Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലേട്ടനെപ്പോലെയുള്ള ഭർത്താവിനെ കിട്ടാൻ ആഗ്രഹിച്ച പെൺകുട്ടികളുണ്ട്: കിഷോർ സത്യ

Kishore Sathya കിഷോർ സത്യ

കിഷോർ സത്യ എന്ന പേരിന് ഒരുകാലത്ത് പല മുഖമുണ്ടായിരുന്നു. അവതാരകൻ, സിനിമാനടൻ, സിരിയലുകളിലെ സ്വഭാവനടൻ, ദുബായിലെ മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ ജോക്കി. ഇന്നു പക്ഷെ കിഷോർ സത്യ എന്ന പേരുകേൾക്കുമ്പോൾ കേരളത്തിലെ സീരിയൽ പ്രേക്ഷകർക്ക് ഒറ്റ മുഖമേ മനസ്സിൽ വരൂ. കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രന്റെ. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കിഷോർ അഭിനയക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സീരിയലിൽ നിന്നും സിനിമയിലേക്കും സജീവമാകാൻ തയ്യാറെടുക്കുന്ന കിഷോർ സത്യ വിശേഷങ്ങൾ പങ്കുവെക്കുന്നു.

സീരിയലിൽ തിളങ്ങി നിന്ന സമയത്ത് എന്തിനായിരുന്നു രണ്ടു വർഷത്തെ ഇടവേള?

കെ.കെ.രാജീവിന്റെ കഥയിലെ രാജകുമാരിയാണ് അവസാനം ചെയ്ത സീരിയൽ. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ട വേഷമായിരുന്നു അത്. അതിനോടൊപ്പം നിൽക്കുന്ന കഥാപാത്രമായിരിക്കണം അടുത്തത് എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അതിനായുള്ള കാത്തിരിപ്പായിരുന്നു ഈ രണ്ടു വർഷം. സീരിയൽ കഴിഞ്ഞ സമയത്ത് തന്നെ ഞാൻ രാജീവേട്ടനോട് പറഞ്ഞിരുന്നു നിങ്ങൾ എന്നെ വല്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ഇതുപോലെയൊരു കഥാപാത്രം കിട്ടുക ഇനി പ്രയാസമായിരിക്കുമെന്ന്. ഏതായാലും ഒരുപാട് നാൾ കാത്തിരിക്കുമുമ്പ് പ്രവീൺ കടയ്ക്കാവൂർ കറുത്തമുത്തുമായി വന്നു.

Kishore Sathya കിഷോർ സത്യ

കറുത്തമുത്തിലെ ബാലചന്ദ്രനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചല്ലോ?

ബാലചന്ദ്രൻ വ്യക്തിപരമായി എനിക്കും ഒരുപാട് ഇഷ്ടമായ കഥാപാത്രമാണ്. സീരിയൽ തുടങ്ങിയ സമയത്തൊക്കെ ഡോക്ടർ ബാലചന്ദ്രനെപ്പോലെയുള്ള ആളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച പെൺകുട്ടികളുണ്ട്. കറുത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത് ജീവനു തുല്യം സ്‌നേഹിക്കുന്ന ഡോ. ബാലചന്ദ്രനെ പെൺകുട്ടികളെങ്ങനെ ഇഷ്ടപ്പെടാതെയിരിക്കും.

എല്ലാവരും വെളുത്തിരിക്കാനാണ് ആഗ്രഹിക്കുന്നത്. സിനിമയിലെയും സീരിയലിലെയും നായികാനായക കഥാപാത്ര സങ്കൽപ്പവും അങ്ങനെയാണ്. വെളുപ്പാണ് സൗന്ദര്യം എന്ന പൊതുധാരണയെ തിരുത്തുന്ന സീരിയലാണ് കറുത്തമുത്ത്. അതുകൊണ്ടാണ് പ്രേക്ഷകരുടെ ഇടയിലും ഏറെ സ്വീകാര്യത ഉണ്ടായത്.

സിരിയൽ ലൗവേഴ്സിനെപ്പോലെ തന്നെ സീരിയൽ ഹേറ്റേഴ്സും നിറയെ ഉള്ള കാലമാണ് അവരോട് എന്താണ് പറയാനുള്ളത്?

സീരിയലിൽ കാണിക്കുന്ന കാര്യങ്ങളോട് വ്യക്തിപരമായി പല എതിർപ്പുകളുമുള്ള ആളാണ് ഞാൻ. അങ്ങനെ എതിർപ്പുണ്ടെന്ന് തോന്നുന്ന സീരിയൽ ഞാൻ വീട്ടിൽ വെക്കാറില്ല, വീട്ടുകാരെയും അത് കാണാൻ അനുവദിക്കാറില്ല. എല്ലാ ദിവസവും പത്രം വീട്ടിലിടുന്ന പയ്യൻ ഒരു ദിവസം പത്രത്തോടൊപ്പം അശ്ലീലമാസിക തന്നാൽ എന്തു ചെയ്യും?

ഗൃഹനാഥനെന്ന നിലയിൽ എന്റെ കുടുംബം അത് കാണുന്നത് നല്ലതല്ല എന്ന തിരിച്ചറിവിൽ ഞാൻ അത് ആരും കാണാതെ നശിപ്പിക്കും അതുപോലെ സീരിയൽ മോശമാണെങ്കിൽ അത് കാണാതെയിരിക്കാനുള്ള വിവേചന ബുദ്ധി ഉപയോഗിക്കൂ. സിരിയലുകളെ ബഹിഷ്കരിക്കൂ.അല്ലെങ്ങിൽ ടെലിവിഷൻ കംപ്ളൈൻറ്റ് അതോറിറ്റിക്ക് പരാതിപ്പെടൂ ഒരു ഇ.മെയിലിന്റെ കാര്യമല്ലേയുള്ളൂ. എങ്കിലേ ഇത് നന്നാവൂ . അതിനൊന്നും മെനക്കെടാതെ സീരിയൽ താരങ്ങളുടെ ഫേസ്ബുക്കിലൊക്കെ വന്ന് പൊങ്കാലയിട്ടതു കൊണ്ട് സീരിയലിന്റെ പ്രേമേയവും കാണിക്കുന്ന കാര്യങ്ങളും മാറില്ല.

Kishore Sathya കിഷോർ സത്യ

പൊങ്കാലയിടുന്നവരല്ലാതെ ആരാധികമാരാരെങ്കിലും ഫേസ്ബുക്കിൽ ശല്ല്യപ്പെടുത്താറുണ്ടോ?

ചില സമയം ഹായ് ഹൂയ് എന്നൊക്കെ പറഞ്ഞ് ആരെങ്കിലും വരാറുണ്ട്. അനാവശ്യമായി ഹായ് ഹൂയ് അയക്കുന്നവരെ അവഗണിക്കാറാണ് പതിവ്. ഫേസ്ബുക്ക് ആരാധികമാരെക്കാൾ കൂടുതൽ പുറത്തിറങ്ങുമ്പോഴുള്ള സെൽഫി ആരാധകരാണ് പ്രശ്നം. നമുക്ക് ഒരു പരിചയവുമില്ലാത്തവർ ഒരു ഫോട്ടെയെടുത്തോട്ടെ എന്നു പറഞ്ഞ് പൊതുസ്ഥലത്തൊക്കെവെച്ച് പിടിച്ചു നിർത്തും. അവരുടെ സെൽഫി ഭ്രമത്തിന് പലപ്പോഴും മനസ്സില്ലാമനസ്സോടെ നിന്നു കൊടുക്കേണ്ടി വന്നിട്ടുണ്ട്.

പുറത്തിറങ്ങുമ്പോൾ കഥാപാത്രത്തോടുള്ള സ്നേഹം ആളുകൾ കിഷോർസത്യയോട് പ്രകടിപ്പിക്കാറുണ്ടോ?

സത്യം പറയാമല്ലോ ആദ്യമൊക്കെ എനിക്ക് പുറത്തിറങ്ങി ആളുകളുടെ ഇടയിൽ നടക്കാൻ ഒരു ചമ്മലുണ്ടായിരുന്നു. ആരെങ്കിലും ഇപ്പോൾ തിരിച്ചറിയും പിടിച്ചുനിർത്തി എന്തെങ്കിലും ചോദിക്കുമെന്ന് പേടിച്ചാണ് നടന്നിരുന്നത്. എന്നെ ടിവിയിൽ കാണുന്നതിൽ നിന്നും നേരിട്ട് കാണാൻ വ്യത്യാസമുണ്ട്. ടിവിയിൽ കാണുന്ന അത്ര തടിയൊന്നുമില്ല. കഥാപാത്രത്തിന്റെ വേഷവിധാനത്തിലുമല്ല നടക്കുന്നത്. അതുകൊണ്ട് പലർക്കും അത്രവേഗം മനസ്സിലാകാറില്ല.

അടുത്ത ഇടയ്ക്ക് ഞാനും എന്റെ സുഹൃത്തും ചാലക്കുടിയിൽ പോയിരുന്നു. ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലെ ആൾക്ക് ഡോക്ടർ ബാലചന്ദ്രനെപ്പോലെയുണ്ടല്ലോ എന്ന് തോന്നി. എന്റെ സുഹൃത്ത് ഇത് ഡോക്ടർ ബാലചന്ദ്രനായി അഭിനയിക്കുന്ന വ്യക്തി തന്നെയാണെന്ന് പറഞ്ഞിട്ടും അയാൾക്ക് വിശ്വാസമായില്ല. പിന്നെ ഞാൻ തന്നെ പറഞ്ഞു, ഞാൻ അല്ല ചേട്ടാ ഡോക്ടർ ബാലചന്ദ്രൻ. പലരും എന്നെ പിടിച്ചു നിർത്തി ചോദിക്കാറുണ്ട്, ചേട്ടനും അതുപോലെ അബദ്ധം പറ്റിയതാണെന്ന്.

Kishore Sathya അക്ഷര കിഷോർ,കിഷോർ സത്യയുടെ മകൻ

അക്ഷര കിഷോർ കിഷോർ സത്യയുടെ മകളാണെന്നൊക്കെ പ്രചരിച്ചിരുന്നു. അത് കേട്ടിരുന്നോ?

ഒരുപാട് പേർ എന്നെ വിളിച്ച് ചോദിച്ചിട്ടുണ്ട്. ബന്ധുക്കൾ വരെ കരുതിയത് എന്റെ മകനെ പെൺക്കുട്ടിയുടെ വേഷത്തിൽ അവതരിപ്പിച്ചതാണെന്നാണ്. അക്ഷരയുടെ അച്ഛന്റെ പേരും കിഷോർ എന്നായതോടെ ആളുകളുടെ സംശയം കൂടി. അക്ഷര എനിക്ക് മകളെപ്പോലെ തന്നെയാണ്. എനിക്ക് ഒരു മകനാണുള്ളത്. നിരഞ്ജൻ.ആളിത്തിരി പൊസസ്സീവ് ആയതുകൊണ്ട് അക്ഷരയെ സീരിയലിൽ ഞാൻ ലാളിക്കുന്നതൊക്കെ കാണുമ്പോൾ അവന് കുറച്ച് കുശുമ്പു വരുമായിരുന്നു. കഴിഞ്ഞ ദിവസം അവന് അക്ഷരയെ പരിചയപ്പെടുത്തികൊടുത്തതോടെ കുശുമ്പ് മാറി. ഇപ്പോൾ അവർ നല്ല കൂട്ടുകാരാണ്.

ബാലമോളെക്കുറിച്ച് ഡോക്ടർ ബാലചന്ദ്രന് പറയാനുള്ളത് എന്താണ്?

എന്റെ ഒരു സുഹൃത്ത് വഴിയാണ് അക്ഷര സീരിയലിൽ എത്തുന്നത്. മുതിർന്ന നടിമാർക്ക്പോലുമില്ലാത്ത ഡെഡിക്കേഷനാണ് അക്ഷരയെന്ന ചെറിയകുട്ടിക്ക് സീരിയലിനോടുള്ളത്. അവൾ തനിയെയാണ് ഡബ്ബ് ചെയ്യുന്നത്. അക്ഷരയെക്കൊണ്ട് ഇതുവരെ സെറ്റിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ആ കുട്ടിയുടെ ആത്മാർഥത തന്നെയാണ് സീരിയലിൽ നിന്നും സിനിമയിലേക്ക് അതിനെ എത്തിച്ചത്.

Kishore Sathya

ഭാര്യ ആദ്യം ആരാധികയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്?

അങ്ങനെയൊന്നുമില്ല. സീരിയലിലൂടെ പൂജ എന്നെ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളുടേത് അറേഞ്ച്‍്ഡ് മാര്യേജ് തന്നെയാണ്. ഇപ്പോൾ എന്റെ ഏറ്റവും വലിയ വിമർശക ഭാര്യയാണ്. എനിക്ക് സത്യത്തിൽ പൂജയുടെ വിമർശനങ്ങളെ പേടിയാണ്.

കലാജീവിതത്തിലെ മറക്കാനാവാത്ത അനുഭവം?

'നീര്‍മാതളത്തിന്റെ പൂക്കള്‍' എന്ന മാധവിക്കുട്ടിയുടെ കഥ സിനിമയാക്കിയപ്പോള്‍അതിലഭിനയിക്കാന്‍കഴിഞ്ഞതാണ് ഒരിക്കലും മറക്കാനാവാത്ത അനുഭവം. മാധവിക്കുട്ടിയുടെ ഒരു കഥാപാത്രമാവുക, അതിന്റെ ആദ്യ സ്ക്രീനിംഗ് അവരോടൊപ്പം അവരുടെ വീട്ടിൽ ഒപ്പമിരുന്നു കാണുക, ഏറെ നേരം വർത്തമാനം പറഞ്ഞിരിക്കുക. എന്റെ ജീവിതത്തിലെ തന്നെ മറക്കാനാവാത്ത നിമിഷമാണ്. ഇതൊക്കെ ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു. അമ്മ പോയെങ്ങിലും എനിക്ക് ഒപ്പിട്ടു തന്ന അവരുടെ വിരലുകളുടെ മണമുള്ള "എന്റെ കഥ " എന്നോടൊപ്പമുണ്ട്.

സിനിമയിൽ വീണ്ടും സജീവമാകുന്നുവെന്ന് കേട്ടല്ലോ?

മാർത്താണ്ഡന്റെ എന്റെ സ്വന്തം ക്ലീറ്റസാണ് അവസാനം ചെയ്ത സിനിമ. ഇനി വരാൻ പോകുന്നത് പി.കെ ബാബുരാജിന്റെ ജെമിനിയാണ് അടുത്ത പ്രോജക്ട്. അതിൽ ഒരു പ്രിൻസിപ്പളിന്റെ റോളാണ്. പ്രിൻസിപ്പൾ ആണെന്നു കരുതി മസിൽപിടുത്തമൊന്നുമില്ല. എസ്തറാണ് ജെമിനിയായി എത്തുന്നത്. അവളുടെ ജീവിതത്തിൽ സ്വാധീനം ചെല്ലുത്തുന്ന മൂന്നുപേരിൽ ഒരാളാണ് എന്റെ പ്രിൻസിപ്പൾ കഥാപാത്രം. പതിമൂന്ന് വർഷം മുമ്പുള്ള പരിചയമാണ് ബാബുരാജുമായി. അദ്ദേഹം വീണ്ടും ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിലേക്ക് എന്നെ ക്ഷണിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.

ജെമിനിയോടൊപ്പം വരാൻ പോകുന്ന ഒരു സിനിമ പൃഥ്വിരാജ് നായകനാകുന്ന ജെയിംസ് ആൻ ആലിസാണ്. പ്രശസ്ത ഛായാഗ്രാഹകൻ സുജിത്ത് വാസുദേവാണ് സംവിധായകൻ.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്