Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡോദരി എന്റെ ഭാഗ്യം: സ്നേഹ ശ്രീകുമാർ

sneha-sreekumar-1 സ്നേഹ ശ്രീകുമാർ

മലയാളത്തിലെ സീരിയൽ പരമ്പരകളോട് മല്ലിട്ട് വിജയം നേടിയ ഹാസ്യ പരിപാടിയാണ് മഴവിൽ മനോരമയിലെ മറിമായം. മറിമായത്തിലൂടെ വന്ന് മണ്ഡോദരിയായി മലയാളികളുടെ മനസിൽ കയറിപ്പറ്റിയ സ്നേഹ ശ്രീകുമാറിന്റെ വിശേഷങ്ങളിലേക്ക്.

മണ്ഡോദരി ജീവിതത്തിലുണ്ടാക്കിയ മാറ്റം?

മറിമായത്തിൽ മണ്ഡോദരിയുടെ വേ‌ഷം എന്നെ തേടിവന്നത് ഭാഗ്യമാണെന്ന് വി​ശ്വസിക്കുന്നു. സംവിധായകൻ സിദ്ധാർഥ് ‌ശിവയാണ് എന്നെ മറിമായത്തിന്റെ പ്രൊഡ്യൂർ ഉണ്ണിസാറിന് പരിചയപ്പെടുത്തിക്കൊടുത്തത്. ഞാനും സിദ്ധുവും ഒരുമിച്ച് എംജി യൂണിവേഴ്സിറ്റി സ്കൂൾ ഒാഫ് ലെറ്റേഴ്സിൽ പഠിച്ചിട്ടുണ്ട്. സിദ്ധുവും ആദ്യം മറിമായത്തിൽ അഭിനയിക്കുമായിരുന്നു. പിന്നീട് തിരക്കുകൾ മൂലം സാധിക്കാതെ പോയി. സിദ്ധുവെന്നെ തമാ‌ശയ്ക്ക് വിളിച്ച പേരാണ് മണ്ഡോദരി. അന്ന് ഞാൻ സിദ്ധുവിന്റെ ഭാര്യയായാണ് അഭിനയിച്ചിരുന്നത്. എടീ മണ്ഡു ഇവിടെ വാ എന്ന് സിദ്ധു വിളിക്കുന്നതു കേട്ട മറിമായത്തിന്റെ പ്രൊഡ്യൂസർ ഉണ്ണിസാർ ആപേര് രസമുണ്ടല്ലോ എന്ന് പറഞ്ഞ്, ഇനി അതാണ് നിന്റെ പേര് എന്ന് പറയുകയായിരുന്നു. മറിമായത്തിന്റെ ആദ്യ എപിസോഡിന്റെ ഷൂട്ടിങ്ങ് എന്റെ വീട്ടിലാണ് ചെയ്തത്.

മണ്ഡോദരിയോട് മിണ്ടാതിരിക്കാൻ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

അയ്യോ, ഇതുവരെ ആരും പറഞ്ഞിട്ടില്ല, പകരം മണ്ഡോദരിയെ ഇഷ്ടമാണെന്നാണ് എല്ലാവരും പറയാറുള്ളത്. എല്ലാവർക്കും കാണുമ്പോൾ മറിമായത്തിലെ കഥാപാത്രത്തെക്കുറിച്ചാണ് സംസാരിക്കാനുള്ളത്.

sneha-sreekumar സ്നേഹ ശ്രീകുമാർ

സിനിമാ സ്വപന്ങ്ങൾ?

ഞാൻ കഥകളിയും ഒാട്ടൻ തുള്ളലുമൊക്കെ ചെയ്തിരുന്നു. അന്ന് ‌എന്നെ‌ ആരും അങ്ങനെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ മറിമായം തുടങ്ങിയതോടെ എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. പുറത്തിറങ്ങിയാൽ എല്ലാവരും വന്ന് ഇഷ്‌മാണെന്നു പറയും. ഒരു സീരിയലും കാണാത്തവരും മറിമായം കാണും. വലിയ ചേട്ടന്മമാരൊക്കെ വന്ന് മറിമായത്തിലെ ഒാരോ വേഷത്തേയും കഥകളെയും കുറിച്ചു പറയും. സാമൂഹ്യ പ്രശ്നങ്ങളാണ് മറിമായത്തിൽ കൈകാര്യം ചെയ്യുന്നത്. ഇരുപത്തി രണ്ടോളം സിനിമകളിൽ ഇതുവരെ ഞാൻ അഭിനയിച്ചു. പുതിയ സിനിമയുടെ ഷൂട്ടിങ്ങ് അടുത്ത് തന്നെ തുടങ്ങും. മറിമായം കണ്ടിട്ടാണ് കമൽസാറിനേയും ലാൽജോസ് സാറിന്റേയുമെല്ലാം സിനിമയിലേക്ക് വിളിക്കുന്നത്. അവരും സെറ്റിൽ വച്ച് മണ്ഡോദരി എന്നാണ് വിളിക്കാറ്.

മറിമായത്തിലെ മറ്റു കഥാപാത്രങ്ങൾ?

എടീ, മീശ മാധവനിൽ വെടിവഴുപാട് എന്ന് വിളിച്ചു പറയുന്ന ചേട്ടനുണ്ട് എന്നു പറഞ്ഞാണ് സിദ്ധു മണികണ്ഠൻ പാട്ടാമ്പിയെ പരിചയപ്പെടുത്തിയത്. ഇതിനു മുമ്പ് ഒരുപാട് മണിയേട്ടനെക്കുറിച്ച് കേട്ടിട്ടുണ്ട്. മണികണ്ഠൻ ചേട്ടൻ ഞാൻ തീയറ്റർ പഠിച്ച സ്കൂൾ ഒാഫ് ഡ്രാമയിലാണ് പഠിച്ചത്. അന്നു തൊട്ടേ ചേട്ടനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഞങ്ങളെക്കാലുമൊക്കെ ഒരുപാട് കാലം മുംമ്പേ അവിടെ പഠിച്ചയാളാദ്ദേഹം. എങ്കിലും അദ്ദേഹത്തെക്കുറിച്ച് അവിടെ പറയാത്ത ദിവസങ്ങളില്ല.നിയാസ് ബക്കർ, രചനചേച്ചി എല്ലാവരേയും ഇതിൽ വന്നതിനു ശേഷമാണ് പരിചയപ്പെടുന്നത്. നമ്മുടെ അഭിനയത്തെ സഹായിക്കുന്നവരാണ് എല്ലാവരും. എല്ലവരും തമ്മിലുള്ള ബന്ധമാണ് ഇതിന്റെ വിജയം. സ്പോട്ട് ഡബ്ബിങ് ആണ് മറിമായത്തിന്റെ പ്രത്യേകത.

sneha-sreekumar-2 സ്നേഹ ശ്രീകുമാർ

ഇൗ തടി ഒരു അലങ്കാരമാണോ?

വണ്ണം കുറയ്ക്കണമെന്നു ഇതുവരെ തോന്നിയിട്ടില്ല. പിന്നെ ക്ലാസിക്കൽ ഡാൻസ് ചെയ്യുമ്പോൾ തടി സ്വാഭാവികമായും കുറയും. ഒാട്ടൻ തുള്ളലും കഥകളിയുമൊക്കെ ചെയ്യുമ്പോൾ തടി ഒരു അലങ്കാരമായിരുന്നു. ഇപ്പോഴും പുറത്തു പോവുമ്പോൾ ആളുകൾ പറയും തടി കുറയ്ക്കരുതെന്ന്. ഇൗ കവിളൊക്കെ ഭയങ്കര ഇഷ്ടമാണെന്നു പറയുന്നവരും ഉണ്ട്.