Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കി നടി ശ്രീലത മേനോൻ യാത്രയായി

Sreelatha Menon രോഗബാധയെത്തുടർന്നു ചികിൽസയിലായിരുന്ന ചലച്ചിത്ര-സീരിയൽ താരം ശ്രീലത മേനോൻ (47) നിര്യാതയായി.

രോഗബാധയെത്തുടർന്നു ചികിൽസയിലായിരുന്ന ചലച്ചിത്ര-സീരിയൽ താരം ശ്രീലത മേനോൻ (47) നിര്യാതയായി. സംസ്കാരം ഇന്നു നടക്കും. ഭർത്താവ് നേരത്തേ മരിച്ചതിനെത്തുടർന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലതയുടെ ചികിൽസാച്ചെലവുകൾ സർക്കാരും നാട്ടുകാരുമാണ് ഏറ്റെടുത്തിരുന്നത്.

എല്ലുകൾ ദ്രവിക്കുന്ന രോഗത്തിനു പുറമെ വൃക്കരോഗവും ഓർമക്കുറവും വന്നതോടെ ഒരു വർഷമായി തുടർച്ചയായി ചികിൽസയിലായിരുന്നു. കുന്നുകുഴി വടയക്കാട് മടവിളാകം തറവാട്ടിൽ റിട്ട. തഹസിൽദാർ നാരായണ മേനോന്റെയും ഖാദി ബോർഡ് റിട്ട. സൂപ്രണ്ട് ഭവാനിയുടെയും മകളാണു ശ്രീലത.

ബിരുദപഠനത്തിനു ശേഷം 1985ൽ മിസ് ട്രിവാൻഡ്രമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീലത 1989-ലാണു സിനിമാരംഗത്തെത്തിയത്. കൗതുകവാർത്തകൾ, ചെറിയ ലോകവും വലിയ മനുഷ്യരും, പെരുന്തച്ചൻ, കേളി, വക്കാലത്തു നാരായണൻകുട്ടി തുടങ്ങി നൂറോളം സിനിമകളിലും വീഥി, ശ്രീകൃഷ്‌ണൻ, അമ്മ തുടങ്ങിയ മുപ്പതോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

റിഗാറ്റ, നൂപുര എന്നിവിടങ്ങളിൽ നിന്നു നൃത്തമഭ്യസിച്ച ശ്രീലത അഞ്ഞൂറോളം സ്‌റ്റേജുകളിൽ നൃത്തപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കാൻസർ ബാധിച്ചു നാലുവർഷം മുൻപു ഭർത്താവ് കെ.എസ്. മധു മരിച്ചിരുന്നു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി അർജുൻ, ഒൻപതാം ക്ലാസ് വിദ്യാർഥി ആദി, മൂന്നാം ക്ലാസ് വിദ്യാർഥി അരവിന്ദ് എന്നിവരാണു മക്കൾ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ശ്രീലത ചികിൽസ ലഭിക്കാതെ കൊടുങ്ങാനൂരിലെ വാടകവീട്ടിൽ കിടപ്പിലായിരുന്നു. കെ. മുരളീധരൻ എംഎൽഎ ഇടപെട്ടാണു കഴിഞ്ഞ സർക്കാരിന്റെകാലത്തു സൗജന്യചികിൽസ ഏർപ്പെടുത്തിയത്. സ്വന്തമായി വീടില്ലാതിരുന്ന ശ്രീലതയ്ക്കായി സാമൂഹിക പ്രവർത്തക ഉമ പ്രേമന്റെ നേതൃത്വത്തിൽ തൃശൂരിലെ കുന്നത്തങ്ങാടിയിൽ നിർമിക്കുന്ന വീട് അവസാന മിനുക്കുപണികളിലായിരുന്നു.

വനിത വുമൻ ഓഫ് ദി ഇയർ പുരസ്കാരത്തിനൊപ്പം ലഭിച്ച തുക ഉമ പ്രേമൻ ശ്രീലതയ്ക്കാണു നൽകിയത്. പുതിയ വീട്ടിലേക്കു താമസം മാറാനുള്ള ഒരുക്കത്തിനിടെ സ്വന്തമായൊരു വീടെന്ന സ്വപ്നവും ബാക്കി വച്ചാണു ശ്രീലത യാത്രയായത്. 

Your Rating: