Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്ര മൃദുലം ഈ കൃഷ്ണതുളസി !

Mridula Vijay മൃദുല വിജയ്

‘കൃഷ്ണതുളസി’യിലെ കൃഷ്ണ വളരെ വേഗത്തില്‍ സീരിയല്‍ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ കഥാപാത്രമാണ്. മറ്റുള്ളവരുടെ ആട്ടും തുപ്പുമേല്‍ക്കുമ്പോഴും എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന ഒരു പാവം പെണ്‍കുട്ടി. പലപ്പോഴും പ്രേക്ഷകലക്ഷങ്ങളെ െപാട്ടിക്കരയിപ്പിച്ചു ഈ കഥാപാത്രം. പെണ്‍കുട്ടികളായാല്‍ ഇത്രയ്ക്കും പാവമാകരുതെന്ന് വരെ പലര്‍ക്കും തോന്നിയിട്ടുണ്ട്. കൃഷ്ണയ്ക്ക് എല്ലാം നേരിടാനുള്ള കരുത്ത് നല്‍കണേയെന്നാണ് കുടുംബപ്രേക്ഷകരുടെ നിത്യേനയുള്ള പ്രാര്‍ഥന.

കൃഷ്ണ എന്ന കഥാപാത്രത്തെ അഭിനയത്തനിമ കൊണ്ട് അത്യുജ്വലമാക്കിയത് ഒരു വര്‍ഷം മുന്‍പ് സീരിയല്‍ രംഗത്തേക്കു കടന്നുവന്ന മൃദുല വിജയ് എന്ന പത്തൊന്‍പതുകാരിയാണ്. കൃഷ്ണയെ അഭിനയിച്ചു പൊലിപ്പിക്കാനാവുമോ എന്ന ആശങ്കയിലായിരുന്നു തുടക്കത്തില്‍ മൃദുല. കൃഷ്ണയുടെ സെന്‍റിമെന്‍റ്സ് അത്രയ്ക്കും തീവ്രമായിരുന്നു. എന്നാല്‍ സംവിധായകന്‍ ഷിജു അരൂര്‍ നല്‍കിയ ധൈര്യം മൃദുലയ്ക്കു സഹായകരമായി. പിന്നെയങ്ങോട്ടു കൃഷ്ണയായി അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു മൃദുല വിജയ്. ‘കൃഷ്ണതുളസി’യിലെ കൃഷ്ണ തന്‍റെ അഭിനയ ജീവിതത്തില്‍ കിട്ടിയതില്‍ വച്ചേറ്റവും മികച്ച കഥാപാത്രമാണെന്നു മൃദുല പറയുന്നു.

സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്കു മുന്‍പില്‍ എത്തുന്നത്. ‘ജെനിഫര്‍ കറുപ്പയ്യ’ എന്ന തമിഴ് സിനിമയില്‍ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മൃദുലയ്ക്ക് വയസു പതിനഞ്ച്. പിന്നീട് ‘കടന്‍ അന്‍പൈ മുറിക്കും’ എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതില്‍ മലര്‍ എന്ന നായിക കഥാപാത്രം. ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തില്‍നിന്നു വിളിയുണ്ടായത്. അങ്ങനെ ‘സെലിബ്രേഷന്‍’ എന്ന സിനിമയില്‍ കൗമുദി എന്ന നായികാ കഥാപാത്രമായി. അതിനുശേഷം ആദ്യ സീരിയലായ ‘കല്യാണസൗഗന്ധിക’ത്തില്‍ അഭിനയിച്ചു. 

Mridula Vijay മൃദുല വിജയ്

‘‘സിനിമയില്‍ നിന്നു സീരിയലിലേക്കു വരുമ്പോള്‍ ചില ആശങ്ക‍കളൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം മാറി. സീരിയലാവുമ്പോള്‍ നിത്യേന കുടുംബസദസ്സുകളില്‍ പ്രത്യക്ഷപ്പെടാം. അവരുടെ അഭിപ്രായങ്ങള്‍ അറിയാം. പ്രേക്ഷകമനസ്സില്‍ കൂടുതലും ഇടം നേടുന്നത് സീരിയല്‍ കഥാപാത്രങ്ങളായിരിക്കും. പിന്നെ, സീനിയര്‍ ആര്‍ട്ടിസ്റ്റുകളെല്ലാം നല്ല സഹകരണമാണ് തരുന്നത്. ഒരു പുതുമുഖ നടിയായി ആരും ഇതുവരെ കണ്ടിട്ടില്ല.’’തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്കൂളിലാണ് പ്ലസ് ടുവരെ മൃദുല പഠിച്ചത്. ഇപ്പോള്‍ ഡിഗ്രി രണ്ടാം വര്‍ഷത്തിന് പ്രൈവറ്റായി പഠിക്കുന്നു. സ്കൂള്‍ പഠനക്കാലത്ത് ഡാന്‍സ് പരിപാടികളിലല്ലാം പങ്കെടുക്കാറുണ്ടായിരുന്നു. 

പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്‍റെയും റാണിയുടെയും മകളാണ് മൃദുല വിജയ്. വിജയകുമാര്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ മാനേജരാണ്. വിജയകുമാര്‍ നന്നായി ചിത്രം വരയ്ക്കും റാണിയാണെങ്കില്‍ നല്ല പാട്ടുകാരിയും. പ്രശസ്തനായ സിനിമാ എഡിറ്റര്‍ എം. എന്‍. അപ്പുവിന്‍റെ കൊച്ചുമകളാണ് മൃദുല. ആദാമിന്‍റെ വാരിയെല്ല്, നെല്ല്, യവനിക തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍‍വഹിച്ചത് അപ്പുവാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡും നേടിയിട്ടുണ്ട്. 84 വയസ്സായ ഈ കലാകാരന്‍ ഇപ്പോള്‍ കിടപ്പിലാണ്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന മൃദുല അച്ഛനെപ്പോലെ ചിത്രം വരയ്ക്കും കൂട്ടുകാര്‍ക്കുവേണ്ടി ചിത്രങ്ങള്‍ വരച്ചുകൊടുക്കുന്നതാണ് ഹോബി. പെന്‍സില്‍ ഡ്രോയിങ്ങിനോടാണു ചെറുപ്പംമുതല്‍ക്കേ താല്‍പര്യം. കല്യാണാലോചനകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അതേക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് മൃദുല: ‘‘ഒന്നുകൂടെ പ്രായവും പക്വതയും ആവട്ടെ, എന്നിട്ടാകാം കല്യാണം. എന്‍റെ കുടുംബത്തേയും എന്‍റെ ഫീല്‍ഡിനെയും മനസ്സിലാക്കി സപ്പോര്‍ട്ട് ചെയ്യുന്ന നല്ല കരുതലുള്ള ഒരാളെയാണ് ജീവിതപങ്കാളിയായി കാണുന്നത്. ബിസിനസ്സോ അല്ലെങ്കില്‍ നല്ല ജോലിയോ വേണം. ’’

ഡിഗ്രിക്കു പഠിക്കുന്ന ഒരനുജത്തിയുണ്ട് മൃദുലയ്ക്ക് പാര്‍‍വതി. നര്‍ത്തകിയും പാട്ടുകാരിയുമാണ് പാര്‍‍വതി. പക്ഷേ, ക്യാമറയ്ക്കു മുന്‍പില്‍ നില്‍ക്കാന്‍ പാര്‍‍വതിയെ കിട്ടില്ല. അതെന്താണങ്ങനെ എന്നു ചോദിച്ചപ്പോള്‍ മൃദുല പറഞ്ഞു:
‘വേറെ ഒന്നുകൊണ്ടുമല്ല, പെണ്ണിനു പേടിയാണ്.... ക്യാമറാപേടി!’
 

Your Rating: