Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാഗ കലക്കി, പാട്ടിലും ഫാഷനിലും

lady gaga ലേഡി ഗാഗ

കാളയിറച്ചി, പ്ലാസ്റ്റിക് കുമിളകൾ, ഇലകൾ, വല തുടങ്ങിയവ കൊണ്ടു വരെ ഡ്രസുണ്ടാക്കി കാഴ്ചക്കാരെ ഞെട്ടിക്കുന്ന ഗായിക ലേഡി ഗാഗ ഇത്തവണ ഓസ്കർ നൈറ്റിൽ പാടാനെത്തിയപ്പോൾ പലരും മൂക്കത്തു വിരൽ വച്ചുപോയി. ഈ കൊച്ചിന് മാന്യമായ വസ്ത്രവും ധരിച്ച് നടക്കാനറിയാമല്ലേ എന്ന മട്ട്. മുച്ചൂടും മൂടുന്ന വെളുത്ത ഗൗണിൽ ഒരു മാലാഖയെപ്പോലെയുണ്ടെന്നാണ് ഫാഷൻ മാഗസിനുകൾ ഗാഗയെ വിശേഷിപ്പിച്ചത്. ഓസ്കറിന്റെ റെഡ് കാർപ്പറ്റിലും വേദിയിലും രണ്ട് വസ്ത്രങ്ങളുമായിട്ടായിരുന്നു ഗാഗയുടെ എൻട്രി—രണ്ടിനും വെളുത്ത നിറം, അൽപസ്വൽപം മാത്രം മാറ്റങ്ങൾ.

പ്രശസ്ത ഫാഷൻ ഡിസൈനർ അസെദിൻ അലയയായിരുന്നു ഗാഗയുടെ ഈ ‘മാന്യമായ വേഷത്തിനു പിന്നിൽ. ഡ്രസിൽ മാത്രമല്ല ഓസ്കർ വേദിയിലെ പാട്ടിലും തിളങ്ങി ഗാഗ. ‘സൗണ്ട് ഓഫ് മ്യൂസിക് എന്ന ചിത്രത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ആ ചിത്രത്തിലെ ഗാനത്തോടെയായിരുന്നു തുടക്കം. പാടിക്കഴിഞ്ഞപ്പോൾ ചിത്രത്തിലെ നായികയായിരുന്ന ജൂലി ആൻഡ്രൂസ് തന്നെ നേരിട്ടു വേദിയിലെത്തി ഗാഗയെ കെട്ടിപ്പുണർന്നാണ് നല്ല ഇന്നലെകളുടെ പാട്ടോർമപ്പെടുത്തലിന് നന്ദി പറഞ്ഞത്. അവാർഡ് നൈറ്റും കഴിഞ്ഞ് തിരിച്ചെത്തിയ ഗാഗ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു, ഒപ്പം മറക്കാനാകാത്ത ഓസ്കർ രാവ് സമ്മാനിച്ചതിന് തന്നെ ഒരുക്കിയ എല്ലാവർക്കും നന്ദി പറഞ്ഞൊരു കുറിപ്പും.

ഞെട്ടിച്ച സംഗതി അതൊന്നുമല്ല—ഗാഗ റെഡ് കാർപ്പറ്റിൽ ധരിച്ച ക്രിസ്റ്റലുകൾ നിറഞ്ഞ നീളൻ വെള്ള ഗൗൺ 1600 മണിക്കൂറെടുത്താണത്രേ തുന്നിയത്. അതായത് മാസങ്ങൾക്കു മുൻപേ തുന്നൽ തുടങ്ങിയെന്നു ചുരുക്കം. ഓസ്കറിലേക്ക് ക്ഷണം ലഭിച്ചപ്പോൾത്തന്നെ ഡ്രസ് ആരെക്കൊണ്ട് ഡിസൈൻ ചെയ്യിക്കുമെന്ന അന്വേഷണം ഗാഗയുടെ ഫാഷൻ സഹായികൾ തുടങ്ങിയിരുന്നു. ആ അന്വേഷണം ചെന്നുനിന്നത് ഗാഗയുടെ അടുത്ത സുഹൃത്ത് കൂടിയായ അലയയിൽ. കക്ഷിയെ പാരിസിലെത്തി നേരിട്ടുകണ്ട് കാര്യം പറഞ്ഞു.

ഗാഗ ഇതാദ്യമായാണ് ഓസ്കറിനെത്തുന്നത്. അലയയാകട്ടെ ഇതുവരെ ഓസ്കർ റെഡ്കാർപ്പറ്റിലേക്ക് ആർക്കു വേണ്ടിയും ഡിസൈനിങ് നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംഗതി കിടുക്കണമെന്നുറപ്പിച്ചു. പാരിസിൽ 25 പേരാണ് ഈ ഒരൊറ്റ ഡ്രസിനു വേണ്ടി മാസങ്ങളോളം പണിയെടുത്തത്. പക്ഷേ ‘വേറിട്ട ഫാഷൻ കൊണ്ടുവന്ന് ആൾക്കാരെക്കൊണ്ട് പറയിപ്പിക്കുന്ന കാര്യത്തിൽ ഈ ഇരുപത്തിയെട്ടുകാരി പാട്ടുകാരി ഇത്തവണയും പതിവു തെറ്റിച്ചില്ല. നല്ലൊരു ഗൗണിനൊപ്പം ഗാഗ ധരിച്ചത് രണ്ട് നീളൻ ചുവപ്പ് കയ്യുറകളായിരുന്നു. അതും പക്ഷേ അലയയുടെ നിർദേശമായിരുന്നത്രേ. വെളുത്ത ഡ്രസിന് വെളുത്ത മുടിയുമായിട്ടായിരുന്നു ഗാഗയുടെ വരവ്. ഗാഗയുടെ ഫാഷൻ സംഘത്തിലെ ഫ്രെഡറിക് ആസ്പിരാസായിരുന്നു അതിനു പിന്നിൽ. മെയ്ക്ക് അപ് സാറ ടാനോ വക. വെളുപ്പിൽ വെട്ടിത്തിളങ്ങുന്നതിനിടെ ആഭരണങ്ങൾ പരമാവധി കുറച്ചു—ആകെ ഉപയോഗിച്ചത് ലോകപ്രശസ്ത ലൊറെയ്ൻ ഷ്വാർട്സ് ജ്വല്ലേഴ്സിന്റെ ഡയമണ്ട് കമ്മലുകൾ മാത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.