Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രീക്കന്മാരേ... ടോണീടെ ന്യൂ ലുക്ക് കണ്ടാ!

Tony

1990 കളുടെ അവസാനം ഷാരുഖ് ഖാനും ആമിർ ഖാനും തുടങ്ങി ബോളിവുഡ് ഖാൻമാരുടെയെല്ലാം ലുക്ക് ഓർക്കുന്നില്ലേ, സ്ലിം ഫിറ്റ് അല്ലാത്ത, കുറച്ചു ലൂസായ കോട്ടൺ ഷർട്ട്, റെഗുലർ ഫിറ്റ് ജീൻസ് അല്ലെങ്കിൽ പാന്റ്സ്. പിന്നെ ബെൽറ്റ്. കൂടെ ജീൻസിന്റെ തുടർച്ചയെന്നു തോന്നിക്കുന്ന പോലെ ബൂട്സും. 2000 ന്റെ ആദ്യം വരെ കണ്ട ഈ ജന്റിൽമാൻ ലുക്ക് തിരിച്ചു വരികയാണ്.


നാരോ ഫിറ്റ് ജീൻസിനൊപ്പം കൂൾ കോട്ടൺ സമ്മർ കലക്‌ഷൻ ഷർട്ട്. പിന്നെ ബൂട്സും. ഇനി കേരളത്തിലെ ചുള്ളൻ ബോയ്സെല്ലാം അലമ്പു ലുക്ക് മാറ്റി മാന്യൻമാരായി നടന്നാൽ അതു ചൂടുകാലം എത്തിയതുകൊണ്ടാണെന്നു വിചാരിക്കരുത്. കൂടുതൽ ട്രെൻഡി ആകാനാണ്. വിശ്വസിച്ചേ മതിയാകൂ, കാരണം ഇതു പറയുന്നതു ലോകത്തിലെ ഒന്നാംനിര മോഡലാണ്. 2004 മുതൽ ഇന്ത്യൻ ഫാഷൻ വീക്കിലെ സൂപ്പർ മോഡൽ. എട്ടുവർഷം ലാക്മെ ഫാഷൻ വീക്ക് കരാറിൽ എടുത്ത മോഡൽ. ഇറ്റലിയിലെ മിലാൻ ഷാഷൻ വീക്കിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന രാജ്യാന്തര മോഡൽ. ന്യൂസിലൻഡ്, മലേഷ്യ, ജർമനി തുടങ്ങി 14 രാജ്യങ്ങളിലെ ബ്രാൻഡുകളുടെ അംബാസഡറായിരുന്ന ടോണി ലൂക്ക്.

ജിത്തു ജോസഫിന്റെ ഊഴം സിനിമയിലെ ആൻഡ്രൂ മാർക്കസ് എന്നു പറഞ്ഞാലേ ചിലപ്പോൾ അയൽക്കാർക്കുപോലും ഈ ചങ്ങനാശേരിക്കാരൻ പയ്യനെ തിരിച്ചറിയാൻ കഴിയൂ. കാരണം ക്രിസിയയുടെ (krizia oomo) വരെ ബ്രാൻഡ് അംബാസഡറായ ടോണി ലൂക്കിന്റെ ലുക്ക് കണ്ടപ്പോൾ ഇത് ഏതോ ഹോളിവുഡ് പയ്യനെന്നു പറഞ്ഞു മുഖം തിരിച്ചത്രേ മലയാളികൾ.


18–ാം വയസ്സിൽ ബെംഗളൂരുവിൽ ബിടെക്കിനു പഠിക്കുമ്പോൾ തുടങ്ങിയതാണ് മോഡലിങ്. ആഗ്രഹിച്ച ബ്രാൻഡുകളുടെ എല്ലാം മോഡലായി. ഹോങ്കോങ് മുതൽ പാരീസ് വരെ ലോകത്തിന്റെ ഫാഷൻ കേന്ദ്രങ്ങളിലെല്ലാമെത്തി. ഷെറിൽ ചോപ്രയ്ക്കൊപ്പം പ്രഹ്ലാദ് കാർക്കർ സംവിധാനം ചെയ്ത മ്യൂസിക് ആൽബത്തിൽ നായകനായി. ഇനി ടോണിയുടെ മനസ്സിൽ സിനിമയാണ്. ഗായത്രി സുരേഷ് നായികയാകുന്ന ഒരു ക്യാംപസ് ചിത്രമാണ് വരാനുള്ളത്. സിദ്ധാർഥ് ശിവയുടെ നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം തുടങ്ങും.
 

Your Rating: