Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡിന്റെ സ്വന്തം രോഹിണി, കരിയറിൽ വഴിത്തിരിവായത് ഷാരൂഖ് ചിത്രം

srk-1

ഇഷ്ടമുള്ള കാര്യങ്ങള്‍ കരിയറായി തെരഞ്ഞെടുക്കുക. അപ്പോള്‍ അത് എത്ര കഠിനമാണെങ്കിലും നിങ്ങള്‍ക്ക് ശ്രമകരമായി തോന്നില്ല. ചെയ്യുന്നത് നിങ്ങള്‍ ആസ്വദിക്കും-ഈ തത്വമാണ് രോഹിണി അയ്യര്‍ എന്ന വനിതയെ വിജയങ്ങള്‍ താണ്ടാന്‍ പ്രാപ്തയാക്കിയത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും ശക്തരായ വനിതകളില്‍ രോഹിണിയുടെ പേര് മുന്‍നിരയില്‍ തന്നെ കാണാം. 

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെപ്പോലെ തന്നെ പ്രശസ്തയാണ് രോഹിണി അയ്യര്‍. അവിടെ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തികളില്‍ ഒരാള്‍ എന്ന് പറഞ്ഞാലും തെറ്റില്ല. 

സെലിബ്രിറ്റി മീഡിയ മാനേജ്‌മെന്റില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭം നടത്തുന്ന രോഹിണിയാണ് കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, സല്‍മാന്‍ ഖാന്‍, ഹൃതിക് രോഷന്‍, അഭിഷേക് ബച്ചന്‍, സോനം കപൂര്‍ തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങളുടെ പിആര്‍ മാനേജ് ചെയ്യുന്നത്. 

image-2 ഫോട്ടോ കടപ്പാട്: ഇന്‍സ്റ്റഗ്രാം

സെലിബ്രിറ്റികളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് രോഹിണിയുടെ റെയ്ൻഡ്രോപ്സ് മീഡിയയാണ്. ഈ മേഖലയില്‍ നല്‍കിയ വലിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു അടുത്തിടെ ബ്രിട്ടനിലെ വിമണ്‍ ഇക്കണോമിക് ഫോറം സെലിബ്രിറ്റി മീഡിയ രംഗത്തെ കഴിഞ്ഞ പതിറ്റാണ്ടിലെ സ്ത്രീയായി രോഹിണിയെ തെരഞ്ഞെടുത്തതും. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന സ്ത്രീകളെ അംഗീകരിക്കുന്നതിനു വേണ്ടിയുള്ള ആഗോള സംഘടനയാണ് വിമണ്‍ ഇക്കണോമിക് ഫോറം.

image-3 ഫോട്ടോ കടപ്പാട്: ഇന്‍സ്റ്റഗ്രാം

പതിനാറാം വയസ്സില്‍ ഒരു സിനിമാ ജേണലിസ്റ്റായാണ് രോഹിണി കരിയര്‍ ആരംഭിച്ചത്. സിനിമകളെ സ്‌നേഹിക്കുക, താരങ്ങള്‍ക്ക് പിന്നാലെ പായുക, പുസ്തകങ്ങള്‍ വായിക്കുക..ഇതെല്ലാമായിരുന്നു അക്കാലത്തെ രോഹിണിയുടെ ശീലങ്ങള്‍.

പിന്നീട് ജോലി ഉപേക്ഷിച്ച് സംരംഭകയായി മാറാനുള്ള തീരുമാനമാണ് അവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. എന്നും ഒരേ കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള മടുപ്പും ഫിക്‌സഡ് ഷെഡ്യൂളുകളുമെല്ലാമാണ് അവരെ സംരംഭകത്വത്തിലേക്ക് നയിച്ചത്. അപ്രവചനീയതയാണ് തനിക്കിഷ്ടമെന്നാണ് രോഹിണി അയ്യര്‍ എപ്പോഴും പറയുക. 

ബോളിവുഡിന്റെ താല്‍പ്പര്യങ്ങള്‍ എന്താണെന്ന് കൃത്യമായി മനസിലാക്കി താരങ്ങള്‍ക്കു വേണ്ടി പിആര്‍ ചെയ്യുന്നതാണ് ഇവരെ ഈ മേഖലയിലെ എക്കാലത്തെയും ശക്തികേന്ദ്രമായി നിലനിര്‍ത്തുന്നത്. പ്രസ് മീറ്റുകള്‍ മുതല്‍ ഫിലിം സ്‌ക്രീനിംഗ് വരെയുള്ള കാര്യങ്ങള്‍ രോഹിണി സംഘടിപ്പിക്കുന്നു. ഷാറൂഖ് ഖാന്റെ മേന്‍ ഹൂം നയുടെ പബ്ലിസിസ്റ്റ് ആയതായിരുന്നു കരിയറിലെ വഴിത്തിരിവെന്ന് രോഹിണി കരുതുന്നു.

ചട്ടക്കൂടുകളില്‍ ഒതുങ്ങാതെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതാണ് തന്റെ വിജയത്തിന് കാരണമെന്ന് രോഹിണി പറയുന്നു. 16ാം വയസ്സു മുതല്‍ ഭയമില്ലാതെ സത്യസന്ധതയോടെ കരിയറില്‍ മുഴുകിയതാണ് തന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്ന് അവര്‍ പറയുന്നു. 

ഞങ്ങള്‍ വെല്ലുവിളികളിലാണ് വിജയം കണ്ടെത്തുന്നത്. ചെറിയ ബജറ്റില്‍ മികച്ച ആശയങ്ങളുള്ള സിനിമകളെ പ്രൊമോട്ട് ചെയ്യുകയെന്നത് അറിയപ്പെടുന്ന താരങ്ങളുള്ള സിനിമകളില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ്. അപ്പോള്‍ അവയുടെ വിജയത്തിന് ഔട്ട് ഓഫ് ദി ബോക്‌സ് സ്ട്രാറ്റജികള്‍ തന്നെ ആവിഷ്‌കരിക്കേണ്ടി വരും-രോഹിണി പറയുന്നു.

ഒരു കമ്പനിയെന്ന നിലയിലുള്ള സത്യസന്ധത കൈവെടിയാത്തതാണ് തന്റെ സംരംഭത്തെ കൂടുതല്‍ വളര്‍ച്ചയിലേക്കെത്തുന്നതെന്നാണ് രോഹിണിയുടെ പക്ഷം. 

ഒരു ഫിലിം ജേണലിസ്റ്റിന്റെ ജോലിയെക്കാളും എത്രയോ പ്രഷറുള്ളതല്ലേ സ്വന്തമായി നടത്തുന്ന ഈ സംരംഭവും വന്‍സെലിബ്രിറ്റികളെ മാനേജ് ചെയ്യുന്നതും എന്നു ചോദിക്കുന്നവരോട് രോഹിണി അയ്യര്‍ക്കുള്ള ഉത്തരം ഇതാണ്...നിങ്ങള്‍ ഇഷ്ടപ്പെടുന്നത് ജീവിതമായി തെരഞ്ഞെടുക്കൂ. അപ്പോള്‍ അതൊരിക്കലും നിങ്ങള്‍ക്ക് ഒരു ജോലിയായി തോന്നില്ല. 

Your Rating: