Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണിയുടെ കുശുമ്പും സോനുവിന്റെ കുസൃതിയും

sonu-serial സോനു സതീഷ് കുമാർ

സോനു ക്ഷേത്രത്തിൽ നിന്നു തൊഴുതിറങ്ങുമ്പോൾ ഒരു മുത്തശ്ശി ചിരിച്ചു കൊണ്ട് അടുത്തു വന്നു. അടി കിട്ടുമെന്ന് സോനുവിന് ഉറപ്പായി. ചുരുങ്ങിയപക്ഷം നാലു പച്ചത്തെറിയെങ്കിലും പ്രതീക്ഷിക്കാം. അത്രയ്ക്കും കുരുത്തക്കേടുകളാണല്ലോ ‘സ്ത്രീധനം’ സീരിയലിൽ മത്തി സുകുവിന്റെ മകൾ വേണി ചെയ്തു വച്ചിരിക്കുന്നത്. പക്ഷേ, സോനുവിന്റെ വിചാരങ്ങളെ തകിടം മറിച്ചു കൊണ്ടു മുത്തശ്ശി വന്ന് ആദ്യം സോനുവിന്റെ കൈപിടിച്ചൊന്നു കുലുക്കി. പിന്നെ കെട്ടിപ്പിടിച്ചൊരുമ്മ! എന്നിട്ടും വിടാനുളള ഭാവമില്ല. കൈയിലെ ചെറിയ പേഴ്സ് തുറന്ന് ഏതാനും പത്തു രൂപ നോട്ടുകൾ പുറത്തെടുത്തു. അതു സോനുവിന്റെ കയ്യിൽ വച്ചു കൊടുത്ത ശേഷം പറഞ്ഞു : ‘മോള് നന്നായി വരും. മോളുടെ ഡാൻസും അഭിനയവുമെല്ലാം എനിക്കു വലിയ ഇഷ്ടമാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ...’

സോനുവിന് പൊട്ടിക്കരയാനാണ് അപ്പോൾ തോന്നിയത്. അസാധാരണമായ ഒരനുഭവം! സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങളെ നേരിൽ കാണുമ്പോൾ സാധാരണ പ്രേക്ഷകരായ സ്ത്രീകൾ പൊട്ടിത്തെറിക്കാനാണു പതിവ്. ചിലപ്പോൾ രണ്ടു പൊട്ടിച്ചെന്നുമിരിക്കും. കൂട്ടുകാരി പറഞ്ഞത് സോനുവിന്റെ മനസ്സിലുണ്ട്. ‘നീ ആ വഴിക്കൊന്നും വന്നേക്ക രുത്. അമ്മയും മുത്തശ്ശിയും വടിയും വെട്ടി കാത്തിരിപ്പുണ്ട്’. ഇതിനിടയിലാണ് അതുവരെയും കണ്ടിട്ടില്ലാത്ത ഒരമ്മൂമ്മയിൽ നിന്ന് ഓർക്കാപ്പുറത്തു ലഭിച്ച അനുഗ്രഹ വർഷം. അവര്‍ സമ്മാനിച്ച പത്തു രൂപ നോട്ടുകൾ എണ്ണിനോക്കിയപ്പോൾ കൃത്യം നൂറു രൂപ!

sonu-serial-4

‘‘സ്ത്രീധനം ആയിരം എപ്പിസോഡും പിന്നിട്ട് ജൈത്രയാത്ര തുടരുമ്പോൾ സോനുവിന് തീർച്ചയായും അഭിമാനിക്കാം, ഇതു തന്റെയും കൂടി വിജയമാണെന്ന്. മത്തി സുകുവിന്റെ മകൾ വേണിയായി തകർത്തഭിനയിച്ച ഈ കലാകാരി വേറിട്ട അഭിനയത്തിലൂടെ കുടുംബ പ്രേക്ഷകരെയാകമാനം കൈയിലെടുത്തു. പ്രത്യേകതയുളള ആ കണ്ണിലെ ഭാവപ്പകർച്ച മാത്രം മതി, സോനു എന്ന അഭിനേത്രിയുടെ കഴിവു തിരിച്ച റിയാൻ. ആ മുഖത്തു നവരസങ്ങളും അനായാസമായി വിളയാടുന്നത് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുകയല്ലേ....

എൽകെജി മുതൽ കലാരംഗത്തു പാറിപ്പറന്ന പെൺകുട്ടിയാണു സോനു. പ്ലസ് ടു വരെ തിരുവനന്തപുരം കാർമൽ ഗേൾസ് ഹൈസ്കൂളിലാണു പഠിച്ചത്. നൃത്ത ഇനങ്ങളിൽ കഴിവു തെളിയിച്ച പെൺകുട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടു. കലാതിലകം നേടി സ്കൂളിന്റെ അഭിമാനമായി. സ്കൂള്‍ പഠനകാലത്ത് അങ്ങേയറ്റത്തെ പ്രോൽസാഹനം നൽകിയ സിസ്റ്റർ റെനീറ്റയ്ക്കാണ് ഇതിന്റെയെല്ലാം ക്രെഡിറ്റെന്നു സോനു പറയുന്നു. മാർ ഇവാനിയോസിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ പ്രിൻസിപ്പൽ ഫാ. മാത്യു മലങ്കരകാവിലും ഷേർലി മിസ്സും നല്ല പ്രോൽസാഹനം നൽകിയിരുന്നുവെന്നു സോനു നന്ദിയോടെ ഓർക്കുന്നു.

sonu-serial-1

ഇന്നു നടി എന്നതിനു പുറമേ ഒരു പ്രഫഷനൽ ‌ഡാൻസർ കൂടിയാണു സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയിൽ സോനു അസാമാന്യ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു. കുച്ചിപ്പുഡിയിൽ നടി മഞ്ജു വാരിയരുടെ ടീച്ചർ ഗീത പത്മകുമാറാണ് സോനുവിന്റെ ഗുരു. പത്തു വരെ റിഗാറ്റയിലായിരുന്നു പരിശീലനം. നോടോടി നൃത്തത്തിൽ ജോബ് തൃശൂരും ഭരതനാട്യത്തിൽ പാർവതി ശശിധരനും ഗുരുസ്ഥാനത്തുണ്ട്.

ഡാൻസിലും അഭിനയത്തിലും മാത്രമേയുളളൂ ഈ കഴിവുക ളെന്നു കരുതിയെങ്കിൽ തെറ്റി. സോനു പഠനകാര്യത്തിലും മിടുമിടുക്കിയാണ്. ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പിജി കഴിഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ കുച്ചിപ്പുഡിയിൽ ഡോക്ടറേറ്റ് എടുക്കാനുളള ശ്രമത്തിലാണ്.

sonu-serial-2

ഒൻപതിൽ പഠിക്കുമ്പോൾ ‘വാൽക്കണ്ണാടി’ എന്ന പ്രോഗ്രാമിൽ അവതാരികയായി വന്ന പെൺകുട്ടിയാണു സോനു. പ്ലസ് ടു കഴിഞ്ഞപ്പോൾ സൂപ്പർ ഡാൻസ് ഒന്നിൽ പങ്കെടുത്തു. ഈ റിയാലിറ്റി ഷോ കണ്ടിട്ടാണു സജി സുരേന്ദ്രൻ ‘മാധവം’ എന്ന സീരിയലിലേക്കു സോനുവിനെ വിളിച്ചത്. പിന്നീട് ‘സുന്ദരി നീയും സുന്ദരൻ ഞാനും’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടു ത്തു വിജയതിലകമണണിഞ്ഞു. രാജേഷ് സത്താറായിരുന്നു ജോടി. ‘മാധവ’ത്തിനു ശേഷം ശ്രീ ഗുരുവായൂരപ്പൻ, തുലാ ഭാരം തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. വിജയ ടിവിയിൽ ‘അൻപേ വാ’ എന്ന സീരിയലിൽ ഹീറോയിനായി.

വെളളാണി സായ്കൃപയിൽ മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥ നായ കെ. സതീഷ് കുമാറിന്റെയും ഡോക്ടർ ശ്രീകലയു ടെയും മകളാണു സോനു. ഒരു അനുജനുണ്ട്. ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന സുയോഗ്. നന്നായി വയലിൽ വായിക്കുന്ന സുയോഗ് ചേച്ചിയുടെ ഏറ്റവും നല്ല വിമര്‍ശകൻ കൂടിയാണ്. അഭിനയത്തിലെ പാളിച്ചകൾ മുഖം നോക്കാതെ വെട്ടിത്തുറന്നു പറയും. ഈ ശീലം പണ്ടു മുതൽ ക്കേ സോനുവിനും ഉണ്ടെന്നു അമ്മയുടെ സാക്ഷ്യപ്പെടുത്തൽ.

sonu-serial-3

സായ്കൃപയിൽ ഇപ്പോൾ ഒരു സന്തോഷ വാർത്ത അലയടിച്ചുയരുന്നുണ്ട്. അതെന്താണെന്നല്ലേ, നടിയും നർത്തകിയുമായ സോനു സതീഷ് കുമാറിന് 2016 ൽ മംഗല്യം ! അപ്പോൾ ന്യായ മായും ചോദ്യങ്ങൾ ഉയരാം.

ആരാണു വരൻ ? അയാൾ എന്തു ചെയ്യുന്നു ? എന്നൊക്കെ...... പക്ഷേ, സോനു തൽക്കാലം അതൊന്നും വെളിപ്പെടുത്തുന്നില്ല. ഒരു സസ്പെൻസിരിക്കട്ടെന്നേ.....

sonu-serial-5