കഴിഞ്ഞയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഒബാമയും ഭാര്യയും വൈറ്റ് ഹൗസിൽ നടത്തിയ സെലിബ്രിറ്റി ഡിന്നറിൽ ഹോളിവുഡ് വമ്പത്തികളടക്കം ഒട്ടേറെ താരങ്ങളുണ്ടായിരുന്നിട്ടും ‘..മ്മടെ’ പ്രിയങ്കയായിരുന്നു ഫോക്കസ്. ബോളിവുഡ് സൂപ്പർസ്റ്റാർ എന്ന നിലയ്ക്കല്ല, ചുരുങ്ങിയ കാലം കൊണ്ട് യുഎസിൽ ജനപ്രിയ ടിവി താരമായി മാറിയതുകൊണ്ടാണല്ലോ പ്രിയങ്ക ചോപ്രയ്ക്ക് അവിടേക്കു ക്ഷണം കിട്ടിയത്. അതുകൊണ്ടുതന്ന തികച്ചും അമേരിക്കൻ സ്റ്റൈലിലായിരുന്നു താരം.
ആഭരണങ്ങളോ കടുത്ത മേയ്ക്കപ്പോ ഇല്ലാതിരുന്നിട്ടും, എന്തിന്...മുടി ചീകുകപോലും ചെയ്യാതിരുന്നിട്ടും, പ്രിയങ്ക കണ്ണുകൾക്കു പ്രിയങ്കരിയായത് ആ കറുത്ത ഗൗൺ കാരണമാണ്. പ്രശസ്ത ലബനീസ് ഫാഷൻ ഡിസൈനർ സുഹൈർ മുറാദിന്റെ ഏറ്റവും പുതിയ കളക്ഷനിൽപ്പെട്ട ഗൗൺ. താഴ്ത്തി വെട്ടിയ കഴുത്ത്, ചില ഭാഗങ്ങളിൽ പല തട്ടുകളായി മടക്കിത്തുന്നലുകൾ, ചിലയിടങ്ങളിൽ സുതാര്യത, പല നിരകളിൽ തിളക്കമുത്തുകൾ, ചർമ നിറമുള്ള ഇന്നർലെയർ. സെലിബ്രിറ്റി പാർട്ടി എന്ന നിലയിൽ, ഗൗണുകളുടെ സംസ്ഥാന സമ്മേളനമായിരുന്നു വൈറ്റ്ഹൗസിൽ എങ്കിലും പ്രിയങ്കയുടെ ഷീയർ ഗൗൺ താരമായി. കഴുത്തിറക്കം കൊണ്ടാകാം, ഇന്നർലെയർ ഉണ്ടെന്നു പെട്ടെന്നു മനസ്സിലാകാത്തതാകാം, പ്രിയങ്കയുടെ ഉന്മേഷവും ആഹ്ലാദപ്രകടനങ്ങളും അമേരിക്കൻ അതിഥികളെ ആകർഷിച്ചതുമാകാം... താരത്തിന്റെ ആകാരഭംഗിക്ക് ഏറ്റവും ചേരുന്ന ഗൗൺ ആയിരുന്നു അതെന്നാണ് യുഎസിലെ ഫാഷൻ മാധ്യമങ്ങൾ പൊതുവെ കമന്റുന്നത്.
കഴിഞ്ഞ ഓസ്കർ റെഡ് കാർപറ്റിൽ പ്രിയങ്ക എത്തിയതും സുഹൈർ മുറാദ് ഡിസൈൻ ചെയ്ത ഗൗണിലായിരുന്നു എന്നോർക്കണം. പ്രിയങ്കയെന്നാൽ പ്രകൃതിയുടെ മിശ്രണം, സുഹൈർ മുറാദിന്റെ പായ്ക്കിങ് എന്നാകുമോ...