Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌‌ലിയ്ക്കൊപ്പം ഫോട്ടോ, സത്യം വെളിപ്പെടുത്തി നെഹ്റ

nehra കോഹ്‌ലിക്ക് സമ്മാനം നൽകുന്ന ആശിഷ് നെഹ്റ

എപ്പോഴെല്ലാം ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ കിടിലൻ പ്രകടനങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം വൈറലാകുന്ന ഒരു ചിത്രമുണ്ട്. കുട്ടിയായ കോഹ്‌ലിക്ക് സമ്മാനം നൽകുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റയുടെ ഫോട്ടോ. പണ്ട് കോ‌ഹ്‌ലിക്ക് സമ്മാനം കൊടുക്കാൻ വന്ന നെഹ്റ ഇപ്പോൾ കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ കളിക്കുന്നു എന്ന മട്ടിലായിരുന്നു ഫോട്ടോയുടെ ക്യാപ്ഷനും. ഫോട്ടോഷോപ്പിലൂടെയും മറ്റും ഇത്തരത്തിലുള്ള പല ചിത്രങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതിനാൽത്തന്നെ ചിലരെങ്കിലും ഇതൊരു തട്ടിപ്പുചിത്രമാണെന്നാണു കരുതിയത്. ഇത്തവണ ട്വന്റി 20 ലോകകപ്പിലും ഇരുവരും ഒന്നിച്ചതോടെയും‌‌ ചിത്രം ഏറെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ്. ചിത്രം ഫോട്ടോഷോപ്പ് തമാശയല്ല. ഇക്കാര്യം ജനുവരിയിൽ ഒരു മാധ്യമത്തിനു നൽകിയ ഇന്റർവ്യൂവിൽ നെഹ്റ തന്നെയാണു വ്യക്തമാക്കിയത്.

nehra-1 കോഹ്‌ലിക്ക് സമ്മാനം നൽകുന്ന ആശിഷ് നെഹ്റ

2003 ഏകദിന ലോകകപ്പിനു ശേഷമെടുത്ത ഫോട്ടോയായിരുന്നു അത്. അന്ന് അണ്ടർ 16 ടീമിലെ മിന്നും താരമായിരുന്നു കോഹ്‌ലി. 2002ൽ നടന്ന ടൂർണമെന്റിൽ ഡൽഹിക്കു വേണ്ടി 172 റൺസെടുത്ത് മാധ്യമങ്ങളിലെ കുട്ടിത്താരമായിരുന്ന സമയം. തൊട്ടടുത്ത വർഷം ഡൽഹി അണ്ടർ 16 ടീം ക്യാപ്റ്റനുമായി. 2003ൽ ഡൽഹി ഹരിനഗർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കാൻ കോഹ്‌ലിയുടെ കോച്ച് രാജ്കുമാറിന്റെ ക്ഷണപ്രകാരമായിരുന്നു നെഹ്റ വന്നത്. അന്നവിടെ വച്ച് മികച്ച പ്രകടനത്തിന് കോഹ്‌ലിക്ക് സമ്മാനം നൽകുന്ന ചിത്രമാണ് വൈറലായത്. കോഹ്‌ലിക്ക് അന്ന് 15 വയസ്സ്, നെഹ്റയ്ക്ക് ഇരുപത്തിനാലും. കോഹ്‌ലി പിന്നീട് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി. നെഹ്റ ഏറെ നാൾ ടീമിനു പുറത്തുമായിരുന്നു. പക്ഷേ ഡൽഹി ടീമിൽ അംഗമായിരിക്കെ ആഭ്യന്തര ക്രിക്കറ്റിൽ നെഹ്റ കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കു കീഴെ കളിച്ചിട്ടുണ്ട്. രാജ്യാന്തരക്രിക്കറ്റിൽ 2011ലെ ഏകദിന ലോകകപ്പിലും 2009ലെ ചാംപ്യൻസ് ട്രോഫിയിലും ഉൾപ്പെടെ ഇരുവരും ഇന്ത്യക്കു വേണ്ടി കൈകോർത്തിട്ടുമുണ്ട്. ഇത്തവണ ട്വന്റി 20 ലോകകപ്പിലും. ‘പണ്ട് തന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങിയ കുട്ടി ഇന്ന് വളർന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നാണ്’ ചിത്രത്തെപ്പറ്റിയുള്ള ചോദ്യത്തിന് നെഹ്റ ഒരിക്കൽ മറുപടി പറഞ്ഞത്.

Your Rating: