്ടു പൊട്ടിത്തെറിക്കും

Priya Menon പ്രിയ മേനോൻ

വേറിട്ട അഭിനയസിദ്ധി സ്വന്തമാക്കിയ നടി, സംവിധായിക, കാൻവാസിൽ അദ്ഭുതങ്ങൾ പകർത്തുന്ന ചിത്രകാരി, മികച്ച നർത്തകി, സംഗീതജ്ഞ, അധ്യാപിക, പാചകവിദഗ്ധ, ജ്വല്ലറി മേക്കർ – ഇത്രയും കഴിവുകൾ ആത്മാവിൽ കൊണ്ടുനടക്കുന്ന കലാകാരിയെ ‘സകലകലാവല്ലഭ’ എന്നു വിളിക്കാമെങ്കിൽ ആ വാക്കിനോടു ഏറ്റവും ചേർന്നുനിൽക്കുന്ന രൂപം പ്രിയ മേനോന്റെ ആയിരിക്കും. കലയ്ക്കുവേണ്ടി പൂർണമായും സമർപ്പിക്കപ്പെട്ടതാണു പ്രിയയുടെ ജീവിതം. മസ്ക്കറ്റിലും ഒമാനിലും മുംബൈയിലും കേരളത്തിലുമായി ആ കലാജ്യോതിസ്സ് പ്രശോഭിതമായിട്ട് കാലങ്ങളായി.

അടുത്തകാലത്ത് മാതൃത്വത്തിന്റെ അർഥമന്വേഷിക്കുന്ന ‘ബ്രോക്കൺ ലല്ലബി’ എന്ന നാടകത്തിൽ അഞ്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകളഞ്ഞു പ്രിയ മേനോന്‍. പ്രസവിക്കുന്നതുകൊണ്ടു മാത്രം ഒരു സ്ത്രീ അമ്മയാകുന്നില്ലെന്ന് ഉറക്കെ വിളിച്ചു പറയുന്ന ഈ ഏകപാത്ര നാടകം സംവിധാനം ചെയ്തത് പ്രിയനന്ദനാണ്. അമ്മയുടെയും വേലക്കാരിയുടെയും റോളുകളിൽ അസാധാരണമായ അഭിനയ ചാതുര്യമാണു പ്രിയ മേനോൻ പുറത്തെടുത്തതെന്ന് പ്രേക്ഷകസാക്ഷ്യം.

ഒമാൻ തിയറ്റർ ഡ്രീം വീവേഴ്സ് ഇന്റർനാഷണലിനുവേണ്ടി പ്രവാസി മലയാളികൂടിയായ പ്രിയ അവതരിപ്പിച്ചതാണു ബ്രോക്കൺ ലല്ലബി ( തകർന്ന താരാട്ട് ). തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിലായിരുന്നു ആദ്യാവതരണം. ബ്രതോൾഡ് ബ്രഹ്തിന്റെ ‘കൊക്കേഷ്യൻ ചോക്ക് സർക്കിൾ’ നാടകത്തിന്റെ സ്വതന്ത്ര വ്യാഖ്യാനമാണു ബ്രോക്കൺ ലല്ലബി.
മാണിക്യമംഗലത്ത് ജലജകുമാരി എന്ന പേരു കേട്ടാൽ മിനിസ്ക്രീൻ പ്രേക്ഷകർ രോഷംകൊണ്ടു പൊട്ടിത്തെറിക്കും. ‘മൂന്നുമണി’ എന്ന സീരിയലിലെ അഹങ്കാരത്തിനു കൈയും കാലും വച്ച ഒരു കഥാപാത്രമാണു ജലജകുമാരി. മകളെ നേർവഴിക്കു നടക്കാൻ സമ്മതിക്കാത്ത, ഭർത്താവിനെ വകവയ്ക്കാത്ത ഈ കഥാപാത്രത്തെ അഭിനയത്തനിമയാൽ അനശ്വരമാക്കിയതിന്റെ ക്രെഡിറ്റ് പ്രിയ മേനോന് സ്വന്തം.

മലയാള സീരിയലിലും സിനിമയിലും അഭിനയിക്കാൻവേണ്ടി മാത്രം ഒമാനിൽനിന്നും മുംബൈയിൽനിന്നും പറന്നെത്തുന്ന ഈ കലാകാരി കൊടുങ്ങല്ലൂർ സ്വദേശിയാണ്. അച്ഛനും അമ്മയും മുംബൈയിലായതുകൊണ്ട് പഠിച്ചതും വളർന്നതുമെല്ലാം അവിടെയാണ്. ഭർത്താവ് മധു, ഒമാൻ മെഡിക്കൽ കോളജ് അക്കാഡമിക് റജിസ്ട്രാർ ആണ്. മസ്ക്കറ്റ് ഇന്ത്യൻ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രിയ.

സർവകലാസപര്യകൾക്കിടയിൽ രണ്ടു സിനിമകൾക്കു സഹസംവിധാനം നിർവഹിച്ചു പ്രിയ മേനോൻ. ഫാഷൻ, ആയിരം – ഒരു നോട്ടു പറഞ്ഞ കഥ എന്നിവയിലായിരുന്നു ആ സിനിമകൾ. കുമ്പസാരം എന്ന സിനിമയിൽ അഭിനയിക്കുകയും പാട്ടെഴുതുകയും ചെയ്തു.

ചിത്രരചനയിലും പ്രിയയുടെ മനസ്സു നിറയെ പുതിയ കാഴ്ചപ്പാടുകളാണ്. നവ മാനങ്ങൾ ക്യാൻവാസിൽ പകർത്താനുള്ള ആവേശം. അങ്ങനെയാണു ‘അടൂർ ഗോപാലകൃഷ്ണൻ ആന്റ് ഹിസ് ലെവൻ വണ്ടേഴ്സ്’ എന്ന സൃഷ്ടി ഉയിർകൊണ്ടത്. അടൂരിന്റെ പതിനൊന്നു സിനിമകൾ പ്രതീകാത്മകമായി ഒരേ കാൻവാസിൽ പകർത്തിയാണു പ്രിയ ഈ രംഗത്തും ഒരു സംഭവമായത്.

സംഗീത ആൽബങ്ങളിലും കുക്കറി ഷോകളിലും ജ്വല്ലറി മേക്കിങിലും പ്രിയ മേനോന്റെ സജീവസാന്നിധ്യമുണ്ട്. ഇതിനെല്ലാം പുറമേയാണു ഡാൻസ് പ്രേഗ്രാമുകൾ. മികച്ച ഭരതനാട്യ നർത്തകി കൂടിയാണു ഈ അനുഗ്രഹീത കലാകാരി. മുംബൈയിലുള്ള കൃഷ്ണപ്പണിക്കരാണു ഗുരു.

ഇരട്ടക്കുട്ടികളടക്കം മൂന്നു മക്കളുടെ അമ്മയാണു പ്രിയ മേനോൻ. മൂത്ത മകൻ അമരിത് മേനോൻ ഫിലിപ്പൈൻസിൽ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഇരട്ടകളായ കരിഷ്മ മേനോൻ വിഷ്വൽ കമ്യൂണിക്കേഷൻ ആന്റ് ഫിലിം മേക്കിങ്ങിനു ബാംഗ്ളൂർ സെന്റ് ജോസഫ്സിലും കാഷ്മിര മേനോൻ ഒന്നാംവർഷ എംബിബിഎസിനു ഫിലിപ്പൈൻസിലും പഠിക്കുന്നു.
കലയിൽ വ്യത്യസ്ത രൂപങ്ങൾ തേടുന്ന പ്രിയ സ്വന്തം നാടിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. കേരളത്തിൽ നടത്തിയിട്ടുള്ള എല്ലാ സംരംഭങ്ങൾക്കും അർഹമായ അംഗീകാരങ്ങൾ പ്രിയയ്ക്കു ലഭിച്ചു. മാധ്യമങ്ങളിൽനിന്നും നല്ല പ്രോൽസാഹനം കിട്ടി. അതുകൊണ്ട് പ്രിയ പറയുന്നു, മനസ്സു നിറയെ സന്തോഷമാണ്... സംതൃപ്തിയാണ്.