Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാംപിൽ ശരിക്കും ‘തിളങ്ങി’ ശ്രദ്ധ

shradha ലാക്മെ ഫാഷൻ വീക് റാമ്പിൽ ലൈറ്റുകൾ നിറഞ്ഞ വസ്ത്രത്തിൽ തിളങ്ങി ശ്രദ്ധ കപൂർ

റാംപിൽ കിടിലൻ പ്രകടനങ്ങൾ നടത്തുന്ന മോഡലുകളെ നോക്കി പലരും അഭിനന്ദിക്കാറുണ്ട് ‘ആളു തിളങ്ങിയല്ലോ’ എന്ന്. പക്ഷേ ബോളിവുഡ് നടി ശ്രദ്ധ കപൂർ ശരിക്കും ‘തിളങ്ങി’യിരിക്കുകയാണിപ്പോൾ. അതും മുംബൈയിൽ നടക്കുന്ന ലാക്മെ ഫാഷൻ വീക്കിൽ. ബോളിവുഡ് മുഴുവൻ ഒഴുകിയെത്തിയ അവസ്ഥയാണ് ഇവിടെ. അതിനിടെയാണ് ലാക്മെയുടെ ബ്രാൻഡ് അംബാസഡർ കൂടിയായ ശ്രദ്ധയ്ക്ക് ഒരു വേറിട്ട അവസരം ലഭിച്ചത്. ലാക്മെയുടെ ഏറ്റവും പുതിയ സ്കിൻ ക്രീമായ ഇൻസ്റ്റ ലൈറ്റിന്റെ പ്രചാരണാർഥമായിരുന്നു ഇതേപേരിൽ ഷോ സംഘടിപ്പിച്ചത്. മുഖത്ത് പുരട്ടിയാൽ നിമിഷങ്ങൾക്കകം അതിന്റെ ഫലം കിട്ടുമെന്നതാണ് ഈ ക്രീമിന്റെ പ്രത്യേകതയായി കമ്പനി പറയുന്നത്. തിളക്കമാർന്ന ചർമത്തിന് എന്ന പ്രയോഗം ഇവിടെ വസ്ത്രങ്ങളിലേക്ക് മാറ്റിയെന്നു മാത്രം. അതിന് ഡിസൈനർ നമ്രത ജൊഷ്പുര തയാറാക്കിയതാകട്ടെ പേരുപോലെത്തന്നെ ‘ലൈറ്റുകൾ’ നിറഞ്ഞ വസ്ത്രങ്ങളും.

shradhaa ശ്രദ്ധ കപൂർ ലാക്മെ ഫാഷൻ വീക് റാമ്പിൽ

നേർത്ത ഇരുട്ടിൽ റാംപിലൂടെ എൽഇഡി ലൈറ്റുകളും പതിപ്പിച്ച വസ്ത്രങ്ങളുമായിട്ടായിരുന്നു നമ്രതയുടെ മോഡലുകൾ നീങ്ങിയത്. അവരിൽ മുഖ്യആകർഷണം ശ്രദ്ധ തന്നെയായിരുന്നു. വസ്ത്രത്തിൽ കൃത്യമായ ഇടങ്ങളിൽ പതിപ്പിച്ച എൽഇഡി ലൈറ്റുകളായിരുന്നു ഡിസൈനിന്റെ ഹൈലൈറ്റ്. തിളങ്ങുന്ന സിൽവർ ജംപ് സ്യൂട്ടായിരുന്നു ശ്രദ്ധയുടെ വേഷം. എൽഇഡി ലൈറ്റിനൊപ്പം വസ്ത്രം തയാറാക്കിയ മെറ്റീരിയലുകളിലും പരമാവധി ‘തിളക്കം’ കൊണ്ടുവരാനുള്ള ശ്രമവും നമ്രത നടത്തിയിരുന്നു. തുണിയ്ക്കൊപ്പം മെറ്റാലിക് സ്ട്രിപ്പുകൾ ചേർത്തായിരുന്നു ഇത്. ഇളംനീല, പർപ്പിൾ എൽഇഡി ലൈറ്റുകളും തൂവെള്ള വസ്ത്രവും കൂടിയായതോടെ റാംപിൽ ‘കത്തിനിന്നു’ ശ്രദ്ധയെന്നുതന്നെ പറയേണ്ടി വരും.

എൽഇഡി ബൾബുകളുമായി സ്വിം വെയറുകൾ ഉൾപ്പെടെയാണ് നമ്രത റാംപിലെത്തിച്ചത്. യുവത്വത്തിന്റെ തിളക്കമാർന്ന ലോകത്തെ പ്രതിനിധീകരിക്കുകയാണ് തന്റെ വിന്റർ ഫെസ്റ്റിവ് 2015 കലക്‌ഷനിലൂടെ ലക്ഷ്യമിട്ടതെന്നും നമ്രതയുടെ വാക്കുകൾ. തനിക്കിതൊരു വ്യത്യസ്തമാർന്ന അനുഭവമായിരുന്നുവെന്ന് ശ്രദ്ധ കപൂറിന്റെ സാക്ഷ്യം. ഇരുപത്തിയാറുകാരിയായ ശ്രദ്ധ റോക്ക് ഓൺ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണിപ്പോൾ. നേരത്തേ ആഷിഖി 2, എബിസിഡി 2 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് വീണ്ടുമൊരു സീക്വലിൽ ശ്രദ്ധയെത്തുന്നത്.