Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒരു നാടോടിക്കഥ യാഥാർഥ്യമായതു പോലെ...’

Edymar Martinez മിസ് ഇന്റർനാഷനൽ 2015 മത്സരത്തിൽ വിജയകിരീടം ചൂടിയ എദൈമർ മർത്തിനെസ്

ടൂറിസം വിദ്യാർഥിനിയാണ് എദൈമർ മർത്തിനെസ്. പക്ഷേ വിനോദസഞ്ചാരത്തിന്റെ ഭാഗമായല്ല അടുത്തിടെ ഈ ഇരുപതുകാരി ജപ്പാനിലെത്തിയത്. ലക്ഷ്യം ലോകസുന്ദരിപ്പട്ടമായിരുന്നു. കക്ഷി അത് നേടിയെടുക്കുകയും ചെയ്തു. ടോക്കിയോവിലെ ഗ്രാൻഡ് പ്രിൻസ് ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്ന മിസ് ഇന്റർനാഷനൽ 2015 മത്സരത്തിൽ വിജയകിരീടം ചൂടി എദൈമർ പറഞ്ഞതിങ്ങനെ–‘എന്നെക്കൊണ്ടാകും വിധം സകലകഴിവുകളുമെടുത്ത് പരിശ്രമിച്ചു. ഇതുവരെ പഠിച്ച സകലകാര്യങ്ങളും മത്സരവേദിയിൽ പ്രയോജനപ്പെടുത്തി. അതുകൊണ്ടുതന്നെയാണ് വെനസ്വേലയ്ക്ക് മുഴുവൻ അഭിമാനിക്കാവുന്ന ഈ നേട്ടം സ്വന്തമാക്കാനായതും...’

Edymar Martinez

വെനസ്വേലയിലേക്ക് ഇത് ഏഴാം തവണയാണ് മിസ് ഇന്റർനാഷനൽ കിരീടമെത്തുന്നത്. ഇതിനു മുൻപ് 2010ൽ ആയിരുന്നു കിരീടനേട്ടം. ലോകസുന്ദരിപ്പട്ടത്തിന് സാധ്യത കൽപിച്ചവരുടെ പട്ടികയിൽ ആദ്യമേത്തന്നെ സ്ഥാനം പിടിച്ചിരുന്നു എദൈമർ. അത്രമാത്രം കൃത്യതയോടെയായിരുന്നു ഈ തെക്കേ അമേരിക്കൻ സുന്ദരിയുടെ ശരീര സംരക്ഷണം. അതുകൊണ്ടുതന്നെ മിസ് പെർഫെക്ട് ബോഡി പട്ടവും എദൈമറിനു തന്നെയായിരുന്നു.

Edymar Martinez

1995 ജൂലൈ 10നു ജനിച്ച ഈ പെൺകുട്ടി ഇപ്പോൾ ടൂറിസത്തിൽ ബിരുദപഠനം നടത്തുകയാണ്. ഒരു വോളിബോൾ താരം കൂടിയാണ്. മാത്രവുമല്ല നല്ലൊരു നർത്തകിയും. ഭാവിയിൽ ഒരു പ്രഫഷനൽ മോഡലാകണമെന്നതാണ് ആഗ്രഹവും. എന്നാൽ ഗ്ലാമർ ലോകത്തിന്റെ തിളക്കത്തിൽ കാഴ്ച നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ എദൈമറിനെ ഉൾപ്പെടുത്താനാകില്ല. സ്ത്രീ–പുരുഷ സമത്വവും സ്ത്രീ ശാക്തീകരണവും ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾത്തന്നെ കക്ഷിക്ക് ഒട്ടേറെ അനുമോദനങ്ങൾ ലഭിച്ചിട്ടുണ്ട്. മിസ് വെനസ്വേല പട്ടം നേടിയതിനു ശേഷമാണ് ഇതിന് ഏറെ അവസരം ലഭിച്ചതും. മിസ് വെനസ്വേല ഓർഗനൈസേഷനാണ് മിസ് ഇന്റർനാഷനലിനു വേണ്ട പരിശീലമെല്ലാം എദൈമറിനു നൽകിയത്. ഇതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാനാവശ്യമായ പരിശീലനും ലഭ്യമാക്കിയിരുന്നു.

Edymar Martinez

ഗാർഹിക പീഡനം ഉൾപ്പെടെ നേരിടേണ്ടി വന്ന് പുനരധിവസിപ്പിക്കപ്പെട്ട വനിതകളോടൊപ്പവും മറ്റുമായിരുന്നു ഇതിന്റെ ഭാഗമായി എദൈമർ ചെലവഴിച്ചത്. ഇവർക്കായുള്ള സൈക്കോളജിക്കലും നിയമപരവുമായ സഹായങ്ങൾ നൽകാനും ഈ പെൺകുട്ടി ശ്രമങ്ങൾ നടത്തിയിരുന്നു. ഒപ്പം മെഡിക്കൽ സഹായവും തൊഴിൽ പരിശീലനവും ഏർപ്പെടുത്താനും മുൻകയ്യെടുത്തു. സ്ത്രീകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒട്ടേറെ സംഘടനകളുമായി ചേർന്നായിരുന്നു എദൈമറിന്റെ ശ്രമങ്ങളെല്ലാം. അതുകൊണ്ടുതന്നെ മിസ് ഇന്റർനാഷനൽ മത്സരത്തിനിടെ വിധികർത്താക്കളുടെ പല ചോദ്യങ്ങൾക്കും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു എദൈമറിന്റെ ഉത്തരങ്ങൾ.

Edymar Martinez

എഴുപതിലേറെ രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയ എദൈമറെ തേടി സ്ഥിരം ചോദ്യവും എത്തിയിരുന്നു– ഇപ്പോൾ എന്തു തോന്നുന്നു? ‘ഒരു നാടോടിക്കഥ യാഥാർഥ്യമായതു പോലെയുണ്ട്...’ എന്നായിരുന്നു എദൈമറിന്റെ ഉത്തരം. ക്ലീഷെയ്ക്കൊരു ക്ലീഷെ മറുപടി!