Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്സിസ് ഇന്ത്യ എർത്താവാൻ ടീന

teena ടീന തെരേസ ലിങ്കൺ

‘പുറമേ കാണുന്നതു മാത്രമല്ല സൗന്ദര്യം. മനസ്സിലും ഉണ്ടാകണം. മറ്റുള്ളവരുടെ കണ്ണിൽ മാത്രമല്ല, നമ്മൾ ഒറ്റയ്ക്കാകുമ്പോഴും നമ്മുടെ ഉള്ളിൽ സൗന്ദര്യം വേണം. അപ്പോഴാണ് യഥാർഥത്തിൽ സുന്ദരിയാകുക. നമ്മുടെ പ്രവർത്തികളിൽ അതിന്റെ പ്രതിഫലനവും ഉണ്ടാവും’ – സൗന്ദര്യത്തെക്കുറിച്ച് പറയുകയാണ് മിസ്സിസ് ഇന്ത്യ എർത്ത് മൽസരത്തിൽ ഫൈനലിലെത്തിയ ഏക മലയാളി ടീന തെരേസ ലിങ്കൺ. 30നു ഡൽഹിയിലാണ് ഫൈനൽ. ടീന റാമ്പിലേറുമ്പോൾ കൊല്ലത്തിനും ആഹ്ലാദിക്കാം. പട്ടത്താനം വികാസ് നഗർ–39 ടീന ഡെയ്‌ലിൽ സണ്ണി ലിങ്കണിന്റെയും സുശീലയുടെയും മകളാണ് ടീന തെരേസ ലിങ്കൺ. ഭർത്താവ് ശ്രീഹരി മധുസൂദനൻ ലണ്ടനിൽ.

ബ്രിട്ടൻ, ജപ്പാൻ, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മൽസരാർഥികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ചെന്നൈയിൽ ബഹുരാഷ്ട്ര കമ്പനിയിൽ മാനേജറായ ടീന. മലയാളിച്ചന്തം കൊണ്ട് മിസ്സിസ് ഇന്ത്യ എർത്താവാൻ തയാറെടുക്കുന്ന ടീന ഫൈനലിൽ അണിയുന്നതും കേരള സാരിയാവും.

മൗണ്ട് കാർമലിൽ പഠിച്ച ടീന കൊച്ചി രാജഗിരിയിൽ നിന്നാണ് എൻജിനീയറിങ് പൂർത്തിയാക്കിയത്. പിന്നീടു ദുബായിൽ എംബിഎ ചെയ്തു. രാജഗിരിയിൽ പഠിക്കുമ്പോഴാണ് ആദ്യമായി 2009ൽ മിസ് കേരള മൽസരത്തിൽ പങ്കെടുത്തത്. അന്നു ഫൈനലിൽ എത്തിയിരുന്നു. അതിനു മുൻപുള്ള രണ്ടു വർഷങ്ങളിൽ രാജഗിരിയിൽ നിന്നുള്ള സീനിയർ പെൺകുട്ടികളാണ് മിസ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ടത്. മൽസരിക്കാൻ ടീനയെ പ്രേരിപ്പിച്ചതും ഇതാണ്. പിന്നീടു വിവാഹവും ജോലിത്തിരക്കുമെല്ലാമായി. എന്നാൽ ഇത്തവണ മിസ്സിസ് ഇന്ത്യ എർത്ത് മൽസരത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നു..

മൗണ്ട് കാർമൽ സ്കൂളിനു സമീപത്തുള്ള ഗുജറാത്തി കടയിലെ സിപ് അപ്പും പലഹാരങ്ങളും കഴിച്ചതെല്ലാം നറുമധുരത്തോടെ ഓർക്കുന്ന ടീന സൗന്ദര്യ സംരക്ഷണത്തിന്റെ രഹസ്യവും പറഞ്ഞു. ‘കൂടുതൽ വെള്ളം കുടിക്കും .മാനസിക പിരിമുറുക്കം പരമാവധി ഒഴിവാക്കണം. നല്ല ആത്മധൈര്യം പ്രകടിപ്പിക്കണം’. മാനസിക പിരിമുറുക്കം ഒഴിവാക്കാൻ പാട്ടുകൾ കേൾക്കുകയാണ് ടീനയുടെ രീതി. ജിമ്മിലും മറ്റും പോയി വർക്കൗട്ട് ചെയ്യുന്ന പരിപാടിയില്ല. പകരം പാട്ടുകേട്ട് ഡാൻസ് ചെയ്യും.

ഭൂമിയെ കൂടുതൽ പച്ചപ്പണിയിച്ച് സുന്ദരിയാക്കുകയാണ് മിസ്സിസ് എർത്ത് മൽസരം കൊണ്ട് സംഘാടകർ ലക്ഷ്യമിടുന്നത്. മൽസരത്തിനു തയാറെടുക്കുമ്പോൾ ഏതെങ്കിലും സ്ഥലങ്ങളിൽ ചെടികൾ നട്ടതിന്റെ ചിത്രവും അയയ്ക്കണം.

സ്ത്രീസൗന്ദര്യത്തെക്കുറിച്ചു മാത്രമല്ല പുരുഷസൗന്ദര്യം സംബന്ധിച്ച തന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ടീന മനസ്സു തുറന്നു. ‘സ്ത്രീകളെ അവരുടെ കുറവുകളോടു കൂടിത്തന്നെ ഉൾക്കൊള്ളാൻ കഴിയുന്നയാളാണ് യഥാർഥ പുരുഷൻ. ചേർത്തുപിടിച്ച് ഇതാണ് എന്റെ പെണ്ണെന്ന് പറയാൻ കഴിയണം. ഭാര്യയെ തുല്യമായി കണ്ട് അവളെ കഴിയുന്ന രീതിയിൽ എല്ലാം പിന്തുണയ്ക്കണം’.

(മിസ്സിസ് ഇന്ത്യ എർത്ത് മൽസരത്തിൽ ഫൈനലിലെത്തിയ ഏക മലയാളിയാണ് ടീന തെരേസ ലിങ്കൺ)