Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടുസാരിയുടുത്ത് മലയാളിപ്പെണ്ണായി ജുഹി ചൗള, കാണാം ക്ലാസി ലുക്ക്

 ബോളിവുഡ് നടി ജൂഹി ചൗള മഹാലക്ഷ്മി സില്‍ക്സിന്റെ ഫാഷൻ ഷോയിൽ ഫോട്ടോ: ആൽബർട്ട് തോമസ്

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന പാട്ടുപാ‌ടി വന്ന ചുരുണ്ടമുടിക്കാരിയെ ഓർമ്മയില്ലേ. മലയാളത്തിന്റെ നടന വസന്തങ്ങൾ മോഹൻ ലാലിനും മമ്മൂട്ടിക്കുമൊപ്പം പാടി ചുവടുകള്‍ വച്ച ആ മറുനാടൻ സുന്ദരിയെ എങ്ങനെ മറക്കാനാണല്ലേ.. മലയാളത്തിനു പുതുമുഖമായിട്ടായിരുന്നു വരവെങ്കിലും ഒരൊറ്റ ചിത്രം കൊണ്ടു തന്നെ ജൂഹി മലയാളി പ്രേക്ഷകമനസുകളിൽ ഇടം നേടി. കേരളത്തിലേക്കുള്ള രണ്ടാംവരവിലും ജൂഹിക്കു വലിയ മാറ്റമൊന്നുമില്ല. അതു പക്ഷേ സിനിമയിൽ അഭിനയിക്കാനല്ലെന്നുമാത്രം.

Juhi Chawla ബോളിവുഡ് നടി ജൂഹി ചൗള മഹാലക്ഷ്മി സില്‍ക്സിന്റെ ഫാഷൻ ഷോയിൽ ഫോട്ടോ: ആൽബർട്ട് തോമസ്

മലയാളക്കരയിൽ മലയാളത്തില്‍ പാടി മലയാളികളുടെ മനംകവർന്നു ജൂഹി ചൗള എത്തിയത് തിരശീലയിൽ നിന്നു വിട്ടുമാറി റാമ്പിൽ ചുവടു വെക്കാനാണ്. മഹാലക്ഷ്മി സിൽക്സിന്റെ വസ്ത്ര വൈവിധ്യങ്ങൾ പരിചയപ്പെടുത്താനാണ് ജൂഹി കോട്ടയത്തെത്തിയത്. മഹാലക്ഷ്മി സിൽക്സിന്റെ സപ്തമുഖി ഫാഷൻ ഷോയിൽ രാശിപ്പട്ടിന്റെ വേറിട്ട ഭാവങ്ങളെ റാംപിൽ അവതരിപ്പിക്കാനാണു ജൂഹി എത്തിയത്. പൊന്നാമ്പൽ പുഴയിറമ്പിൽ എന്ന പാട്ടിന്റെ‌ അകമ്പടിയോടെ എത്തിയ ജൂഹി ഗാനം വേദിയിൽ പാടുകയും ചെയ്തു. നിറഞ്ഞ കയ്യടിയായിരുന്നു സദസിന്റെ മറുപടി.

Juhi Chawla മഹാലക്ഷ്മി സില്‍ക്സിന്റെ ഫാഷൻ ഷോയിൽ ബോളിവുഡ് നടി ജൂഹി ചൗളയ്ക്കൊപ്പം മറ്റു മോഡലുകൾ ഫോട്ടോ: ആൽബർട്ട് തോമസ്

അഞ്ചു റൗണ്ടുകളുണ്ടായിരുന്ന ഷോയിൽ മൂന്നാംറൗണ്ടിലാണ് ജൂഹി എത്തിയത്. രാശിപ്പട്ടിന്റെ വ്യത്യസ്തതകൾ പാരമ്പര്യ തനിമയോടെ തന്നെ ജൂഹി കാഴ്ച്ചക്കാരുടെ മുന്നിലേക്ക് അവതരിപ്പിച്ചു. ഗാനം പാടിയതിനൊപ്പം ഹരികൃഷ്ണൻസിൽ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷമുഹൂർത്തത്തെയും ജൂഹി പങ്കുവച്ചു. ഹരികൃഷ്ണൻസിന്റെ ചിത്രീകരണം പൂര്‍ത്തിയായപ്പോൾ വിഷമമായെന്നും മലയാ‌ള സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും ജൂഹി പറഞ്ഞു.

Juhi Chawla മഹാലക്ഷ്മി സില്‍ക്സിന്റെ ഫാഷൻ ഷോയിൽ ബോളിവുഡ് നടി ജൂഹി ചൗളയ്ക്കൊപ്പം മറ്റു മോഡലുകൾ ഫോട്ടോ: ആൽബർട്ട് തോമസ്

കോടിമത വിൻസർ കാസിൽ കൺവൻഷൻ സെന്ററിൽ നടന്ന ഷോയിൽ ജൂഹിയെ കൂടാതെ 15 മോഡലുകളും അണിനിരന്നു. വിവാഹസാരികളുടെ ശേഖരമാണ് ആദ്യം അരങ്ങിലെത്തിയത്‌. തുടർന്നു ഡിസൈനർ വിവാഹ ഗൗണുകൾ, പാരമ്പര്യത്തനിമയുള്ള വസ്ത്രങ്ങൾക്കൊപ്പം കാഞ്ചീപുരം, ബനാറസ്, രാജ്കോട്ട്, പിലിക്കോട്ടി, ഫുൽക്കാരി, സർദോസി, ചന്ദേരി, പട്ടോള, പൈതനി, ഗഡ്​വാൾ, സാംബർപുരി, കാത്താ, ഉപ്പാടാ, തങ്കാ, ഗിച്ചാജൂട്ട് പട്ടുസാരികളുടെ ശേഖരവും ഫാഷൻഷോയിൽ അവതരിപ്പിച്ചു.

മഹാലക്ഷ്മി സിൽക്സിന്റെ രാശിപ്പട്ടും സുന്ദരികൾ റാംപിലെത്തിച്ചു. അഞ്ചു റൗണ്ടുകളിലായി നടന്ന ഷോയിൽ മൂന്നാം റൗണ്ടിലെ ഷോ സ്റ്റോപ്പറായാണു രാശിപ്പട്ടുടുത്തു ജൂഹി എത്തിയത്‌. തുടർന്ന് ആസ്വാദകരുടെ ചില ചോദ്യങ്ങൾക്കും ജൂഹി മറുപടി പറഞ്ഞു. രമേഷ്‌ പിഷാരടിയുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. രഞ്ജിനി ഹരിദാസായിരുന്നു അവതാരക.

Your Rating: