Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ കാണുന്ന ആ ഒരു മണിക്കൂർ അതാണ് സത്യം ; പൂർണിമ

Poornima പൂർണിമ ഇന്ദ്രജിത്

സിനിമ, ഫാഷൻ, അവതരണം എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച പൂർണിമ ഇന്ദ്രജിത് ഒരു ചെറിയ കാലയളവിന് ശേഷം മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ കുട്ടികളോടാണോ കളിയിലൂടെ തിരശ്ശീലയിൽ സജീവ സാന്നിധ്യമാവുകയാണ്. ലളിതമായ അവതരണ രീതി കൊണ്ടും കുട്ടികളോടും മത്സരാർത്ഥികളോടുമുള്ള സൗമ്യമായ ഇടപെടലുകൾ കൊണ്ടും കുട്ടികളോടാണോ കളിയിലെ പൂർണിമയുടെ അവതരണം പ്രേക്ഷകർ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. ചുരുങ്ങിയ കാലയളവു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പൂർണിമ ഇന്ദ്രജിത് ഷോയുമായി ബന്ധപ്പെട്ടുള്ള തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു...

ഷോ അവതരിപ്പിക്കുന്നത് ആസ്വദിക്കുന്നുണ്ടോ ?

തീർച്ചയായും. അതു സ്‌ക്രീനിൽ കാണുന്നുണ്ടല്ലോ ? ഈ ഷോ കാണുന്ന എല്ലാവരും പറയാറുണ്ട് , ഹോ എന്തൊരു തലവേദന പിടിച്ച പണി ആണെന്നൊക്കെ. സത്യത്തിൽ അങ്ങനെ ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നിയിട്ടില്ല. ഞാൻ ഷോ അവതരിപ്പിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ എന്റെ ഉള്ളിൽ തോന്നിയ ആഗ്രഹമായിരുന്നു കുട്ടികളുടെ ഒരു ഷോ അവതരിപ്പിക്കണം എന്ന്. അങ്ങനെ ഒരുപാട് ആഗ്രഹിച്ച് നിൽക്കുന്ന സമയത്താണ് 'കുട്ടികളോടാണോ കളി?' അവതരിപ്പിക്കാൻ എന്നെ വിളിക്കുന്നത്. എന്റെ ജീവിതത്തിലെ മൂന്നുനാലു ദിവസങ്ങൾ ഈ ഷോയുടെ ഷൂട്ടിനു വേണ്ടി മാറ്റി വയ്ക്കുന്നതിൽ എനിക്ക് എന്നും സന്തോഷമേ ഉള്ളൂ. സ്റ്റുഡിയോയിൽ എത്തിക്കഴിഞ്ഞാൽ, ശരിക്കും ഒരു അവധിക്കാലം ആഘോഷിക്കാൻ എത്തിയത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. കുട്ടികളും മത്സരാർഥികളുമായുള്ള ഇടപെടലുകൾ ഒക്കെ വളരെ രസമുള്ള കാര്യമാണ്. എന്റെ എല്ലാ ടെൻഷനും സ്‌ട്രെസും മറന്നു പോകും സ്റ്റുഡിയോയിൽ എത്തി കഴിഞ്ഞാൽ.

Poornima ഈ ഷോ കാണുന്ന എല്ലാവരും പറയാറുണ്ട് , ഹോ എന്തൊരു തലവേദന പിടിച്ച പണി ആണെന്നൊക്കെ. സത്യത്തിൽ അങ്ങനെ ഒരു ബുദ്ധിമുട്ട് എനിക്ക് തോന്നിയിട്ടില്ല.

ഷോയിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എന്തെല്ലാം ?

നാലുഘടകങ്ങൾ ഉണ്ട്. ഒന്നാമത്തെ ഘടകം കുട്ടികളാണ്. എനിക്കു കുട്ടികളെ വളരെ ഇഷ്ടമാണ്. കുട്ടികളെല്ലാവരും വളരെ നിഷ്കളങ്കരായതു കൊണ്ട് അവരോടു സംസാരിക്കാൻ വളരെ രസമാണ്. രണ്ടാമത്തെ ഘടകം ഷോ വളരെ എക്സൈറ്റിങ് ആണ്. എന്താവും സംഭവിക്കുക എന്നറിയാനുള്ള ആകാംക്ഷ ഉളവാക്കാൻ ഷോയ്ക്ക് സാധിക്കുന്നുണ്ട്. മൂന്നാമത്തെ ഘടകം ഈ ഷോയിൽ എന്തു സംഭവിക്കും എന്നത് ആർക്കും നിർവചിക്കാൻ സാധിക്കില്ല. നാലാമത്തെ ഘടകം പല മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ട് ഒരുപാട് അറിവ് പകരാൻ ഷോയ്ക്ക് സാധിക്കുന്നുണ്ട് എന്നതാണ്. പല കാര്യങ്ങളും നമ്മൾ ഈ ഷോയിലൂടെ ആണ് അറിയുന്നത്.

ഷോ അവതരിപ്പിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാം ?

ഷോ അവതരിപ്പിക്കുമ്പോൾ എന്റെ എല്ലാ സെൻസസും വളരെ ഊർജസ്വലമായിരിക്കും.. ഒരേ സമയം ഞാൻ പി സി ആറിൽ നിന്നുമുള്ള നിർദ്ദേശങ്ങളും, ബസർ അമർത്തുന്നതിന്റെ സമയവും ശ്രദ്ധിക്കണം. ചോദ്യങ്ങൾ ചോദിക്കുന്ന സമയങ്ങളിൽ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ ഉണ്ട്. ഞാൻ വേദിയിൽ കയറിയതിനു ശേഷമാണ് എന്റെ കൈകളിലേക്ക് ചോദ്യങ്ങൾ ലഭിക്കുക. ടേക്ക് പോകുന്ന സമയം ചോദ്യങ്ങൾ തെറ്റ് വരാതെയും കേൾക്കുന്നവർക്ക് മനസിലാകുന്ന രീതിയിലും വായിക്കണം. കൂടാതെ ചില സമയങ്ങളിൽ മത്സരാർഥികൾ ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപ് ഉത്തരങ്ങൾ പറയും. അങ്ങനെയുള്ള നിമിഷങ്ങളിൽ, ചിലപ്പോൾ ചോദ്യം തന്നെ മാറിപ്പോയേക്കാം. അങ്ങനെ സംഭവിക്കാതെയും നോക്കേണ്ടതായി വരാറുണ്ട്.

Poornima സ്റ്റുഡിയോയിൽ എത്തിക്കഴിഞ്ഞാൽ, ശരിക്കും ഒരു അവധിക്കാലം ആഘോഷിക്കാൻ എത്തിയത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. കുട്ടികളും മത്സരാർഥികളുമായുള്ള ഇടപെടലുകൾ ഒക്കെ വളരെ രസമുള്ള കാര്യമാണ്.

കുട്ടികളുടെ പല വികാരങ്ങളെയും അവർക്കു വിഷമം തോന്നാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതെങ്ങനെ ?

നമ്മൾ ആദ്യം മനസിലാക്കേണ്ട കാര്യം 'ദേ ആർ നോട്ട് അഡൽട്സ് '. അവർ കുട്ടികളാണ്. അതുകൊണ്ട് അവർ അവരുടേതായ രീതിയിലെ പെരുമാറുകയുള്ളൂ. പാട്ടും ഡാൻസും വിശകലനം ചെയ്യുന്നതു പോലെയല്ല, പറഞ്ഞ ഉത്തരം തെറ്റാണ് എന്ന് പറയുമ്പോൾ. മറ്റു മത്സരങ്ങളിൽ പോസറ്റീവ് കമൻറ്സ് പറയുന്നതിനോടൊപ്പം നെഗറ്റീവ് കമൻറ്സ് പറഞ്ഞാൽ കുറച്ചു വിഷമമേ തോന്നുകയുള്ളൂ. പക്ഷേ, ഈ ഷോയിൽ അങ്ങനെ പറ്റില്ല. ഉത്തരം തെറ്റിയാൽ അതു തെറ്റാണ് എന്നു പറഞ്ഞേ പറ്റൂ. അതു കേൾക്കുമ്പോൾ കുട്ടികൾക്ക് വിഷം തോന്നാം. ഞാൻ നേരത്തെ പറഞ്ഞത് പോലെ അവർ വളരെ നിഷ്കളങ്കരാണ്. മികച്ച രീതിയിൽ മത്സരിക്കാൻ പറ്റിയില്ലെങ്കിൽ അവർക്കു ദേഷ്യവും സങ്കടവും വരുന്നതിനു പിന്നിലുള്ള കാരണവും അതാണ്. അതിന് ആർക്കും അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. അവർക്ക് വിഷമം തോന്നുന്ന പല ഘട്ടങ്ങളിലും ഞാൻ സാരമില്ല എന്നു പറഞ്ഞ് അവരെ സമാധാനിപ്പിക്കാറാണ് പതിവ്. പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഞാൻ ഒരു പരിധിക്കപ്പുറം ഇടപെടാനും ശ്രമിക്കാറില്ല . കാരണം, പറഞ്ഞ ഉത്തരം തെറ്റിപ്പോയി എന്ന് അറിഞ്ഞാൽ പിന്നീട് ആ ചോദ്യത്തിന്റെ ഉത്തരം അവർ തെറ്റിക്കില്ല.

ഷോ ചെയ്യാൻ തുടങ്ങിയതിനു ശേഷം നടന്ന ഒരു സംഭവത്തെക്കുറിച്ച് ?

ഐ എ എസുകാരുടെ എപ്പിസോഡിനു ശേഷം ഒരു പൊതു വേദിയിൽ വച്ച് ഞാൻ ഐ എ എസ് ഓഫീസർ മുഹമ്മദ് ഹനീഷ് സാറിനെ കണ്ടിരുന്നു. അപ്പോഴും സാറിന് കുട്ടികളോടാണോ കളിയിൽ പങ്കെടുത്തതിന്റെ ഹാങ്ങ് ഓവർ മാറിയിട്ടുണ്ടായിരുന്നില്ല.. ആ ഷോയിൽ പങ്കെടുത്തതിനെക്കുറിച്ചും കുട്ടികളെക്കുറിച്ചുമുള്ള കാര്യങ്ങൾ വേദിയിൽ വച്ച് അദ്ദേഹം പറഞ്ഞു. ആ നിമിഷം എനിക്ക് ഒരുപാട് സന്തോഷം തോന്നി. പിന്നെ എന്റെ മക്കളുടെ സ്‌കൂളിലൊക്കെ പോകുമ്പോൾ, അവിടെയുള്ള എല്ലാ കുട്ടികളും വന്ന് ഞാൻ ഷോയിൽ ചോദിച്ച ചില ചോദ്യങ്ങളൊക്കെ എന്നോട് ഇങ്ങോട്ടു വന്നു ചോദിക്കും. അതൊക്കെ വളരെ രസമുള്ള കാര്യങ്ങളാണ്. ഷോ എത്രത്തോളം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഇതെല്ലാം.

Poornima നമ്മൾ ആദ്യം മനസിലാക്കേണ്ട കാര്യം 'ദേ ആർ നോട്ട് അഡൽട്സ് '. അവർ കുട്ടികളാണ്. അതുകൊണ്ട് അവർ അവരുടേതായ രീതിയിലെ പെരുമാറുകയുള്ളൂ.

ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപ് കുട്ടികൾ ബസർ അമർത്തുന്നതിനെക്കുറിച്ച് ?

ഷോ സ്ഥിരമായി കാണുന്നവർക്കും, ക്വിസ് മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നവർക്കും ഈ ഷോയുടെ ടെക്നിക് എങ്ങനെ ആണെന്നുള്ളത് മനസിലാകും. ഇതിൽ ചോദിക്കുന്ന ഏതൊരു ചോദ്യത്തിനും ഒരു പ്രധാന വാക്ക് ഉണ്ട്. അതു മനസിലാക്കിയാണ് പല മത്സരാർത്ഥികളും ചോദ്യം ചോദിച്ച് തീരും മുന്നേ ഉത്തരം പറയുന്നത്. കൂടാതെ ചാടിക്കയറി ബസർ അമർത്തുന്നതിനു ആരെയും കുറ്റം പറയാൻ പറ്റില്ല. ആർക്ക് ഉത്തരം അറിയുന്നുവോ അവർ ആദ്യം ബസർ അമർത്തി ഉത്തരം പറഞ്ഞാൽ മാത്രമേ കളിയിൽ മുന്നോട്ടു പോകാൻ സാധിക്കൂ. ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപ് കുട്ടികൾ ബസർ അമർത്തുന്നതിനു പിന്നിലുള്ള കാരണം അതാണ്.

എന്റെ അച്ഛൻ ഈ ഷോ കാണുമ്പോൾ എപ്പോഴും എന്നോട് പറയാറുണ്ട് " എന്തു പിള്ളേരാണിത്. ചോദ്യം വ്യക്തമായി കേൾക്കാൻ സമ്മതിക്കില്ല. നീ അവരെക്കൊണ്ടു ചോദ്യം കംപ്ലീറ്റ് ചെയ്യിപ്പിക്കണം" എന്ന് (ചിരിക്കുന്നു ). ആദ്യമൊക്കെ ചോദ്യങ്ങൾ സ്‌ക്രീനിൽ എഴുതികാണിക്കാറുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ കാണിക്കുന്നുണ്ട്. പിന്നെ മത്സരാർത്ഥികളോ കുട്ടികളോ ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപ് ഉത്തരം പറഞ്ഞാൽ ഞാൻ തന്നെ അവരെക്കൊണ്ട് ചോദ്യം മുഴുവൻ പറയിക്കും. അതിനുശേഷം ഞാൻ ഒരിക്കൽക്കൂടി ചോദ്യം മുഴുവൻ വായിക്കുകയും ചെയ്യും. ചില നേരങ്ങളിൽ കുട്ടികൾ ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപ് ഉത്തരം പറഞ്ഞാൽ ഞാൻ അവരുടെ ചെവിക്ക് പിടിക്കും. അത് പക്ഷേ അത്രയും അടുപ്പം ഞാനും ആ കുട്ടികളും തമ്മിൽ ഉള്ളത് കൊണ്ടാണ് കേട്ടോ...

Poornima ചില നേരങ്ങളിൽ കുട്ടികൾ ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപ് ഉത്തരം പറഞ്ഞാൽ ഞാൻ അവരുടെ ചെവിക്ക് പിടിക്കും. അത് പക്ഷേ അത്രയും അടുപ്പം ഞാനും ആ കുട്ടികളും തമ്മിൽ ഉള്ളത് കൊണ്ടാണ് കേട്ടോ...

പൂർണിമ കുട്ടികൾക്ക് ചോദ്യോത്തരങ്ങൾ പറഞ്ഞു കൊടുത്തിട്ടാണ് പങ്കെടുപ്പിക്കുന്നത് എന്ന ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് പറയാനുള്ളത് ?

കൂടുതൽ തവണയും കുട്ടികൾ ജയിക്കുന്നതു കൊണ്ടാണ് അങ്ങനെ ഒരു തോന്നൽ പ്രേക്ഷകരിൽ ചിലർക്ക് ഉണ്ടാകുന്നത്. കുട്ടികൾ സ്ഥിരമായി തെറ്റുത്തരങ്ങളാണ് പറയുന്നതെങ്കിൽ ആരും ഇങ്ങനെയുള്ള കമൻറ്സ് പറയില്ല. ഇതിൽ ചിന്തിക്കേണ്ട മറ്റൊരു കാര്യം. ഞാൻ ഒരു ക്വിസ് മാസ്റ്റർ ആയിട്ടാണ് ആ വേദിയിൽ നിൽക്കുന്നത്. അതുകൊണ്ട് എനിക്കൊരിക്കലും ബയസ്ഡ് ആകാൻ പറ്റില്ല. ഒരു ഷോ ബയസ്ഡ് ആയാൽ ആ ഷോ വിജയിക്കില്ല. ഈ ഷോയുമായി താരതമ്യം ചെയ്യാൻ ക്വിസിങ്ങുമായി ബന്ധപ്പെട്ട് മറ്റൊരു ഷോ ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെ ഉള്ള ആരോപണങ്ങൾ ഒരിക്കലും ഉണ്ടാവുകയില്ലായിരുന്നു . കാരണം, ഈ രീതികളൊക്കെ തന്നെയായിരിക്കും ആ ഷോയിലും പ്രേക്ഷകർക്കു കാണാൻ സാധിക്കുക. പിന്നെ ഒരു സാധാരണ റിയാലിറ്റി ഷോ അല്ലാത്തതിന്റെ ചില പ്രശ്നങ്ങളും ഉണ്ട് ഈ ഷോയ്ക്ക്. ഒരിക്കലും എല്ലാവരുടെയും കയ്യടി മേടിച്ച് ഒരു ഷോയ്ക്കും മുന്നോട്ടു പോകാൻ സാധിക്കില്ല. " ബഹുജനം പലവിധം" ആണ്.

ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരങ്ങൾ പറയുന്നുണ്ടെങ്കിൽ ആ കുട്ടികൾക്ക് അത്രയും അറിവുണ്ട് എന്നതാണ് മനസിലാക്കേണ്ടത്. ഷൂട്ടിനിടയിൽ പലപ്പോഴും രണ്ട് ടീമുകളും ഉത്തരങ്ങൾ പറയാതെ വരുന്ന നിമിഷങ്ങൾ ഉണ്ടാകാറുണ്ട്. സമയ പരിമിതി മൂലം പലപ്പോഴും അങ്ങനെയുള്ള നിമിഷങ്ങൾ എപ്പിസോഡിൽ കാണിക്കാറില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവരോടും പ്രേക്ഷകരോടും പറയാൻ ഒന്നേയുള്ളൂ " നിങ്ങൾ ഷോ കാണുന്ന ആ ഒരു മണിക്കൂർ അതാണ് സത്യം".

poornima-indrajith ആരോപണങ്ങൾ ഉന്നയിക്കുന്നവരോടും പ്രേക്ഷകരോടും പറയാൻ ഒന്നേയുള്ളൂ " നിങ്ങൾ ഷോ കാണുന്ന ആ ഒരു മണിക്കൂർ അതാണ് സത്യം".

പൂർണിമ കുട്ടികളെയാണ് കൂടുതൽ പിന്തുണയ്ക്കുന്നത് എന്ന കമന്റസിനോട് പ്രതികരിക്കുന്നത് എങ്ങനെ ?

രണ്ടു ടീമുകളിൽ ആര് ശരി ഉത്തരം പറഞ്ഞാലും എനിക്ക് സന്തോഷം തോന്നും. ആ നിമിഷം ഒരു ചെറിയ കുട്ടിയെ നോക്കി ചിരിക്കുന്നത് പോലെ ഞാൻ ജയിക്കുന്ന ആളെ നോക്കി ചിരിക്കും. അതിനർത്ഥം ഞാൻ ആ ഒരു സവിശേഷ ടീമിനെയാണ് സപ്പോർട്ട് ചെയുന്നത് എന്നതല്ല.

കുട്ടികളോടാണോ കളിയോട് ബന്ധപ്പെട്ടിറങ്ങുന്ന ട്രോളുകളെക്കുറിച്ച് ?

ഏറ്റവും കൂടുതൽ വിജയിച്ച ഷോസിനെക്കുറിച്ചായിരിക്കും ആളുകൾ കൂടുതൽ എഴുതുകയും സംസാരിക്കുകയും ചെയ്യുക. സാധാരണയായി സിനിമാ മേഖലയുമായും മറ്റു മേഖലകളുമായും ബന്ധപ്പെട്ടുള്ള ട്രോളുകളാണ് വരാറുള്ളത്. അതിനിടയിൽ ഒരു ഷോ സ്ഥാനം പിടിക്കുക എന്നത് പ്രോത്സാഹനാർഹമായ കാര്യമാണ്.

Your Rating: