Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂസിഫർ, കിടിലൻ ലുക്കിൽ ലാലേട്ടൻ 

lucifer

വെള്ളിത്തിരയിൽ ലാലേട്ടൻ എന്ന അഭിനയ വിസ്മയത്തെ നാം കാണാൻതുടങ്ങിയിട്ട്  3 പതിറ്റാണ്ടിലേറെയായി. ഓരോ വർഷവും പ്രേക്ഷകർക്ക് ഓർത്തിരിക്കാനായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന ലാലേട്ടനെ വ്യത്യസ്തമാക്കുന്നതിൽ കഥാപാത്രങ്ങളുടെ സ്റ്റൈലിനും നിർണ്ണായകമായ പങ്കുണ്ട്. ആറാംതമ്പുരാനെയും  സാഗർ ഏലിയാസ് ജാക്കിയെയും എല്ലാം വ്യത്യസ്തമാക്കിയത് ആ അഭിനയ മാസ് ലുക്ക് തന്നെ എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ‌

ഇപ്പോഴിതാ, തന്റെ പുതിയ സിനിമയായ ലൂസിഫറിന്റെ പ്രചാരണാർത്ഥം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട ലാലേട്ടന്റെ പുതിയ ലുക്ക് ചർച്ചയാകുകയാണ്. മറ്റു വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഒരു ഷാഗി ലുക്കിലാണ് ലാലേട്ടൻ എത്തുന്നത്. കറുത്ത ട്രാൻസ്പരന്റ് ഫ്രേമുള്ള കട്ടിക്കണ്ണട, സാൾട് ആൻഡ് പെപ്പർ ലുക്കിൽ സെറ്റ് ചെയ്ത താടി, അലസമായ കാറ്റിൽ പറക്കുന്ന തലമുടി, ചുണ്ടിൽ എരിയുന്ന സിഗരറ്റ് കൂടിയാകുമ്പോൾ ആരാധകർ മുന്നിൽ കാണുന്നത് മറ്റൊരു കിടിലൻ ലാലേട്ടൻ സ്റ്റൈൽ.

ഇതുകൊണ്ടും തീർന്നില്ല, ലൂസിഫറിന് കൂടുതൽ സ്റ്റൈൽ പകർന്ന് ആക്സസറീസും ഉപയോഗിച്ചിരിക്കുന്നു. ലാലേട്ടന്റെ ചിത്രത്തിലേക്ക് നോക്കുന്നവരുടെ കണ്ണുകൾ ആദ്യം ചെന്നുടക്കുന്നത് കഴുത്തിൽ തൂങ്ങിക്കിടക്കുന്ന ആ മൂങ്ങാമുഖമുള്ള ലോകറ്റിലേക്ക് ആയിരിക്കും, വെള്ളി ചെയിനിൽ തൂങ്ങിക്കിടക്കുന്ന വാൾ ആകൃതിയിലുള്ള പെൻഡന്റണിനൊപ്പം മൂങ്ങാമുഖം പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. 

കയ്യിൽ കിടക്കുന്ന വെള്ളിയിൽ മഞ്ഞ കല്ലുകൾ പതിപ്പിച്ച ചെയിനും അതിനോട് ചേരുന്ന രീതിയിൽ വിരലിൽ കിടക്കുന്ന പച്ചക്കല്ലു പതിപ്പിച്ച വെള്ളി നിറത്തിലെ മോതിരവും ലൂസിഫർ ലുക്കിന് കൂടുതൽ ആരാധകരെ സമ്മാനിക്കുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ. ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലൂടെ പൃഥ്വിരാജ് സംവിധായകന്റെ തൊപ്പി ആദ്യമായി അണിയുകയാണ്. 

ലൂസിഫറിനുള്ള തികഞ്ഞ പിന്തുണയുമായി നിരവധിപ്പേർ ഫേസ്‌ബുക്ക് മുഖചിത്രം ലാലേട്ടന്റെ ലൂസിഫർ ലുക്ക് ആക്കിക്കഴിഞ്ഞു, സിനിമാലോകത്ത് നിന്നുള്ള നിരവധിപ്പേരും ലാലേട്ടന്റെ ലൂസിഫർ സ്റ്റൈലിനെ സ്വാഗതം ചെയ്തു കഴിഞ്ഞു.