Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'തിലകൻ ചേട്ടൻ കയർക്കുമ്പോൾ കരഞ്ഞിട്ടുണ്ട്'

Sreekala ശ്രീകല

സീരിയലിലും സിനിമയിലും സജീവമാണെങ്കിലും 25 വര്‍ഷത്തെ നാടകാനുഭവങ്ങളാണു ശ്രീകലയുടെ ഓര്‍മയില്‍ സദാ ഇരമ്പിപ്പെയ്യുന്നത്. നാടകാചാര്യന്മാരായ ചാച്ചപ്പന്‍റെയും തിലകന്‍റെയും എസ്എല്‍പുരത്തിന്‍റെയുമൊക്കെ ശിക്ഷണത്തില്‍ വേദിയില്‍നിന്നു വേദിയിലേക്കുള്ള പ്രയാണം. ഒരുദിവസം മൂന്നു നാടകങ്ങളില്‍ വരെ അഭിനയിച്ച കാലം. ആ മധുരിക്കും ഒാര്‍മകളെ തഴുകിയുണര്‍ത്തുമ്പോള്‍ ശ്രീകലയുടെ മുന്‍പില്‍ കഥാപാത്രങ്ങള്‍ ഒന്നൊന്നായി പുനര്‍ജനിക്കുന്നു.

‘ചങ്ങനാശ്ശേരി ഗീഥയുടെ ‘സാക്ഷി’ എന്ന നാടകത്തിലൂടെയാണു ഞാന്‍ പ്രഫഷനല്‍ നാടകരംഗത്ത് എത്തുന്നത്. എനിക്കന്നു പതിനാറു വയസ്സ്. മുന്‍പ് അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ച പരിചയമുണ്ട്. ‘സാക്ഷി’യില്‍ സിസ്റ്റര്‍ പൗളിന്‍ എന്ന കന്യാസ്ത്രീയുടെ വേഷമായിരുന്നു എനിക്ക്. അത് നിരവധി വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ ഗീഥയുടെ പ്രധാന നടിയായി വളരെക്കാലം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമുണ്ടായി. പിന്നീടു വൈക്കം മാളവിക, സൂര്യസോമ, കോട്ടയം നാഷനല്‍ തിയറ്റേഴ്സ്, ചാലക്കുടി സാരഥി, സൗപര്‍ണിക തുടങ്ങിയ നാടകസമിതികളുടെ ഭാഗമാകാന്‍ സാധിച്ചു. സൂര്യസോമയുടെ ‘കല്ലുകൊണ്ടാരു പെണ്ണി’ല്‍ സിസ്റ്റര്‍ സാവിത്രിയായി അഭിനയിച്ചു. ഇതിലെ അഭിനയത്തിനു ധാരാളം അവാര്‍ഡുകള്‍ ലഭിച്ചു. ഈ നാടകം പിന്നീടു സിനിമയായി. വിജയശാന്തിയാണു സിനിമയില്‍ എന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.’ നാടകാനുഭവങ്ങളില്‍ ശ്രീകലയുടെ മനസ്സില്‍ എന്നെന്നും തിളങ്ങിനില്‍ക്കുന്നത് അഭിനയ ചക്രവര്‍ത്തി തിലകനോടൊപ്പം പ്രവര്‍ത്തിച്ച നാളുകളാണ്.

‘അന്ന് അഭിനേതാക്കളില്‍ ഏറ്റവും ചെറുപ്പം ഞാനായിരുന്നു. റിഹേഴ്സല്‍ ക്യാംപില്‍ തെറ്റുകള്‍ വരുമ്പോള്‍ തിലകന്‍ ചേട്ടന്‍ മൈക്കിലൂടെ വഴക്കുപറയും. പലപ്പോഴും െപാട്ടിക്കരയേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഫൈനല്‍ റിഹേഴ്സല്‍ നടക്കുമ്പോള്‍ തിലകന്‍ ചേട്ടന്‍ പറഞ്ഞു, വികലമായ ശബ്ദത്തില്‍ കരയണമെന്ന്. എങ്ങനെയാണു വികലമായ ശബ്ദത്തിൽ കരയുക? എനിക്കാണെങ്കില്‍ ശബ്ദം പുറത്തുവരുന്നില്ല. മൈക്കിലൂടെ തിലകന്‍ ചേട്ടന്‍റെ നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന്, എനിക്കു കരച്ചില്‍ പൊട്ടി. ഉടനെ തിലകന്‍ ചേട്ടന്‍റെ മുഴക്കമേറിയ ശബ്ദം: ഇതാണു ശ്രീകലേ, വികലമായ ശബ്ദത്തിലുള്ള കരച്ചില്‍. തിലകന്‍ ചേട്ടന്‍ എന്ന ഗുരുവില്‍നിന്നു ലഭിച്ച പാഠങ്ങള്‍ എത്രയോ മഹത്തരമാണെന്നു പിന്നീടെനിക്കു മനസ്സിലായി.’

നാടകത്തില്‍നിന്നു സീരിയല്‍ രംഗത്തേക്കു കടന്നുവന്ന ശ്രീകലയെ കാത്തിരുന്നതു കൂടുതലും അമ്മ വേഷങ്ങളായിരുന്നു. വി. എന്‍. മോഹന്‍ദാസിന്‍റെ ‘സൂര്യകാന്തി’യാണ് ആദ്യ സീരിയല്‍. പിന്നീടു ശ്രീഗുരുവായൂരപ്പന്‍, എന്‍റെ മാനസപുത്രി, കുങ്കുമപ്പൂവ്, മഞ്ഞുരുകുംകാലം, പരസ്പരം തുടങ്ങിയ സീരിയലുകള്‍ ചെയ്തു.

മഞ്ഞുരുകുംകാല’ത്തിലെ കരുനാഗപ്പള്ളി സരസമ്മ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു. ‘എന്‍റെ മാനസപുത്രി’യില്‍ ഗ്ലോറിയയുടെ അമ്മയെ പ്രേക്ഷകര്‍ക്കു വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. എന്തു നീചപ്രവൃത്തികളും ചെയ്യാന്‍ മടിയില്ലാത്ത ഒരുമ്പെട്ടവളായ മകളുടെ മുന്‍പില്‍ എല്ലാം സഹിച്ചു ജീവിക്കുന്ന അമ്മയെ ശ്രീകല ശരിക്കും ഉജ്വലമാക്കി.

ഇപ്പോള്‍ ശ്രീകല അഭിനയിക്കുന്ന സീരിയല്‍ ‘രാത്രിമഴ’യാണ്. നായികയുടെ കുഞ്ഞമ്മ ശ്യാമളയുടെ വേഷം. ഇതുവരെ 50 സീരിയലുകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പന്ത്രണ്ടു സിനിമകളിലും ശ്രീകല അഭിനയിച്ചു ‘ചക്കരമുത്തി’ല്‍ ദിലീപിന്‍റെ അമ്മയായും ‘തനിയെ’യില്‍ കലാഭവന്‍ മണിയുടെ അമ്മയായും വേഷമണിഞ്ഞു. ‘വജ്രം’ ‘കറുത്ത പക്ഷികള്‍’ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും നല്ല കഥാപാത്രത്തെ ലഭിച്ചു. ഏറ്റവും ഒടുവില്‍ അഭിനയിച്ച സിനിമ ‘പത്താം നിലയിലെ തീവണ്ടി’യാണ്. ഇടുക്കി എട്ടാം െെമലില്‍ കാല്‍‍വരി മൗണ്ട് ആണു ശ്രീകലയുടെ സ്വന്തം നാട്. ഇപ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ താമസിക്കുന്നു. ഏക മകന്‍ ഷാരോണ്‍ ദുബായില്‍ ജോലിചെയ്യുന്നു. ശ്രീകലയ്ക്ക് ഏറ്റവുമധികം പ്രോല്‍സാഹനം നല്‍കുന്നതു മകനാണ്.

സീരിയലിനെക്കാളും സിനിമയെക്കാളും നാടകങ്ങളാണു പ്രത്യേക അനുഭവങ്ങള്‍ നല്‍കിയിട്ടുള്ളതെന്നു ശ്രീകല പറയുന്നു. പ്രേക്ഷകന്‍റെ ഇരിപ്പും ഭാവങ്ങളും ആകാംക്ഷയുമെല്ലാം സ്റ്റേജില്‍നിന്നു കാണാം. അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തതെ നന്നായി അഭിനയിക്കണം. എങ്കില്‍ കയ്യടി ഉറപ്പ്. അഭിനയത്തില്‍ പാളിച്ച സംഭവിച്ചാല്‍, ഡയലോഗ് എവിടെയെങ്കിലും പിഴച്ചാല്‍ കയ്യടിക്കു പകരം കിട്ടുന്നതു കൂവലായിരിക്കും. 

Your Rating: