Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യോ എന്നെ മൊത്തം കോപ്പിയടിച്ചു: ധോണി

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി തന്റെ തന്നെ ജീവിതം പറയുന്ന ചിത്രം ‘എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറിയുടെ ട്രെയ്‌ലർ കണ്ടതിന്റെ ത്രില്ലിലാണ്.  ചിത്രത്തിൽ ധോണിയായി അഭിനയിച്ച സുശാന്ത്‌സിങ് രജ്പുത്, തന്റെ നടത്തവും കളിയും നിൽപ്പും സംസാരവുമെന്നുവേണ്ട സൂക്ഷ്മമായ വിശദാംശങ്ങൾ വരെ പകർത്തിക്കളഞ്ഞതായാണ് ട്രെയിലർ കണ്ട അദ്ദേഹത്തിന്റെ അഭിപ്രായം.

ധോണിയെ അറിയുന്ന, ട്രെയ്‌ലർ കണ്ട ആരും ഇതു സമ്മതിച്ചുപോകും. ഏഴാം നമ്പർ ജഴ്‌സിയുമണിഞ്ഞ് ചിത്രത്തിലെ ഒരു സീനിൽ സുശാന്ത് ക്രീസിലേക്കു നടന്നു നീങ്ങുമ്പോൾ ധോണിയല്ലെന്നു വിശ്വസിക്കുക തന്നെ പ്രയാസം. ഈ മികവിനെ ധോണി വാനോളം പുകഴ്ത്തി. സുശാന്തിന്റെ കഠിനാധ്വാനത്തെ അഭിനന്ദിക്കാനും മഹി മറന്നില്ല. ധോണിയുടെ മാത്രമെന്ന് ഇത്രയും നാൾ കരുതിയിരുന്ന ഹെലികോപ്റ്റർ ഷോട്ട് വരെ സുശാന്ത് പഠിച്ചെടുത്തെന്നതാണ് നാളുകളായി ചിത്രം പ്രതീക്ഷിക്കുന്ന ആരാധകർക്ക് ആവേശം പകരുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം നേടിത്തന്ന ലോകകപ്പ് ഫൈനലിലെ ധോണിയുടെ ഷോട്ട് സുശാന്ത് പുനരവതരിപ്പിക്കുന്നതും ട്രെയിലറിലുണ്ട്. 

ഏതായാലും ധോണിയുടെ  ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നതു തന്നെയായി ട്രെയിലർ. ധോണിയാകാൻ ചില്ലറയൊന്നുമല്ല സുശാന്ത് ബുദ്ധിമുട്ടിയത്. ക്രിക്കറ്റിൽ വൈദഗ്ധ്യം നേടാൻ മണിക്കൂറുകളോളമാണ് ദിവസവും സുശാന്ത് ഗ്രൗണ്ടിൽ ചെലവഴിച്ചത്. ക്രിക്കറ്റ് പരിശീലനം കൂടാതെ ക്യാപ്റ്റൻ കൂളിന്റെ മാനറിസങ്ങൾ പഠിച്ചെടുക്കാനും സുശാന്ത് മിനക്കെട്ടു. വിജയപരാജയങ്ങൾ ധോണിയെങ്ങനെ കൂളായി നേരിടുന്നവെന്നതു വരെ സുശാന്ത് അഭിനയത്തിൽ എത്തിച്ചു.

Your Rating: