Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു നാൾ പൂത്തുലയും ആ സ്വപ്നം, അപ്സര കാത്തിരിക്കുന്നു!

Apsara അപ്സര

അഭിനയരംഗത്തു പയറ്റിത്തെളിയുന്ന കലാകാരിയാണ് അപ്സര. അഞ്ചു സീരിയലുകൾ, രണ്ടു സിനിമകൾ– എല്ലാം കുറഞ്ഞ കാലം കൊണ്ടു സംഭവിച്ചത്. എന്നാൽ, സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്തുന്ന അഭിയപ്രാധാന്യമുളള ഒരു കഥാപാത്രം ഇനിയും തന്നെ തേടിയെത്തിയിട്ടില്ലെന്ന് അപ്സര പറയുന്നു. ഇതൊരു പരിഭവം പറച്ചിലല്ല. സമയമാകുമ്പോൾ ആ കഥാപാത്രം തന്റെ അരികിൽ ഓടിയെത്തുമെന്ന് ഈ കലാകാരിക്ക് ഉറച്ച വിശ്വാസമുണ്ട്.

അങ്ങനെ ഒരു നാൾ പൂത്തുലയും ആ സ്വപ്നം ! അതിനായി കാത്തിരിക്കുമ്പോൾ തന്നെ അപ്സര അവതരിപ്പിച്ച ഒരു കഥാപാത്രം പ്രേക്ഷകമനസ്സുകളെ ആകർഷിച്ച് മുന്നേറിക്കൊ ണ്ടിരിക്കുകയാണ്. ‘പുനർജനി’ എന്ന സീരിയലിലെ ഡോ. പൂജയാണ് ആ കഥാപാത്രം. അപ്സര എന്ന അഭിനേത്രിയുടെ നടനമികവിന്റെ ഉത്തമോദാഹരണം. എന്നോ വഴിപിരിഞ്ഞ മാതാപിതാക്കളുടെ മകൾ. അവൾക്കു കാലം കാത്തു വച്ചത് അഗ്നിപരീക്ഷണങ്ങളുടെ നാളുകളായിരുന്നു. പൂജ എന്ന പെൺകുട്ടിയുടെ ജീവിതയാത്ര എത്ര വികാരതീവ്രതയോടെ യാണ് അപ്സര അവതരിപ്പിക്കുന്നത്. അല്ലെങ്കിലും ഒരു കാല ത്ത് കെപിഎസി നാടകങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച നടി ശോഭനയുടെ മകൾക്ക് അഭിനയം രക്തത്തിൽ അലി ഞ്ഞു ചേർന്ന ഒരു സിദ്ധി വിശേഷം അല്ലേ?

‘അമ്മ’യിലൂടെയാണ് അപ്സര സീരിയൽ രംഗത്ത് എത്തു ന്നത്. ഇതിൽ ബീനാ ആന്റണിയുടെ മകൾ ശ്രുതിയുടെ വേഷ മായിരുന്നു. ആദ്യ സീരിയലിലേക്കു കടന്നു വന്നതിനെക്കുറിച്ച് അപ്സര:

‘‘ഗിരീഷ് അമ്പാടി എന്ന ഫോട്ടോഗ്രാഫറാണ് ഇതിന് വഴി യൊരുക്കിയത്. അദ്ദേഹമെടുത്ത എന്റെ ചിത്രം ഒരു മാഗസി നിൽ കവർ ഫോട്ടോയായി അടിച്ചു വന്നു. ഇതു കണ്ടിട്ടാണ് സംവിധായകൻ ആദിത്യൻ സാർ എന്നെ ‘അമ്മ’ എന്ന സീരിയലിലേക്കു വിളിച്ചത്. കെപിഎസി ശോഭനയുടെ മകളാ ണെങ്കിലും സീനിയർ നടികളുടെ കൂടെയാണ് അഭിനയിക്കേ ണ്ടത്. അഭിനയിക്കുമ്പോൾ എന്തെങ്കിലും തെറ്റ് സംഭവിച്ചാ ലോ... പക്ഷേ, എല്ലാം എന്റെ തോന്നലുകളാണെന്ന് അധികം വൈകാതെ മനസ്സിലായി. എത്ര സ്നേഹത്തോടെയായിരുന്നു അവർ എന്നോടു പെരുമാറിയത്.’’

‘സ്ത്രീധന’ത്തിലെ മേഘന, ‘സംഗമ’ത്തിലെ ദേവി, ‘ബന്ധു വാര് ശത്രുവാരി’ലെ ആരതി– ഇതെല്ലാം അപ്സര വിവിധ ചാനലുകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളാണ്.‌‌

Apsara അപ്സര

ഒരു തമിഴ് സിനിമ ഉൾപ്പെടെ അപ്സര രണ്ടു സിനിമകളിൽ അഭിനയിച്ചു. ‘റൊമനോവ്’ ആണ് മലയാള ചിത്രം. ഇതിനെ ല്ലാം പുറമേ ‍ഡാൻസ് പരിപാടികളും റിയാലിറ്റി ഷോകളും. അതുല്യ എന്നാണു ശരിയായ പേര്.

ചെറുപ്പത്തിലേ കലാരംഗത്തു തിളങ്ങിയ പെൺകുട്ടിയാണ് അപ്സര. സ്കൂൾ കലോൽസവങ്ങളിൽ എപ്പോഴും നിറഞ്ഞു നിന്നിരുന്നു.... പങ്കെടുക്കുന്ന ഈ ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം. ഡാൻസിലും മോണോ ആക്ടിലും കഥാപ്രസംഗ ത്തിലുമെല്ലാം വിജയകിരീടം! നാടകങ്ങളിൽ മികച്ച നടിക്കുളള അംഗീകാരം. ഈ നേട്ടങ്ങൾക്കെല്ലാം ഇടയാക്കിയത് സ്വന്തം അധ്യാപകരാണെന്ന് നന്ദിയോടെ അപ്സര ഓർക്കുന്നു.

തിരുവനന്തപുരം കേശവദാസപുരത്തെ എംജി കോള‍ജിൽ ബി.എസ്.സി രണ്ടാം വർഷത്തിനു പഠിക്കുകയാണ് ഇപ്പോൾ അപ്സര. എങ്കിലും കലാരംഗത്തു സജീവം.

ഫാഷൻ കാര്യത്തിൽ വളരെ മുന്നിലാണ് ഈ നടി. വസ്ത്ര ങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധയാണ് അപ്സര യ്ക്ക്. ഇതുവരെ ഒരു സിലക്ഷനും മോശമായിട്ടില്ല. അഭിനയ‌ രംഗത്ത് ജനപ്രിയ താരമായി തിളങ്ങുമ്പോഴും ഒരു സങ്കടക്ക ടൽ അപ്സരയുടെ മനസ്സിൽ അലയടിച്ചുകൊണ്ടിരിക്കുന്നു. പൊലിസ് ഓഫിസറായിരുന്ന അച്ഛന്‍ രത്നാകരന്റെ മരണം. അഞ്ചു വർഷം മുൻപ് ഒരു റോഡപകടത്തിലാണ് ഒരു കലാ സ്വാദകൻ കൂടിയായ രത്നാകരൻ മരണപ്പെട്ടത്.

അപ്സരയുടെ അഭിനയമികവ് കാണാനും വിലയിരുത്താനും അച്ഛനു ഭാഗ്യമുണ്ടായില്ല. അക്കാലത്ത് അപ്സര ഒരു സീരിയൽ നടി ആയിട്ടില്ല. അച്ഛന്റെ മരണശേഷമാണ് അപ്സര അഭിനയരംഗത്തേക്കിറങ്ങിയത്. അപ്സരയ്ക്ക് ഒരു ചേച്ചിയുണ്ട്. വിവാഹിതയായ ഐശ്വര്യ. പാലോടുളള വീട്ടിൽ അമ്മ ശോഭനയും അപ്സരയുമാണ് താമസം. വിവാഹാലോച നകൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ സമയമായിട്ടില്ല എന്ന നിലപാടിലാണ് അപ്സര എന്ന ഈ അനുഗൃഹീത നടി.