Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ കാവ്യാ മാധവനെപോലെയാണത്രേ, കാവ്യേ!!!

Veena Nair വീണ നായർ

അഭിനയ രംഗത്ത് സ്ലിം ബ്യൂട്ടിക്കാർ മാത്രം തകർക്കുന്നതിനിടയിലാണ് ഒരിത്തിരി വണ്ണത്തോടെ വന്ന പെൺകുട്ടിയെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. വില്ലത്തി രംഗങ്ങളില്‍ അവളെ കണ്ടപ്പോൾ പ്രേക്ഷകരൊന്നാകെ പറഞ്ഞു ഇവൾ ഭയങ്കരി തന്നെ, ക്യാരക്റ്റർ റോളുകളിൽ മിടുക്കിയായി നിറഞ്ഞാടി, പിന്നീടു കോമഡിയും തനിക്കു പുഷ്പം പോലെ വഴങ്ങുമെന്നു തെളിയിച്ചതോടെ അവൾ പ്രേക്ഷകരുടെ പ്രിയങ്കരിയായി. കലാതിലകമായി അഭിനയരംഗത്തേക്കു പ്രവേശിച്ച് സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയം തന്നെയാണ് തന്റെ വഴിയെന്നു തെളിയിച്ച വീണാ നായർ മനോരമ ഓണ്‍ലൈനുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു...

അഭിനയത്തിലേക്ക് കടന്നു വന്നതെങ്ങനെ?

സ്കൂൾ ഫെസ്റ്റിവലിലെ കലാതിലകമായിരുന്നു ഞാൻ. അങ്ങനെ പത്രത്തിൽ വന്ന ഫൊട്ടോ കണ്ടിട്ടാണ് സീരിയലിലേക്കു വിളിക്കുന്നത്. 2006 മുതൽ അഭിനയരംഗത്തെത്തി. കൂടുതലും സീരിയലുകളാണ് ചെയ്തത്. ഇപ്പോ സിനിമയും ചെയ്തു തുടങ്ങി. വെള്ളിമൂങ്ങയാണ് എന്റെ ആദ്യചിത്രം. പിന്നീടങ്ങോട്ട് സെക്കൻഡ് ക്ലാസ് യാത്ര, തിലോത്തമ, ഷീ ടാക്സി, മറിയം മുക്ക് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകുവാൻ കഴിഞ്ഞു. ഇനി ജയറാമേട്ടന്റെ ആടുപുലിയാട്ടമാണ് വരാനിരിക്കുന്ന ചിത്രം. മറ്റു രണ്ടു പ്രൊജക്റ്റുകള്‍ ചർച്ചയിലാണ്. കൂടുതൽ വെളിപ്പെടുത്താറായിട്ടില്ല. ഒപ്പം ഇന്ദുമുഖി ചന്ദ്രമുഖി, തട്ടീം മുട്ടീം എന്നീ സീരിയലുകളും ചെയ്യുന്നു.

സ്ക്രീനിൽ അനായാസം കോമഡി അവതരിപ്പിക്കുന്ന വീണ ജീവിതത്തിലും തമാശക്കാരിയാണോ?

ജീവിതത്തിലും ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. എനിക്കെപ്പോഴും ചിരിക്കാനാണിഷ്ടം, കരയാനിഷ്ടമല്ല. കലപില സംസാരിച്ചോണ്ടിരിക്കും, ആരെങ്കിലും നിർത്താൻ പറഞ്ഞാലേ നിര്‍ത്തൂ. എല്ലാവരും പറയും കീ കൊടുത്ത വണ്ടി പോലെ എനർജറ്റിക് ആണു ഞാനെന്ന്, മിണ്ടാതിരിക്കാൻ എ​നിക്കറിയില്ല.

Veena Nair വീണ നായർ

അഭിനയിക്കാൻ കൂടുതലെളുപ്പം കോമഡിയാണോ അതോ ക്യാരക്റ്റർ റോളുകളാണോ?

അങ്ങനെയൊന്നുമില്ല, ഏതു റോളിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. പക്ഷേ കൂടുതലും ക്യാരക്ടർ റോളുകൾ ചെയ്യാനാണിഷ്ടം. ഒരു സീനിലാണെങ്കിൽ പോലും പെർഫോം ചെയ്യാൻ സാധ്യത ഉള്ള കഥാപാത്രമാണെങ്കിൽ ഞാൻ അഭിനയിച്ചിരിക്കും.

വണ്ണത്തെയോർത്ത് സങ്കടപ്പെട്ടിട്ടുണ്ടോ അതോ അനുഗ്രഹമാണോ?

അയ്യോ എന്നും വിഷമമുണ്ട്. സത്യത്തിൽ എനിക്കു വണ്ണം കുറയ്ക്കാൻ വെറും പത്തുദിവസം ഒന്നു ആഞ്ഞു ശ്രമിച്ചാൽ മതി, പക്ഷേ അതിനു മിനക്കെടാഞ്ഞിട്ടാണ്. പിന്നെ എന്നെ നേരിൽ കാണുന്നതിലും വണ്ണം സ്ക്രീനിൽ തോന്നും കേട്ടോ. പലരും പറഞ്ഞിട്ടുണ്ട് ഞങ്ങൾ സ്ക്രീനില്‍ കണ്ടപ്പോള്‍ ഇതില്‍ക്കൂടുതൽ വണ്ണം തോന്നിച്ചുവെന്ന്. ഭക്ഷണം കുറച്ചാല്‍ കാറ്റഴിച്ചതു പോലെ മെലിയുന്നയാളാണു ഞാൻ. പക്ഷേ, ഡയറ്റിംഗ് സമയത്തായാലും ഇഷ്ടമുള്ള ഭക്ഷണം കണ്ടാൽ ഒരിത്തിരി രുചിക്കെങ്കിലും കഴിക്കും , അല്ലെങ്കിൽ എനിക്കു സമാധാനമില്ല. എന്തായാലും ഈ വർഷം വണ്ണം കുറയ്ക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ഡയറ്റും ജിമ്മും ആരംഭിച്ചു. പിന്നെ ഇത്തവണ ഞാനുറപ്പായും വണ്ണം കുറയ്ക്കുമെന്നു പറഞ്ഞപ്പോൾ ഭർത്താവ് ചോദിച്ചു കഴിഞ്ഞ നാലു വർഷമായി ഞാനിതു തന്നെ കേള്‍ക്കുന്നു ഇത്തവണയെങ്കിലും നടക്കുമോയെന്ന്. (ചിരിക്കുന്നു)

തട്ടീംമുട്ടീം ടീമിനെക്കുറിച്ച്?

തട്ടീം മുട്ടീം സീരിയലിനെക്കുറിച്ചു പറഞ്ഞാൽ തീരില്ല. എനിക്കു സിനിമയിലേക്ക് എൻട്രി തന്ന സീരിയലാണത്. അതിലെ കോകില എന്ന കഥാപാത്രത്തെ കണ്ടിട്ടാണ് വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ജേക്കബിന്റെ ഭാര്യ എന്നെ സിനിമയിലേക്കു നിർദ്ദേശിക്കുന്നത്. എന്റെ കരിയറിൽ വലിയ ബ്രേക് തന്നു തട്ടീം മുട്ടീം. പിന്നെ കെ.പി.എസ്.സി ലളിതാമ്മയും മഞ്ജു ചേച്ചിയുമൊക്കെ അഭിനയത്തിന്റെ സ്കൂളുകളാണ്. അവരിൽ നിന്നും ഓരോദിവസവും അഭിനയം പ​ഠിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ.

Veena Nair വീണാ നായർ കെ.പി.എ.സി ലളിതയ്ക്കും മഞ്ജു പിള്ളയ്ക്കും ഒപ്പം

സിനിമയോ സീരിയലോ കൂടുതല്‍ സംതൃപ്തി നൽകുന്നത്?‌

രണ്ടിനോടും ഒരുപോലെ ഇഷ്ടമുണ്ട്. ആളുകൾ എന്നെ തിരിച്ചറിഞ്ഞത് സീരിയലിലൂടെയാണ് അപ്പോ ആ ഇഷ്ടം എന്നുമുണ്ടാകും. പിന്നെ ഇപ്പോ സിനിമ ചെയ്തു തുടങ്ങിയപ്പോ ഇനിയും ഒത്തിരി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അഭിനയം പാഷൻ ആയിട്ടുള്ള എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം സിനിമ തന്നെയാണല്ലോ. സിനിമയിൽ തന്നെ നല്ല കുറച്ചു വേഷങ്ങൾ ചെയ്തു നിലനിൽക്കാൻ പറ്റിയാൽ അത്രയും സന്തോഷം, എല്ലാം ദൈവത്തിന്റെ കയ്യിലാണ്.

വിവാഹശേഷം അഭിനയരംഗം വിടുന്നവരാണ് നടിമാരിലേറെയും. എന്തു തോന്നുന്നു?

എന്റെ കാര്യത്തിൽ അങ്ങനെയൊന്നല്ല സംഭവിച്ചത്. ആദ്യചിത്രമായ വെള്ളിമൂങ്ങ വിവാഹശേഷം അഭിനയിച്ച ചിത്രമാണ്. ഇതിനിടയിൽ കുറേ സീരിയലുകളും ചെയ്തു. അപ്പോൾ കുടുംബജീവിതത്തിനു തടസം വരാത്ത രീതിയിൽ അഭിനയിക്കുന്നതിനോടു യോജിപ്പേയുള്ളു. പിന്നെ ഇതൊക്കെ ഓരോരുത്തരുടെ താൽപര്യമല്ലേ, ചിലർ വിവാഹശേഷം അഭിനയം വിടാൻ താൽപര്യമുള്ളവരായിരിക്കും. എന്റെ ഭർത്താവും വീട്ടുകാരും കലാതാൽപര്യം ഉള്ളതിനൊപ്പം കുറച്ചു ഫോര്‍വേഡ് ആയി ചിന്തിക്കുന്നവരുമാണ്. എന്നും അഭിനയിച്ചു കൊണ്ടിരിക്കാൻ തന്നെയാണ് എനിക്കിഷ്ടം. പിന്നെ കുടുംബ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ ഒന്നു വിട്ടു നിന്നേക്കാം. അപ്പോഴും ഒരിടവേളയ്ക്കു ശേഷം തിരിച്ചു വരണമെന്നു തന്നെയാണ് ആഗ്രഹം. കെ.പി.എസ്.സി ലളിതാമ്മയെപ്പോലെയൊക്കെ ഒരു നടിയാകണമെന്നാണ് ആഗ്രഹം.

കാവ്യാമാധവന്റെ ഛായയുണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

ഒത്തിരിപേർ പറഞ്ഞിട്ടുണ്ട്. അതുകേൾക്കുമ്പോൾ ഭയങ്കര സന്തോഷവുമുണ്ട്. കാരണം എനിക്കു മലയാള സിനിമയിൽ ഏറ്റവും സുന്ദരികളായി തോന്നിയിട്ടുള്ളത് ശ്രീവിദ്യാമ്മയും കാവ്യയുമാണ്. ഇവരുടെ ആ നാടൻ ഭംഗി ഒന്നു വേറെ തന്നെയാണ്. അനന്തഭദ്രത്തിലെയൊക്കെ കാവ്യ എന്തു സുന്ദരിയാണല്ലേ. വീട്ടിലും എല്ലാവരും കാവ്യ ഫാൻസ് ആണ്. കാവ്യയെപ്പോലൊരു സുന്ദരിയാണെന്നു പറയുമ്പോൾ സന്തോഷമുണ്ട്, ഇനിയിപ്പോ കാവ്യയ്ക്കു പ്രശ്നമുണ്ടെങ്കിലേയുള്ളു.( ചിരി) അടുത്തിടെ കാവ്യയുടെ ലക്ഷ്യയിൽ പോയപ്പോൾ കാവ്യയുടെ സഹോദരന്റെ ഭാര്യയും പറഞ്ഞു എന്നെ ടിവിയിൽ കാണുമ്പോൾ അവർക്കും സാമ്യം തോന്നിയിട്ടുണ്ടെന്ന്.

Veena Nair വീണ നായർ, കാവ്യാ മാധവൻ

എപ്പോഴെങ്കിലും ഈ രംഗത്ത് വിവാഹിതരോട് വേര്‍തിരിവുകളുണ്ടെന്നു തോന്നിയിട്ടുണ്ടോ?

എനിക്കിതുവരെ അങ്ങനെയൊന്നും തോന്നിയിട്ടില്ല. നമ്മുടെ പെരുമാറ്റത്തിന് അനുസരിച്ചാണ് ഇതെല്ലാമെന്നു തോന്നുന്നു. അഭിനയരംഗത്തായാലും വീട്ടിലോ നാട്ടിലോ ആയാലും ഏറ്റവും അത്യാവശ്യം നല്ല പെരുമാറ്റമാണ്. അതും ദൈവാനുഗ്രഹവും ഉണ്ടെങ്കിൽ പിന്നെ ഇത്തരം വേർതിരിവുകളൊന്നും ഉണ്ടാകില്ലെന്നു തന്നെയാണ് തോന്നുന്നത്.

അഭിനയവും സ്റ്റേജ് പ്രോഗ്രാമുകളും വിട്ടാൽ വീണയുടെ ജീവിതം എങ്ങനെയാണ്?

രാവിലെ ഒരു ഏഴരയോടെ എഴുന്നേൽക്കും, ഏഴരവെളുപ്പിന് എഴുന്നേൽക്കണമെന്നല്ലേ പണ്ടുള്ളവർ പറയാറ്. (ചിരിക്കുന്നു ) പിന്നെ അടുക്കളയിൽ അമ്മയെ സഹായിക്കും. ചേട്ടനുള്ള ദിവസങ്ങളിൽ മിക്കവാറും യാത്രകളായിരിക്കും. ഞങ്ങൾ രണ്ടുപേർക്കും യാത്രകൾ ഇഷ്ടമാണ്. സുഹൃത്തുക്കളുടെ വീട്ടിലോ ഔട്ടിങിനോ ഒക്കെ പോയി ആ ദിവസം അങ്ങനെ തീരും.

സോഷ്യൽ മീഡിയയിൽ സജീവമല്ലേ? നടിമാർക്കെതിരെ നടക്കുന്ന കമന്റുകളോടും പ്രചരണങ്ങളോടും എന്തു തോന്നുന്നു?

സോഷ്യൽ മീഡിയയിൽ ഞാൻ സജീവമാണ്. വാട്സ്ആപ്പിലും ഫേസ്ബുക്കിലുമുണ്ട്. ഫേസ്ബുക്കിൽ എന്റെ പേരില്‍ തന്നെ ഒരുപാട് ഫേക്ഐഡികൾ ഉണ്ടെന്നറിഞ്ഞു. അതുകൊണ്ട് പേജ് വെരിഫൈ ചെയ്യാനുള്ള തീരുമാനത്തിലാണിപ്പോൾ. പിന്നെ ചിത്രങ്ങൾ ഇടുമ്പോൾ മോശം കമന്റ് ലഭിച്ച അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അതിനൊന്നും വലിയ മൈൻഡ് കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ടുകയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ എന്നു കേട്ടിട്ടില്ലേ. നമ്മൾ ഒരുവട്ടം പ്രതികരിച്ചാൽ മറുവശത്തുള്ളയാള്‍ അതിനു മറുപടിയിടും അതിനു വീണ്ടും നമ്മളും മറുപടി കൊടുക്കണം. അപ്പോ അതിനൊന്നും നിൽക്കാതിരുന്നാൽ ഒരു പ്രശ്നവുമില്ലല്ലോ. അതുപോലെതന്നെ മോശം കമന്റ് ഇടുന്നവരോട് മാന്യമായ ഭാഷയിൽ പ്രതികരിക്കുന്ന നല്ലയാളുകളും എന്റെ ഫ്രണ്ട്‍ലിസ്റ്റിലുണ്ട്.

Veena Nair വീണ നായർ

സീരിയലുകൾ പലതും കുടുംബ സദസുകളെ നെഗറ്റീവ് ചിന്താഗതിക്കാരാക്കുന്നു എന്നൊരു പ്രചരണമുണ്ട്. എങ്ങനെ പ്രതികരിക്കുന്നു?

അങ്ങനെ കണ്ണടച്ചു പറയാൻ പറ്റില്ല. എല്ലാ സിനിമകളും നല്‍കുന്നതു നല്ല സന്ദേശം മാത്രമാണോ? കഥയെ കഥ മാത്രമായി കാണുക, യാഥാർഥ്യവുമായി കൂട്ടിക്കുഴയ്ക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഇവയൊക്കെ എന്റർടെയ്ൻമെന്റ് അല്ലേ. സീരിയൽ കൊണ്ടു മാത്രം ജീവിക്കുന്ന എത്ര കുടുംബങ്ങളുണ്ടെന്നറിയാമോ? അവരെക്കുറിച്ച് ഇങ്ങനെ നെഗറ്റീവ് പ്രചരണം നടത്തുന്നവർ ചിന്തിക്കാറുണ്ടോ? എന്തായാലും നമുക്കു ചുറ്റും നടക്കുന്നയത്രയും മോശമായ കാര്യങ്ങളൊന്നും സീരിയലുകളിൽ കാണിക്കുന്നില്ല.

പ്രണയവിവാഹമായിരുന്നോ?

പ്രണയം എന്നു പറയാൻ പറ്റില്ല. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍, അളിയാന്നാണു പരസ്പരം വിളിച്ചോണ്ടിരുന്നത്. ചേട്ടനും കലാപ്രതിഭയായിരുന്നു. കലോത്സവത്തിനിടയിലുള്ള പരിചയത്തിനു ശേഷം പിന്നീടു കാണുന്നത് കുറേക്കാലം കഴിഞ്ഞിട്ടാണ്. പിന്നെ എപ്പോഴോ ഇഷ്ടം പറഞ്ഞു, വീട്ടിൽ അറിയിച്ചപ്പോൾ അവരും സമ്മതം മൂളി. വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു വർഷത്തിനു ശേഷമാണ് കല്യാണം കഴിച്ചത്. അപ്പോ നല്ലപോലെ പ്രണയിച്ചു. ചേട്ടൻ എ‍ഞ്ചിനീയറാണ്, നന്നായി പാട്ടു പാടും. കലാകാരനായതുകൊണ്ട് എന്നെ നന്നായി മനസിലാക്കുന്നുണ്ട്.

കുടുംബത്തെക്കുറിച്ച്?

എന്റെ അമ്മയും അച്ഛനും മരിച്ചു. സഹോദരൻ ശരത് അബുദാബിയിലാണ്, സഹോദരന്റെ ഭാര്യയും രണ്ടു മക്കളും തിരുവനന്തപുരത്ത് താമസിക്കുന്നു. ഷൂട്ടിങിനു പോകുമ്പോൾ ഞാൻ അവർക്കൊപ്പമാണ് നിൽക്കാറുള്ളത്. പിന്നെ എന്റെ ഭർത്താവ് സ്വാതി സുരേഷ് ഭൈമി അവിടെ അച്ഛനും അമ്മയും സഹോദരനുമുണ്ട്. ചേട്ടന്റെ വീട്ടിൽ ചെന്നതുമുതൽ എനിക്ക് അച്ഛനും അമ്മയും ഇല്ലെന്ന തോന്നലേ ഉണ്ടായിട്ടില്ല.

Veena Nair വീണ നായർ ഭർത്താവിനൊപ്പം