Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതത്തിന് എന്തിന് വെള്ളസാരി, ഇതു ചുരിദാറിട്ട പ്രേതം!!

saritha-jayasurya-pretham1

പ്രേതം എന്നു കേട്ടാൽ, വെള്ള സാരിയുമെടുത്ത് മുട്ടോളം വരുന്ന മുടിയഴിച്ചിട്ട് അലഞ്ഞുതിരിയുന്ന രൂപമാണ് നമ്മുടെ മനസ്സിൽ(അലങ്കാരത്തിന് കുറച്ച് പുകയുമായകാം). സിനിമകൾ മനസ്സിലേക്കു കുടിയിരുത്തിയ ആ പ്രേത സങ്കൽപ്പത്തെ പൊളിച്ചെഴുതിയിരിക്കുകയാണ് രഞ്ജിത് ശങ്കറിന്റെ പുതിയ സിനിമ‘പ്രേതം’ കറുപ്പ് നിറത്തിലുള്ള ചുരിദാറിലാണ് ചിത്രത്തിൽ പ്രേതം പ്രത്യക്ഷപ്പെടുന്നത്. പ്രേതത്തിന്റെ ചുരിദാറിനൊപ്പം തന്നെ ജയസൂര്യയുടെ കുർത്തകളും ഹിറ്റാണ്. പ്രേതത്തിന്റെ ‘കോസ്റ്റ്യൂം ചെയ്ഞ്ചിനെ’ കുറിച്ചും ജയസൂര്യയുടെ കിടിലൻ കുർത്തയെ കുറിച്ചും സിനിമയുടെ കോസ്റ്റ്യൂം ഡിസൈനർ സരിത ജയസൂര്യ പറയുന്നു.

ഇതു ചുരിദാറിട്ട പ്രേതം
കഥ പറയുമ്പോൾ തന്നെ സാധാരണ പ്രേതം വേണ്ടെന്നു സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞിരുന്നു. വെള്ള നിറവും സാരിയും വേണ്ടെന്നു നേരത്തെ തീരുമാനിച്ചു. തിരക്കഥ വായിച്ചപ്പോൾ മനസിലായി സാധാരണ പ്രേതമായി ഈ പ്രേതത്തെ ഇറക്കാൻ പറ്റില്ലെന്ന്. അങ്ങനെയാണ് കറുപ്പ് നിറത്തിലുള്ള ചുരിദാർ മതിയെന്നു തീരുമാനിക്കുന്നത്. ആൾക്കാർക്ക് വിശ്വസനീയമായ രീതിയിൽ കഥാസന്ദർഭത്തിനനുസരിച്ചുള്ള കോസ്റ്റ്യൂമാണ് പ്രേതത്തിനായി ചെയ്തിരിക്കുന്നത്.

saritha-jayasurya-pretham

കുർത്ത വീണ്ടും താരം
‘പുണ്യാളൻ അഗർബത്തീസ്’ എന്ന സിനിമയിൽ ജയസൂര്യയ്ക്കു വേണ്ടി ചെയ്ത കുർത്തകൾ ക്ലിക്കായതാണ് കുർത്തകളിൽ പരീക്ഷണം നടത്താൻ ധൈര്യം തന്നത്. ഈ സിനിമയിൽ മെന്റലിസ്റ്റാണ് ജയസൂര്യയുടെ കഥാപാത്രം. ആ കഥാപാത്രത്തെ മനസിൽ കണ്ടുകൊണ്ടാണ് കടും നിറങ്ങൾ തിരഞ്ഞെടുത്തത്. ലിനൻ, ജൂട്ട് മെറ്റീരിയലിലുള്ള ലൂസ് കുർത്തകളും ലിനൻ മെറ്റീരിയലിൽ തന്നെ ലൂസ് പാന്റുമാണ് ജയസൂര്യയ്ക്കായി ഡിസൈൻ ചെയ്തത്. ജീൻസ് ഉപയോഗിച്ചിട്ടേയില്ല. കുർത്തകളിലെ അസിമെട്രിക് കട്ടും കോളറുകളിലെ വ്യത്യസ്തതയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബുദ്ധ പ്രിന്റിലുള്ള കുർത്തയ്ക്ക് ഇപ്പോൾ വലിയ ഡിമാന്റാണ്.

സ്വന്തം പ്രൊഡക്ഷനിലുള്ള മൂന്നു സിനിമകൾക്കായാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പുണ്യാളൻ അഗർബത്തീസിൽ ജയസൂര്യയ്ക്കു മാത്രമായാണ് കോസ്റ്റ്യൂം ചെയ്തെതിങ്കിലും പിന്നീട് റിലീസായ സു..സു..സുധി വാൽമീകത്തിൽ ജയസൂര്യയ്ക്കു വേണ്ടിയും നായികമാർക്കു വേണ്ടിയും ചെയ്തു. അടുത്തതായിരുന്നു പ്രേതം. ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ കിട്ടിയത് പ്രേതത്തിലെ കോസ്റ്റ്യൂംസിനാണ്.

മറ്റൊരാൾ... മമ്മൂട്ടി
ജയസൂര്യയല്ലാതെ മറ്റൊരാൾക്ക് വേണ്ടി കോസ്റ്റ്യൂം ചെയ്യാൻ ആലോചിക്കുമ്പോൾ മനസിൽ വരുന്നത് മമ്മൂട്ടിയാണ്. സാരി ഡിസൈൻ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ശോഭനയാണ് അത് ഉടുക്കുന്നതെങ്കിൽ ഇരട്ടി സന്തോഷം. പൂർണമായും സിനിമയിൽ ചെലവഴിക്കാൻ സമയമില്ലാത്തതിനാൽ തൽക്കാലത്തേക്ക് മറ്റു സിനിമകളെ കുറിച്ച് ആലോചനയില്ല. ഈ സിനിമയുടെ വിജയം ആഘോഷിച്ചു തീരട്ടെ.....