Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോറ്റാൽ തോറ്റു വരുന്നിടത്ത് വച്ച് കാണും ; രേഖാ മേനോൻ

kuttikalodano-kali2

മലയാളം ടെലിവിഷനിൽ ക്വിസിങ് മേഖലയെ ഒരു ഹരമാക്കി മാറ്റിയ രേഖാ മേനോനെ ഒരു നീണ്ട കാലയളവിന് ശേഷം ക്വിസ് മത്സരത്തിൽ പ്രേക്ഷകർ വീണ്ടും കണ്ടത് മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ  കുട്ടികളോടാണോ കളിയിലാണ്. രേഖാ മേനോൻ എന്ന പേര് കേട്ടാൽ പ്രേക്ഷകർക്ക് ആദ്യം ഓർമ്മ വരിക ക്വിസ് ഷോസിൽ അവതാരകയായി നിന്ന് കൊണ്ട് തെറ്റുത്തരങ്ങൾ പറയുന്ന മത്സരാർത്ഥികളോട് " അയ്യോ തെറ്റിപ്പോയല്ലോടാ ചക്കരെ " "സാരമില്ലടോ " എന്നീ വാക്കുകൾ വള്ളുവനാടൻ ശൈലിയിൽ പറയുന്ന ഒരു വ്യക്തിയെയായിരിക്കും. നാഷണൽ സെലിബ്രിറ്റിസിനേയും ഇന്റർനാഷണൽ സെലിബ്രിറ്റിസിനേയും അഭിമുഖം ചെയ്ത് ഒരു  ഇന്റർവ്യൂവർ എന്ന നിലയിലും സ്വന്തം കഴിവ് തെളിയിച്ച രേഖ, കുട്ടികളോടാണോ കളിയിൽ വന്നതിനു ശേഷമുള്ള തന്റെ അനുഭവങ്ങൾ പ്രേക്ഷകരോട് പങ്കു വയ്ക്കുന്നു.

ഈ ഷോയിലേക്കു വിളിച്ചപ്പോൾ പേടി തോന്നിയോ ?

ഒരിക്കലുമില്ല. ഏതൊരു കളിയും മത്സരബുദ്ധിയോടു കൂടി കാണുമ്പോഴാണ് നമുക്ക് പേടി തോന്നുക. എന്നാൽ വെറുമൊരു മത്സരം എന്ന നിലയിൽ കാണുകയാണെങ്കിൽ നമുക്ക് ഒരിക്കലും പേടി തോന്നുകയില്ല. ഞാൻ ഷോയിൽ പങ്കെടുത്തപ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു. എല്ലാ ദിവസവും ഞാൻ എന്റെ മകന്റെ മുന്നിൽ തോറ്റു കൊണ്ടിരിക്കുകയാണെന്ന്. ചില സമയങ്ങളിൽ മോൻ എന്നോട് പറയും 'ഈ അമ്മയ്ക്ക് ഒന്നും അറിയില്ലാന്ന്' (ചിരിക്കുന്നു). അവൻ അങ്ങനെ പറയുന്ന എല്ലാ നിമിഷങ്ങളിലും ഞാൻ അവന് മുന്നിൽ തോറ്റു കൊണ്ടിരിക്കുകയാണ്. ഇത് ചിലപ്പോൾ എന്റെ മാത്രമല്ല എല്ലാ അമ്മമാരുടെയും അനുഭവമായിരിക്കും. ഈ ഒരു അനുഭവം എനിക്കും എന്റെ മകനുമിടയിൽ സംഭവിക്കുന്നത് കൊണ്ട് തന്നെ ഈ ഷോയിൽ വന്ന് പങ്കെടുക്കാൻ എനിക്ക് പേടിയൊന്നും തോന്നിയില്ല. പക്ഷേ, മറ്റൊരു സന്ദർഭത്തിൽ കുറച്ച് പേടി തോന്നി.

kuttikalodano-kali1

പേടി തോന്നിയ ആ നിമിഷം ഏതാണ് ?

ഞാൻ വേദിയിലേക്ക് കയറുന്നതിനു മുൻപ് ഷോ പ്രൊഡ്യൂസർ വന്ന് ഓരോ  റൗണ്ട്സിനെ പറ്റിയും വിശദീകരിച്ച് തന്നു. ആ നിമിഷം ചെറിയ പേടി തോന്നി. ഏതൊരു കാര്യവും തുടങ്ങുമ്പോൾ നമുക്ക് ഒരു ടെൻഷൻ ഉണ്ടാകും. പിന്നീട് തുടങ്ങിക്കഴിഞ്ഞാൽ എല്ലാം അതിന്റെ രീതിയിൽ അങ്ങ് പോകുകയും ചെയ്യും. അത് പോലെ തന്നെ ആയിരുന്നു ഒരു മത്സരാർത്ഥിയായി ഞാൻ ആ വേദിയിൽ കയറിനിന്നപ്പോഴും സംഭവിച്ചത്. കളി തുടങ്ങുന്നതിനു തൊട്ടു മുന്നേ വരെ ടെൻഷൻ ഉണ്ടായിരുന്നു. പിന്നീട് പേടി കൂടിയത്, ഞാൻ വേദിയിൽ കയറിക്കഴിഞ്ഞപ്പോൾ എന്റെ ടീമിലെ ഓരോ ആൾക്കാരും വന്ന് അവരുടെ ചില സ്ട്രാറ്റജീസ് ഞാനുമായി പങ്ക് വച്ചപ്പോഴായിരുന്നു. ആ നിമിഷം സ്ട്രാറ്റജീസ് പറയാനായി അവർ ഓരോരുത്തരും എന്റെ മുന്നിൽ വന്നിരുന്നപ്പോൾ സത്യപറഞ്ഞാൽ എന്റെ മുൻപിൽ മുഹമ്മദ് അലി വന്നിരിക്കുന്നത് പോലെ തോന്നി (ചിരിക്കുന്നു). പക്ഷേ കളി തുടങ്ങിക്കഴിഞ്ഞപ്പോൾ ആ ടെൻഷൻ മാറുകയും ചെയ്തു. 

ഉത്തരം അറിയാമായിരുന്നിട്ടും പറയാൻ പറ്റാതെ വന്നിരുന്നോ ?

അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു. എനിക്കറിയാമായിരുന്ന രണ്ടു മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം വേദിയിൽ പറയാൻ പറ്റിയില്ല. അതിൽ ചെറിയൊരു വിഷമം തോന്നി. ചില സന്ദർഭങ്ങളിൽ അങ്ങനെ ഉണ്ടാകാറുണ്ട്. ഇന്റർവ്യൂസിനൊക്കെ പോകുമ്പോൾ ചോദിക്കാനുള്ള ചോദ്യങ്ങൾ മനസ്സിൽ ആലോചിച്ച് വച്ച് പോയാലും ഇന്റർവ്യൂ ചെയുന്ന നിമിഷം ചില ചോദ്യങ്ങൾ  നമ്മൾ മറന്നു പോകും. പിന്നീടാകും നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കുക.

kuttikalodano-kali3

ഉത്തരങ്ങൾ പറയാതെ വരുമ്പോൾ കുട്ടികൾക്ക് വിഷമം തോന്നുന്നതിനെക്കുറിച്ച് ?

കുട്ടികളെല്ലാവരും വളരെ നിഷ്കളങ്കരാണ്. അവർ അവിടെ കളിയ്ക്കാൻ വരുന്നത് തന്നെ ജയിക്കണം എന്ന അതീവ വാശിയോട് കൂടിയാണ്. അത് കൊണ്ടാണ് തോൽക്കുമ്പോൾ അവർക്ക് വിഷമം വരുന്നത്. അത് ഒരു തെറ്റായ രീതിയാണ്. നമ്മൾ മത്സരിക്കാൻ പോകുമ്പോൾ ഒരിക്കലും ജയിച്ചേ  പറ്റൂ എന്ന വാശിയോടെ പോകരുത്. ഇത് വെറുമൊരു മത്സരമാണെന്ന് കരുതി വേണം പോകാൻ. ഞാൻ കുട്ടികളോടാണോ കളിയിൽ മത്സരിക്കാൻ വന്നപ്പോൾ ഒരു കുട്ടിക്ക് ഇദി അമീനിനെ പറ്റി ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാൻ പറ്റിയില്ല. അപ്പോൾ അവന്റെ മുഖം വല്ലാതെ  വാടിപ്പോയി. അവനെ സമാധാനിപ്പിക്കാനായി ഞാൻ പറഞ്ഞു " മോനെ സാരമില്ല. ഇത് വെറുമൊരു കളി മാത്രമായി കണ്ടാൽ മതി. ഇദി അമീൻ നിന്റെ വീട്ടിൽ ഉള്ള ആരുമല്ലല്ലോ ഓർമ്മിച്ചു വയ്ക്കാൻ ?' (ചിരിയ്ക്കുന്നു). തോൽവി എന്തെന്ന് അറിഞ്ഞാലേ ജീവിതത്തിൽ മുന്നേറാൻ സാധിക്കൂ. അതിനു വേണ്ടി മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളെ പരിശീലിപ്പിച്ചെടുക്കണം.  

കുട്ടികൾക്ക് മുൻപിൽ തോറ്റത് സ്വന്തം  പ്രതിച്ഛായയെ ബാധിക്കും എന്ന പേടി ഉണ്ടോ ?

ഒരിക്കലുമില്ല. എന്റെ കഴിവ് എന്താണെന്നുള്ളത് ടിവിയിലൂടെ ഞാൻ തെളിയിച്ചിട്ടുണ്ട് . അപ്പോൾ പിന്നെ അവർക്കു മുന്നിൽ തോറ്റത് എന്റെ പ്രതിഛായയെ ബാധിക്കുമോ എന്ന് പേടിക്കേണ്ടതില്ലല്ലോ ? കൂടാതെ നമുക്ക് അറിവ് ഉണ്ടെങ്കിലും ചോദ്യം കേൾക്കുന്ന നേരത്ത് ഉത്തരം വായിൽ വരണ്ടേ...!!!. എനിക്കെതിരെ മത്സരിച്ച കുട്ടികളിൽ പലരും എന്റെ മകനെക്കാൾ ചെറിയവരായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ മുന്നിൽ തോറ്റപ്പോൾ വിഷമമൊന്നും തോന്നിയില്ല. കാരണം, എന്റെ ഈ ഒരു ക്രിസ്മസ് പൂർണിമയ്‌ക്കൊപ്പവും കുട്ടികൾക്കൊപ്പവും ആഘോഷിക്കണമെന്ന ഏക ആഗ്രഹത്തോടെയാണ് ഞാൻ മത്സരിക്കാനായി എത്തിയത്. ഇനി വീണ്ടും ഈ ഷോയിലേക്കു വിളിച്ചാൽ ഞാൻ വരും. അതിൽ വീണ്ടും തോൽക്കുകയാണെങ്കിൽ എനിക്ക് ഒരു കുഴപ്പവുമില്ല (ചിരിക്കുന്നു). എന്റെ ഒരു രീതി എന്ന് പറയുന്നത് തന്നെ 'തോറ്റാൽ തോറ്റു വരുന്നിടത്ത് വച്ച് കാണാം' എന്നതാണ്.

'അമ്മ തോറ്റു എന്ന് അറിഞ്ഞപ്പോഴുള്ള  മകന്റെ പ്രതികരണം ?

ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വന്ന് അവനോട് ഞാൻ തോറ്റു എന്ന് പറഞ്ഞു. അപ്പോൾ  അവൻ പറഞ്ഞത് 'അമ്മയ്ക്ക് നാണമില്ലേ എന്നേക്കാളും ചെറിയ കുട്ടികളോട് തോറ്റിട്ടു വന്നിരിക്കുന്നു ' (ചിരിക്കുന്നു). ഇത് കേട്ട് ഞാൻ പറഞ്ഞു 'എടാ അതിലൊന്നും കാര്യമില്ല. ഞാൻ അവിടെപ്പോയി ആ ചെറിയ കുട്ടികളോട് മത്സരിച്ചില്ലേ അതാണ് പ്രധാനം'. ഇത് കൂടാതെ എന്റെ ഓഫീസിലുള്ളവരോട് ഞാൻ പറഞ്ഞു 'ഞാൻ അതിഥിയായി എത്തിയ കുട്ടികളോടാണോ കളിയുടെ എപ്പിസോഡ് കാണരുത്. കാരണം ഞാൻ തോറ്റു'. ആ നിമിഷം അവർ പറഞ്ഞു ' എന്നാൽ ഞങ്ങൾ തീർച്ചയായും കാണും. രേഖ ഇന്റർവ്യൂസിൽ പലരെയും ചോദ്യങ്ങൾ ചോദിച്ച് വെള്ളം കുടുപ്പിച്ചിട്ടുള്ളതല്ലേ. അത് കൊണ്ട് തന്നെ രേഖയുടെ തോറ്റ മുഖം ഞങ്ങൾക്കൊന്ന് കാണണം' എന്ന്. തോറ്റതിന് ശേഷം  ഇങ്ങനെയുള്ള ചെറിയ രസകരമായ കളിയാക്കലുകൾ മാത്രമേ കിട്ടിയിട്ടുള്ളു. 

kuttikalodano-kali

കുട്ടികളെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

ഈ ഷോയിലെ എല്ലാ കുട്ടികളും ക്വിസ് വിരുതന്മാരാണ്. ചുരുക്കിപ്പറഞ്ഞാൽ ജി കെ അരച്ച് കലക്കി കുടിച്ചവർ. എല്ലാ വിഷയങ്ങളെപ്പറ്റിയും അറിയാൻ ആഗ്രഹമുള്ള കുട്ടികളാണ്.

കുട്ടികൾക്ക് ഉത്തരങ്ങൾ നേരത്തെ പറഞ്ഞു കൊടുക്കുന്നുണ്ടോ?

അങ്ങനെ എനിക്ക് തോന്നിയില്ല. ഞാനും ക്വിസ് ഷോസ് നടത്തിയിട്ടുണ്ട്. ഏതൊരു ചോദ്യത്തിനും ചില പ്രധാനപ്പെട്ട വാക്കുകൾ ഉണ്ടാകും. ആ കീവേർഡുകൾ തിരിച്ചറിഞ്ഞാൽ  മുഴുവൻ ചോദ്യം എന്താണെന്നു മനസിലാക്കി ചോദ്യം പൂർത്തീകരിക്കുന്നതിന് മുൻപു തന്നെ ഉത്തരം പറയാൻ സാധിക്കും. കുട്ടികൾ ചോദ്യം പൂർത്തീകരിക്കുന്നതിനു  മുൻപ് ഉത്തരം പറയുന്നത് അവരുടെ ചിന്തയുടെ വേഗതയാണ് കാണിക്കുന്നത്.

പൂർണിമയെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഈ ഷോയിൽ വരുന്നതിനു മുൻപ് തന്നെ  ഞാനും പൂർണിമയും തമ്മിൽ പരിചയമുണ്ട്. പൂർണിമയുമായി വേദി പങ്കിട്ട ഓരോ നിമിഷവും എനിക്ക്  വളരെ പ്രിയപ്പെട്ടതായിരുന്നു. ഒരു ആങ്കർ എന്ന നിലയിൽ പൂർണിമ വളരെ മനോഹരമായി ഈ ഷോ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്. കുട്ടികളെ വച്ചുള്ള ഒരു ഷോ കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാൻ നേരത്തെ പറഞ്ഞത് പോലെ കുട്ടികൾ വളരെ നിഷ്കളങ്കരായതു കൊണ്ട് ചില നേരങ്ങളിൽ അവരുടെ വികാരങ്ങൾ അവർക്ക് അടക്കാൻ പറ്റണമെന്നില്ല. കുട്ടികൾക്ക് ദേഷ്യവും  സങ്കടവും വരുന്ന നിമിഷങ്ങളിൽ അവരെ വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട് പൂർണിമ. അതുപോലെ രണ്ട് ടീമുകളെയും ഒരേപോലെ പിന്തുണയ്ക്കുന്നുമുണ്ട്.

കുട്ടികളുടെ കൂട്ടത്തിൽ  ഏറ്റവുമിഷ്ടം ആരെ ?

എല്ലാവരെയും ഇഷ്ട്ടമാണ്. ഞാൻ മത്സരിക്കാൻ എത്തിയപ്പോൾ ഏറ്റവും എന്നെ  കൂടുതൽ ഞെട്ടിച്ചത് എല്ദോയായിരുന്നു. സത്യത്തിൽ ആ എപ്പിസോഡിലെ ഹീറോ എൽദോ തന്നെ.

'കു‌ട്ടികളോടാണോ കളി?' എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍. 

Your Rating: