Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരയെ വീണ്ടും കുറ്റപ്പെ‌ടുത്താതിരിക്കൂ: മഞ്ജു വാര്യര്‍

Manju മഞ്ജു വാര്യര്‍

നമ്മുടെ രാജ്യത്ത് ലൈംഗിക അതിക്രമങ്ങളുടെ എണ്ണം നാള്‍ക്കുനാൾ പെരുകിക്കൊണ്ടിരിക്കുകയാണ്. വീട്ടിനുള്ളിലും തൊഴിലിടങ്ങളിലുമെല്ലാം പല സ്ത്രീകളും മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നുണ്ട്. പക്ഷേ ഇവയ്ക്കെതിരെ പ്രതികരിക്കുന്നവരുടെ എണ്ണം വളരെ കുറവാണു താനും. പലപ്പോഴും ഭയം മൂലം ഇത്തരം പീഡനങ്ങൾ ഉള്ളിലൊളിപ്പിച്ചു നടക്കുന്ന സ്ത്രീകളാണ് ഏറെയും. ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായിട്ടുള്ള സ്ത്രീകളുടെ പ്രധാന പ്രശ്നം പിന്നീടുള്ള കുറ്റപ്പെ‌ടുത്തലുകളാണ്. താനൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും സമൂഹം അവളെ എന്നും പഴിചാരിക്കൊണ്ടിരിക്കും.

ഇത്തരം അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കെതിരെ സമൂഹത്തിന്റെ മനോഭാവം വീണ്ടും കുറ്റപ്പെടുത്തലാണ്. അങ്ങനെ അവരുടെ ജീവിതം വീണ്ടും തകർക്കുകയാണ്. ''ലജ്ജിക്കേണ്ടത് ഇരകളല്ല, ആ കൃത്യം ചെയ്യുന്നവരാണ്'', പറയുന്നത് ലേഡിസൂപ്പർ സ്റ്റാർ മഞ്ജു വാരിയര്‍ ആണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഫ്രീഡം ഫ്രം ഫിയർ എന്ന ഷോർട്ട്ഫിലിമിലൂ‌ടെയാണ് മഞ്ജു ലൈംഗിക പീഡനങ്ങൾക്കെതിരെ പ്രതികരിക്കുന്നത്. ഇതിന്റെ വി‍ഡിയോ കുറിപ്പു സഹിതം മഞ്ജു ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു ദിവസം നമ്മുടെ രാജ്യത്ത് 99 സ്‌ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരകളാവുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ദേശീയ ശരാശരിയുടെ ഒന്നര ഇരട്ടിയാണ് കേരളത്തിലെ കണക്കുകൾ. അതിലും വേദനാജനകം ഇത്തരം അതിക്രമങ്ങൾക്ക് ഇരയാവുന്ന സ്‌ത്രീകൾക്കെതിരെ സമൂഹം പുലർത്തുന്ന കുറ്റപ്പെടുത്തൽ മനോഭാവമാണ്.
ഇങ്ങനെയുള്ള അതിക്രമങ്ങളിൽ പെട്ട് സമൂഹത്തിന്റെ ഭാഗത്ത് നിന്ന് വിഷമം അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ നിശബ്‍ദരാവരുത്. നമ്മളാരും പ്രതികരിക്കാതിരിക്കരുത്. അവർക്കാവശ്യമായ സഹായവും, സംരക്ഷണവും ഉറപ്പാക്കുക.
ഈ സംരംഭത്തിൽ ബോധിനി എന്ന സംഘടനക്കും ഈ ഫിലിമിന്റെ സംവിധായകനായ ശ്രീ ശ്യാമപ്രസാദ് സാറിനുമൊപ്പം എനിക്കും പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

Your Rating: