Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണപ്പുടവ സാരി മാത്രമാണെന്ന് ആര് പറഞ്ഞു, ദാ ഇതാണ് ലുക്ക്!

m4-2

വിവാഹത്തിനു രാജകുമാരിയെപ്പോലെ ഒരുങ്ങണമെന്നാണ് ഓരോ വധുവിന്റെയും  ആഗ്രഹം. ആയിരം കണ്ണുകൾ തന്നെമാത്രം ഉറ്റുനോക്കുന്ന ആ അവിസ്മരണീയ ദിനത്തില്‍ വേറിട്ടു നിൽക്കുകയെന്നതായിരിക്കും സ്വപ്നം. എംഫോർമാരി വെഡിങ് വീക്കിന്റെ ആദ്യദിനത്തിൽ കൊച്ചിയിലെ ലെമെറിഡിയനിലെ കണ്‍വൻഷൻ സെന്ററില്‍ നടന്ന ഫാഷന്‍ ഷോയും വധൂസങ്കൽപങ്ങളുടെ വേറിട്ട കാഴ്ച്ചകളാണു സമ്മാനിച്ചത്. ഫാഷന്‍ രംഗത്തെ ഇരുപത്തിയഞ്ചു വർഷത്തെ പാരമ്പര്യം കൈമുതലായുള്ള വിക്രം ഫഡ്നിസ് എന്ന ബോളിവുഡിന്റെ പ്രിയങ്കരനായ ഫാഷൻ ഡിസൈനറുടെ കരവിരുതുകളാണ്  ആദ്യദിനം വേദിയെ അവിസ്മരണീയമാക്കിയത്.  

vikram-phadnis-show-2 ചിത്രം: ഇ വി ശ്രീകുമാർ

വിവാഹത്തിനു വധുവല്ലാതെ മറ്റാരാണു തിളങ്ങേണ്ടത്? വിക്രമിന്റെ വിവാഹ വസ്ത്ര കളക്ഷനുകളിലൂടെ വധുവായി വേദിയിലെത്തിയ മോഡലുകളും റാംപില്‍ വെട്ടിത്തിളങ്ങി.  ബെയ്ജ് നിറത്തിന്റെ മനോഹാരിതയോടെ തുടങ്ങിയ ഫാഷൻ ഷോയിൽ പീച്ച് നിറവും പരമ്പരാഗത വധൂ സങ്കൽപങ്ങളുടെ  അവിഭാജ്യഘടകമായ ചുവപ്പുമൊക്കെ റാംപിനെ ഇളക്കിമറിച്ചു. വിവാഹ  വസ്ത്രം എന്നാൽ സാരി മാത്രമാണെന്ന പഴഞ്ചന്‍ സങ്കൽപങ്ങള്‍ക്കും ഈ റാംപിൽ സ്ഥാനമില്ല. മിറര്‍ വർക്കുകളാൽ മനോഹരമാക്കിയ സാരികള്‍ക്കു പുറമെ അനവധി ഡിസൈനുകളിലുള്ള ലെഹങ്കകളും ലോങ് ക്രേപ് ടോപുകളും ഗൗണുകളും എന്തിനധികം യങ്സ്റ്റേഴ്സിന്റെ ഹരമായ പലാസോയില്‍  വരെ വിവാഹ വസ്ത്രങ്ങള്‍ ഒരുക്കാമെന്നു കാണിച്ചു തരികയായിരുന്നു വിക്രം. 

vikram-phadnis-show-3 ചിത്രം: ഇ വി ശ്രീകുമാർ

കോറിയോഗ്രാഫറായി തുടക്കമിട്ട വിക്രം പിന്നീടു തന്റെ മേഖല ഡിസൈനിങ് ആണെന്നു തിരിച്ചറിയുകയായിരുന്നു. ഇന്ത്യൻ പാരമ്പര്യം വിളിച്ചോതുന്നതിനൊപ്പം വ്യത്യസ്തവും വിപുലവുമാണ് വിക്രം ഡിസൈനിങ്.  കഴിഞ്ഞ 25 വർഷക്കാലമായി വിക്രമിന്റെ ഡിസൈനിൽ തിളങ്ങിയ പ്രമുഖരിൽ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, സൽമാൻ ഖാൻ, കരീന കപൂർ, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിൻഹ എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട്.

m4-3

ഏതൊരു സദസിനെയും  ഒന്ന്  ആവേശത്തിരയിലാഴ്ത്താന്‍  ഒരൊറ്റ ഡാൻസ് മതി. ഡാൻസിറ്റി അക്കാദമി അവതരിപ്പിച്ച കേരളീയ പാരമ്പര്യവും കലാരൂപങ്ങളുമൊക്കെ  കോര്‍ത്തിണക്കിയ  നൃത്തപരിപാടിയോടെയാണ് ഫാഷൻ ഷോ ആരംഭിച്ചത്. പ്രശസ്ത ഹെയർസ്റ്റൈലിസ്റ്റ് അംബിക പിള്ളയുടെ കേത്രയാണ്  പരിപാടിക്കു വേണ്ടി മേക്അപും  ഹെയര്‍ സ്റ്റൈലും ചെയ്തത്.   പ്രമുഖ മോഡലുകളായ നിയോണിക ചാറ്റര്‍ജി, സുര്‍ളി ജോസഫ്, ഹേമാംഗി പാര്‍ത്തെ, ലക്ഷ്മി റാണ, കനിഷ്ത ധന്‍കർ, സോണി കൗർ, ഇ ഡയാന, ആർഷ്യ  അഹൂജ, ദിവ ധവാന്‍, മീനാക്ഷി  റാത്തോർ എന്നിവരാണ് റാംപില്‍ ചുവടുവച്ചത്. വെഡ്ഡിങ് വീക്കിന്റെ ജ്വല്ലറി പാർട്നറായ സണ്ണി ഡയമണ്ട്സിന്റെ ആഭരണങ്ങളാണ് മോഡലുകള്‍ അണിഞ്ഞത്. 

m4-1