Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച കോസ്റ്റ്യൂം ഡിസൈനർ തിരക്കിലാണ്, ഇനി മമ്മൂട്ടി, നിവിൻ ചിത്രങ്ങൾ!

steffy

കൊച്ചിയുടെ വളർത്തുമകളാണ് സ്റ്റെഫി സേവ്യർ. ജന്മം കൊണ്ടു വയനാട്ടുകാരിയാണെങ്കിലും കർമം കൊണ്ടു കൊച്ചിക്കാരി. അതുകൊണ്ടു തന്നെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്റ്റെഫി നേടിയപ്പോൾ സന്തോഷിക്കാൻ മെട്രോ നഗരത്തിനും അവസരമുണ്ട്. ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് കോഴ്സ് പൂർത്തിയാക്കിയ ശേഷം കൊച്ചിയിലേക്കാണ് സ്റ്റെഫിയെത്തിയത്. ഇവിടെ ഒരു വർഷം പരസ്യമേഖലയിൽ സജീവമായി നിൽക്കവേ സിനിമയിലേക്കുള്ള ക്ഷണമെത്തി. കുറഞ്ഞകാലം കൊണ്ടു ഏറെ ശ്രദ്ധ നേടിയ കോസ്റ്റ്യൂം ഡിസൈനറായി. ആദ്യചിത്രം ലോഡ് ലിവിങ്സ്റ്റണിലെ വസ്ത്രാലങ്കാരം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷവും വസ്ത്രാലങ്കാര പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമാവുകയായിയിരുന്നു. ഇക്കുറി അപ്രതീക്ഷിതമായി ലഭിച്ച പുരസ്കാരത്തിന്റെ സന്തോഷം സ്റ്റെഫി സേവ്യർ ‘കാതിലോല’യോടു പങ്കിടുന്നു

സന്തോഷം
തീരെ പ്രതീക്ഷിക്കാതെ എത്തിയ സന്തോഷവാർത്തയാണിത്. പുരസ്കാരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഈ രംഗത്തു തുടക്കക്കാരിയായിട്ടും കഴിവിന് അംഗീകാരം ലഭിച്ചതിൽ സന്തോഷം. ഇതു വളരെ വലിയ പ്രോത്സാഹനമാണ്.

ഗപ്പിയുടെ സ്വപ്നം
വ്യത്യസ്തമായ ചിത്രമായിരുന്നു ഗപ്പി. അതിലൊരു സ്വപ്നലോകം സൃഷ്ടിച്ചെടുക്കുകയാണു ചെയ്തത്. ബീച്ച് പ്രിന്റുകളും നിറങ്ങളുമാണ് ഏറെയും ഉപയോഗിച്ചിട്ടുള്ളത്. നമ്മളിവിടെ പൊതുവെ കണ്ടു പരിചയമുള്ള നിറങ്ങളല്ല. ഫ്ലാഷി ആയിട്ടുള്ള നിറങ്ങളാണ്. മാത്രമല്ല ഓരോരുത്തർക്കും വ്യത്യസ്തമായ പാറ്റേണുകൾ ചെയ്യാനും ശ്രമിച്ചിരുന്നു. ഗപ്പിയെ സംബന്ധിച്ചിടത്തോളം കോസ്റ്റ്യൂംസ് എങ്ങനെ വേണമെന്നു സംവിധായകന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. എങ്കിലും അതിൽ നിന്നു കൊണ്ടു തന്നെ പരീക്ഷണം നടത്താനും എന്റേതായ അഭിരുചി കൊണ്ടുവരാനുമുള്ള സ്വാതന്ത്ര്യവും ലഭിച്ചു. നാഗർകോവിലിൽ ആയിരുന്നു ഷൂട്ടിങ്. അവിടത്തെ ആംബിയൻസ് യോജിപ്പിച്ചാണതു ചെയ്തത്. ഒപ്പം കോസ്റ്റ്യൂസും നിറങ്ങളും അതിമനോഹരമായി അവതരിപ്പിച്ചതിൽ ക്യാമറാമാനും പങ്കുണ്ട്.

ബാഗ്ലൂർ ടു കൊച്ചി ടു സിനിമ
ബാഗ്ലൂരിൽ ഫാഷൻ ഡിസൈനിങ് കോഴ്സ് കഴിഞ്ഞതിനു ശേഷം കൊച്ചിയിലേക്കാണു വന്നത്. ഇവിടെ ഒരു വർഷം പരസ്യചിത്രങ്ങളുമായി ബന്ധപ്പെട്ടു ജോലി ചെയ്തു. ആ സമയത്താണു സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. ലുക്കാ ചുപ്പിയും ലോഡ് ലിവിങ്സ്റ്റണും ഏതാണ്ട് ഒരേ സമയത്താണു വന്നത്. ലോഡ് ലിവിങ്സ്റ്റൺ വളരെ വ്യത്യസ്തമായ ചിത്രമായിരുന്നു. ഏറെ റിസർച്ചും മറ്റു ചെയ്താണു അതിന്റെ കോസ്റ്റ്യൂം ഒരുക്കിയത്. അതു വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലോഡ് ലിവിങ്സ്റ്റണിന്റെ റഫറൻസിലാണു പിന്നീട് മറ്റു ചിത്രങ്ങളിലേക്കുള്ള അവസരങ്ങൾ ലഭിച്ചതും.

സിനിമകൾ, പരസ്യങ്ങൾ
ഡാർവിന്റെ പരിണാമം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, ആൻ മരിയ കലിപ്പിലാണ്, അങ്കമാലി ഡയറീസ്, എസ്ര തുടങ്ങി ഇതുവരെ 16 ചിത്രങ്ങൾ ചെയ്തു. എല്ലാ ചിത്രങ്ങളിലും വ്യത്യസ്തയ്ക്കു ശ്രമിച്ചിട്ടുണ്ട്. 

ഇതിനു പുറമേ തെലുങ്കു സൂപ്പർതാരം മഹേഷ് ബാബു, ഒളിംപ്യൻ മേരി കോം എന്നിവർക്കു പരസ്യചിത്രങ്ങളിലും കോസ്റ്റ്യൂംസ് ചെയ്തിട്ടുണ്ട്.

പുതിയ പ്രതീക്ഷകൾ
മമ്മൂട്ടി ചിത്രം ദ് ഗ്രേറ്റ് ഫാദർ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ എന്നിവയാണ് പുതിയ പ്രോജക്ടുകൾ. ദ് ഗ്രേറ്റ് ഫാദർ വൻ താരനിരയുള്ള ചിതമാണ്. മമ്മൂട്ടി, സ്നേഹ, ആര്യ തുടങ്ങിയവർക്കാണു കോസ്റ്റ്യൂംസ് ചെയ്യുന്നത്. മമ്മൂട്ടി ചിത്രത്തിൽ കോസ്റ്റ്യൂം ചെയ്യുമ്പോൾ നമ്മുടെ തന്നെ ഗ്രേഡ് കൂടിയതു പോലെ ആത്മവിശ്വാസം തോന്നുന്നു. മികച്ച ഡ്രെസിങ് സെൻസും കളർസെൻസും ഉള്ള അഭിനേതാവാണ് അദ്ദേഹം. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഷർട്സ് മുതൽ ആക്സസറീസ് വരെയുള്ളവ ട്രെൻഡ് സെറ്ററാകും എന്ന പ്രതീക്ഷയുണ്ട്. അതുപോലെ തന്നെ സ്നേഹയ്ക്കായി വ്യത്യസ്തമായി സാരികളാണ് ചെയ്യുന്നത്. മെറ്റീരിയൽ എടുത്തു പ്രത്യേകമായി ഡിസൈൻ ചെയ്ത സാരികളാണ്. ഇതിന്റെ ഫസ്റ്റ് പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ അതിലെ സാരിയെക്കുറിച്ച് ഒട്ടെറെ കോംപ്ലിമെന്റുകളും അത് എവിടെ കിട്ടുമെന്ന അന്വേഷണങ്ങളും വന്നു. ആര്യയ്ക്കു വേണ്ടിയും വളരെ മോഡേൺ ആയ വസ്ത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.